Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടി പ്രവർത്തക സമിതിയിൽ എത്തുമോ എന്ന് ഭയന്ന് ഐ ഗ്രൂപ്പ്; ഹസനെ കൊണ്ട് കരുണാകര വികാരം ആളിക്കത്തിക്കുന്നത് മുൻ മുഖ്യമന്ത്രി ഹൈക്കമാണ്ടിന്റെ ഭാഗമാകുന്നത് തടയാൻ; ദേശീയ നേതൃത്വത്തിൽ സ്ഥാനം ഉറപ്പിച്ച് ശശി തരൂരും; മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്ന ചെന്നിത്തല അങ്കലാപ്പിലോ? ആന്റണിയുടെ പിന്തുണയിൽ കെപിസിസി അധ്യക്ഷ സ്ഥാനം സ്വപ്‌നം കണ്ട് ഹസനും; ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു

ഉമ്മൻ ചാണ്ടി പ്രവർത്തക സമിതിയിൽ എത്തുമോ എന്ന് ഭയന്ന് ഐ ഗ്രൂപ്പ്; ഹസനെ കൊണ്ട് കരുണാകര വികാരം ആളിക്കത്തിക്കുന്നത് മുൻ മുഖ്യമന്ത്രി ഹൈക്കമാണ്ടിന്റെ ഭാഗമാകുന്നത് തടയാൻ; ദേശീയ നേതൃത്വത്തിൽ സ്ഥാനം ഉറപ്പിച്ച് ശശി തരൂരും; മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്ന ചെന്നിത്തല അങ്കലാപ്പിലോ? ആന്റണിയുടെ പിന്തുണയിൽ കെപിസിസി അധ്യക്ഷ സ്ഥാനം സ്വപ്‌നം കണ്ട് ഹസനും;  ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അസമയത്ത് ഉമ്മൻ ചാണ്ടിയെ എംഎം ഹസൻ തള്ളിപ്പറഞ്ഞത് എന്തിന് കെപിസിസി അധ്യക്ഷപദം ഉറപ്പാക്കാൻ ഐ ഗ്രൂപ്പിലേക്ക് ചുവടു മാറ്റുകയാണ് ഹസൻ. രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ ചുവടുപിടിച്ച് നടത്തുന്ന പാർട്ടി പുനഃസംഘടനയിൽ കേരളത്തിന് മികച്ച പ്രാതിനിധ്യം ലഭിക്കുമെന്ന് സൂചന. എ.കെ. ആന്റണിക്കുപുറമേ ഉമ്മൻ ചാണ്ടിയും ശശി തരൂരും കോൺഗ്രസ് പ്രവർത്തകസമിതിയിൽ അംഗങ്ങളായേക്കുമെന്ന് സൂചനയുണ്ട്. ഉമ്മൻ ചാണ്ടിയെ ഹൈക്കമാണ്ടിലെത്തുന്നത് തടയാനാണ് ഹസൻ വിവാദ പ്രസ്താവന നടത്തിയതെന്നാണ് എ ഗ്രൂപ്പിന്റെ പൊതു നിലപാട്.

ഐഎസ്ആർഒ ചാരക്കേസിനെ തുടർന്ന് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്‌പ്പിച്ചതിൽ ദുഃഖമുണ്ടെന്നായിരുന്നു എം.എം. ഹസൻ പറഞ്ഞത്. കരുണാകരനെ രാജിവയ്‌പ്പിക്കാൻ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മൻ ചാണ്ടിയോടും എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്നും ഹസൻ പറഞ്ഞു. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാകുമെന്ന്ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നതായും കെ. കരുണാകരൻ അനുസ്മരണ ദിനത്തിൽ ഹസൻ വ്യക്തമാക്കി. ആന്റണിയെ തൃപ്തിപ്പെടുത്തി കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാനാണ് ഹസന്റെ ശ്രമം. ഇതിനായി ഐ ഗ്രൂപ്പിന് വേണ്ടി ഉമ്മൻ ചാണ്ടിയുടെ സാധ്്യതയും തകർക്കുന്നു.

മുഖ്യമന്ത്രിയാവുകയെന്നതാണ് രമേശ് ചെന്നിത്തലയുടെ ലക്ഷ്യം. അതിന് ഹൈക്കമാണ്ട് പിന്തുണ അനിവാര്യമാണ്. സോളാറിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഐ ഗ്രൂപ്പാണെന്ന് എ ഗ്രൂപ്പ് കരുതുന്നു. ഇതിന് പിന്നിലെ ഗൂഢാലോചനയിലും അവർക്ക് വ്യക്തമായ സൂചനകളുണ്ട്. അതിനാൽ ചെന്നിത്തലയുടെ മോഹത്തെ വെട്ടാൻ എ ഗ്രൂപ്പ് ശക്തമായി തന്നെ രംഗത്തുണ്ട്. ഉമ്മൻ ചാണ്ടി പ്രവർത്തക സമിതിയിലെത്തിയാൽ വലിയ തിരിച്ചടിയാകും ഉണ്ടാവുക. ഉമ്മൻ ചാണ്ടിക്ക് പുറമേ ശശി തരൂരും പ്രവർത്തക സമിതിയുടെ ഭാഗമാകും. ആന്റണിയും ഐ ഗ്രൂപ്പിന് എതിരാണ്. അതുകൊണ്ട് തന്നെ ഹൈക്കമാണ്ടിലെ സ്വാധീനം ചെന്നിത്തലയ്ക്ക് നഷ്ടമാകും. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി ഹൈക്കമാണ്ടിലെത്തുന്നത് തടയാനാണ് ഐ വിഭാഗത്തിന്റെ ശ്രമം.

സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പോകുന്ന തുടർചലനങ്ങളുടെ ആദ്യപടിയാകും ഉമ്മൻ ചാണ്ടിയുടെ പ്രവർത്തകസമിതിയംഗത്വം എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തുമാത്രമായി ഒതുങ്ങിനിന്ന ഉമ്മൻ ചാണ്ടിയുടെ ദേശീയരാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവായി അത് മാറും. കാലങ്ങളായി പാർട്ടി അധ്യക്ഷസ്ഥാനവും നിയമസഭാകക്ഷി നേതൃസ്ഥാനവും പ്രബലമായ എ, ഐ ഗ്രൂപ്പുകൾക്കായി പങ്കുവെക്കുന്ന രീതിയാണ് നിലവിലുള്ളത്. ഉമ്മൻ ചാണ്ടിക്ക് സ്ഥാനക്കയറ്റം ലഭിച്ചാൽ സംസ്ഥാനത്ത് നിലനിൽക്കുന്ന കോൺഗ്രസ് ഗ്രൂപ്പ് സമവാക്യത്തിൽ മാറ്റംവരും. ശശി തരൂരും ഉമ്മൻ ചാണ്ടിയും പ്രവർത്തക സമിതിയിൽ എത്തുന്നത് ഐ ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ്. ശശി തരൂരിന് രാഹുലുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ തരൂരിനെ തടയാനാകില്ല.

കരുണാകരനെ പുറത്താക്കാൻ പരസ്യമായി രംഗത്തിറങ്ങിയത് എ ഗ്രൂപ്പും അതിനു നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടിയുമായിരുന്നു. ചാരക്കേസിൽ അന്നത്തെ പ്രതിപക്ഷത്തേക്കാൾ കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്തിയതും ഉമ്മൻ ചാണ്ടിയാണ്. ആ നീക്കത്തിനെതിരേ ഉമ്മൻ ചാണ്ടിക്ക് എ.കെ. ആന്റണി മുന്നറിയിപ്പു നൽകിയിരുന്നെന്നാണു ഹസന്റെ വെളിപ്പെടുത്തൽ. പ്രശ്നത്തിന്റെ പൂർണ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിയുടെ തലയിൽ കെട്ടിവയ്ക്കുകയാണു ഹസൻ ചെയ്തതെന്നും എ ഗ്രൂപ്പ് വിലയിരുത്തുന്നു.

സോളാർ കേസിൽ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഉമ്മൻ ചാണ്ടി. ഹസന്റെ വെളിപ്പെടുത്തൽ അതിനു തിരിച്ചടിയാകും. ഉമ്മൻ ചാണ്ടി കോൺഗ്രസിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരായ അമ്പുകൾ കൊള്ളുന്നതു പാർട്ടിക്കായിരിക്കുമെന്നും എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. 'പടയൊരുക്ക'ത്തിനുശേഷം സർക്കാരിനെതിരേ ശക്തമായ നിലപാടുമായി മുന്നേറുന്ന യു.ഡി.എഫിനെത്തന്നെ ഹസന്റെ പ്രസ്താവന പ്രതിസന്ധിയിലാക്കുമെന്ന് ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

കെപിസിസി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽനിന്ന് വി.ഡി. സതീശൻ, കെ. മുരളീധരൻ, കെ. സുധാകരൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.സി. ചാക്കോ എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. കെപിസിസി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറേണ്ടിവന്നാൽ എം.എം. ഹസ്സൻ യു.ഡി.എഫ്. കൺവീനറായേക്കും. എന്നാൽ ഹസന് താൽപ്പര്യം കെപിസിസി അധ്യക്ഷ പദം തന്നെയാണ്. ഐ ഗ്രൂപ്പിന്റെ പിന്തുണയും ആന്റണിയുടെ ശുപാർശയും ഉണ്ടെങ്കിൽ കെപിസിസി അധ്യക്ഷനാകാനാകുമെന്നാണ് ഹസന്റെ വിലയിരുത്തൽ. സാമുദായികസന്തുലനവും പാലിക്കണം. ഈ പരിഗണനകളുടെയൊക്കെ അടിസ്ഥാനത്തിലാണ് പുനഃസംഘടനാ ചർച്ചകൾ മുന്നേറുന്നത്.

അന്താരാഷ്ട്രതലത്തിൽ വലിയ സ്വാധീനമുള്ള തരൂരിന്റെ സേവനം കോൺഗ്രസ് ദേശീയതലത്തിൽ കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് തരൂർ പ്രവർത്തകസമിതിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്. പ്രവർത്തകസമിതിയിൽ അദ്ദേഹം പ്രത്യേക ക്ഷണിതാവാകാനാണ് സാധ്യത. എന്നാൽ ഉമ്മൻ ചാണ്ടിയെ സ്ഥിരാംഗവുമാക്കും. ഇതോടെ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി മാറും. ഇത് ഐ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് കരുണാകരൻ അനുകൂലികളുടെ വികാരം ഉമ്മൻ ചാണ്ടിക്ക് എതിരാക്കാനുള്ള ബോധപൂർവ്വമായ നീക്കം ഹസൻ നടത്തിയത്. താൻ ഐ ഗ്രൂപ്പിലേക്ക് മാറിയെന്ന വ്യക്തമായ സൂചന കൂടിയാണ് ഇത്. ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും ഗൗരവത്തോടെയാണ് ഹസന്റെ മലക്കം മറിച്ചിലിനെ കാണുന്നതും.

ലീഡറെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു നീക്കാൻ മുന്നിൽനിന്നു പ്രവർത്തിച്ചതിൽ താൻ അതീവ ദുഃഖിതനാണെന്നായിരുന്നു ഹസൻ പറഞ്ഞത്. ലീഡറോടു കാണിച്ചതു കടുത്ത അനീതിയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന സമയത്തു കാലാവധി പൂർത്തീകരിക്കാൻ കരുണാകരന് അവസരം കൊടുക്കേണ്ടതായിരുന്നു. ലീഡറെ താഴെയിറക്കാൻ കോൺഗ്രസിനുള്ളിൽ ശക്തമായ പ്രചാരണം നടക്കുമ്പോൾ ഒരു കാരണവശാലും ലീഡറെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട വ്യക്തിയായിരുന്നു എ.കെ. ആന്റണി. തന്നോടും ഉമ്മൻ ചാണ്ടിയോടും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. ലീഡറെ രാജിയിലേക്ക് നയിച്ചത് എ.കെ. ആന്റണിയാണെന്നു മാധ്യമങ്ങൾ വാർത്ത നൽകിയ ഘട്ടത്തിലും അദ്ദേഹം മൗനംപാലിച്ചു. എന്നാലതു ശരിയായിരുന്നില്ല. പിന്നീട് പി.ടി. ചാക്കോയെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കിയപ്പോഴാണു പാർട്ടിയിൽ ഭിന്നത ഉണ്ടായത്. ലീഡറെ പുറത്താക്കിയാൽ കോൺഗ്രസിന് അതു ദൂഷ്യമുണ്ടാക്കുമെന്ന് ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നു.

പിന്നീട് അതു സത്യമായി. ലീഡറെ പുറത്താക്കിയതിനു കോൺഗ്രസിനു കനത്ത തിരിച്ചടിയാണു നേരിടേണ്ടി വന്നതെന്നും ഹസൻ അഭിപ്രായപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നിർദ്ദേശത്തെത്തുടർന്നാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് എ.കെ ആന്റണി തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. പിന്നീട് മനസില്ലാ മനസോടെയാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതെന്നും ഹസൻ കൂട്ടിചേർത്തിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP