Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൻതോതിൽ വോട്ട് പിടിച്ച് ഇടത് മുന്നണിയിൽ കയറാനുള്ള നീക്കം പൊളിഞ്ഞ നിരാശയിൽ പിസി ജോർജ്; നാടാർ വോട്ടുകൾ യുഡിഎഫിനൊപ്പം നിൽക്കുമ്പോൾ നാലക്കം തികയ്ക്കുമോ എന്ന ആശങ്കയിൽ നേതാവ്

വൻതോതിൽ വോട്ട് പിടിച്ച് ഇടത് മുന്നണിയിൽ കയറാനുള്ള നീക്കം പൊളിഞ്ഞ നിരാശയിൽ പിസി ജോർജ്; നാടാർ വോട്ടുകൾ യുഡിഎഫിനൊപ്പം നിൽക്കുമ്പോൾ നാലക്കം തികയ്ക്കുമോ എന്ന ആശങ്കയിൽ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആംആദ്മി സ്റ്റൈലിൽ അരുവിക്കരയിൽ വോട്ട് നേടി കേരള രാഷ്ട്രീയത്തിലെ മുന്നണി പോരാളിയാകാനായിരുന്നു പിസി ജോർജിന്റെ ശ്രമം. ജനങ്ങളുടെ മനസ്സറിഞ്ഞ് സ്ഥാനാർത്ഥിയേയും പ്രഖ്യാപിച്ചു. അപ്പോൾ തന്നെ പ്രശ്‌നം തുടങ്ങി. അരുവിക്കരയിൽ സ്ഥാനാർത്ഥിയാകാൻ അഴിമതി വിരുദ്ധ മുന്നണിയുടെ ബാനറിൽ മത്സരിച്ച ഒരാൾ പെട്ടി പൊട്ടിച്ചപ്പോൾ കോൺഗ്രസ് ക്യാമ്പിലുണ്ട്. നാടാർ വോട്ട് ബാങ്കിൽ കണ്ണുവച്ചിറങ്ങിയ പിസി ജോർജിന്റെ പ്രശ്‌നങ്ങൾ അവിടെ തുടങ്ങി. അരുവിക്കരയിൽ വേരുകളില്ലാത്ത പിസി ജോർജിന് ഒരു മുന്നേറ്റവും ഉണ്ടാക്കാനായില്ല.

ജോർജിനെ പിന്തുണയ്ക്കുന്ന വി എസ്ഡിപിക്ക് ഹിന്ദു നാടാർ സമുദായത്തിലാണ് സ്വാധീനമുള്ളത്. അരുവിക്കരയിൽ ക്രൈസ്തവ നാടാർ വിഭാഗമാണ് ഉള്ളത്. ഇവരെ സ്വാധീനിക്കാൻ വി എസ്ഡിപിക്ക് കഴിയുന്നില്ല. ബിജെപി രാജഗോപാലിന് സ്ഥാനാർത്ഥിയാക്കിയതോടെ ഹിന്ദു നാടാർ വോട്ടുകളിലും വിള്ളലുറപ്പായി. സംഘപരിവാറുമായി അടുപ്പമുള്ള വി എസ്ഡിപിയുടെ നേതാവ് ചന്ദ്രശേഖരനും രാജഗോപാലിന്റെ പഴയ അടുപ്പക്കാരനാണ്. ഇതോടെ വി എസ്ഡിപിക്കാർ പോലും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന ആശങ്ക പിസി ജോർജ്ജിനുണ്ട്. എങ്കിലും മണ്ഡലത്തിൽ നിന്നുമുള്ള കെ ദാസിന് ചലനമുണ്ടാക്കാൻ കഴിയുമെന്ന് നേരിയ പ്രതീക്ഷ ജോർജിനുണ്ട്. അതുമുണ്ടായില്ലെങ്കിൽ അഴിമതി വിരുദ്ധ മുന്നണിയുടെ വോട്ട് നേട്ടം നാലക്കത്തിൽ താഴെയാകും. അത് ജോർജ് എന്ന രാഷ്ട്രീയക്കാരന് ഒട്ടും ഗുണകരമാകില്ല.

രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ സാമുദായിക ധ്രൂവീകരണം ഉറപ്പാക്കാൻ യുഡിഎഫിനായി. മണ്ഡലത്തിലെ നാടാർ വിഭാഗങ്ങളിൽ ഭൂരിഭാഗവും ഇടത് ചിന്താഗതിക്ക് എതിരാണ്. വോട്ട് ജോർജിന്റെ സ്ഥാനാർത്ഥിക്ക് പോയാൽ ത്രികോണ ചൂടിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശബരിനാഥൻ തോൽക്കും. സിപിഎമ്മിലെ വിജയകുമാർ ജയിക്കുകയും ചെയ്യും. ഈ അവസ്ഥ ഒഴിവാക്കാൻ എല്ലാ വോട്ടും കോൺഗ്രസിന് വേണമെന്ന യുഡിഎഫ് ആവശ്യത്തിന് നാടാർ സമുദായത്തിൽ പ്രാമുഖ്യം കിട്ടി. പള്ളികൾ കേന്ദ്രീകരിച്ച് നടത്തിയ നീക്കമാണ് യുഡിഎഫിന് വോട്ടുറപ്പിച്ചത്. ഇതോടെയാണ് ജോർജിന്റെ നില കൂടുതൽ പരുങ്ങലിലായത്

യുഡിഎഫിൽ നിന്ന് അകന്ന ആർ ബാലകൃഷ്ണപിള്ളയും ഗണേശ് കുമാറും ഇടത് പാളയത്തിലാണ് സജീവമായത്. ഈ തന്ത്രം ജോർജിനും പയറ്റാമായിരുന്നു. എന്നാൽ വി എസ്ഡിപിയെ മുൻനിർത്തി നാടാർ വോട്ടുകളെല്ലാം നേടാമെന്ന അമിത ആത്മവിശ്വാസം വിനയായി. അരുവിക്കരയുടെ മനസ്സ് ജോർജിന് അനുകൂലമാകില്ലെന്ന് വരുന്നതോടെ ബാർ കോഴയെ മുൻനിർത്തിയുള്ള അഴിമതി വിരുദ്ധ പോരാട്ടവും തകരുമെന്ന് കേരളാ കോൺഗ്രസിനും കോൺഗ്രസിനും അറിയാം. ഈ സാഹചര്യത്തിൽ ജോർജിനെ കേരളാ കോൺഗ്രസിൽ നിന്ന് പുറത്താക്കും. പി.സി.ജോർജ് എംഎ‍ൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതോടെ, നാളെ കൊച്ചിയിൽ ചേരുന്ന മാണി ഗ്രൂപ്പ് സ്റ്റിയറിങ് കമ്മറ്റി യോഗം തീരുമാനം എടുക്കുമെന്നാണ് സൂചന.

ബാർ കോഴയിലെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കഴിഞ്ഞ ഏപ്രിൽ 17നാണ് ജോർജിനെ സസ്‌പെൻഡ് ചെയ്തത്. കേരളാ കോൺഗ്രസ് സെക്യുലർ പാർട്ടി പുനരുജ്ജീവിപ്പിച്ച ജോർജ് പരസ്യമായി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നുമുണ്ട്. ജോർജ് മുൻകൈയെടുത്ത് അരുവിക്കരയിൽ സ്ഥാനാർത്ഥിയെ നിറുത്തി യു.ഡി.എഫിന് വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിൽ ഇനിയും പാർട്ടിയിൽ നിലനിറുത്തരുതെന്ന ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം മാണി ഗ്രൂപ്പ് ജനറൽ സെക്രട്ടറി ആന്റണിരാജു പരസ്യമായി ഉന്നയിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുെ ഈ ആവശ്യം മാണിക്ക് മുന്നിൽ വച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതോടെ കൂറുമാറ്റത്തിൽ നിന്നു ജോർജ് രക്ഷപ്പെടും. എന്നാൽ അരുവിക്കരയിലെ തിരിച്ചടി ജോർജിന് കനത്ത ആഘാതമാകും. ഈ വിലയിരുത്തലിലാണ് കേരളാ കോൺഗ്രസ് നീക്കങ്ങൾ.

അഴിമതിയുടെ പേരിൽ മുഖ്യമന്ത്രിയെയും പാർട്ടി ചെയർമാനെയും കടന്നാക്രമിച്ച് മുന്നണിയെ പ്രതിക്കൂട്ടിലാക്കിയ ജോർജിനെ പുറത്താക്കാൻ മാണി ഗ്രൂപ്പ് മുൻകൈയെടുക്കണമെന്ന നിലപാടിലാണ് യു.ഡി.എഫ് നേതാക്കൾ . അതേ സമയം, എങ്ങനെയും അടുത്ത നിയമസഭാ തിെഞ്ഞെടുപ്പ് വരെ ജോർജിനെ പാർട്ടിയിൽ നിലനിർത്താമെന്ന ചിന്തയാണ് മാണിക്കുള്ളത്. സ്റ്റിയറിങ് കമ്മിറ്റിയിൽ പുറത്താക്കൽ ആവശ്യം ജോസഫ് വിഭാഗം ഉയർത്തിയാൽ മാണി ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയും ലഭിച്ചേക്കും .പൊതു വികാരം എതിരായാൽ മാറി ചിന്തിക്കാൻ കെ.എം.മാണി തയ്യാറാകുമെന്ന വിശ്വാസത്തിലാണ് ഭൂരിപക്ഷം നേതാക്കളും.

സസ്‌പെൻഷനിലുള്ള ജോർജ് രണ്ടു മാസമായി പാർട്ടി, മുന്നണി വിരുദ്ധ പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്.അരുവിക്കരയിൽ യു.ഡിഎഫിനെതിരെ സ്ഥാനാർത്ഥിയെ നിർത്തി പാർട്ടിയെയും മുന്നണിയെയും പരസ്യമായി വെല്ലുവിളിച്ചിട്ടും ജോർജിനെ പാർട്ടിയിൽ നിലനിർത്തുന്നത് ജനങ്ങളുടെ മുന്നിൽ അപഹാസ്യമാകുമെന്നാണ് ജോസഫിന്റെ നിലപാട്. അഴിമതിയിൽ മുങ്ങിക്കുളിച്ചു നില്ക്കുന്ന മാണി നയിക്കുന്ന പാർട്ടിയിൽ നിന്ന് എന്നെ പുറത്താക്കണമെന്നത് മാസങ്ങളായുള്ള അപേക്ഷയാണ്. അത് അംഗീകരിച്ചാൽ പരമ സന്തോഷമെന്നാണ് ജോർജിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP