Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വട്ടിയൂർകാവിൽ പീതാംബരകുറുപ്പ് വേണമെന്ന് മുരളി ശഠിച്ചപ്പോൾ മോഹൻകുമാറിനെ ഇറക്കാൻ നിർബന്ധിതമായത് സുകുമാരൻ നായർ പറഞ്ഞതു കൊണ്ട്; അടൂർ പ്രകാശിനെ തള്ളി കോന്നിയിൽ മോഹൻരാജിനെ ഇറക്കിയതും എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് വേണ്ടി; വീടുവീടാന്തരം കയറി ഇറങ്ങി എൻ എസ് എസ് വോട്ട് ചോദിച്ചിട്ടും കച്ചിയടിച്ചില്ല; ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ താരമായ ചങ്ങനാശ്ശേരിയിലെ പോപ്പിന് തന്നെ

വട്ടിയൂർകാവിൽ പീതാംബരകുറുപ്പ് വേണമെന്ന് മുരളി ശഠിച്ചപ്പോൾ മോഹൻകുമാറിനെ ഇറക്കാൻ നിർബന്ധിതമായത് സുകുമാരൻ നായർ പറഞ്ഞതു കൊണ്ട്; അടൂർ പ്രകാശിനെ തള്ളി കോന്നിയിൽ മോഹൻരാജിനെ ഇറക്കിയതും എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് വേണ്ടി; വീടുവീടാന്തരം കയറി ഇറങ്ങി എൻ എസ് എസ് വോട്ട് ചോദിച്ചിട്ടും കച്ചിയടിച്ചില്ല; ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ താരമായ ചങ്ങനാശ്ശേരിയിലെ പോപ്പിന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ജി സുകുമാരൻ നായരായിരുന്നു. കോന്നിയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പഴകുളം മധുവായിരുന്നു. അടൂർ പ്രകാശ് റോബൻ പീറ്ററെ മുന്നോട്ട് വച്ചപ്പോൾ അത് രമേശ് ചെന്നിത്തല അംഗീകരിക്കാത്തതും പഴകുളം മധുവിന് വേണ്ടി. ഒടുവിൽ എൻ എസ് എസ് ആസ്ഥാനത്ത് നിന്ന് ചെന്നിത്തലയെ സുകുമാരൻ നായർ വിലിച്ചു. കോന്നിയിലെ സ്ഥാനാർത്ഥി മോഹൻരാജാണെന്ന് അങ്ങോട്ട് പറഞ്ഞു. ഇതിനെ എൻ എസ് എസിനെ പിണക്കാതിരിക്കാൻ വേണ്ടി ഏവരും ഇത് അംഗീകിച്ചു. അങ്ങനെ പഴകുളത്തെ വെട്ടി മോഹൻരാജ് സ്ഥാനാർത്ഥിയായി. വട്ടിയൂർക്കാവിൽ കെ മോഹൻകുമാറിന് പരസ്യ പിന്തുണയാണ് എൻ എസ് എസ് പ്രഖ്യാപിച്ചത്. 45 ശതമാനം നായന്മാരുള്ള മണ്ഡലം. അതുകൊണ്ട് തന്നെ സിപിഎമ്മിനെ വട്ടിയൂർകാവിൽ തോൽപ്പിക്കുമെന്ന് വീമ്പു പറഞ്ഞു. അതും വെറുതെയായി. കോന്നിയിലും വട്ടിയൂർകാവിലും സിപിഎം ജയിക്കുമ്പോൾ തോൽക്കുന്നത് സുകുമാരൻ നായരാണ്. പെരുന്നയിലെ പോപ്പ് തോറ്റുവെന്ന പരാമർശം വീണ്ടും ഈ തോൽവികൾ സജീവമാക്കും.

അടൂരിന് സമാനമായിരുന്നു വട്ടിയൂർകാവിലേയും സാഹചര്യം. ഇവിടെ സീറ്റൊഴിഞ്ഞ കെ മുരളീധരൻ ആവശ്യപ്പെട്ടത് പീതാംബര കുറുപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു. ഇതും നടക്കാതെ പോയത് സുകുമാരൻ നായരുടെ താൽപ്പര്യ പ്രകാരമാണ്. മനുഷ്യാവകാശ കമ്മീഷൻ അംഗമായ മോഹൻ കുമാറിന് വേണ്ടി സുകുമാരൻ നായർ വാദിച്ചു. ഇതോടെ മോഹൻകുമാർ വട്ടിയൂർകാവിൽ സ്ഥാനാർത്ഥിയായി. എറണാകുളത്ത് ഹൈബി ഈഡന്റെ താൽപ്പര്യ പ്രകാരമാണ് ടിജെ വിനോദ് സ്ഥാനാർത്ഥിയായത്. അരൂരിൽ ഷാനിമോൾ ഉസ്മാനും കോൺഗ്രസിന്റെ കണ്ടെത്തലായിരുന്നു. അതായത് സുകുമാരൻ നായർ പറഞ്ഞ രണ്ട് പേരും കൈപ്പത്തി ചിഹ്നത്തിൽ തോറ്റു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 20ൽ 19ഉം ജയിച്ചത് യുഡിഎഫായിരുന്നു. സുകുമാരൻ നായരുടെ ശബരിമല പ്രയോഗങ്ങൾ അതിൽ നിർണ്ണായകവുമായി. അങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ താരമായിരുന്നു സുകുമാരൻ നായർ. ഈ തിളക്കം മായുകയാണ് ഉപതെരഞ്ഞെടുപ്പിൽ.

നായർ സമുദായാംഗങ്ങൾക്കിടയിൽ എൻ എസ് എസിന് വലിയ സ്വാധീനം ഉണ്ടെന്ന് ആരും പറയുമായിരുന്നില്ല. ഇതിന് മാറ്റം വരുത്തിയ സുകുമാരൻ നായരായിരുന്നു. മാതൃഭൂമിയിലെ മീശ നോവലോടെ സുകുമാരൻ നായർ ചില നിലപാടുകൾ എടുത്തു. അത് വിശ്വാസവുമായി ബന്ധപ്പെട്ടതുമായിരുന്നു. ഇത് സമുദായംഗങ്ങൾ ഏറ്റെടുത്തു. മാതൃഭൂമി പ്രതിസന്ധിയിലുമായി. ഇതിന് പിന്നാലെയാണ് ശബരിമലയിലെ യുവതി പ്രവേശനം. ഇതോടെ സുകുമാരൻ നായർ വിശ്വാസ സംരക്ഷകരുടെ നേതാവായി. ആർ എസ് എസിനൊപ്പം നിലകൊണ്ടു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് പക്ഷത്തായി. ശബരിമലയിൽ കേന്ദ്രവും സംസ്ഥാനവും വഞ്ചിച്ചുവെന്ന നിലപാടും എടുത്തു. ലോക്‌സഭയിൽ ജയിച്ചതോടെ കോൺഗ്രസും സുകുമാരൻ നായരെ പ്രതീക്ഷയോടെ കണ്ടു. ഇതിനാണ് വട്ടിയൂർകാവിലും കോന്നിയിലും അവസനാമാകുന്നത്. സുകുമാരൻ നായരെ കേട്ടതു കൊണ്ടാണ് തോറ്റതെന്ന് കോൺഗ്രസുകാരും സമ്മതിക്കുന്നു. ലോക്‌സഭയിൽ മികച്ച സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. അങ്ങനെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാക്കി. ഉപതെരഞ്ഞെടുപ്പിൽ എൻ എസ് എസ് വാക്കു കേട്ടപ്പോൾ അത് പാളിയെന്നും വിലയിരുത്തൽ എത്തുന്നു.

അതിനൊപ്പം സിപിഎമ്മിന്റെ പ്രധാന ശത്രുവായി സുകുമാരൻ നായർ മാറും. വട്ടിയൂർകാവിൽ പ്രശാന്തിനെ തോൽപ്പിക്കുമെന്ന എൻ എസ് എസിന്റെ പരസ്യ വെല്ലുവിളിയായിരുന്നു ഇതിന് കാരണം. മുന്നാക്കസമുദായത്തിനുവേണ്ടി നല്ലതുചെയ്ത ഇടതുപക്ഷത്തെ പ്രകീർത്തിക്കുകയാണ് എൻഎസ്എസ് ചെയ്യേണ്ടതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താൻവേണ്ടിയുള്ളതാണെന്ന് പോലും സുകുമാരൻ നായർ വിശദീകരിച്ചിരുന്നു. ഈ സർക്കാർ മുന്നാക്കസമുദായങ്ങൾക്കോ എൻഎസ്എസ്സിനോ വേണ്ടി എന്തു നന്മയാണു ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണം. എൻഎസ്എസ് ഈ ഗവൺമെന്റിനോട് സഹകരിച്ചിട്ടേയുള്ളു. വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് അഭിപ്രായഭിന്നത ഉണ്ടായിട്ടുള്ളത്. നായർസമുദായം അടക്കമുള്ള മുന്നാക്ക സമുദായങ്ങൾക്കും അതിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭിച്ചു വന്നിരുന്ന ആനുകൂല്യങ്ങളെല്ലാംതന്നെ തടഞ്ഞു വയ്ക്കുകയാണ് സർക്കാർ ചെയ്തതെന്നും ജി. സുകുമാരൻ നായർ ആരോപിച്ചിരുന്നു. പലപ്പോഴും സുകുമാരൻ നായരെ അനുനയിപ്പിക്കാനും സിപിഎം ശ്രമിച്ചു. എന്നാൽ അടുക്കാൻ പോലും കൂട്ടാക്കിയില്ല. അങ്ങനെ സമദൂരം വിട്ട് ശരിദൂരമെന്ന് പറഞ്ഞ് കോൺഗ്രസിനെ അനുകൂലിക്കുകയാണ് സുകുമാരൻ നായർ ചെയ്തത്.

വട്ടിയൂർക്കാവിൽ ഫോട്ടോ ഫിനിഷാകുമെന്ന സാധ്യതയാണ് എക്‌സിറ്റ് പോളുകൾ മുന്നോട്ട് വച്ചത്. എക്‌സിറ്റ് പോളുകൾക്ക് പിന്നാലെ കടുത്ത ആത്മവിശ്വാസത്തിലായി സിപിഎമ്മും. ഒരു സമുദായ സംഘടനകളുടേയും കുത്തകയല്ല വട്ടിയൂർക്കാവ് എന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിക്കുകയും ചെയ്തു. വട്ടിയൂർക്കാവിൽ തങ്ങളുടെ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്കാണെന്ന് എൻഎസ്എസ് പരസ്യമായി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പരസ്യപ്രചരണം തന്നെ നടത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ നായർ സമുദായം ഇപ്പോൾ പ്രതികരണമെന്നും ശബരിമല പ്രശ്‌ന പരിഹാരത്തിന് കേന്ദ്രസർക്കാർ ആത്മാർത്ഥമായി ശ്രമിച്ചില്ലെന്നുമായിരുന്നു സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. ഇതെല്ലാം വിനയായി മാറുകയാണ്. കേരള രാഷ്ട്രീയത്തിൽ ഇനി കുറച്ചു കാലത്തേക്ക് പെരുന്നയിലെ വാക്കുകൾക്ക് പ്രസക്തിയുണ്ടാകില്ല. ശബരിമലയിലും മീശ നോവലിലും ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയാണ് സുകുമാരൻ നായർക്ക് ഇതോടെ കൈമോശം വരുന്നത്. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ കളിയാക്കലും നേരിടേണ്ടി വരും. പരസ്യമായി യുഡിഎഫിനെ പിന്തുണച്ചത് ശരിയായില്ലെന്ന് കരയോഗം നേതാക്കൾ പോലും പറഞ്ഞു. അപ്പോഴും തീകഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു സുകുമാരൻ നായർ. അതാണ് തകരുന്നത്.

ഇതിനിടെ തെരഞ്ഞെടുപ്പിലെ നിലപാടിനെ ചൊല്ലി എൻഎസ്എസും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും നേർക്കുനേർ എത്തുകയും ചെയ്തു. എൻഎസ്എസിനെതിരായ പരാതിയിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡിജിപിക്കും തിരുവനന്തപുരം ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകുകയും ചെ്തു. സമീപകാല തെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് സ്വീകരിച്ച എൻഎസ്എസ് ഇക്കുറി ശരിദൂര നിലപാട് പ്രഖ്യാപിച്ചിരുന്നു. ശരിദൂരം യുഡിഎഫ് സ്ഥാനാർത്ഥിക്കനുകൂലമെന്നറിയിച്ച് വട്ടിയൂർക്കാവിൽ എൻഎസ്എസ് നേതാക്കൾ പ്രചാരണം നടത്തുകയും ചെയ്തു. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും സമദൂരത്തിൽ ശരിദൂരത്തിലേക്ക് എൻഎസ്എസ് പോയതാണ് പ്രശ്നമെന്നും ടിക്കാറാം മീണ നിലപാടെടുത്തു. ഇതോടെ കേരളത്തിൽ എൻഎസ്എസ് വർഗീയമായ പ്രവർത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സുകുമാരൻ നായർ ടിക്കാറാം മീണക്ക് വക്കീൽ നോട്ടീസയച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് എൻഎസ്എസിനെതിരായ പരാതിയിൽ റിപ്പോർട്ട് നൽകാൻ ഡിജിപിയോടും കളക്ടറോടും ടിക്കാറാം മീണ നിർദ്ദേശം നൽകിയത്. അങ്ങനെ അതും സുകുമാരൻ നായർക്ക് കുരുക്കാകാനാണ് സാധ്യത.

എൻഎസ്എസിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വെറും ബൊമ്മയും അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനുമാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. കോൺഗ്രസ് എൻഎസ്എസിന്റെ കുഴിയിൽ വീണുകിടക്കുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ സമ്പൂർണ തൃപ്തിയില്ല. എന്നാൽ, കഴിഞ്ഞ യുഡിഎഫ് സർക്കാരിനേക്കാൾ മെച്ചമാണ്. തമ്മിൽ ഭേദം തൊമ്മൻ. കേരളത്തിലെ മതേതരത്വത്തിന് എൻഎസ്എസ് ഭീഷണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതും വരും ദിവസങ്ങളിൽ വെള്ളാപ്പള്ളിയെ പോലുള്ളവർ ഉയർത്തും. അങ്ങനെ എൻ എസ് എസിന് സമ്പൂർണ്ണ നാണക്കേടിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP