Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപദേശിക്കാൻ മൂന്നു പ്രതിഭകളുണ്ടായിട്ടും ഖജനാവിലെ പൊതുപ്പണം കൊണ്ട് വിവാദത്തിനു മറുപടി പറഞ്ഞ് പിണറായി വിജയൻ; പൊതുവികാരം മാനിക്കാതെ നൽകിയ പരസ്യം വാങ്ങി അതും സർക്കാരിനെതിരായ വാർത്തയാക്കി മാധ്യമങ്ങൾ; വെളുക്കാൻ തേച്ചതു പാണ്ടായപ്പോൾ

ഉപദേശിക്കാൻ മൂന്നു പ്രതിഭകളുണ്ടായിട്ടും ഖജനാവിലെ പൊതുപ്പണം കൊണ്ട് വിവാദത്തിനു മറുപടി പറഞ്ഞ് പിണറായി വിജയൻ; പൊതുവികാരം മാനിക്കാതെ നൽകിയ പരസ്യം വാങ്ങി അതും സർക്കാരിനെതിരായ വാർത്തയാക്കി മാധ്യമങ്ങൾ; വെളുക്കാൻ തേച്ചതു പാണ്ടായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാദങ്ങളിൽ മുങ്ങിത്താഴുമ്പോൾ ചരിത്രത്തിലൊന്നുമില്ലാത്തവിധം പ്രതിരോധത്തിലാവുകയാണ് പിണറായി വിജയന്റെ സർക്കാർ. മാധ്യമവിനിമയങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ മൂന്നു പ്രമുഖ മാധ്യമപ്രവർത്തകർ ഉപദേശകരായും സെക്രട്ടറിയായും ഉള്ളപ്പോഴും മാധ്യമങ്ങൾക്കു പണം നൽകി പരസ്യപ്രസ്താവന നടത്തേണ്ട ഗതികേടിലായത് പരക്കേ വിമർശനത്തിനും കാരണമായി. ഇന്നാണ് പത്രങ്ങളിൽ പിആർഡി വകുപ്പ് സർക്കാരിന്റെ നിലപാടുറപ്പിച്ച് പരസ്യം നൽകിയത്.

ജിഷ്ണുവിന്റെ അമ്മ മഹിജയെ കുറ്റക്കാരിയാക്കി സർക്കാർ ദിവസങ്ങളായി തുടരുന്ന നിലപാടിൽ ഉറച്ചുതന്നെയാണ് പിആർഡി വകുപ്പു നേരിട്ടു നൽകിയ പരസ്യവും. മഹിജയെയും ബന്ധുക്കളെയും പൊലീസ് നേരിട്ട സംഭവം സർക്കാരിനെതിരായ വികാരമാണ് പൊതു സമൂഹത്തിനു മുന്നിൽ സൃഷ്ടിച്ചത്. ഇതിനെ മറികടക്കാൻ സിപിഎമ്മിന്റെയും സർക്കാരിന്റെയും സംവിധാനങ്ങൾ ഉപയോഗിച്ചിട്ടും ക്ഷീണം മാറ്റാൻ സാധിച്ചില്ല എന്നതുതന്നെയാണ് ഇന്ന് ഇത്തരത്തിൽ ഒരു പരസ്യം നൽകാൻ പ്രേരണയായിട്ടുണ്ടാവുക.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പാർട്ടി നിലപാടു വിശദീകരിച്ചു വാർത്താക്കുറിപ്പിറക്കിയിരുന്നു. മഹിജയുടെയും കുടുംബത്തിന്റെയും ഒപ്പമാണ് പാർട്ടി എന്നു പറയാൻ ശ്രമിക്കുമ്പോഴും ഇവരെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു വാർത്താക്കുറിപ്പ്. സംസ്ഥാന പൊലീസ് ആസ്ഥാനത്തിനു മുന്നിൽ ആരു വന്നാലും നേരിടുമെന്ന നിലയിൽ സർക്കാരുമായി ബന്ധപ്പെട്ട പല കേന്ദ്രങ്ങളിൽനിന്നും വിശദീകരണവും വന്നിരുന്നു. മഹിജയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമെല്ലാം മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇതെല്ലാം വ്യക്തമാക്കുന്നതു ജിഷ്ണു പ്രണോയിയുടെ മരണവും തുടർന്നുണ്ടായ വിവാദങ്ങളും കേരള സമൂഹത്തിൽ സൃഷ്ടിച്ച മുറിവു മാറ്റാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ വേണ്ടവിധം ഫലം ചെയ്തില്ലെന്ന വാസ്തവമാണ്.

ദിവസങ്ങളോളം കേരളത്തിൽ ചർച്ചയായ ഒരു വിഷയം പൊതുജനങ്ങൾ വിശ്വസിക്കുന്നതും അംഗീകരിക്കുന്നതുമായ വിധത്തിൽ പരിഹരിക്കുക എന്നതാണ് സംസ്ഥാന താൽപര്യം. സർക്കാരിനോ സർക്കാരുമായി ബന്ധമുള്ളവർക്കോ താൽപര്യമുള്ളവരെ സംരക്ഷിക്കുന്നു എന്ന രീതിയിൽ ഒരു ആരോപണം ഏതു കോണിൽനിന്നു വന്നാലും അതിൽ കൃത്യമായ പരിഹാരനടപടിയെടുക്കാനും അതു ജനങ്ങളെ അറിയിക്കാനും ബാധ്യസ്ഥരാകുന്നതു സർക്കാരാണ്. ഈ സാഹചര്യത്തിൽ സർക്കാർ എടുത്ത നടപടികൾ പൊതു സമൂഹം എത്രമാത്രം അംഗീകരിച്ചു എന്ന ചോദ്യം നിലനിൽക്കുന്നതിനിടെയാണ് മഹിജയും ബന്ധുക്കളും നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ ചെയർമാൻ കൃഷ്ണദാസിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് തലസ്ഥാനത്തേക്കു വന്നത്. സംസ്ഥാന പൊലീസ് ആസ്ഥാനത്തിനു മുന്നിൽ അവർ സമരം നടത്തുമെന്നത് പെട്ടെന്നുണ്ടായ കാര്യമല്ല. കൃത്യമായ അറിവ് ഇതു സംബന്ധിച്ച് സർക്കാരിനും രഹസ്യാന്വേഷണ വിഭാഗത്തിനും പൊലീസിനും ഉണ്ടായിരുന്നു. കൃത്യമായ മുൻ കരുതലുകൾ സ്വീകരിക്കാനും പ്രശ്നം പരിഹരിക്കാൻ സാധ്യമായതു ചെയ്യാനും ആവശ്യമായ സമയം സർക്കാരിനു ലഭിച്ചിട്ടും മഹിജയെയും ബന്ധുക്കളെയും അക്രമികളോടെന്ന പോലെ നേരിടാനാണു പൊലീസ് തയാറായത്. ഇവിടെയാണ് ആദ്യം പിഴച്ചത്. ഇവിടെയെത്തിയ കെ എം ഷാജഹാനെയും ഷാജർഖാനെയും ഭാര്യ മിനിയെയും സ്വാമി ഹിമവൽ ഭദ്രാനന്ദയെയും അറസ്റ്റ് ചെയ്യുക കൂടി ചെയ്തതോടെ ശരിക്കും സർക്കാരിന് ഉത്തരം മുട്ടുകയായിരുന്നു.

സംഭവദിവസം മഹിജ സംസ്ഥാന പൊലീസ് മേധാവിയെ കാണാൻ വരുമെന്നകാര്യം രാവിലെ മുതൽ കേരള സമൂഹം ചർച്ച ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ചാനലുകൾ തൽസമയ സംപ്രേഷണ സംവിധാനമൊരുക്കി വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ ഇടം പിടിച്ചു. സാഹചര്യം സംഘർഷഭരിതമായപ്പോൾ മുതൽ ദൃശ്യങ്ങൾ അതതുസമയം മലയാളിക്കു ലഭിച്ചു. മഹിജ റോഡിൽ വീഴുന്നതും പരക്കം പാച്ചിലും പൊലീസിന്റെ നേരിടലുമൊക്കെ മലയാളി കണ്ടു. പൊതുവികാരം സർക്കാരിനും ആഭ്യന്തര വകുപ്പിനും എതിരാകുന്നതു സ്വാഭാവികമാണ്. അതുപോലും മനസിലാകാതെയായിരുന്നു സർക്കാരിന്റെയും പൊലീസിന്റെയും തുടർന്നുള്ള പ്രവൃത്തികളും. മഹിജയെ സന്ദർശിക്കാനെത്തിയ ഐജി മനോജ് ഏബ്രഹാമിന്റെ ശബ്ദകോലാഹാലവും കേരളം വെറുപ്പോടെമാത്രമാണ് കണ്ടത്.

ചുരുക്കത്തിൽ എത്ര ശ്രമിച്ചാലും കരകരയറാനാകാത്ത കിണറ്റിലാണ് സർക്കാർ വീണത്. എന്നിട്ടും അവിടെത്തന്നെ കൈകാലിട്ടടിക്കേണ്ട ഗതികേടാണ് വരും ദിവസങ്ങളിലും സർക്കാരിനുണ്ടായത്, അല്ലെങ്കിൽ ഉണ്ടാക്കിവച്ചത്. മാധ്യമങ്ങൾ ദേശാഭിമാനിയൊഴികെയുള്ളവ സർക്കാരിന് എതിരാണെന്ന് വ്യക്തമായിരുന്നു. മഹിജയെ മാധ്യമങ്ങൾ ഏറ്റെടുക്കുകയും മഹിജയുടെയും മകൾ അവിഷ്ണയുടെയും ഓരോ നീക്കങ്ങളും വാർത്തയാക്കുകയും ചെയ്യുന്ന ഘട്ടത്തിലും ഇക്കാര്യത്തിൽ സർക്കാരിനോട് യാതൊരു അനുകൂല നിലപാടും എവിടെയും ഉണ്ടായിരുന്നില്ല. സഹോദരന്റെ ജീവനെടുത്തവരെ തുറുങ്കിൽ അടച്ചില്ലെങ്കിൽ നിരാഹാരമിരുന്നു മരിക്കുമെന്ന് അവിഷ്ണ പ്രഖ്യാപിച്ചതോടെ കളം കൂടുതൽ മുറുകി. പിണറായി വിജയനും സർക്കാരിനും നിൽക്കക്കള്ളിയില്ലെന്ന നിലതന്നെ വന്നു.

അപ്പോഴും മഹിജയെ കുറ്റക്കാരിയായി പൊതു സമൂഹത്തിനു മുന്നിൽ ചിത്രീകരിക്കുന്ന നിലപാട് സർക്കാർ തുടർന്നു. പൊതു സമൂഹം എന്തു നിലപാടെടുത്താലും ജിഷ്ണുവിന്റെ കുടുംബത്തെ വിശ്വസിപ്പിക്കാനെങ്കിലും സർക്കാരിന് കഴിയണമായിരുന്നു. കാരണം, അവർ തലമുറകളായി വിശ്വസിച്ചു വരുന്ന പ്രത്യയശാസ്ത്രവും നിലപാടുകളുമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. എത്രയൊക്കെ പീഡനം ഏറ്റുവാങ്ങുമ്പോഴും ഞങ്ങൾ പാർട്ടിക്കുടുംബമാണെന്നു പറയുന്ന അവരോടുള്ള രാഷ്ട്രീയമായ മര്യാദപോലും പാലിക്കാൻ സർക്കാരിനും സിപിഐഎമ്മിനും ആകുന്നില്ലെന്നു വ്യക്തം. ഇക്കാര്യത്തിൽ സി ആർ പരമേശ്വരൻ ഫേസ്‌ബുക്കിൽ ഇങ്ങനെയെഴുതി.

ജിഷ്ണുവും കുടുംബവും കണികാണാറുള്ളത് പിണറായിയുടെ ചിത്രമാണത്രെ.പിണറായി ദിനേന കണികാണുന്നത് കൃഷ്ണദാസന്മാരെയും.ഈ കഠിനവൈരുദ്ധ്യം തിരിച്ചറിയാത്ത, മതവിശ്വാസികളായ പതിനായിരക്കണക്കിനു കുടുംബങ്ങളാണ് ഇയാളെ മുഖ്യമന്ത്രിയാക്കിയത്.ഇയാൾ ജനനേതാവല്ല; ഏറ്റവും വാചാലതയുള്ള,കേരളത്തിന്റെ കോശകോശങ്ങളിൽ വ്യാപിച്ചിട്ടുള്ള പോഷകസംഘടനകളുടെ ദൈവമാണ്. അവയുടെ ഓരോ ഘടകത്തിലും പകയും അഴിമതിയും നിറഞ്ഞ കുഞ്ഞു പിണറായിമാർ. തിന്മയുടെ ശക്തികളുമായുള്ള ഡീലുകളിൽ മാത്രം അയാൾക്ക് വൈദഗ്ദ്ധ്യം. പാർട്ടിയിലെ അവക്ഷിപ്ത നേതാക്കൾ ഒന്നുകിൽ അഴിമതിക്കാർ, അല്ലെങ്കിൽ ഇയാൾ ഒന്ന് നോക്കിയാൽ നിശ്ശബ്ദരാകുന്ന ഭീരുക്കൾ. അഴിമതിക്കുരുക്കിലും ധനാര്ത്തിയിലും പെട്ട് മനമില്ലാമനസ്സോടെ വാ തുറക്കുന്ന പ്രതിപക്ഷങ്ങൾ. ഇവന്മാരും കൃഷ്ണദാസിന്റെ സൗജന്യം പറ്റുന്നവർ. ജനങ്ങളെ പ്രബുദ്ധരാക്കാനുള്ളത് ചരിത്രം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തരം താണ ബുദ്ധിജീവികൾ.
കാര്യം നിസ്സാരമല്ല.

ഇന്നു രാവിലെ സർക്കാരിന്റെ വിശദീകരണം പരസ്യം പത്രങ്ങളിൽ കണ്ടു മലയാളികൾ അക്ഷരാർഥത്തിൽ ഞെട്ടി. പാർട്ടി സംവിധാനത്തിലെ വിശ്വസിപ്പിക്കലും ഉൾപാർട്ടി ചർച്ചകളുമൊന്നുമല്ല പൊതു സമൂഹത്തിന്റെ രീതി എന്നെങ്കിലും സർക്കാരും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ ഉപദേശിക്കുന്നവരും മനസിലാക്കിയില്ലെന്നതാണ് പരസ്യം കണ്ടവർ ചിന്തിച്ചത്. ദീർഘകാലം പാർട്ടി സെക്രട്ടറിയായി സംഘടനാ സംവിധാനത്തിനുള്ളിൽ അണികളെ പറഞ്ഞുപഠിപ്പിച്ചിരുന്നതു മാതിരി സർക്കാരിന്റെ നിലപാട് ജനങ്ങളിലേക്കു പരസ്യമായി എത്തിച്ചിരിക്കുന്നു. ഇക്കഴിഞ്ഞദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ ജനം വായിച്ചറിഞ്ഞതും കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് ഒരു പരസ്യത്തിലുടെ തികച്ചും ഭിന്നമായ കാര്യങ്ങൾ പഠിപ്പിക്കാമെന്നുള്ള വ്യാമോഹമൊന്നും സർക്കാരിനുണ്ടായിരുന്നിരിക്കില്ല. എങ്കിലും, ഇത്തരത്തിലൊരു നീക്കം നടത്തിയതിനു മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി കൈയാളുന്ന പിആർഡി വകുപ്പിനെയും സമ്മതിക്കണം.

ഇന്നലെ സിപിഐഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ കാതലായ ഭാഗമൊക്കെ ഇന്നത്തെ പരസ്യത്തിലുമുണ്ട്. അതിൽ പ്രധാനപ്പെട്ടത് മഹിജയ്ക്കു പൊലീസിന്റെ മർദനമേറ്റതുമായി ബന്ധപ്പെട്ടാണ്. തന്റെ അടിവയറ്റിൽ പൊലീസിന്റെ ബൂട്ടുകൊണ്ടുള്ള ചവിട്ടേറ്റ പാടുണ്ടെന്നു മഹിജ കരഞ്ഞു പറഞ്ഞത് കേരളം കണ്ടു. വിശ്വസിക്കുകയും ചെയ്തു. എന്നിട്ടും, നിലത്തുവീണ മഹിജയെ പൊലീസ് കൈകൊടുത്ത് എഴുനേൽപിക്കുകയായിരുന്നെന്നു പറഞ്ഞു വിശ്വസിപ്പിക്കാനാണ് പരസ്യത്തിന്റെ ശ്രമം. ഇവിടെയാണു സർക്കാരിനു പിഴയ്ക്കുന്നതും.

മന്ത്രിക്കെതിരായി വാർത്ത പുറത്തുവിട്ട ചാനൽ മേധാവിയെയും മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്യാൻ പൊലീസ് കാട്ടിയ ഒരു ആർജവമുണ്ടല്ലോ... ഈ വിഷയവുമായി ബന്ധപ്പെട്ട് അത്ര നേരിട്ടുള്ളതല വിഷയമെങ്കിലും പൊലീസിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും കാര്യപ്രാപ്തി പറയാതിരിക്കാനാവില്ല. ചോദ്യം ചെയ്യലും രാത്രിയുള്ള അറസ്റ്റും അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുമൊക്കെ എത്ര വേഗത്തിലായിരുന്നു. ജിഷ്ണുവിന്റെ മരണം കേരളമറിഞ്ഞതു മുതൽ എത്രയെത്ര പരാതികളാണ് നെഹ്റു മാനേജ്മെന്റിനെതിരേ ഉയർന്നത്. എത്ര കുട്ടികളും പൂർവവിദ്യാർത്ഥികളുമാണ് തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞു മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. എന്നിട്ടും സഹചര്യത്തെളിവുകൾ പോലും കൃഷ്ണദാസിനെതിരേയില്ലെന്നാണു പൊലീസിന്റെ നിലപാട്. അതുകൊണ്ടാണത്രേ, നടപടിയിലേക്കു പോകാനാവാത്തത്. പരസ്യത്തിൽ ഇങ്ങനെയാണ് അതു പറയുന്നത്. ' സാഹചര്യത്തെൽവുകൾ മാത്രമുള്ള കേസിൽ എല്ലാ ശാസ്ത്രീയ മാർഗങ്ങളും ഉപയോഗിച്ചാണു കേസ് തെളിയിക്കാൻ പൊലീസ് ശ്രമിക്കുന്നത്. കേസിനെ സംബന്ധിച്ച് തുറന്ന സമീപനമാണ് പൊലീസിനുള്ളത്. ജിഷ്ണുവിന്റെ കുടുംബവുമായി സംസാരിച്ചതിന് ശേഷം നിയമപരമായിട്ടുള്ള എല്ലാ നടപടികളും സ്വീകരിക്കുവാൻ പൊലീസ് തയാറാണ്.'

പരസ്യത്തിലെ രണ്ടാമത്തെ ഖണ്ഡികയിൽ ഇങ്ങനെയും പറയുന്നു. 'നെഹ്റു ഗ്രൂപ്പ് ഉടമ കൃഷ്ണദാസ് അടക്കമുള്ള അഞ്ചു പേർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെയാണ് അവർക്കെതിരേ ചാർജ് ചെയ്തിട്ടുള്ളത്' അതായത് കേസോ ആരോപണങ്ങളോ സംശയങ്ങളോ വകുപ്പുകളോ ഇല്ലാഞ്ഞിട്ടല്ല. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യണമെന്ന മഹിജയുടെ ആവശ്യം അംഗീകരിക്കാൻ ഇതൊക്കെ പോരേ സർക്കാരേ എന്നൊരു ചോദ്യം അങ്ങോട്ടുയർന്നാൽ എല്ലാം തീരുമെന്നറിഞ്ഞിട്ടും അപാര തൊലിക്കട്ടിയോടെയാണ് ഇന്നത്തെ പരസ്യം വന്നത്. ഒരു ലക്ഷത്തിലേറെ ശമ്പളം വാങ്ങുന്ന രണ്ടു പേരും ശമ്പളം വാങ്ങാതെ ഒരാളുമാണ് മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിനിമയങ്ങളിൽ മുഖ്യമന്ത്രിയെ സഹായിക്കാനും ഉപദേശിക്കാനുമുള്ളത്. സർക്കാരിന്റെ ഖജനാവിൽനിന്നാണ് ഈ പണം പോകുന്നത്. മുമ്പ് പിആർഡി വകുപ്പിൽനിന്നു ഡെപ്യൂട്ടേഷനിൽ വരുന്നവരോ അല്ലെങ്കിൽ പഴ്സണൽ സ്റ്റാഫിന്റെ ശമ്പളത്തിലുള്ള ഒരാളോ കൈകാര്യം ചെയ്തിരുന്ന കാര്യങ്ങൾ ഇപ്പോൾ നിർവഹിക്കാൻ ചെലവാകുന്നത് മൂന്നിരിട്ടി. എന്നിട്ടും ഒരു മാധ്യമവും സർക്കാരിനോ മുഖ്യമന്ത്രിക്കോ അനുകൂലമല്ല. അപ്പോഴാണ് വീണ്ടും ലക്ഷങ്ങൾ മുടക്കി മുഖം മിനുക്കാൻ പരസ്യപ്രസ്താവനയും സർക്കാർ നടത്തിയത്. മലയാളത്തിലെ സകല പത്രങ്ങളിലും ചെറുതല്ലാത്ത പരസ്യം കൊടുത്തവകയിൽ ലക്ഷങ്ങൾ വീണ്ടും ഖജനാവിന് നഷ്ടം.

സർക്കാരിനെതിരേ ആളിക്കത്തുന്ന പൊതുവികാരത്തിന് ഇടയിലേക്കാണ് പരസ്യം അച്ചടി മഷി പുരണ്ടത്. മാധ്യമങ്ങൾ ലക്ഷങ്ങൾ കിട്ടിയ പരസ്യം പ്രസിദ്ധീകരിക്കാൻ മടി കാണിച്ചില്ല. സർക്കാരിന് പറയാനുള്ള കാര്യങ്ങൾ പറയട്ടേ എന്ന നിലപാടു സ്വീകരിച്ചു. പക്ഷേ, ജനങ്ങളുടെ വികാരത്തിന് ഒപ്പം നിൽക്കുക എന്ന മാധ്യമങ്ങളുടെ നിലപാട് അതേപടി തുടരുകയും ചെയ്തു. അതായത് ലക്ഷങ്ങൾ മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങിയ നിലയിലായി പിണറായി വിജയനും സർക്കാരും. ജിഷ്ണു കേസിൽ പ്രചാരണമെന്ത് സത്യമെന്ത്? എന്ന തലക്കെട്ടിൽ പരസ്യം കൊടുത്തതു കൊണ്ടു മാത്രം മലയാൽകളുടെ ബോധത്തെ മാറ്റിമറിക്കാനാവുമെന്നു കരുതിയെങ്കിൽ അതു തെറ്റിയെന്നതുതന്നെയാണ് യാഥാർഥ്യം. വിവാദത്തിനു മറുപടിയായി സർക്കാരിന്റെ ഖജനാവിലെ പണം മുടക്കിയതെന്തിനാണ് എന്നൊരു ചോദ്യം കൂടി ഉയർന്നാൽ അതിനും സർക്കാർ മറുപടി പറഞ്ഞേ മതിയാകൂ. വെളുക്കാനായി നൽകിയ പരസ്യം സർക്കാരിന്റെ മുഖത്ത് വലിയൊരു പാണ്ടാണ് അവശേഷിപ്പിച്ചതെന്നു ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP