Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയരാജന്റെ റിമാൻഡിൽ രാഷ്ട്രീയ പകപോക്കൽ വാദം ഉയർത്തി സഹതാപം സൃഷ്ടിക്കാനാവില്ല; മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത് സിപിഐ(എം) നേതൃത്വത്തിന് ഏറ്റ തിരിച്ചടി; ഡിവിഷൻ ബഞ്ച് പരാമർശം സിപിഎമ്മിന്റെ പ്രതിരോധത്തിന്റെ കരുത്ത് കുറച്ചു

ജയരാജന്റെ റിമാൻഡിൽ രാഷ്ട്രീയ പകപോക്കൽ വാദം ഉയർത്തി സഹതാപം സൃഷ്ടിക്കാനാവില്ല; മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത് സിപിഐ(എം) നേതൃത്വത്തിന് ഏറ്റ തിരിച്ചടി; ഡിവിഷൻ ബഞ്ച് പരാമർശം സിപിഎമ്മിന്റെ പ്രതിരോധത്തിന്റെ കരുത്ത് കുറച്ചു

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് മോഹൻഭഗവത്തിനെ കൊണ്ടു വന്ന് നടത്തിയ ബൈഠക്കിൽ എടുത്ത തീരുമാനങ്ങൾ നടപ്പിലക്കുകയാണ് സിബിഐ ചെയ്യുന്നത്. സിപിഎമ്മിനെ ഒരു ഭീകര പാർട്ടിയായി ചിത്രികരിക്കാനാണ് ആർ.എസ.എസിന്റെ ശ്രമം. ഇതിനെ നിയമപരമായി തന്നെ നേരിടും. ഇത്തരമൊരു കള്ളക്കേസ് ഉണ്ടാക്കി സിപിഎമ്മിനെ ഒതുക്കാൻ കഴിയില്ല- തലശ്ശേരി കോടതിയിൽ കീഴടങ്ങുന്നതിന് മുമ്പ് ജയരാജന്റെ വാക്കുകളായിരുന്നു ഇവ. എന്നാൽ ഇത്തരമൊരു പ്രതിരോധമൊരുക്കാൻ സിപിഎമ്മിന് കഴിയാത്ത സാഹചര്യമാണുള്ളത്. അക്രമ രാഷ്ട്രീയത്തിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന വിമർശകർക്ക് കടന്നാക്രമണത്തിന് ഒരുപാട് ആയുധങ്ങൾ കിട്ടിയിരിക്കുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി കൊടുത്തതാണ് സിപിഎമ്മിന് വിനയാകുന്നത്.

കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ നിയമം ചുമത്തിയതാണ് വിനയായത്. ഇത്തരം കേസുകളിൽ കോടതികൾ മുൻകൂർ ജാമ്യം അനുവദിക്കാറില്ല. തലശ്ശേരി സെഷൻസ് കോടതി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ ഗൂഢാലോചനാ വാദവുമായി സിപിഐ(എം) ഹൈക്കോടതിയിൽ എത്തി. ആർഎസ്എസ്-കോൺഗ്രസ് ഗൂഢാലോചനയാണെന്നും വാദിച്ചു. എന്നാൽ എല്ല രേഖകളും പരിശോധിച്ച് കേസിന്റെ മെരിറ്റ് പ്രാഥമികമായി വിലയിരുത്തിയാണ് കോടതി തീരുമാനം എടുത്തത്. ഇവിടെ കോടതിയുടെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. ജയരാജിന്റെ അറസ്റ്റുണ്ടായാൽ അതിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനായിരുന്നു സിപിഐ(എം) ശ്രമം. എന്നാൽ കോടതി വിധിയോടെ ഇതിനുള്ള സാധ്യത കുറഞ്ഞു. കേസിൽ ജയരാജനെ പ്രതിയാക്കാനുള്ള പ്രാഥമിക തെളിവുകളുണ്ടെന്ന വാദം ഹൈക്കോടതി അംഗീകരിച്ചത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്.

ജാമ്യഹർജി പരിഗണിച്ചത് ഡിവിഷൻ ബഞ്ചാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു അഭിഭാഷകനെ കടന്നാക്രമിച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമും നടക്കാതെ പോയി. എല്ലാ അർത്ഥത്തിലും ഈ കേസിൽ യുഎപിഎ ആകാമെന്ന് കോടതി പറഞ്ഞിരിക്കുന്നു. അതു തന്നെയാണ് സിപഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതും. യുഎപിഎ ചുമത്തിയതിനാൽ ജാമ്യം നിഷേധിക്കുകയല്ലെ കോടതി ചെയ്തത്. മറിച്ച് യുഎപിഎ ചുമത്താൻ എല്ലാ സാഹചര്യങ്ങളും ഉള്ളതിനാൽ ജാമ്യം നിഷേധിക്കുന്നുവെന്നാണ് കോടതി വിധി. സോളാറിലും മറ്റും കോടതി വിധകളുയർത്തി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കടന്നാക്രമിക്കുന്ന രാഷ്ട്രീയ സമീപനമാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്നെ കതിരൂർ മനോജ് വധക്കേസിൽ ഹൈക്കോടതിയുടെ പരാമർശത്തെ രാഷ്ട്രീയമായി ചോദ്യം ചെയ്യാനാകില്ല. പിന്നെങ്ങനെ ആർഎസ്എസിനേയും സിബിഐയേയും ചോദ്യം ചെയ്യുമെന്നതാണ് പ്രശ്‌നം.

കോൺഗ്രസ്-ബിജെപി ബാന്ധവത്തിന്റെ തെളിവായി കതിരൂർ മനോജ് കേസിനെ ഉയർത്താനാണ് സിപിഐ(എം) ആഗ്രഹിച്ചത്. അതിനുള്ള ചേരുവയെല്ലാം ഉണ്ടായിരുന്നു താനും. രാഷ്ട്രീയ കൊലപാതകത്തെ ഭീകര വിരുദ്ധ നിയമത്തിന്റെ ഭാഗമാക്കിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നടപടിയും ടി പി ചന്ദ്രശേഖരനെ കൊന്നപ്പോൾ ജയരാജനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ കതിരൂർ മനോജിനെ കൊലപ്പെടുത്തില്ലായിരുന്നുവെന്ന ആർഎസ്എസ് കത്തുമെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. ഇതിന്റെ രാഷ്ട്രീയവും ചർച്ചയായി. എന്നാൽ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളോടെ മനോജിന്റെ കൊലക്കേസിൽ ജയരാജന് ബന്ധമുണ്ടെന്ന പൊതു അഭിപ്രായം സമൂഹത്തിലെത്തി. ഇതുകൊണ്ട് തന്നെ കതിരൂർ കേസിലെ കോൺഗ്രസ്-ബിജെപി ഗൂഢാലോചന നിലനിൽക്കാതെയും പോയി.

തലശ്ശേരി സെഷൻസ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ജയരാജൻ ഹൈക്കോതിയെ സമീപിച്ചത്. മനോജ് വധത്തിന്റെ മുഖ്യആസൂത്രകൻ ജയരാജൻ ആണെന്നാണ് സിബിഐയുടെ വാദം. സിബിഐയുടെ കേസ് ഡയറി കോടതി വിളിച്ചുവരുത്തി പരിശോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന വാദത്തിനൊടുവിലാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയുടെ യോഗ്യത സംബന്ധിച്ച തർക്കമില്ലെങ്കിലും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ പ്രത്യേക പരിഗണന നൽകാനാവില്ലെന്നും വിലയിരുത്തിയാണു ജസ്റ്റീസ് കെ.ടി. ശങ്കരൻ, ജസ്റ്റീസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇത് സിപിഐ(എം) ചോദിച്ച് വാങ്ങിയതാണ്. തലശ്ശേരി കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയപ്പോൾ തന്നെ കീഴടങ്ങിയിരുന്നുവെങ്കിൽ ജയരാജന്റെ ജയിലിൽ പോകലിൽ രാഷ്ട്രീയം അനുകൂലമാക്കാമായിരുന്നു.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകളുടെ അടിസ്ഥാനത്തിൽ കേസ് എടുത്തു ജാമ്യം നിഷേധിക്കുന്നതു രാഷ്ട്രീയ പ്രേരിതമാണ് എന്ന ഹർജിയിലെ വാദം തള്ളിയാണു ഹൈക്കോടതിയുടെ തീരുമാനം. രാജ്യത്തെ ഏതെങ്കിലും വിഭാഗത്തിലെ ജനങ്ങളിൽ ഭീതി പടർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവൃത്തികൾ നിയമപ്രകാരം കുറ്റകരമാണ്. ഈ കേസിൽ നാടൻ ബോംബാണ് ഉപയോഗിച്ചതെന്നും ഇതു യുഎപിഎ ചുമത്താൻ കാരണമായ കുറ്റകൃത്യങ്ങളിൽ പറയുന്ന ബോംബിന്റെ ഗണത്തിൽ ഉൾപ്പെടില്ലെന്നും വാദമുണ്ടായി. എന്നാൽ, യുഎപിഎ പ്രകാരം കുറ്റം ചുമത്താൻ ബോംബിന്റെ പ്രഹരശേഷിയും മാനദണ്ഡവും നിർവചിക്കപ്പെട്ടിട്ടില്ലെന്നു ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. നാടൻ ബോംബായാലും ഫാക്ടറിയിലുണ്ടാക്കിയ ബോംബായാലും ബോംബ് ബോംബ് തന്നെയാണെന്നും കോടതി പറഞ്ഞു.

ഹൈക്കോടതിയുടെ ഉത്തരവോടെ ജയരാജനെതിരായ രാഷ്ട്രീയ ഗൂഢാലോചനയെന്ന വാദം നടക്കാതെ പോയി. ഡിവിഷൻ ബഞ്ച് ഉത്തരവായതിനാൽ ഒരു ജഡ്ജിയുമായി ബന്ധപ്പെട്ട വിമർശനങ്ങളും നടക്കില്ല. സിബിഐ എല്ലാ രേഖയും കോടതിയിൽ ഹാജരാക്കി. ഇത് രണ്ട് ജഡ്ജിമാരും ചേർന്ന് പരിശോധിച്ചു. അതിന് ശേഷം സിബിഐ കാര്യങ്ങളും വിശദീകരിച്ചു. എല്ലാത്തിനും ഒടുവിലാണ് വിധി വന്നത്. അതും സിപിഎമ്മിന് തിരിച്ചടിയാണ്. രാഷ്ട്രീയ ഗൂഢാലോചനയെന്ന വാദം ഹൈക്കോടതി തള്ളുമ്പോൾ പറഞ്ഞതെല്ലാം സിപിഎമ്മിന് തിരിച്ചടിയാണ്. നേരത്തെ തലശ്ശേരി കോടതി യുഎപിഎ ബാധകമായതിനാൽ ജാമ്യമില്ലെന്നായിരുന്നു പറഞ്ഞത്.

ഈ സമയം ഭീകര വിരുദ്ധ നിയമം ചുമത്തിയതായിരുന്നു സിപിഐ(എം) ഉയർത്തിയത്. എന്നാൽ യുഎപിഎ ചുമത്തേണ്ട സാഹചര്യം ഹൈക്കോടതി വിശദീകരിച്ചതോടെ ഈ പ്രതിരോധവും പൊളിഞ്ഞു. ഈ സാഹചര്യത്തിലാണ് ജയരാജൻ കീഴടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP