Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭരണം മികച്ചതെന്ന് 43 ശതമാനം പേർ; വളരെ മോശമെന്ന് പറയുന്നത് 20 ശതമാനം മാത്രം; അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയ സർക്കാറെന്ന് 46 ശതമാനം; മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണത്തെ അനുകൂലിച്ചു 61 ശതമാനം; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ 46 ശതമാനം പേരും എൽഡിഎഫിനു തന്നെ വോട്ടു ചെയ്യും: പിണറായി വിജയൻ സർക്കാറിന്റെ രണ്ടു വർഷത്തെ കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത്

ഭരണം മികച്ചതെന്ന് 43 ശതമാനം പേർ; വളരെ മോശമെന്ന് പറയുന്നത് 20 ശതമാനം മാത്രം; അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയ സർക്കാറെന്ന് 46 ശതമാനം; മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണത്തെ അനുകൂലിച്ചു 61 ശതമാനം; ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ 46 ശതമാനം പേരും എൽഡിഎഫിനു തന്നെ വോട്ടു ചെയ്യും: പിണറായി വിജയൻ സർക്കാറിന്റെ രണ്ടു വർഷത്തെ കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഭരണത്തിൽ രണ്ട് വർഷം പൂർത്തിയാക്കുന്ന പിണറായി വിജയൻ സർക്കാറിന്റെ പ്രവർത്തനം മികച്ചതെന്ന് മറുനാടൻ സർവേ ഫലം. മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സർക്കാറിന്റെ പ്രവർത്തനങ്ങളും വിമർശനങ്ങളും കോർത്തിണക്കി കൊണ്ട് മറുനാടൻ നടത്തിയ സർവേയിലാണ് വിമർശനങ്ങൾക്കിടയിലും ജനങ്ങൾ പാസ് മാർക്ക് നൽകിയിരിക്കുന്നത്. വൻകിട പദ്ധതികൾ നേട്ടത്തിന്റെ പട്ടികയിൽ ഇല്ലെങ്കിലും സാധാരണക്കാരന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്ത സർക്കാരാണ് എൽഡിഎഫിന്റേതെന്നാണ് മറുനാടൻ സർവേയിൽ ഉയർന്ന പൊതു അഭിപ്രായം. പൊലീസ് വകുപ്പിനെതിരെ കടുത്ത വിമർശനം ഉയരുന്ന വേളയിലും പൊതുവായെടുത്താൽ സർക്കാറിന്റെ പ്രവർത്തനം മികച്ചതെന്ന് പറയുന്ന സർവേയിൽ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഘട്ടമുണ്ടായാൽ പോലും ജനങ്ങൾ വീണ്ടും പിണറായി സർക്കാറിനെ അധികാരത്തിൽ എത്തിക്കുമെന്നാണ് സർവേ ഫലം. രണ്ടു വർഷത്തെ സർക്കാറിന്റെ നേട്ടങ്ങളെ അംഗീകരിച്ചു കൊണ്ടാണ് മറുനാടൻ വായനക്കാർ വോട്ടു ചെയ്തത്.

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ശേഷവും സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയും ചെയ്യുന്ന വേളയിലുമാണ് മറുനാടൻ സർവേ സംഘടിപ്പിച്ചത്. 27 ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടു നടത്തിയ സർവേയിൽ ഇടതു തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോലെ എന്തെല്ലാം കാര്യങ്ങൾ ശരിയായി എന്ന അഭിപ്രായം തേടുകയാണ് ചെയ്തത്. പ്രതിപക്ഷത്തെ കൂടി വിലയിരുത്തുന്ന വിധത്തിലായിരുന്നു സർവേ സംഘടിപ്പിച്ചത്. സർവേയുടെ ആദ്യ ഫലമെന്ന നിലയിൽ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളുടെ ഉത്തരം ഇന്നലെ മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു ഫലങ്ങളും ഇന്ന് പുറത്തുവിടുന്നത്.

ഭരണം മികച്ചത്, മുഖ്യമന്ത്രിയുടെ പ്രകടനത്തിനും പാസ് മാർക്ക്

ഭരണത്തിൽ രണ്ട് വർഷം പൂർത്തിയാക്കുന്ന പിണറായി സർക്കാറിനെ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു ആദ്യ ചോദ്യം. വളരെ മികച്ചത്, മികച്ചത്, ശരാശരി, മോശം, വളരെ മോശം എന്നിങ്ങനെ അഞ്ച് ഉത്തരങ്ങളുമാണ് നൽകിയത്. ഈ ചോദ്യത്തിൽ സർക്കാറിന് അനുകൂലമായ ഉത്തരമാണ് പ്രധാനമായും ലഭിച്ചത്. 43 ശതമാനം പേർ പിണറായി സർക്കാർ മികച്ചതാണെന്ന അഭിപ്രായം രേഖപ്പെടുത്തി. 26.6 ശതമാനം പേർ വളരെ മികച്ചതെന്നും 16.4 ശതമാനം പേർ മികച്ചതെന്നും അഭിപ്രായപ്പെട്ടു. അതേസമയം ശരാശരിയെന്ന് 20.9 ശതമാനം പേരും മോശമെന്ന് 16.2 ശതമാനം പേരും അഭിപ്രായപ്പെട്ടു. വളരെ മോശമാണ് പിണറായി സർക്കാറിന്റെ ഭരണമെന്ന് അഭിപ്രായപ്പെട്ടത് 19.9 ശതമാനം പേർ മാത്രമാണ്.

രണ്ടാം വർഷം മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ശോഭിച്ചോ എന്നതായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യത്തിലും പിണറായി മികച്ചു നിന്നുവെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. 43 ശതമാനം ആളുകൾ മുഖ്യമന്ത്രിയെ അനുകൂലിച്ചു. 26.4 ശതമാനം വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ മികച്ചതെന്ന് 16.6 ശതമാനവും ശരാശരിയെന്ന് 18.8 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. 15.4 ശതമാനം ആളുകൾ മോശമെന്നും 22.8 ശതമാനം പേർ മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്നുമാണ് അഭിപ്രായപ്പെട്ടത്. നിരവധി വിമർശനങ്ങൾക്കിടയിലും മുഖ്യമന്ത്രിക്കും ഭരണത്തിനും കിട്ടിയ വോട്ടുകൾ സിപിഎമ്മിന് ആത്മവിശ്വാസം പകരുന്നതാണ്.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന സർക്കാർ

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പിണറായി വിജയൻ സർക്കാറിന്റെ പദ്ധതിക്ക് കഴിയുന്നുണ്ട് എന്ന അഭിപ്രായമാണ് മറുനാടൻ സർവേയിൽ പൊതുവായി ഉയർന്നത്. 46 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തി. എങ്കിലും ഇക്കാര്യത്തിൽ സർക്കാരിന് പൂർണ പിന്തുണ ലഭിച്ചില്ല. 31.7 ശതമാനം പേരാണ് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ സർക്കാറിന് കഴിഞ്ഞെന്ന് അഭിപ്രായപ്പെട്ടത്. ഒരു പരിധിവരെ എന്ന് 14.8 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇനിയും മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 25.9 ശതമാനം പേരാണ്. എന്നാൽ സർക്കാർ പദ്ധതികൾ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് 27.7 ശതമാനം പേർ അഭിപ്രായപ്പെട്ടത്.

ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ അടക്കം ഇടതുമുന്നണിക്ക് അനുകൂലമായി മാറിയ ഒരു ഘടകം മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണമായിരുന്നു. ഇത് സംബന്ധിച്ച ചോദ്യംത്തിൽ പിണറായി സർക്കാറിന് അനുകൂലമായാണ് ഭൂരിപക്ഷം പേരും വോട്ടു ചെയത്ത്. 60.8 ശതമാനം പേർ മുന്നോക്ക സംവരണത്തിന് പച്ചക്കൊടി കാട്ടിയ സർക്കാറിനെ പിന്തുണച്ചു. വേണ്ട എന്ന അഭിപ്രായം 15.5 ശതമാനവും അഭിപ്രായം ഇല്ലെന്ന് 23.7 ശതമാനവും അഭിപ്രായപ്പെട്ടു.

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും എൽഡിഎഫ് തന്നെ അധികാരത്തിൽ

പിണറായി വിജയൻ സർക്കാറിന് അനുകൂലമായി തന്നെയാണ് കേരളത്തിന്റെ മനസ് എന്ന് വ്യക്തമാക്കുന്നതാണ് മറുനാടൻ ഓൺലൈൻ സർവേഫലം. കേരളത്തിലെ പ്രബപമായി പാർട്ടി ഇപ്പോൾ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ വലിയ വിജയം നേടുമെന്ന സൂചനയാണ് മറുനാടൻ സർവേ നൽകുന്നത്. കേരളത്തിലെ കലങ്ങിമറിച്ച രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും എൽഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നത് 46.4 ശതമാനം ആളുകളാണ്. അതേസമയം സൈബർ ലോകത്തെ വോട്ടമാർ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് പ്രവചിച്ചത് എൻഡിഎ മുന്നണിയാണ്. 28.8 ശതമാനം പേരാണ് ബിജെപി മുന്നണിക്ക് അനുകൂലമായി വോട്ടു ചെയ്തത്. ഇത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കരുതൽ എടുക്കേണ്ട സാഹചര്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. 19.1 ശതമാനം ആളുകൾ മാത്രമാണ് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ചത്. പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനുമെതിരെ കടുത്ത ജനവികാരം നിലനിൽക്കുമ്പോൾ തന്നെയാണ് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന വിധത്തിൽ പ്രവചനങ്ങൾ ഉണ്ടാകുന്നതെന്നും ശ്രദ്ധേയമാണ്.

കെഎസ്ആർടിസിയെ രക്ഷിക്കാൻ ഉൾപ്പെടെ സർക്കാർ നടത്തുന്ന നീക്കങ്ങളും വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് കുറ്റമറ്റ രീതിയിൽ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതും സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ഉറച്ച തീരുമാനമെടുത്ത് നടപ്പാക്കിയതുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതാണ്. സ്‌കൂൾ യൂണിഫോറം കൈത്തറിയിലൂടെ നൽകിയതും എൽഡിഎഫിന്റെ മികച്ചൊരു പദ്ധതിയായാണ് വിലയിരുത്തപ്പെട്ടത്. ദേശീയപാതാ വികസനം, എൽഎൻജി പൈപ്പ് ലൈൻ പദ്ധതി, കൂടംകുളം വൈദ്യുതി ലൈൻ പദ്ധതി തുടങ്ങിയവയിലെല്ലാം സർക്കാർ ശക്തമായി ഇടപെട്ടു. ഗെയിൽ പൈപ്പ് ലൈനിന്റെ സ്ഥലമേറ്റെടുക്കൽ പൂർത്തിയായി. റെയിൽവെ, സിവിൽ ഏവിയേഷൻ മേഖലയിൽ വലിയ വികസന കുതിപ്പിന് തുടക്കമിട്ടു.

ഇതെല്ലാം പിണറായി വിജയൻ സർക്കാറിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന കാര്യങ്ങളാണ്. അതുകൊണ്ടു തന്നെയാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്ന് സർവേഫലങ്ങൾ സൂചിപ്പിക്കുന്നതും. മൂന്ന് ദിവസങ്ങളിലായാണ് മറുനാടൻ സർവേയിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. 24030 പേർ വോട്ടെടുപ്പിൽ പങ്കാളികളായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP