Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പെരുന്നയ്‌ക്കെതിരെ' യുദ്ധപ്രഖ്യാപനം നടത്തി സിപിഎം; നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് സർക്കാർ നിരീശ്വരവാദം നടപ്പാക്കുകയാണെന്ന ആരോപണം രണ്ടാം വിമോചന സമരത്തിന് കളമൊരുക്കാനെന്ന് കോടിയേരി; സുകുമാരൻ നായരുടേത് കലാപാഹ്വാനമെന്ന് കടകംപള്ളി; നിലവാരം നഷ്ടമായെന്ന് ഇപി ജയരാജൻ; ശബരിമലയിൽ അതിശക്തമായി പ്രതികരിക്കാൻ ഉറച്ച് എൻ എസ് എസും; യുവതി പ്രവേശനത്തിൽ ഇനി സമുദായവും സർക്കാരും നേർക്ക് നേർ പോര്

'പെരുന്നയ്‌ക്കെതിരെ' യുദ്ധപ്രഖ്യാപനം നടത്തി സിപിഎം; നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് സർക്കാർ നിരീശ്വരവാദം നടപ്പാക്കുകയാണെന്ന ആരോപണം രണ്ടാം വിമോചന സമരത്തിന് കളമൊരുക്കാനെന്ന് കോടിയേരി; സുകുമാരൻ നായരുടേത് കലാപാഹ്വാനമെന്ന് കടകംപള്ളി; നിലവാരം നഷ്ടമായെന്ന് ഇപി ജയരാജൻ; ശബരിമലയിൽ അതിശക്തമായി പ്രതികരിക്കാൻ ഉറച്ച് എൻ എസ് എസും; യുവതി പ്രവേശനത്തിൽ ഇനി സമുദായവും സർക്കാരും നേർക്ക് നേർ പോര്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൻ എസ് എസിനോട് മൃദു സമീപനം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം. ശബരിമല വിഷയത്തിന്റെ പേരിൽ എൻ എസ് എസിനെ ഇനി പേരെടുത്ത് പറഞ്ഞ് സിപിഎം വിമർശനം ഉയർത്തും. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടേത് ആർഎസ്എസ് നിലപാടാണെന്ന് തന്നെ തുറന്ന് പറയും. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. സംസ്ഥാനത്ത് നടന്ന അക്രമങ്ങൾക്കും കലാപങ്ങൾക്കും മുഴുവൻ കാരണം സർക്കാർ തന്നെയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കുറ്റപ്പെടുത്തിയിരുന്നു. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് സർക്കാർ നിരീശ്വരവാദം നടപ്പാക്കുകയാണെന്നും ആരോപിച്ചു. ഇതിനെ അതിശക്തമായ ഭാഷയിലാണ് സിപിഎം നേരിട്ടത്.

സുപ്രീംകോടതിയിലുണ്ടായ വിധി മാറ്റാൻ നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം തെരുവിലിറങ്ങി സർക്കാരിനെതിരെ കലാപം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. മന്ത്രിമാരായ ഇപി ജയരാജനും കടകം പള്ളിയും എൻ എസ് എസിനെ കടന്നാക്രമിച്ചു. ശബരിമലയിൽ വിശ്വാസികളെ സർക്കാരിനെതിരെ എൻ എസ് എസ് തിരിച്ചു വിടുന്നുവെന്നാണ് സിപിഎം നിലപാട്. രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്ന നീക്കമായതു കൊണ്ട് തന്നെ സുകുമാരൻ നായരെ കടന്നാക്രമിക്കും. എന്നാൽ ഏതറ്റംവരെ പോയാലും വിശ്വാസ സംരക്ഷകർക്കൊപ്പം നിൽക്കാനാണ് എൻ എസ് എസ് തീരുമാനം. അതിശക്തമായി സർക്കാരിനെതിരെ പ്രതികരിക്കും. പ്രതിഷേധത്തിന് മുന്നിൽ നിൽക്കുകയും ചെയ്യും.

ശബരിമലയിൽ അയ്യപ്പകർമ്മ സമിതി നടത്തുന്ന പ്രതിഷേധങ്ങളെ എൻ എസ് എസ് പിന്തുണയ്ക്കുന്നുണ്ട്. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്. അയ്യപ്പജ്യോതിക്കും മറ്റും എൻ എസ് എസ് വലിയ പിന്തുണ നൽകി. ഈ മാസം 18ന് സെക്രട്ടറിയേറ്റ് വളയാനുള്ള കർമ്മ സമിതി തീരുമാനവും എൻ എസ് എസ് പിന്തുണ പ്രതീക്ഷിച്ചാണ്. ഈ സാഹചര്യത്തിലാണ് എൻ എസ് എസിനെതിരെ ആഞ്ഞടിക്കാൻ സിപിഎം രംഗത്ത് വന്നത്. സാധാരണ സുകുമാരൻ നായർക്കെതിരെ കരുതലോടെ മാത്രമേ സിപിഎം നേതാക്കൾ പ്രതികരണങ്ങൾ നടത്താറുള്ളൂ. എന്നാൽ ഇപ്പോൾ അതിരൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. ഇതോടെ ശബരിമല വിവാദത്തിൽ കൂടുതൽ ശക്തമായി മുന്നോട്ട് പോകാൻ കരയോഗങ്ങൾക്ക് എൻ എസ് എസ് നിർദ്ദേശം കൊടുക്കുകയും ചെയ്യും.

സംസ്ഥാനത്ത് ശബരിമലയുടെ പേരിലുണ്ടായ കലാപത്തിന് കാരണം സർക്കാരാണെന്നായിരുന്നു എൻഎസ്എസ് കുറ്റപ്പെടുത്തൽ. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാൻ വിശ്വാസികൾ രംഗത്തിറങ്ങുന്നത് തെറ്റല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. ശബരിമല പ്രശ്‌നത്തിൽ വിട്ടുവീഴ്ചയ്ക്കുള്ള വിദൂരസാധ്യതപോലുമില്ല എന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിക്കൊണ്ടാണ് എൻഎസ്എസ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ജനം നൽകിയ അധികാരം ഉപയോഗിച്ച് നിരീശ്വരവാദം നടപ്പാക്കാനാണ് സർക്കാരിന്റെ ശ്രമം. വിശ്വാസം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അത് ഭരണകൂടം നിറവേറ്റാതിരിക്കുമ്പോൾ വിശ്വാസികൾ ചുമതല ഏറ്റെടുക്കുന്നതിനെ തെറ്റുപറയാനാകുമോ എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു. ഇതാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നത്.

ലക്ഷം രണ്ടാം വിമോചന സമരമെന്ന് കോടിയേരി

ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനാണ് സർക്കാർ ഭാഗത്തു നിന്നും ശ്രമിക്കുന്നതെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ശ്രീ.സുകുമാരൻ നായരുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിശ്വാസികളുടെ പേരിൽ വർഗ്ഗീയത പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയെ സഹായിക്കാനുമാണ്. രണ്ടാം വിമോചന സമരം നടത്തണമെന്ന ഹിന്ദു ഐക്യവേദിയുടെ ആഹ്വാനത്തെ സഹായിക്കാനാണ് എല്ലാ മതവിശ്വാസികളും, സംഘടനകളും സർക്കാരിനെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇത് ആർഎസ്എസ്സുകാർ നടത്തിവരുന്ന കലാപശ്രമങ്ങൾക്ക് ഉത്തേജനം നൽകാനുള്ള ഉദ്ദേശ്യത്തോടെയുള്ള സമീപനമാണ്.

വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന പ്രവർത്തനം മാത്രമേ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവുകയുള്ളു. 1957 ന് ശേഷം വിവിധ സന്ദർഭങ്ങളിൽ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ അധികാരത്തിൽ വന്ന കാലത്തെല്ലാം നിരീശ്വരവാദികളെന്ന് മുദ്രകുത്തി പാർട്ടിയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ, ജനങ്ങൾക്കിടയിൽ പ്രത്യേകിച്ചും വിശ്വാസി സമൂഹത്തിൽ പാർട്ടിയുടെ വിശ്വാസ്യത വർദ്ധിക്കുകയാണുണ്ടായത്. ആചാരനാനുഷ്ഠാനങ്ങളെല്ലാം ഭരണഘടനയ്ക്ക് വിധേയമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് സുപ്രീകോടതിവിധിയുണ്ടായത്. ശബരിമലയിൽ തന്നെ നേരത്തെയുണ്ടായിരുന്ന നിരവധി ആചാരങ്ങളിൽ മാറ്റം വന്നിട്ടുണ്ട്.

മകരവിളക്ക് കൊളുത്താനും, തേനഭിഷേകം നടത്താനും മലയരയന്മാർക്കുണ്ടായിരുന്ന അവകാശവും, വെടിവഴിപാടിന്റെ നടത്തിപ്പിന് ഈഴവ കുടുംബത്തിനുണ്ടായിരുന്ന അവകാശവും എടുത്ത് കളഞ്ഞപ്പോൾ ആചാരലംഘനമുണ്ടായിയെന്ന് തോന്നാതിരുന്നത് എന്തുകൊണ്ടാണ്. വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരുപറഞ്ഞ് ഇടതുപക്ഷ സർക്കാരിനെതിരായ പടയൊരുക്കം ആർഎസ്എസ്സിനെ സഹായിക്കാൻ മാത്രമേ ഇടയാക്കുകയുള്ളു. സുപ്രീംകോടതിയിലുണ്ടായ വിധി മാറ്റാൻ നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് പകരം തെരുവിലിറങ്ങി സർക്കാരിനെതിരെ കലാപം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്. ഇത്തരം നീക്കം വിജയിക്കാൻ പോകുന്നില്ല.

സുകുമാരൻ നായരുടേത് കലാപാഹ്വാനമെന്ന് കടകംപള്ളി

സംസ്ഥാനത്തെ കലാപത്തിനു കാരണക്കാർ സർക്കാരാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എൻഎസ്എസിന്റെ നിലപാട് കലാപകാരികളെ സംരക്ഷിക്കുന്നതിനാണെന്ന് മന്ത്രി പറഞ്ഞു. സുകുമാരൻ നായരുടെ വാക്കുകൾ കലാപാഹ്വാനം പോലെയാണ്. ഇത് അത്ഭുതപ്പെടുത്തുന്നുവെന്നും വിശ്വാസം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻഎസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ജയരാജനും പറഞ്ഞു.

സംസ്ഥാനത്തെ കലാപത്തിനു കാരണക്കാർ സർക്കാരാണെന്നും നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് നിരീശ്വരവാദം പ്രചരിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും സുകുമാരൻ നായർ നേരത്തേ വ്യക്തമാക്കിയിരുന്നു.

എൻഎസ്എസ് തെറ്റുതിരുത്തണം ജയരാജൻ

എൻഎസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി ഇ.പി.ജയരാജനും തുറന്നടിച്ചു. എൻഎസ്എസ് തെറ്റുതിരുത്തണം. ആർഎസ്എസ് ഭീകരപ്രസ്ഥാനമെന്നും ജയരാജൻ പറഞ്ഞു. അബദ്ധങ്ങളിൽ നിന്നും അബദ്ധങ്ങളിലേക്കാണ് എൻഎസ്എസ് പോകുന്നത്. ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ എൻഎസ്എസ് നടത്തിയ പ്രസ്താവന നിലവാരമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരിയിലുണ്ടായ സംഘർഷങ്ങൾക്കിടെ ആക്രമിക്കപ്പെട്ട പി.ശശിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇ.പി.ജയരാജൻ. സമാധാനശ്രമങ്ങൾക്ക് ശേഷവും അക്രമങ്ങൾ തുടരുകയാണെന്നും അക്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ജനങ്ങളെ കൂടെ നിർത്തി പ്രവർത്തിപ്പിക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ സിപിഎം പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ ആർഎസ്എസ് ഇതിനു തുരങ്കംവയ്ക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. ദണ്ഡും വടിയും വാളും എടുത്ത് ഇവർ ഉറഞ്ഞു തുള്ളുന്നത് എന്തിനാണ്. ,സാമൂഹിക പരിഷ്‌കരണത്തേയും നാടിന്റെ വികസനത്തേയും തടയാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിൽ ഉള്ളത്. സംഘപരിവാറിന്റെ ഗൂഢലക്ഷ്യങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട് അവർ ഒറ്റപ്പെടുക തന്നെ ചെയ്യും.

ആർഎസ്എസ് അല്ല സിപിഎം. സമാധാനത്തിന് വേണ്ടിയുള്ള എല്ലാ ശ്രമവും സിപിഎം തുടരും. കേരളം ഒരുപാട് വളർന്നു വികസിച്ചു. ആ വളർച്ചയിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് സിപിഎമ്മാണ്. ഈ നാടിന് വേദനിക്കുന്‌പോൾ ആ വേദനയുണ്ടാവുന്നത് സിപിഎമ്മിനെയാണ്. നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലാത പാർട്ടിയാണ് ആർഎസ്എസ്.ഇന്നാൾ വരെയുള്ള കേരളത്തിന്റെ വളർച്ചയിലും പുരോഗതിയിലും എന്തെങ്കിലുമൊരു പങ്ക് വഹിച്ച പാർട്ടിയാണോ ആർഎസ്എസും ബിജെപിയും. ക്രിമിനലുകളുടെ പ്രസ്ഥാനമാണത് അവരുടെ പ്രവ-ത്തി കൊണ്ട് തന്നെ അവർ പരാജയപ്പെടും ജയരാജൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP