Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഭാ പ്രശ്‌നത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാമെന്ന് വാഗ്ദാനം നൽകി ഓർത്തഡോക്‌സ് വോട്ട് പിടിച്ചു; ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണം വഴി എൻഎസ്എസിന്റെ വോട്ടും; മൈക്രോഫിനാൻസ് കേസിന്റെ പേരിൽ വെള്ളാപ്പള്ളി അങ്ങോട്ട് പോയി പിന്തുണച്ചു; സജി ചെറിയാന്റെ വിജയം ഉറപ്പിച്ചത് ഒരേ സമയം ഹിന്ദു-ക്രൈസ്തവ വോട്ടുകൾ ഒരുമിപ്പിച്ച പിണറായി തന്ത്രം

സഭാ പ്രശ്‌നത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കാമെന്ന് വാഗ്ദാനം നൽകി ഓർത്തഡോക്‌സ് വോട്ട് പിടിച്ചു; ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണം വഴി എൻഎസ്എസിന്റെ വോട്ടും; മൈക്രോഫിനാൻസ് കേസിന്റെ പേരിൽ വെള്ളാപ്പള്ളി അങ്ങോട്ട് പോയി പിന്തുണച്ചു; സജി ചെറിയാന്റെ വിജയം ഉറപ്പിച്ചത് ഒരേ സമയം ഹിന്ദു-ക്രൈസ്തവ വോട്ടുകൾ ഒരുമിപ്പിച്ച പിണറായി തന്ത്രം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ന്യൂനപക്ഷത്തെ കൂടെ കൂട്ടിയാൽ ഭൂരിപക്ഷം കൈവിടും. ഭൂരിപക്ഷത്തെ സ്വാധീനിച്ചാൽ ന്യൂനപക്ഷം വിട്ടു പോകും... സാധാരണ തെരഞ്ഞെടുപ്പ് സമവാക്യത്തെ സ്വാധീനിക്കുന്ന സമവാക്യമാണ് ഇവ. മണ്ഡലത്തിൽ ആരുടെ വോട്ടാണോ ജയം നിർണ്ണയിക്കുക അവരെ കൂടി കൂട്ടി ജയിക്കുകയെന്ന തന്ത്രമാണ് രാഷ്ട്രീയ പാർട്ടികൾ സാധാരണ എടുക്കാറുള്ളത്. ചെങ്ങന്നൂരിൽ ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയും തന്ത്രപരമായി ഒപ്പം നിർത്താനായിരുന്നു പിണറായിയുടെ തന്ത്രം. ഭരണത്തിന്റെ വിലയിരുത്തലായ തെരഞ്ഞെടുപ്പിൽ വിശ്വസ്തനായ സജി ചെറിയാനെ സ്ഥാനാർത്ഥിയാക്കിയതും ഈ തന്ത്രം നടപ്പിലാക്കി വിജയിപ്പിക്കാനായിരുന്നു.

ഒരു സഭാ നേതാവിന്റേയും അടുത്ത് വോട്ട് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പോയില്ല. അപ്പോഴും സമുദായ നേതൃത്വങ്ങളെ സിപിഎമ്മിനോട് അടുപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണത്തിന്റെ കരുത്തായിരുന്നു പരമ്പരാഗത കോൺഗ്രസ് വോട്ടുകളെ സിപിഎമ്മിലേക്ക് ആകർഷിക്കാൻ പിണറായിക്ക് തുണയായി മാറിയതും. എൻ എസ് എസും പരസ്യമായി സമദൂരം പറഞ്ഞപ്പോഴും വോട്ട് സിപിഎമ്മിനായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ദേവസം ബോർഡിലെ സാമ്പത്തിക സംവരണമായിരുന്നു ഇതിന് കാരണം. മൈക്രോ ഫിനാൻസ് കേസിൽ പ്രതിയാകാതിരിക്കാൻ എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും പിണറായിക്ക് പിന്നിൽ അണിനിരക്കാൻ സ്വയം സന്നദ്ധനായതോടെ സമുദായ സമവാക്യമെല്ലാം സിപിഎമ്മിന് അനുകൂലമായി.

ഏറ്റവും നിർണ്ണായകമായത് ഓർത്തഡോകസ്-യാക്കോബായ തർക്കമായിരുന്നു. പള്ളിക്കേസിൽ സുപ്രീംകോടതി വിധി ഓർത്തഡോക്‌സ് സഭയ്ക്ക് പൂർണ്ണമായും അനുകൂലമാണ്. യാക്കോബായ പള്ളികൾ പോലും ഓർത്തഡോക്‌സുകാർക്ക് കിട്ടുന്ന വിധി. ഈ വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാ പിന്തുണയും ഓർത്തഡോക്‌സുകാർക്ക് പിണറായി സർക്കാർ ഉറപ്പു നൽകി. യാക്കോബായ സഭാ നേതൃത്വവുമായി സംസാരിച്ച് കോടതി വധി നടപ്പാക്കുമെന്ന ഇടത് സർക്കാരിന്റെ വാക്ക് ഓർത്തഡോക്‌സുകാർ പൂർണ്ണമായും വിശ്വസിപ്പിച്ചു. സഭയുടെ സ്വന്തം നേതാവായ ശോഭനാ ജോർജിന് അർഹിക്കുന്ന പ്രാധാന്യം നൽകി പ്രചരണത്തിൽ നിറച്ചതും ഓർത്തഡോക്‌സുകാരെ സ്വാധീനിച്ചു. പള്ളികളിൽ ശോഭനാ ജോർജിനെ എത്തിച്ച് വോട്ട് പിടിക്കുന്ന രീതിയാണ് ഇടത് പ്രചാരകർ നടപ്പാക്കിയത്.

സുപ്രീംകോടതി വിധിയായതുകൊണ്ട് തന്നെ അത് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇടത് സർക്കാരിന് ഓർത്തഡോക്‌സുകാരുടെ ആവശ്യം നടപ്പാക്കി കൊടുക്കാൻ ഏറെ ബുദ്ധിമുട്ടൊന്നുമില്ല. കോടതിയെ അംഗീകരിക്കേണ്ടി വരുമെന്ന സന്ദേശം സർക്കാർ യാക്കോബായക്കാർക്കും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓർത്തഡോക്‌സുമായി ചർച്ചയ്ക്ക് പോലും യാക്കോബായ സഭ തയ്യാറായത്. യാക്കോബായ പരമാധ്യക്ഷന്റെ കത്ത് ഓർത്തഡോക്‌സ് സഭാ തലവന് കിട്ടിയതും ഇതിന്റെ തുടർച്ചയായിരുന്നു. സഭാ തർക്കത്തിൽ ഓർത്തഡോക്‌സുകാർക്ക് മുൻതൂക്കം നൽകുന്ന സാഹചര്യമാണ് ഇതുണ്ടാക്കിയത്. ഇതോടെ സജി ചെറിയാന് അനുകൂലമായ വികാരം പള്ളികളിലുണ്ടായി. സിഎസ്‌ഐക്കാരനാണ് സജി ചെറിയാനെന്ന പ്രചരണം പോലും മുഖവിലയ്‌ക്കെടുക്കാതെ വിശ്വാസികൾ സിപിഎം ചിഹ്നത്തിൽ വോട്ട് ചെയ്തു.

ശക്തമായ പോരാട്ടം നടക്കുന്ന ചെങ്ങന്നൂരിൽ അവസാന ലാപ്പിലത്തെിയപ്പോൾ സംവരണയുദ്ധവുമെത്തിയിരുന്നു. .മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സംവരണം വേണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി അടക്കമുള്ളകാര്യങ്ങൾ അനിവാര്യമായിരിക്കയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയതോടെ സംവരണവിഷയം വീണ്ടും ചർച്ചയായി. ഇതും സജി ചെറിയാന്റെ സാധ്യതകളെ സ്വാധീനിച്ചു. സവർണ്ണർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലേതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചുവെങ്കിലും മൈക്രോ ഫിനാൻസ് കേസ് കുരുക്കാവാതിരിക്കാൻ എസ് എൻഡിപിയും സിപിഎം പക്ഷത്തേക്ക് ചാഞ്ഞു. അങ്ങനെ സംവരണ ചർച്ചയിലൂടെ നായർ വോട്ടുകളും സിപിഎം അടുപ്പിച്ചു. മണ്ഡലത്തിൽ 60 ശതമാനത്തോളം വരുന്ന ഹൈന്ദവവോട്ടുകളിൽ ഭൂരിഭാഗവും സിപിഎമ്മിന് അനുകൂലമായി. നായർ വോട്ടുകൾ വിജയകുമാറിലൂടെ പിടിച്ചെടുക്കാമെന്ന കോൺഗ്രസ് മോഹമാണ് സിപിഎം സംവരണ ചർച്ചയിലൂടെ പൊളിച്ചത്.

സിപിഎം സംവരണ വിഷയം എടുത്തിട്ടത്തോടെ ബിജെപിയും വെട്ടിലായി. വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിന് ഒപ്പം നിന്ന് മുന്നാക്ക സംവരണത്തിന് എതിരായ നിലപാട് എടുത്താൽ പാർട്ടിയുടെ പരമ്പരാഗത വോട്ടർമാരായ മുന്നാക്ക സമുദായങ്ങൾ എതിരാവുമെന്ന് ഉറപ്പാണെന്ന സ്ഥിയും വന്നു. മുന്നാക്ക സമുദായങ്ങളിലെ പിന്നാക്ക സംവരണം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉണ്ടാക്കിയ അജണ്ട അല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ പറയുന്നത്. ഇ.എം.എസ് കൊണ്ടുവന്ന ഈ ആശയം 90കളുടെ തുടക്കത്തിൽ തന്നെ പാർട്ടി ഉയർത്തിയിരുന്നു. ഒരു വിഭാഗത്തിന്റെയും സംവരണം ഹനിക്കാതെയാണ് മുന്നാക്ക സംവരണം നടപ്പാക്കുന്നതെന്നും ഇതിൽ നിലവിലെ സംവരണ സമുദായങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നീക്കം സർക്കാരിന്റെ ഇഛാശക്തിയാണ് വെളിപ്പെടുത്തുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

എൻ.എസ്.എസ് ഇടതുപ്രീണനം നടത്തുകയല്ലന്നെും, പക്ഷേ നല്ല കാര്യങ്ങൾ ചെയ്താൽ അത് എടുത്ത് പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ എൻ.എസ്.എസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന പരോക്ഷ സൂചനയാണ് സുകുമാരൻ നായർ നൽകിയത്. ഇത് നായർ വോട്ടർമാരേയും സ്വാധീനിച്ചു. സമുദായ സ്‌നേഹിയായ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തതും സിപിഎമ്മിനെയാണ് തുണച്ചത്. ബിജെപിക്കുണ്ടായ വോട്ടിലെ വലിയ കുറവ് ഇതാണ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP