Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീരാമകൃഷ്ണന്റെ പേര് നല്ലതായതുകൊണ്ട് വോട്ട് ചെയ്തു; വിഷയങ്ങളുടെ മെരിറ്റ് അടിസ്ഥാനമാക്കി ഭാവി വോട്ടുകളും; പൗരത്വ ഭേദഗതി പ്രമേയ ചർച്ചയിൽ രാജഗോപാൽ നടപ്പാക്കിയതും ആദ്യ സമ്മേളനത്തിലെ ഈ നിലപാട്; നിയമസഭയിൽ രാജഗോപാൽ എടുക്കുന്നത് കണ്ണൂർ കൊലപാതകത്തിലെ അതേ നിലപാടെന്ന് പരിവാറുകാർക്ക് പരാതി; സ്പീക്കർ ശ്രീരാമകൃഷ്ണനെ 'രാമനാക്കിയ' നേമം എൽഎഎ മെരുക്കാനാവാതെ ബിജെപിയും; ഇത് ശത്രുവിനെ ശക്തനാക്കിയ ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യു!

ശ്രീരാമകൃഷ്ണന്റെ പേര് നല്ലതായതുകൊണ്ട് വോട്ട് ചെയ്തു; വിഷയങ്ങളുടെ മെരിറ്റ് അടിസ്ഥാനമാക്കി ഭാവി വോട്ടുകളും; പൗരത്വ ഭേദഗതി പ്രമേയ ചർച്ചയിൽ രാജഗോപാൽ നടപ്പാക്കിയതും ആദ്യ സമ്മേളനത്തിലെ ഈ നിലപാട്; നിയമസഭയിൽ രാജഗോപാൽ എടുക്കുന്നത് കണ്ണൂർ കൊലപാതകത്തിലെ അതേ നിലപാടെന്ന് പരിവാറുകാർക്ക് പരാതി; സ്പീക്കർ ശ്രീരാമകൃഷ്ണനെ 'രാമനാക്കിയ' നേമം എൽഎഎ മെരുക്കാനാവാതെ ബിജെപിയും; ഇത് ശത്രുവിനെ ശക്തനാക്കിയ ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യു!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിനാലാം നിയമസഭയിലെ രണ്ടാം ദിവസവും താരമായത് ബിജെപിയുടെ മുതിർന്ന നേതാവ് ഒ രാജഗോപാൽ. സ്പീക്കർ തെരഞ്ഞെടുപ്പിൽ രാജഗോപാൽ വിനിയോഗിച്ചത് നിയമസഭയിലെ ബിജെപിയുടെ ആദ്യ വോട്ടാണ്. അതിന് ശേഷം പ്രസ് റൂമിൽ പത്രസമ്മേളനവും നടത്തി. അങ്ങനെ ഈ നിയമസഭാ സമ്മേളനത്തിൽ പ്രസ് റൂം ഉപയോഗിക്കുന്ന ആദ്യ എംഎൽഎയായി രാജഗോപാൽ മാറി. സ്പീക്കർ തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്തത് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായിരുന്ന ശ്രീരാമകൃഷ്ണനാണെന്ന് സംശയങ്ങൾക്കിട നൽകാതെ രാജഗോപാൽ പ്രഖ്യാപിച്ചു. സ്പീക്കറുടെ അനുമോദന പ്രസംഗത്തിലും വേറിട്ട വഴയിലൂടെയാണ് രാജഗോപാൽ കാര്യങ്ങൾ അവതരിപ്പിച്ചത്. അന്ന് മുതൽ രാജഗോപാൽ പരിവാറുകാരുടെ കണ്ണിലെ കരടായിരുന്നു. നേമത്ത് വിയർപ്പൊഴുക്കി രാജേട്ടനെ വിജയിപ്പിച്ച ബിജെപിക്കാർ പൗരത്വ ഭേദഗതിയിലെ രാജഗോപാലിന്റെ നിലപാടോടെ വേദനയിലാണ്.

സ്പീക്കർ തെരഞ്ഞെടുപ്പ് ദിവസം രാവിലെ മുതൽ രാജഗോപാൽ വോട്ട് ചെയ്യുമോ എന്നതായിരുന്നു ചർച്ച. വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച് സഭയിലെത്തിയ രാജഗോപാൽ ബാലറ്റ് വാങ്ങി രഹസ്യമായി അവകാശം വിനിയോഗിച്ചു. അതിന് ശേഷം വോട്ടണ്ണലിനായുള്ള കാത്തിരിപ്പ്. രാജഗോപാലിന്റെ വോട്ട് ശ്രീരാമകൃഷ്ണനായിരുന്നുവെന്ന് വ്യക്തവുമായി. പിസി ജോർജ് വോട്ട് അസാധുവാക്കിയതിനാൽ യുഡിഎഫിൽ നിന്ന് ഒരു വോട്ട് ശ്രീരാമകൃഷ്ണന് കിട്ടിയെന്നും വ്യക്തമായി. ഇതിന് ശേഷമായിരുന്നു സ്പീക്കറായി ശ്രീരാമകൃഷ്ണൻ ചുമതലയേറ്റത്. പിന്നീട് അനുമോദന പ്രസംഗങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനിൽ തുടങ്ങി സഭാ നേതാക്കൾ ഒരോരുത്തരായി പ്രസംഗിച്ചു. ശ്രീരാമകൃഷ്ണന്റെ സൗമ്യ സ്വഭാവവും ഇടപടലുകളുടെ പ്രത്യേകതയും എല്ലാവരും ഉയർത്തിക്കാട്ടി.

പ്രസംഗം രാജഗോപാലിൽ എത്തിയപ്പോൾ പേരിലേക്കായി ചിന്ത. പേര് അന്വർത്ഥമാക്കുന്ന പ്രവർത്തനം ശ്രീരാമകൃഷ്ണൻ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി രാജഗോപാൽ പറഞ്ഞു. ശ്രീരാമൻ ധർമ്മതതിന്റെ പ്രതീകമാണ്. ധർമ്മം നടപ്പാക്കാനാണ് കൃഷ്ണൻ ജനിച്ചത്. ഈ രണ്ട് പേരുകളും സ്പീക്കറിലുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പറഞ്ഞതു പോലെ ധർമ്മത്തിൽ അധിഷ്ഠിതമായ പ്രവർത്തനം സഭയിൽ സ്പീക്കർ നടത്തും. തന്നെ പോലെ പുതുമുഖങ്ങൾക്ക് കൂടുതൽ പരിഗണന നൽകുമെന്ന പ്രതീക്ഷയും രാജഗോപാൽ പറഞ്ഞു. അപ്പോഴും താൻ ആർക്കാണ് വോട്ട് ചെയ്തതെന്ന് പരസ്യമായി രാജഗോപാൽ പറഞ്ഞില്ല. പിന്നീട് അതും വെളിപ്പെടുത്തി. ശ്രീരാമകൃഷ്ണനെ അനുകൂലിച്ചതിന് കാരണവും പറഞ്ഞു. തന്റെ വോട്ട് വേണ്ടെന്ന് പരസ്യമായി യുഡിഎഫിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അദ്ദേഹത്തിന് വേദനയുണ്ടാക്കാതിരിക്കാൻ ആ മുന്നണിക്ക് വോട്ട് ചെയ്തില്ല. ശ്രീരാമകൃഷ്ണൻ എന്ന നല്ല പേരുകാരന് വോട്ട് ചെയ്തു. മാർക്സിസ്റ്റ് പാർട്ടിക്കാരനാണെങ്കിലും ഒരുപാട് കാര്യങ്ങളിൽ യോജിപ്പുള്ള ചെറുപ്പക്കാരനാണ് ശ്രീരാമകൃഷ്ണൻ. അതുകൊണ്ട് അദ്ദേഹത്തിന് വോട്ട് ചെയ്യുന്നതാണ് ധർമ്മം എന്ന് കരുതി. പാർട്ടിയോടെ ഇക്കാര്യം ചർച്ച ചെയ്തിരുന്നുമില്ല-രാജഗോപാൽ വിശദീകരിച്ചു.

താൻ ബിജെപിയുടെ പ്രവർത്തകനാണെന്നും എൻഡിഎയുടെ എംഎൽഎയാണെന്നും രാജഗോപാൽ പറഞ്ഞു. അതുകൊണ്ട് തന്നെ നിയമസഭയിൽ ഇടത്-വലത് മുന്നണികൾക്കെതിരെ ശബ്ദമുയർത്തി. വിഷയങ്ങൾ പരിശോധിച്ചാകും നിലപാടുകൾ എടുക്കുക. സ്പീക്കർ തെരഞ്ഞെടുപ്പിൽ നല്ല മനസ്സുള്ള യുവാവായ ചെറുപ്പക്കാരനാണ് നല്ലതെന്ന് തോന്നി. അതുകൊണ്ടാണ് വോട്ട് ഇടത് സ്ഥാനാർത്ഥിക്ക് ചെയ്തതെന്നും രാജഗോപാൽ പറഞ്ഞു. പിന്നീടും വിവാദങ്ങൾ രാജഗോപാലിനെ പിന്തുടർന്നു.

കണ്ണൂരിലെ ഇറങ്ങിപോക്ക് വിവാദം

കണ്ണൂർ കൊലപാതകത്തിലെ അടിയന്തര പ്രമേയത്തിൽ എടുത്ത നിലപാടായിരുന്നു പരിവാറുകാരെ കൂടുതൽ വേദനിപ്പിച്ചത്. ഇതിന് കാരണമായി രാജഗോപാൽ മംഗളത്തിന് നൽകിയ അഭിമുഖവും ചർച്ചയായി. പ്രതിപക്ഷം ഇറങ്ങിപ്പോയി എന്നു പറയുന്നതു ശരിയല്ല. യു.ഡി.എഫ്. എംഎ!ൽഎമാർ ഇറങ്ങിപ്പോയി എന്നു പറയാം. അവർക്കൊപ്പം ഞാനും ഇറങ്ങിപ്പോയിരുന്നെങ്കിൽ എനിക്കു സഭയ്ക്കകത്ത് സംസാരിക്കാൻ അവസരം കിട്ടുമായിരുന്നില്ല. ഇതൊന്നും മനസിലാക്കാതെയാണു വിമർശനം-മംഗളത്തിന് അനുദിച്ച അഭിമുഖത്തിൽ വിവാദകാലത്ത് ബിജെപി എംഎൽഎ രാജഗോപാൽ പറഞ്ഞ വാക്കുകളാണ് ഇത്.

നിയമസഭയിൽ സംസാരിക്കാനായി ഇറങ്ങിപോയില്ലെന്ന് രാജഗോപാൽ പറയുന്നതിൽ അർത്ഥമില്ല. എംഎൽഎയും എംപിയുമൊന്നും ആയില്ലെങ്കിലും സഭാ ചട്ടങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അടിയന്തര പ്രമേയ ചർച്ചയ്ക്കൊടുവിൽ ഇറങ്ങി പോകുന്ന പാർട്ടികളുടെ നേതാക്കൾക്ക് അപ്പോൾ സംസാരിക്കാൻ അവസരം കിട്ടും. അതായത് കണ്ണൂർ കൊലപാതകത്തിലെ അടിയന്തര പ്രമേയത്തിൽ ഇറങ്ങിപോയാലും രാജഗോപാലിന് സംസാരിക്കാമായിരുന്നു. ഇറങ്ങി പോക്കെന്നത് പ്രതിഷേധ രൂപം മാത്രമാണ്. അതുകൊണ്ട് തന്നെ ഇറങ്ങി പോക്കെന്ന ചടങ്ങിന് ശേഷം ഉടൻ സഭയിൽ തിരിച്ചെത്തും. അതിനാൽ ബാക്കി നടപടിക്രമത്തിലും പങ്കെടുക്കാം. അപ്പോഴും സഭയിൽ സംസാരിക്കാം. ഇതാണ് സഭയിലെ രീതി. അതുകൊണ്ട് തന്നെ സിപിഎമ്മുമായുള്ള ഒത്തുകളിയുടെ ഭാഗമായല്ലേ രാജഗോപാൽ സഭയിൽ തുടർന്നതെന്ന വാദമാണ് അന്ന് മുതിർന്ന ബിജെപി നേതാവ് മറുനാടനോട് പങ്കുവച്ചത്.

നിയമസഭയിൽ ഇടപെടേണ്ട രീതിയെ കുറിച്ചു പാർട്ടിയുമായി ചർച്ചചെയ്യേണ്ട കാര്യമൊന്നുമില്ലെന്ന രാജഗോപാലിന്റെ വാദവും വിവാദമായിരുന്നു. പിണറായിയിൽ ആർ എസ് എസുകാരനായ രമിത്തിനെ സിപിഎം കൊലപ്പെടുത്തുമ്പോൾ രാജഗോപാൽ തലശ്ശേരിയിലുണ്ടായിരുന്നു. മഹിളാ സംഘത്തിന്റെ പരിപാടിയിലായിരുന്നു പങ്കെടുക്കാനെത്തിയത്. എന്നാൽ മനോരമ ചാനലിലെ അഭിമുഖത്തിൽ ഇത്തരം സ്ഥലത്തൊന്നും താൻ പോകാറില്ലെന്നും അന്ന് പോയി കുടുങ്ങിയെന്ന തരത്തിൽ രാജഗോപാൽ പ്രതികരിച്ചിരുന്നു. കൊലപാതക വാർത്ത ആയതോടെ പരിപാടിയുടെ അന്തരീക്ഷമെല്ലാം മാറി. എല്ലാവരും മറ്റൊരു വികാരത്തിലായി എന്നായിരുന്നു രാജഗോപാൽ നേരെ ചൊവ്വേയിൽ പറഞ്ഞത്. സഹപ്രവർത്തകൻ കൊല്ലപ്പെട്ടത് അറിയുമ്പോൾ ചിരിച്ചു കുഴയാൻ അറിയുന്നവരല്ല ആർ എസ് എസുകാരന്നൊയിരുന്നു രാജഗോപാലിന്റെ ഈ വാക്കുകളോടുള്ള ഒരു പ്രമുഖ ബിജെപി നേതാവിന്റെ പ്രതികരണം.

അതിനിടെ തലശ്ശേരിയിൽ സിപിഎമ്മുമായി ഡീൽ ഉറപ്പിക്കാൻ രാജഗോപാൽ എത്തിയതാണെന്ന് സംശയിക്കുന്നവരും ഉണ്ട്. തലശ്ശേരി കേന്ദ്രീകരിച്ച് പൊലീസ് പടിയിലായ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയിൽ രാജഗോപാലിന്റെ അടുപ്പക്കാരനും കുടുങ്ങിയിരുന്നു. ഇവരെ രക്ഷിക്കാനാണ് സിപിഎമ്മിനെ അനുകൂലിച്ച് നിയമസഭയിലും മാധ്യമങ്ങളിലും രാജഗോപാൽ നിറയുന്നതെന്നാണ് സംഘപരിവാരുകാർ സംശയിക്കുന്നത്.

കറുത്ത വസ്ത്രം ധരിച്ചിട്ടും സുരേന്ദ്രനെ ശബരിമലയിൽ മറന്നു

ശബരിമലയുമായി ബന്ധപ്പെട്ട് പാർട്ടിയിലെ മുതിർന്ന നേതാവായ കെ സുരേന്ദ്രനെ ജയിലിൽ അടക്കുകയും തുടർച്ചയായി കേസുകളിൽ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കിലും ഈ വിഷയം രാജഗോപാൽ നിയമസഭയിൽ ഉന്നയിക്കാൻ വൈകിയതും വിവാദമായി.

അന്ന് സമ്മേളനം തുടങ്ങിയ രണ്ടാമത്തെ ദിവസം കറുത്ത വസ്ത്രം ധരിച്ച് ശബരിമല ഭക്തർക്കൊപ്പമാണെന്ന് ധാരണയുണ്ടാക്കിയ രാജഗോപാൽ സുരേന്ദ്രന് വേണ്ടി വാ തുറക്കാത്തതും ബിജെപി അണികളിൽ എതിർപ്പുണ്ടാക്കി. യുഡിഎഫ് എംഎൽഎമാർ ശബരിമല വിഷയത്തിൽ പ്രതിഷേധം ഉയർത്തിയ ഘട്ടത്തിൽ ബിജെപി എംഎൽഎയുടെ മൗനം ചർച്ചയായി. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് രാജഗോപാൽ മറുപടി പറഞ്ഞത് സഭയിൽ ഇന്നാരും സുരേന്ദ്രന്റെ കാര്യം പറഞ്ഞില്ല.

അതുകൊണ്ട് പ്രതികരിച്ചില്ല.. എന്നായിരുന്നു. ബിജെപി എംഎൽഎ അല്ലാതെ മറ്റാരാണ് സുരേന്ദ്രന്റെ കാര്യം ഉന്നയിക്കുക എന്ന മറുചോദ്യവും ഇതോടെ ഉയർന്നു. വിവാദമായപ്പോൾ പിന്നീട് ഈ വിഷയം രാജഗോപാൽ സഭയിൽ ഉന്നയിച്ചു.

ശത്രുവിനെ ശക്തനാക്കിയ ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യു

മുഖ്യമന്ത്രി പിണറായി വിജയൻ ശക്തനായ ഭരണാധികാരിയും പാർട്ടി നേതാവുമെന്നു രാജഗോപാൽ നൽകിയ അഭിമുഖവും വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു തകരുന്ന പാർട്ടിയുടെ നേതാവെന്നതിലുള്ള വിഭ്രാന്തിയും അസ്വസ്ഥതയുമെന്നും രാജഗോപാൽ പറഞ്ഞു. മംഗളത്തിനു നൽകിയ അഭിമുഖത്തിലാണു രാജഗോപാലിന്റെ പരാമർശം. ജിനേഷ് പൂനത്താണ് മംഗളത്തിന് വേണ്ടി 2016ൽ ഈ അഭിമുഖം തയ്യാറാക്കിയത്. ബിജെപിയിൽ ഗ്രൂപ്പിസമുണ്ടെന്നും ഗ്രൂപ്പിസം ഇല്ലാതാക്കണമെങ്കിൽ പാർട്ടിയിലെ കളകൾ പറിച്ചു മാറ്റണമെന്നും ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണു താനെന്നും രാജഗോപാൽ പറഞ്ഞിരുന്നു.

രാജഗോപാലിന്റെ അഭിമുഖം അവമതിപ്പുണ്ടാക്കുന്നതാണെന്ന് അന്ന് തന്നെ ആർഎസ്എസ് നിലപാട് നിലപാട് എടുത്തിരുന്നു. നേരത്തെ കണ്ണൂരിലെ അക്രമുവമായി ബന്ധപ്പെട്ട് രാജഗോപാൽ നടത്തിയ നിയമസഭാ പ്രസംഗം ആർ എസ് എസിനെ അലോസരപ്പെടുത്തുന്നതായിരുന്നു. കൊലപാതകങ്ങൾക്ക് ആർ എസ് എസിനെ മാത്രം പഴി പറയേണ്ടെന്നായിരുന്നു രാജഗോപാലിന്റെ പ്രസംഗം. ഇത് കോൺഗ്രസുകാരുടെ നിലപാടാണെന്നാണ് പരിവാറുകാർ വിലയിരുത്തുന്നത്. അക്രമത്തിന് സിപിഎമ്മിനേയും ആർ എസ് എസിനേയും കുറ്റപ്പെടുത്തുന്ന കോൺഗ്രസ് സമീപനമാണ് രാജഗോപാൽ നടത്തിയത്. സിപിഎമ്മുകാർ മാത്രമാണ് അക്രമത്തിന് ഉത്തരവാദികളെന്ന വാദമായിരുന്നു ബിജെപി അംഗം സ്ഥാപിക്കേണ്ടത്. അല്ലാതെ ആർഎസ്എസ് തെറ്റു ചെയ്യുന്നുവെന്നായിരുന്നില്ലെന്നായിരുന്നു പരിവാറിന്റെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെ അനുകൂലിക്കുന്ന പിണറായിയെ പുകഴ്‌ത്തുന്ന അഭിമുഖം രാജഗോപാലിന്റേതായി വരുന്നത്.

നിയമസഭയിലേക്ക് രാജഗോപാലിനെ വിജയിപ്പിക്കാൻ വിയർപ്പൊഴുക്കിയത് ആർ എസ് എസുകാരാണ്. അവർ വലിയ ഭീഷണിയാണ് പിണറായി സർക്കാരിൽ നിന്നും നേരിടുന്നത്. ഈ സമയം ഇത്തരമൊരു അഭിമുഖം നൽകുന്നത് ഒപ്പം നിന്നവരെ തള്ളിപ്പറയാനാണെന്നാണ് വിലയിരുത്തൽ. ബിജെപി നേതൃത്വത്തെ അനുസരിക്കാതെ രാജഗോപാൽ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നുവെന്നും ആർഎസ്എസ് വിലയിരുത്തിയിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളുമായും സൗഹൃദമുണ്ട്. നല്ല സൗഹൃദങ്ങളെ രാഷ്ട്രീയത്തിനതീതമായി വളർത്തുകയും പുതുക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. ഇത്തമൊരു സൗഹൃദം മാത്രമാണു പിണറായി വിജയനുമായിട്ടുള്ളതെന്ന് രാജഗോപാൽ പറഞ്ഞിരുന്നു.

കരുത്തനായ നേതാവാണു പിണറായി വിജയൻ. സർക്കാരിന്റെ ഇത്രയും നാളത്തെ പ്രവർത്തനം വിലയിരുത്തുന്പോഴും പിണറായി എന്ന ഭരണാധികാരിയുടെ മിടുക്ക് പ്രകടമാകും. വിഭാഗീയത അതിശക്തമായിരുന്ന കാലത്തുപോലും സിപിഎമ്മിന് ഒരു പോറൽപോലും ഏൽക്കാതെ സംരക്ഷിച്ചു നിർത്താനുള്ള വൈഭവം അദ്ദേഹം പ്രകടിപ്പിച്ചു.

പൗരത്വത്തിൽ ഇരട്ടത്താപ്പ്

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ രാജഗോപാൽ എതിർക്കാത്തതാണ് പുതിയ വിവാദം. ബിജെപിയെ വെട്ടിലാക്കുന്ന നിലപാടാണ് വിഷയത്തിൽ രാജഗോപാൽ എടുത്തത്. ചർച്ചയ്ക്കു ശേഷം പ്രമേയത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും കൈ ഉയർത്താൻ സ്പീക്കർ ആവശ്യപ്പെട്ടപ്പോൾ രാജഗോപാൽ തലകുനിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രമേയം എതിരില്ലാതെയാണ് സഭ പാസാക്കിയത്. ഇതിന് ശേഷം കേരള കൗമുദിക്ക് രാജഗോപാൽ നൽകിയ അഭിമുഖം കൂടുതൽ വിവാദത്തിലേക്ക് ബിജെപിയെ എത്തിക്കുകയാണ്.

പൗരത്വനിയമത്തെ താൻ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ പറഞ്ഞതായി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്യുന്നത്. നിയമത്തിനെതിരെ രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രമേയത്തിൽ എന്തു നിലപാടെടുക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടില്ല. അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ വിട്ടുനിൽക്കാനാണ് താൻ തീരുമാനിച്ചത്. അതിനാലാണ് എതിർത്ത് കൈപൊക്കാതിരുന്നത്. ഇത് വ്യക്തിപരമായ നിലപാടാണ് - രാജഗോപാൽ പറഞ്ഞു. പ്രമേയത്തെ താൻ എതിർത്തിട്ടില്ലെന്ന് രാജഗോപാൽ സമ്മതിച്ചെന്നും കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.

കേരള നിയമസഭയിൽ രാജഗോപാൽ പ്രമേയത്തെ എതിർത്തുവെന്ന പൊതു ചിത്രമാണ് പുറത്തുണ്ടായിരുന്നത്. എന്നാൽ പ്രമേയം പാസായത് ഏകകണ്ഠമായാണെന്ന് ധനമന്ത്രി തോമസ് ഐസക് ട്വിറ്ററിൽ കുറിച്ചു. ഇത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി റി ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സഭാ രേഖകൾ പലരും പരിശോധിച്ചത്. ഇതിൽ രാജഗോപാലിന്റെ എതിർപ്പുണ്ടായിരുന്നില്ല. ഇത് ബിജെപി ദേശീയ നേതൃത്വത്തേയും ചൊടിപ്പിച്ചിട്ടുണ്ട്. മുതിർന്ന നേതാവായിട്ടും രാജഗോപാൽ കാട്ടിയത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന നിലപാട് ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്ി അമിത് ഷായ്ക്കുണ്ട്. പ്രധാനമന്ത്രി മോദിയും തികഞ്ഞ അതൃപ്തിയിലാണ്. കേരളത്തിലെ പ്രമേയം ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ നൽകിയിരുന്നു. അതുകൊണ്ട് കൂടിയാണ് രാജഗോപാലിന്റെ നിലപാട് ദേശീയ നേതൃത്വം ഗൗരവത്തോടെ എടുക്കുന്നത്.

കേരള കൗമുദിയിലെ അഭിമുഖത്തോടെ താൻ മനപ്പൂർവ്വം കൈയുയർത്താത്തതാണെന്ന് രാജഗോപാൽ സമ്മതിക്കുന്നുമുണ്ട്. ബിജെപിക്ക് നാഥനില്ലാത്തതാണ് എല്ലാത്തിനും കാരണമെന്ന രാജഗോപാലിന്റെ കുറ്റപ്പെടുത്തലും ദേശീയ നേതൃത്വത്തിനെതിരായ ഒളിയമ്പാണ്. വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയായി രാജഗോപാൽ പരസ്യമായി പറഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷമാണ് കുമ്മനത്തെ നിർത്തേണ്ടതില്ലെന്ന തീരുമാനം ബിജെപി ദേശീയ നേതൃത്വം എടുത്തത്. പൗരത്വ ബില്ലിലെ രാജഗോപാലിന്റെ നിലപാട് വൈരാഗ്യം തീർക്കലാണെന്ന സംശയം കേന്ദ്ര നേതൃത്വത്തിനുമുണ്ട്. എങ്കിലും കേരള നിയമസഭയിലെ ഏക എംഎൽഎയ്ക്കെതിരെ പരസ്യ നിലപാടൊന്നും ബിജെപി എടുക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP