Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സീറോ മലബാർ സഭ ഭൂമിയിടപാട് വിവാദത്തിലും ഫ്രാങ്കോ മുളയ്ക്കൻ പീഡനകേസിലും സഭയെ രക്ഷിക്കാൻ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങി മെത്രാന്മാരുടെയും വിശ്വാസികളുടെയും പിന്തുണ ഉറപ്പിച്ചു; ശബരിമല നിലപാട് വഴി എൻഎസ്എസ്സിന്റെയും വിശ്വാസികളുടെയും കണ്ണിലുണ്ണിയായി; എൻഡിഎയുടെ ഭാഗമായി എസ്എൻഡിപി വോട്ടുകളും ഉറപ്പിക്കാം; ദളിത് വോട്ടുകൾ പണ്ടേ പോക്കറ്റിൽ: മുസ്ലിം വോട്ട് നഷ്ടപ്പെടുത്തിയാലും മകനെ കോട്ടയത്തു നിന്നും പാർലമെന്റിൽ എത്തിക്കാൻ പിസി ജോർജ് നടത്തുന്ന നീക്കം വിജയത്തിലെത്തുമോ?

സീറോ മലബാർ സഭ ഭൂമിയിടപാട് വിവാദത്തിലും ഫ്രാങ്കോ മുളയ്ക്കൻ പീഡനകേസിലും സഭയെ രക്ഷിക്കാൻ രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങി മെത്രാന്മാരുടെയും വിശ്വാസികളുടെയും പിന്തുണ ഉറപ്പിച്ചു; ശബരിമല നിലപാട് വഴി എൻഎസ്എസ്സിന്റെയും വിശ്വാസികളുടെയും കണ്ണിലുണ്ണിയായി; എൻഡിഎയുടെ ഭാഗമായി എസ്എൻഡിപി വോട്ടുകളും ഉറപ്പിക്കാം; ദളിത് വോട്ടുകൾ പണ്ടേ പോക്കറ്റിൽ: മുസ്ലിം വോട്ട് നഷ്ടപ്പെടുത്തിയാലും മകനെ കോട്ടയത്തു നിന്നും പാർലമെന്റിൽ എത്തിക്കാൻ പിസി ജോർജ് നടത്തുന്ന നീക്കം വിജയത്തിലെത്തുമോ?

ബി രഘൂരാജ്‌

കോട്ടയം: കേരള രാഷ്്ട്രീയത്തിലെ അപൂർവ്വ ജനുസ്സാണ് പിസി ജോർജ്. ഒറ്റയ്ക്ക് മത്സരിച്ചാൽ പിണറായി വിജയനും ഉമ്മൻ ചാണ്ടിക്കും പോലും ജയം ഉറപ്പില്ലാത്ത നാട്ടിൽ സ്വതന്ത്രനായി മൂന്നു മുന്നണികളെയും തോൽപ്പിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പിസി ജോർജ് ഇപ്പോൾ നടത്തുന്നത് മരണക്കളിയാണ്. കോട്ടയത്തെ അതി നിർണ്ണായകമായ ഹിന്ദു - ക്രിസ്റ്റ്യൻ വോട്ടുകൾ ഒരേ സമയം ഒരുമിപ്പിച്ചു കൊണ്ടു മകനെ പാർലമെന്റ് അംഗമാക്കാൻ നടത്തുന്ന നീക്കങ്ങൾ അത്ഭുതത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് എൻഡിഎയുടെ സ്ഥാനാർത്ഥിയായി മകൻ ഷോൺ ജോർജിനെ മത്സരിപ്പിച്ചു വിജയിപ്പിക്കാനുള്ള അസാധാരണമായ നീക്കമാണ് ജോർജ് ഇപ്പോൾ നടത്തി വരുന്നത്. ഈ നീക്കം ഏതാണ്ട് വിജയിച്ചു എന്നാണ് കോട്ടയത്ത് നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജോർജിന്റെ ജനപക്ഷം ഔദ്യോഗികമായി എൻഡിഎയിൽ ചേരില്ലെങ്കിലും എൻഡിഎയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ജോർജ് മറുനാടനോട് പ്രതികരിച്ചത്. നാലു സീറ്റുകൾ ചോദിച്ചു കോട്ടയവും പത്തനംതിട്ടയും ഉറപ്പിക്കയാണ് ലക്ഷ്യം. കോട്ടയത്ത് മകൻ ഷോൺ ജോർജിനെയും സ്ഥാനാർത്ഥിയാക്കുക. പരമ്പരാഗത ബിജെപി വോട്ടുകൾ ബിഡിജെഎസ് വോട്ടുകളും കോട്ടയത്തെ ജോർജിന്റെ പോക്കറ്റിൽ ഉള്ള വോട്ടുകൾക്കും പുറമെ നാടകീയമായ നീക്കങ്ങളിലൂടെ ജയിക്കാനാവശ്യമായ ഹിന്ദു - ക്രിസ്റ്റ്യൻ വോട്ടുകൾ ഉറപ്പിക്കുകയാണ് നീക്കം. ഫ്രാങ്കോ വിഷയത്തിലും സീറോ മലബാർ ഭൂമിയിടപാടിലും ഇടപെട്ട് ജോർജ് ക്രിസ്റ്റ്യൻ വോട്ടു ഉറപ്പിച്ചതിന് പിന്നാലെ ശബരിമല വിഷയത്തിലെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് വഴി ഹിന്ദു വോട്ടുകളും ഉറപ്പിച്ചു കഴിഞ്ഞു. മൂവാറ്റുപുഴയിൽ നേരത്തെ പിസി തോമസ് എൻഡിഎ സ്ഥാനാർത്ഥിയായി ജയിച്ചിട്ടുണ്ട്. ഈ വിജയക്കൂട്ട് വീണ്ടും അവതരിപ്പിക്കാനാണ് ജോർജിന്റെ ശ്രമം.

വേറിട്ട വഴികളിലൂടെയാണ് ജോർജ് എന്നും സഞ്ചരിച്ചത്. മറ്റുള്ളവർ എതിർത്തതിനെ പലതും ജോർജ് അനുകൂലിച്ചു. നടൻ ദിലീപ് പീഡനക്കേസിൽ പ്രതിയാപ്പോൾ പോലും പ്രതിക്കൊപ്പമായിരുന്നു ജോർജ് നിന്നത്. പിന്നീട് കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുടുങ്ങിയപ്പോഴും തന്ത്രപരമായ നിലപാട് എടുത്തു. ഇതോടെ കത്തോലിക്കാ സഭയുടെ കണ്ണിലുണ്ണിയായി ജോർജ് മാറി കഴിഞ്ഞു. സഭാ ഭൂമി തർക്കത്തിലും ഉറച്ച നിലപാടുമായി ചാനൽ ചർച്ചയിലെത്തിയത് ക്രൈസ്തവ സഭയുടെ സംരക്ഷകനായിട്ടായിരുന്നു. കരുതോലെടെയാണ് എല്ലായിടത്തും ഇടപെടൽ നടത്തിയത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിലെ പ്രാദേശികത തനിക്കൊപ്പമാക്കുകയെന്നതായിരുന്നു ലക്ഷ്യം. സഭയുടെ സംരക്ഷകനായി സ്വയം അവതരിച്ച് താരമായ ജോർജിന് ശബരിമല വിഷയം സുവർണ്ണാവസരമായി മാറി. വിശ്വാസികൾക്കൊപ്പം നിന്ന് കോട്ടയത്തെ ഹൈന്ദവ രാഷ്ട്രീയവും തനിക്ക് അനുകൂലമാക്കി.

കോട്ടയത്തും പത്തനംതിട്ടയിലും നായർ വോട്ടുകൾ അതിനിർണ്ണായകമാണ്. ശബരിമലയിലെ നിലപാടിലൂടെ ഇതും ജോർജ് തന്റെ പക്ഷത്താക്കുകയാണ് ചെയ്തത്. ശബരിമലയിൽ ഉറച്ച നിലപാട് എടുത്തത് ജി സുകുമാരൻ നായരായിരുന്നു. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ വാക്കുകൾ ഏറ്റെടുത്താണ് എരുമേലിയിലും മറ്റും പിസി ജോർജ് വിശ്വാസികൾക്കൊപ്പം അണിനിരന്നത്. ശബരിമലയിൽ യുവതി പ്രവേശനം അസാധ്യമാക്കുന്ന ഇടപെടലുകൾ നടത്തുമെന്നും പ്രഖ്യാപിച്ചു. പൂഞ്ഞാറിലെ ഈഴവ വോട്ടുകളും അതിനിർണ്ണായകമാണ്. ഇവരും വിശ്വാസ പക്ഷത്താണ്. എൻഡിഎയുടെ പിന്തുണയുണ്ടായാൽ ബിഡിജെഎസും പിസിയെ തുണയ്ക്കും. ഇതോടെ ഈ വോട്ടുകളും കൈവിടില്ല. എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിജെപിയെ തള്ളി പറയുന്നുണ്ടെങ്കിലും ജോർജ്ജുമായി അടുത്ത ബന്ധം പുലർത്തുന്നു. അതുകൊണ്ട് തന്നെ ഈഴവ വോട്ടുകളെല്ലാം തനിക്കൊപ്പം നിർത്തനാകുമെന്നാണ് പ്രതീക്ഷ.

കേരള കോൺഗ്രസുകളുടെ പരമ്പരാഗത വഴികളിൽ മകൻ ഷോൺ ജോർജിന്റെ രാഷ്ട്രീയ ഇരിപ്പിടം ഉറപ്പിക്കുകയാണ് ഈ അത്യപൂർവ്വ ഫോർമുലയിലൂടെ ജോർജ് ശ്രമിക്കുന്നത്. കേരള കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിനെതിരെ ഊറ്റംകൊണ്ട ജോർജ് ബിജെപിയോടൊപ്പം ചേരുന്നതും മകനെ കരുതിയാണ്. കെ എം മാണി മകന് മാത്രം അവസരങ്ങൾ നൽകുന്നുവെന്നതാണ് ജോർജിന്റെ സ്ഥിര ആക്ഷേപങ്ങളിലൊന്ന്. ഇപ്പോൾ ജോർജും ആ പരമ്പരാഗത വഴി തുറക്കാൻ ശബരിമല പാത അവസരമാക്കുന്നു. ശബരിമലയിലെ സുപ്രീംകോടതി വിധിയെ തുടർന്ന് വിശ്വാസികളുടെ പ്രതിഷേധത്തിന് എല്ലാ ഊർജവും തുടക്കം മുതൽ നൽകിയത് പി സി ജോർജായിരുന്നു. എരുമേലി വഴി യുവതികളെ ശബരിമലയ്ക്ക് വിടില്ലെന്നായിരുന്നു ജോർജിന്റെ ആദ്യ പ്രഖ്യാപനം. സ്ഥലം എംഎൽഎയുടെ പിന്തുണ വിശ്വാസികൾക്ക് ആത്മബലമേകി. കേരള ജനപക്ഷം എന്ന ചാരിറ്റബിൾ സംഘടനയുടെ ചെയർമാനാണ് പി സി ജോർജ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ സമയത്ത് യുവജന ക്ഷേമ ബോർഡ് ചെയർമാനായ മകൻ ഷോൺ ജോർജും മുഖ്യ ഭാരവാഹിയായിരുന്നു. അതിന് അപ്പുറത്തേക്ക് മകനെ എത്തിക്കാൻ ജോർജിന് കഴിഞ്ഞില്ല. ഇടത് വലത് മുന്നണികൾ ഒപ്പം കൂട്ടാത്തതായിരുന്നു ഇതിന് കാരണം.

വേറിട്ട വഴിയിലൂടെ നീങ്ങുന്ന പിസിയെ അംഗീകരിക്കാൻ സിപിഎമ്മിന് കഴിയുമായിരുന്നില്ല. കെ എം മാണിയാണ് യുഡിഎഫിൽ ജോർജിന് വില്ലനായത്. കോട്ടയം പാർലമെന്റ് സീറ്റിൽ ജോസ് കെ മാണി മത്സരിക്കാത്ത സാഹചര്യമുണ്ട്. ഇതോടെ കേരളാ കോൺഗ്രസിൽ നിന്ന് അത്ര കരുത്തില്ലാത്ത ആരെങ്കിലുമാകും മത്സരിക്കുക. ഈ അവസരം പരമാവധി ഉപയോഗിക്കാനാണ് പിസിയുടെ നീക്കം. ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കി എൻഡിഎയുടെ ലേബലിൽ വിജയിച്ച് കേരള രാഷ്ട്രീയത്തിൽ കരുത്ത് കാട്ടുകയാണ് ലക്ഷ്യം. പരമ്പരാഗതമായി മുസ്ലിം വോട്ടുകളാണ് പൂഞ്ഞാറിൽ ജോർജിനെ താരമാക്കിയത്. എൻഡിഎഫ് വേദികളിൽ പോലും ജോർജ് സ്ഥിരം സാന്നിധ്യമായിരുന്നു. പോപ്പുലർ ഫ്രണ്ടിനും പ്രിയങ്കരൻ. എൻഡിഎയുമായി അടുക്കുമ്പോൾ ഈ വോട്ടുകളിൽ നഷ്ടമുണ്ടാകുമെന്ന് ജോർജിന് അറിയാം. എന്നാലും എൻ എസ് എസ് -എസ് എൻ ഡി പി വോട്ടുകൾക്കൊപ്പം ക്രൈസ്തവരേയും കൂടെ നിർത്തി മുന്നോട്ട് പോകാമെന്നാണ് പ്രതീക്ഷ.

ദളിത് വോട്ടുകളിലും പിസിക്ക് നിർണ്ണായക സ്വാധീനമുണ്ട്. ശബരിമല വിഷയത്തിൽ ബിജെപിയോട് അടുത്താലും ഈ വോട്ടുകൾക്ക് കോട്ടമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെ തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിനാണ് ജോർജ് ശ്രമിക്കുന്നത്. ജോർജിന്റെ ഈ നീക്കം ഗുണകരമാകുമെന്ന് ബിജെപിയും വിലയിരുത്തുന്നു. കോട്ടയത്തും പത്തനംതിട്ടയിലും നേട്ടമുണ്ടാക്കാൻ ജോർജിനെ അടുപ്പിക്കുന്നതിലൂടെ കഴിയും. ഇതിനൊപ്പം തങ്ങളുടെ വാക്കുകൾ നിയമസഭയിൽ അതിശക്തമായി അവതരിപ്പിക്കാനും ജോർജിലൂടെ കഴിയും. ജോർജ് എൻഡിഎയുമായി സഹകരിച്ചാൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് എത്താൻ ബിജെപിക്കും മോദിക്കും കഴിയുമെന്നാണ് വിലയിരുത്തൽ. ഇതെല്ലാം മനസ്സിൽ വച്ചാണ് പൂഞ്ഞാറിലെ നായകനോട് ബിജെപി അടുക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളുടെ സമ്മതത്തോടെയാണ് ഇതെല്ലാം.

ബിജെപിയോട് അയിത്തമില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ് പിസി ജോർജ്. ശബരിമല വിഷയത്തിൽ തനിക്ക് ബിജെപിയോട് സ്‌നേഹം കൂടുതലാണ്. താൻ നേരത്തെ തന്നെ ബിജെപിയോട് സഹകരിച്ചിരുന്നുവെന്നും ഇപ്പോഴാണ് അവരുടെ അനുമതി ലഭിച്ചതെന്നും പിസി ജോർജ് പ്രതികരിക്കുകയുണ്ടായി. പ്രാദേശിക തലത്തിൽ സിപിഎമ്മുമായി ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിച്ച ശേഷമാണ് പിസി ജോർജ് ബിജെപിയ്‌ക്കൊപ്പം നിൽക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ കൂട്ടയോട്ടത്തിലും മറ്റും ജോർജ് പങ്കെടുത്തിരുന്നു. അന്ന് മുതലേ ജോർജിന്റെ ബിജെപി ബന്ധം ചർച്ചയായിട്ടുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ബിജെപി മുന്നണി വലിയ മത്സരവും നടത്തി. എൻഡിഎ സ്ഥാനാർത്ഥി 20,000ത്തിലധികം വോട്ടുകൾ പൂഞ്ഞാറിൽ നേടുകയും ചെയ്തു. ഇതും ബിജെപിയുമായി അടുക്കാൻ പിസിയെ പ്രേരിപ്പിച്ച ഘടകമാണ്. ഈ 20,000 വോട്ടുകളുണ്ടെങ്കിൽ വ്യക്തിഗത മികവുമായി അടുത്ത നിയമസഭയിലും ജയിച്ചെത്താമെന്നും പിസിക്ക് അറിയാം. ഇടത് വലതു മുന്നണികൾ അകറ്റി നിർത്തിയ സാഹചര്യത്തിൽ എൻഡിഎയുടെ പിന്തുണ കരുത്താകുമെന്നും പിസി വിലയിരുത്തുന്നു.

പിസി ജോർജിന്റെ വരവ് ഒരു തുടക്കം മാത്രമാണ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രതികരണം. പിസി ജോർജിന് പിന്നാലെ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് കൂടുതൽ പേർ എൻഡിഎയിൽ എത്തുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അടുത്ത ആഴ്ചയോടെ കേരള രാഷ്ട്രീയത്തിൽ പുതിയ സാഹചര്യം ഉരുത്തിരിഞ്ഞ് വരുമെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു. കേരളാ കോൺഗ്രസിന്റെ ലയനത്തിന് വേണ്ടി ശ്രമിച്ച് പരാജയപ്പെട്ട നേതാവാണ് പിസി. ഇതിന് വേണ്ടി കെ എം മാണിയുടെ കേരളാ കോൺഗ്രസുമായി പോലും സഹകരിച്ചു. ഒരിക്കൽ തള്ളിപ്പറഞ്ഞ പിജെ ജോസഫുമായും ഒരുമിച്ചു. ഈ സമയം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ വൈസ്-ചെയർമാൻ ആയിരുന്നു. എന്നാൽ ബാർ കോഴ വിവാദത്തോടെ മാണിയുമായി തെറ്റിപിണങ്ങി. അതിന് ശേഷമാണ് ജനപക്ഷം ഉണ്ടാക്കിയത്.

ഇടത് പാളയത്തിലെത്താമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജോർജിനെ കൈവിട്ടു. മാണി യുഡിഎഫിലെത്തിയതോടെ അങ്ങോട്ടുള്ള പ്രവേശനവും അടഞ്ഞു. ഈ സാഹചര്യത്തിലാണ് ജോർജ് ബിജെപിയുമായി കൈകോർക്കാൻ ഒരുങ്ങുന്നത്. നിയമസഭയിൽ രാജഗോപാലുമായി പിസി സഹകരണം തുടങ്ങി കഴിഞ്ഞു. വരും ദിനങ്ങളിൽ സമര വേദികളിലും ബിജെപിക്കൊപ്പം ജോർജ് വേദി പങ്കിടും. അങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ എല്ലാ അർത്ഥത്തിലും എൻഡിഎക്കാരനായി ജോർജ് മാറും. ക്രൈസ്തവ സഭകളുടേയും ഹിന്ദു വോട്ടുകളുടേയും ധ്രൂവീകരണം ഉറപ്പാക്കാൻ ഇതിലൂടെ കഴിയുമെന്ന് ബിജെപിയും പിസിയും പ്രതീക്ഷിക്കുന്നു. രാഷ്ട്രീയം നന്നായി അറിയാവുന്ന ജോർജിന്റെ വാക്കുകൾ ഇനി ബിജെപിക്കും തുണയാകുമെന്നാണ് എൻഡിഎയുടേയും പ്രതീക്ഷ.

1951 ഓഗസ്റ്റ് 28 ന് പ്ലാത്തോട്ടത്തിൽ ചാക്കോയുടെ മകനായി ജനിച്ചു ജോർജ് ഈരാറ്റുപേട്ട സ്വദേശിയാണ്. കെ.എസ്.സി. പ്രവർത്തകനായി രാഷ്ട്രീയജീവിതം തുടങ്ങി. 1977-ലെ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ വി.ജെ ജോസഫിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിനൊടുവിൽ കേരള കോൺഗ്രസിൽ എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ചേർന്ന് ആ പാർട്ടിയുടെ ലീഡർ സ്ഥാനം വഹിച്ചു. 2004 മെയ് 31 വരെ ജോസഫ് ഗ്രൂപ്പിലായിരുന്നു. പിന്നീട് ആ പാർട്ടിയിൽ നിന്ന് മാറിയാണ് കേരള കോൺഗ്രസ് (സെക്യുലർ) രൂപീകരിച്ചത്. ആ സമയത്ത് പി.സി. ജോർജ് എൽ.ഡി.എഫ്.-ൽ അംഗമായിരുന്നു. അതിനുശേഷം സെക്യുലർ പാർട്ടി കേരള കോൺഗ്രസ് എമ്മിൽ ലയിച്ച് യു.ഡി.എഫ്. അംഗമായി. മാണിയുമായി തെറ്റിയതോടെ കേരള ജനപക്ഷവുമായി കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP