Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നായർക്ക് മറുപടി നൽകാൻ പിള്ള; മാതൃഭൂമിയേയും വടകരയേയും കോഴിക്കോടിനേയും ഇടത്തോട്ട് അടുപ്പിക്കാൻ വീരൻ; കാസർഗോഡ് കൈവിടാതിരിക്കാൻ ഐഎൻഎൽ; മധ്യകേരളത്തിൽ ക്രൈസ്തവരെ സൗഹൃദത്തിലാക്കാൻ ഫ്രാൻസിസ് ജോർജ്; ശബരിമലയിലെ വിവാദ ചുഴിയിൽ വീണ് തകരാതിരിക്കാൻ മുൻകരുതലായി മുന്നണി വിപുലീകരണം; നാല് പാർട്ടികളെ കൂടെ കൂട്ടി പിണറായിയും ഇടതുമുന്നണിയും ആഗ്രഹിക്കുന്നത് ലോക് സഭയിലെ കരുത്ത് കാട്ടൽ

നായർക്ക് മറുപടി നൽകാൻ പിള്ള; മാതൃഭൂമിയേയും വടകരയേയും കോഴിക്കോടിനേയും ഇടത്തോട്ട് അടുപ്പിക്കാൻ വീരൻ; കാസർഗോഡ് കൈവിടാതിരിക്കാൻ ഐഎൻഎൽ; മധ്യകേരളത്തിൽ ക്രൈസ്തവരെ സൗഹൃദത്തിലാക്കാൻ ഫ്രാൻസിസ് ജോർജ്; ശബരിമലയിലെ വിവാദ ചുഴിയിൽ വീണ് തകരാതിരിക്കാൻ മുൻകരുതലായി മുന്നണി വിപുലീകരണം; നാല് പാർട്ടികളെ കൂടെ കൂട്ടി പിണറായിയും ഇടതുമുന്നണിയും ആഗ്രഹിക്കുന്നത് ലോക് സഭയിലെ കരുത്ത് കാട്ടൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടതു മുന്നണി വിപുലീകരണത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത് ലോക്സഭയിലെ സീറ്റ് നേട്ടമാണ്. നിലവിൽ എട്ട് എംപിമാരാണ് ലോക്സഭയിൽ കേരളത്തിൽ നിന്നുള്ളത്. ഈ എണ്ണത്തിൽ കുറവുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് വിലുപീകരണത്തിന്റെ പ്രധാന ലക്ഷ്യം. മധ്യകേരളത്തിലും മലബാറിലും കരുത്ത് കൂട്ടുക. ഒപ്പം തെക്കൻ മേഖലയിലും കോട്ടമുണ്ടാകാതെ നോക്കുകയാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിന് വേണ്ടിയാണ് നാല് പാർട്ടികളെ മുന്നണിയുടെ ഭാഗമാക്കുന്നത്. ജാതിസമവാക്യങ്ങൾ എതിരാകാതിരിക്കാനും സിപിഎം കരുതലെടുക്കുന്നു. ഈ സാഹചര്യമാണ് ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസിന് മുന്നണിയിൽ സ്ഥാനം നൽകുന്നത്. ശബരിമല വിവാദമുണ്ടാക്കിയ പ്രശ്ന ചുഴയിൽ വീഴാതിരിക്കാനുള്ള കരുതലും മുന്നണി വിപുലീകരണത്തിൽ കാണാം.

നിലവിൽ പാലക്കാടും ആലത്തൂരും ആറ്റിങ്ങലും മാത്രമാണ് ലോക്‌സഭയിൽ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകൾ. എട്ട് എംപിമാരാണ് ഇടുതപക്ഷത്തുള്ളത്. ഇതിൽ തൃശൂരും കണ്ണൂരും കാസർഗോഡും ചാലക്കുടിയും ഇടുക്കിയിലും കാര്യങ്ങൾ സുഖകരമല്ല. ചാലക്കുടി ഏതാണ്ട് കൈവിട്ട് പോകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് വടകരയും കോഴിക്കോടും മാവേലിക്കരയും കൊല്ലവും പടിച്ചെടുക്കുന്ന മറുതന്ത്രവുമായി മുന്നണി വിപുലീകരണമെത്തുന്നത്. കാസർഗോഡിനെ അടുപ്പിക്കാനുള്ള മുസ്ലിം വോട്ടുകൾ എഎൻഎല്ലും എത്തിക്കുമെന്നാണ് പ്രതീക്ഷ. ഇടുക്കിയിൽ ജയിക്കാനാണ് ഫ്രാൻസിസ് ജോർജ്. അങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അനുകൂലമാക്കുകയാണ് മുന്നണി വിപുലീകരണത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യമിടുന്നത്.

വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ജനതാ പാർട്ടിയെ മുന്നണിയിൽ എടുക്കുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. വീരൻ ഇടതുപക്ഷത്ത് എത്തുമ്പോൾ മാതൃഭൂമിയുടെ പിണറായി അനുകൂല സമീപനത്തിലേക്ക് മാറുമെന്നാണ് സിപിഎം വിലയിരുത്തൽ. ശബരിമല വിഷയത്തിലും മറ്റും സർക്കാരിനെ കടന്നാക്രമിച്ച് വിശ്വാസികൾക്കൊപ്പമായിരുന്നു മാതൃഭൂമി. ഇതിന് മാറ്റം വരുത്തി വിശ്വാസികളെ സർക്കാരിലേക്ക് കൂടുതൽ അടുപ്പിക്കുന്ന നിലയിലേക്ക് മാതൃഭൂമി മാറുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് എംഎൽഎമാരൊന്നും ഇല്ലാത്ത പാർട്ടിക്ക് പ്രഥമ പരിഗണന നൽകി ഇടതുപക്ഷത്ത് എത്തിച്ചത്. ഇതോടെ മാത്യു ടി തോമസും കൃഷ്ണൻ കുട്ടിയുടേയും ജനാതാദള്ളിനൊപ്പം വീരന്റെ സോഷ്യലിസ്റ്റ് പാർട്ടിയും ഇടതു പക്ഷത്താകുന്നു. വടകരയിലും വയനാട്ടിലും കോഴിക്കോടും വേരുകളുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വോട്ടുകൾ ഇടതുപക്ഷത്ത് ഉറപ്പിച്ച് നിർത്താനാണ് നീക്കം. ലോക്സഭയിൽ വടകരയും കോഴിക്കോടും പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഇതിന് പിന്നിൽ.

ശബരിമലയിൽ സിപിഎമ്മിന് പ്രതീക്ഷിക്കാത്ത അടി കിട്ടിയത് എൻ എസ് എസിൽ നിന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യമാണ് എല്ലാത്തിനും കാരണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിമർശിച്ചപ്പോൾ സിപിഎം പ്രതിരോധത്തിലായി. സുകുമാരൻ നായർക്ക് പരോക്ഷ മറുപടികൾ നൽകുകയാണ് സിപിഎം ചെയ്തത്. വനിതാ മതിലിനെ പരിഹസിച്ച സുകുമാരൻ നായരെ അടിക്കാനുള്ള വടിയാണ് ബാലകൃഷ്ണ പിള്ള. തെക്കൻ കേരളത്തിലെ നായർ വോട്ടുകളിൽ സ്വാധീനം ചെലുത്താനാകുന്ന നേതാവാണ് പിള്ള. സുകുമാരൻ നായർക്കെതിരെയുള്ള രാഷ്ട്രീയ മറുപടിയായാണ് പിള്ളയെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനുള്ള നീക്കം. കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കണമെന്ന് പിള്ള ആവശ്യപ്പെടുകയുമില്ല. ഇത് കൂടി ഉറപ്പിച്ചാണ് പിള്ളയെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നത്. മുന്നോക്ക ക്ഷേമ കോർപ്പറേഷന്റെ ചെയർമാൻ പദവി ക്യാബിനെറ്റ് റാങ്കാണ്. ഈ പദവി പിള്ളയ്ക്കുള്ളതു കൊണ്ടാണ് ഗണേശിന് മന്ത്രിസ്ഥാനം നൽകാത്തതെന്നാണ് സിപിഎം നിലപാട്.

വനിതാ മതിലിൽ ബാലകൃഷ്ണ പിള്ള എത്തുമെന്നും ഇതോടെ ഉറപ്പായി. എൻ എസ് എസ് നേതൃത്വത്തിനെതിരായ ഇടതുപക്ഷ നീക്കങ്ങൾ ഇനി പിള്ളയാകും നയിക്കുക. പത്തനാപുരം യൂണിയന്റെ എല്ലാമെല്ലാമായ പിള്ളയെ സുകുമാരൻ നായർക്കുള്ള മറുപടിയായി ഉപയോഗിക്കാനാണ് നീക്കം. മാവേലിക്കര ലോക്സഭയിലും കൊല്ലം മണ്ഡലത്തിലും പിള്ളയുടെ നിലപാട് നിർണ്ണായകമാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലായിരുന്നു പിള്ള. കൊല്ലത്ത് എൻകെ പ്രേമചന്ദ്രന് വിജയമൊരുക്കിയതിൽ പിള്ളയുടെ നിലപാടും നിർണ്ണായകമായിരുന്നു. കൊല്ലവും മാവേലിക്കരയും ഇപ്പോൾ യുഡിഎഫിനൊപ്പമാണ്. ഈ സീറ്റുകളിൽ കേരളാ കോൺഗ്രസ് ബിക്ക് പാരമ്പര്യ വോട്ടുകൾ ഏറെയുണ്ട്. ഇത് സ്വന്തമാക്കുകയാണ് പിള്ളയെ ഇടതുപക്ഷത്ത് ഉറപ്പിച്ചു നിർത്തുക വഴി സിപിഎം ചെയ്യുന്നത്. തെക്കൻ കേരളത്തിൽ സീറ്റ് ഉയർത്താനുള്ള തന്ത്രം.

പിറവം-കോതമംഗലം പള്ളി പ്രശ്നങ്ങൾ സർക്കാരിന് തലവേദനയാണ്. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം നിന്ന ക്രൈസ്തവ വോട്ടുകൾ ആടി ഉലയുകയാണ്. ഈ സാഹചര്യത്തിലാണ് ഇടുക്കിയിൽ സ്വാധീനം ഏറെയുള്ള ഫ്രാൻസിസ് ജോർജിനെ ഇടതു മുന്നണിയുടെ ഭാഗമാക്കുന്നത്. മധ്യ കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ സിപിഎമ്മിന് അനുകൂലമാക്കാൻ ഫ്രാൻസിസ് ജോർജിന് കഴിയുമെന്നാണ് പ്രതീക്ഷ. ഇടുക്കിയിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. മുമ്പ് ഇടുക്കിയെ ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുള്ള ഫ്രാൻസിസ് ജോർജ് കേരളാ കോൺഗ്രസ് വോട്ടുകളെ ആകർഷിച്ച് ജയിച്ച് ലോക്സഭയിലെത്തുമെന്നാണ് പ്രതീക്ഷ. കോട്ടയത്തും ഇത് ചലനമുണ്ടാക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. ഐ എൻ എല്ലിനെ എടുക്കുന്നത് മലബാറിലെ മുസ്ലിം രാഷ്ട്രീയത്തിൽ കണ്ണുവച്ചാണ്. മലപ്പുറത്തെ രണ്ട് ലോക്സഭാ സീറ്റിലും കാസർഗോഡും ഐ എൻ എൽ നിർണ്ണായക ശക്തിയായി മാറുമെന്നാണ് പ്രതീക്ഷ.

നാല് കക്ഷികൾ കൂടി ചേർന്നാൽ മുന്നണിക്ക് കേരളത്തിലെ 47 ശതമാനം വോട്ട് നേടാനാകുമെന്നാണ് ബാലകൃഷ്ണ പിള്ളയുടെ നിലപാട്. അതിൽ കൂടുതലല്ലാതെ കുറവ് വരില്ല. ഇത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ വിജയത്തിന് കാരണമാകുമെന്നും പിള്ള പറഞ്ഞു. എൻഎസ്എസ്സിന് വിരുദ്ധമായി മുമ്പും നിലപാടുകളെടുത്തിട്ടുണ്ട്. ഗണേശ്‌കുമാർ മുന്നണിയോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പാർട്ടി ആര് പങ്കെടുക്കണമെന്ന് പറയുന്നുവോ അവർ പങ്കെടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മന്ത്രിപദം ചോദിക്കില്ലെന്നും പിള്ള പറഞ്ഞു. ഈ ഉറപ്പ് വാങ്ങിയാണ് ഗണേശിനെ ഇടതുപക്ഷത്തേക്ക് സിപിഎം എടുത്തതെന്നും വ്യക്തം. എൻ എസ് എസിൽ നിന്ന് പിള്ളയെ അടർത്തി മാറ്റി ഇടതുപക്ഷത്തെ നായർ നേതാവാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ എൻ എസ് എസിനെ കൂടുതൽ പ്രകോപിപ്പിക്കും. എൻ എസ് എസും ആർ എസ് എസുമായുള്ള അടുപ്പത്തെ പിള്ളയിലൂടെ തുറന്നുകാണിക്കുകയാണ് സിപിഎം ഇതിലൂടെ ആഗ്രഹിക്കുന്നതും.

ഐഎൻഎലിനെ സംബന്ധിച്ച് 25 വർഷത്തെ കാത്തിരിപ്പിനാണ് ഒരു വിരാമമുണ്ടായത്. കാൽനൂറ്റാണ്ടായി എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിച്ചുവരുകയായിരുന്നു ഐ.എൻ.എൽ. ഇടക്കാലത്തിന് ശേഷം ലോക് താന്ത്രിക് ജനതാദളും ഇടതുമുന്നണിയിൽ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. കോഴിക്കോട് ലോക്സഭാ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാർ ഇടതു പക്ഷത്ത് എത്തിയത്. ഈ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് യുഡിഎഫ് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ സ്ഥിതി തുടർന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് തിരിച്ചു പിടിക്കാൻ തന്ത്രപരമായ നീക്കം നടത്തുന്നത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങൾ ഏറെയുണ്ടെങ്കിലും വടകരയിലും ജയം കോൺഗ്രസിനാണ്. വീരേന്ദ്രകുമാറിന്റെ സാന്നിധ്യത്തിലൂടെ ഇതും മാറുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ഐഎൻഎല്ലിന്റെ സഹകരണം കാസർഗോഡ് കൈവിട്ടു പോകാതിരിക്കാനും സഹായിക്കുമെന്നും കരുതുന്നു.

2009ൽ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിൽ നിന്ന് പോയ വീരേന്ദ്രകുമാർ പക്ഷം അടുത്തകാലത്താണ് മുന്നണിയുമായി വീണ്ടും അടുത്തതും രാജ്യസഭാ സീറ്റിൽ എൽ.ഡി.എഫ് പിന്തുണയോടെ വിജയിച്ചതും. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് നേതൃത്വവുമായി കലഹിച്ചാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ ജനനം. എൽ.ഡി.എഫ് പിന്തുണയോടെ കക്ഷി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതും. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് ഈ കക്ഷികളെ മുന്നണിയിൽ എടുക്കാൻ തീരുമാനിച്ചത്. നല്ല തീരുമാനമാണെന്ന് എൽ.ഡി.എഫിന്റെ തീരുമാനത്തോട് ബാലകൃഷ്ണപിള്ള പ്രതികരിച്ചു. മന്ത്രിയാകാനല്ല മുന്നണി പ്രവേശനം. തന്റെ തീരുമാനം ഇനി എൽ.ഡി.എഫിന്റെ തീരുമാനങ്ങളാണ്. ശബരിമല വിഷയത്തിൽ തന്റെ നിലപാട് എൽ.ഡി.എഫിനൊപ്പമാണ്. എൻ.എസ്.എസ് പാലിച്ചുവരുന്ന സമദൂര സിദ്ധാന്തം തുടരുമെന്നാണ് കരുതുന്നത്. എൻ.എസ്.എസ് എന്തു തീരുമാനം എടുത്താലും എൽ.ഡി.എഫിനൊപ്പമായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP