Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചത് വിഎസിന്റെ തഴമ്പിൽ കയറിയിരുന്ന്; ഭൂരിപക്ഷം കിട്ടിയപ്പോൾ കപ്പിത്താനെ തള്ളി സ്വയം 'ക്യാപ്ടനായി'; പുകഴ്‌ത്തലുകളിൽ വീണ് വിഎസിനെ പുറന്തള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചരണ നായകനായി; പാർട്ടിയിലെ അതികായ പദവി ഉറപ്പിക്കാൻ പഴയ ഗുരുവിനെ പോസ്റ്ററിൽ നിന്നും ഔട്ടാക്കി; സിപിഎമ്മിനെ രക്ഷിക്കുന്ന 'വി എസ് മാജിക്' മായുമ്പോൾ ക്രൗഡ് പുള്ളറില്ലാതെ തകർന്നടിഞ്ഞ് ഇടതുമുന്നണി

നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചത് വിഎസിന്റെ തഴമ്പിൽ കയറിയിരുന്ന്; ഭൂരിപക്ഷം കിട്ടിയപ്പോൾ കപ്പിത്താനെ തള്ളി സ്വയം 'ക്യാപ്ടനായി'; പുകഴ്‌ത്തലുകളിൽ വീണ് വിഎസിനെ പുറന്തള്ളി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചരണ നായകനായി; പാർട്ടിയിലെ അതികായ പദവി ഉറപ്പിക്കാൻ പഴയ ഗുരുവിനെ പോസ്റ്ററിൽ നിന്നും ഔട്ടാക്കി; സിപിഎമ്മിനെ രക്ഷിക്കുന്ന 'വി എസ് മാജിക്' മായുമ്പോൾ ക്രൗഡ് പുള്ളറില്ലാതെ തകർന്നടിഞ്ഞ് ഇടതുമുന്നണി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി വോട്ടു ചോദിക്കാൻ ഒരു ജനനായകൻ ഉണ്ടായിരുന്നു. വി എസ് എന്ന രണ്ടക്ഷരമായിരുന്നു അത്. വി എസ് വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയായിരുന്നു നിഷ്പക്ഷ വോട്ടർമാരെ വീണ്ടും സിപിഎമ്മിലേക്ക് അടുപ്പിച്ചതും. ഇതോടെ വിഎസിനെ കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിനടന്ന പ്രചരണം നടത്തി. ഒടുവിൽ, വൻ വിജയം നേടിയപ്പോൾ കപ്പിത്താനിൽ നിന്നും സ്റ്റിയറിങ് പിണറായി വിജയൻ പിടിച്ചു വാങ്ങി. വിഎസിനെ വെറും കറിവേപ്പിലയാക്കി ഒതുക്കാനും ശ്രമിച്ചു. ഒടുവിൽ അപമാനിക്കുന്ന ഘട്ടം വന്നപ്പോഴാണ് അദ്ദേഹത്തിന് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ സ്ഥാനം ചോദിച്ചു വാങ്ങേണ്ട അവസ്ഥ വന്നതും.

കുറച്ചു കാലങ്ങളായി സിപിഎമ്മിനെ രക്ഷിച്ചത് വി എസ് അച്യുതാനന്ദനുള്ള ജനപ്രീതി ആയിരുന്നു. ഈ ജനപ്രീതി വോട്ടാക്കി മാറ്റാൻ സാധിച്ചതു കൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ എൽഡിഎഫിന് സാധിച്ചതു. വിഎസിന് കാര്യമായ റോൾ ഇല്ലാത്ത തെരഞ്ഞെടുപ്പായിരുന്നു ഈ ലോക്‌സഭയിലേക്ക് നടന്നത്. സിപിഎമ്മിന്റെ പ്രചരണം സജീവമായി നയിച്ചത് പിണറായി ആയിരുന്നു. സ്ഥാനാർത്ഥികളുടെ പോസ്റ്ററിൽ നിന്നും പോലും വിഎസിന് മാറ്റി നിർത്തി. പകരം ഫ്‌ളക്‌സുകളിൽ ഇടംപിടിച്ചത് കോടിയേരിയുടെയും പിണറായിയുടെയും ചിത്രങ്ങളായിരുന്നു.

താരപ്രചാരകൻ വി എസ് അച്യുതാനന്ദൻ മുന്നിൽ നിന്ന് നയിക്കാത്തൊരു തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. വിഎസിന് പകരം മുഖ്യമന്ത്രിയും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ് ഇക്കുറി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ എൽ.ഡി.എഫിനെ നയിച്ചത്. എൽ.ഡി.എഫ് പ്രവർത്തകർ ഇക്കുറി പിണറായി വിജയനെ വിളിച്ചിരുന്നത് 'ക്യാപ്റ്റൻ' എന്നായിരുന്നു. എന്നാൽ, ക്യാപ്ടൻ വേണ്ട വിധത്തിൽ ശോഭിക്കാതെ വന്നതോടെയും മർക്കട മുഷ്ടി നേരിടേണ്ടി വന്നതോടെയും വലിയ തോൽവിയാണ് ഇടതു മുന്നണിക്ക് നേരിടേണ്ടി വന്നത്.

വി എസ് മുന്നിൽ നിന്ന് നയിക്കാതിരുന്ന ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ കാത്തിരുന്നത് വൻതോൽവി സിപിഎമ്മിന് ഒരു ക്രൗഡ് പുള്ളർ ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചു. വി എസ് മാജിക്കിന് പകരമാകാൻ പിണറായി വിജയന് സാധിച്ചില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതേതര രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരെല്ലാം അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് സിപിഐ.എമ്മിനോടൊപ്പം, ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിന്നിട്ടും തെരഞ്ഞെടുപ്പ് വിജയത്തിലേക്കെത്താൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല.

ശബരിമലയെ മുൻനിർത്തി ബിജെപി വലിയ പ്രചരണം സംസ്ഥാനത്ത് അഴിച്ചു വിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയപ്പോൾ, സിപിഐ.എമ്മിന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ തന്നെ വീഴ്ചകൾ സംഭവിച്ചിരുന്നു. പൊന്നാനിയിൽ പി.വി അൻവറിനെയും വടകരയിൽ പി. ജയരാജനെയും ഇടുക്കിയിൽ ജോയ്സ് ജോർജിനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചപ്പോൾ തന്നെ സാമൂഹ്യ ഇടതുപക്ഷത്തെ നഷ്ടപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഉയർന്ന ശബ്ദങ്ങളെയൊന്നും വിലക്കെടുക്കാതെ ഈ സ്ഥാനാർത്ഥികളുമായി പ്രചരണം ആരംഭിക്കുകയാണ് സിപിഐഎം ചെയ്തത്. ഇതോടെ ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തോടൊപ്പം നിന്ന മതേതര-സാമൂഹ്യ ഇടതുപക്ഷം സിപിഐഎമ്മിനെ കയ്യൊഴിഞ്ഞിരുന്നു.

ഈ സ്ഥാനാർത്ഥികൾക്കെതിരെ ഉയർന്ന ചർച്ചകളിൽപ്പെട്ട് എന്തുകൊണ്ട് കോൺഗ്രസിനും ബിജെപിക്കും എതിരെ തങ്ങളെ എന്തുകൊണ്ട് തെരഞ്ഞെടുക്കണമെന്ന് പറയാൻ സിപിഐ.എമ്മിന് സാധിച്ചില്ല. ശബരിമല വിഷയത്തിൽ തങ്ങൾ വിശ്വാസികളോടൊപ്പമാണെന്ന് വീണ ജോർജ് അടക്കമുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിനിടെ പറയുന്ന സാഹചര്യമുണ്ടായി. ഇതോടെ ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാട് പൂർണ്ണമനസോടെ ആയിരുന്നില്ലെന്ന പ്രതീതി ഉണ്ടാവുകയും ചെയ്തു. രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ് കൺവീനറുടെ പ്രസ്താവനയും എൽ.ഡി.എഫിന് വലിയ ക്ഷീണമാണ് സമ്മാനിച്ചത്.

ഈ സാഹചര്യങ്ങളെ മുൻകൂട്ടികണ്ട് മുന്നണിയെ നയിക്കാൻ എൽ.ഡി.എഫിനെ നയിച്ച പിണറായി വിജയന് കഴിഞ്ഞില്ല എന്നത് തന്നെയാവും വരും ദിവസങ്ങളിൽ ഉണ്ടാവാനിടയുള്ള ചർച്ച. കഴിഞ്ഞ തവണ നേടിയ എട്ട് സീറ്റിൽ നിന്ന് ഒരു സീറ്റിലേക്ക് ഒതുങ്ങിയത് സ്വാഭാവികമായും പാർട്ടി കമ്മറ്റികളിൽ ചർച്ചയാവും.അതേ സമയം ബിജെപിയെ തടഞ്ഞു നിർത്തുന്നതിന് വേണ്ടി കേരളം സ്വീകരിച്ച ജാഗ്രതയുടെ ഭാഗമായാണ് എൽ.ഡി.എഫിന് ക്ഷീണം സമ്മാനിച്ച ഫലം ഉണ്ടായതെന്നാവും പിണറായി ക്യാമ്പിന്റെ വാദം.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവും ഇടതു മുന്നണിക്ക് തിരിച്ചടിയായി. ശബരിമല പ്രശ്‌നത്തിൽ ഇടതുപക്ഷം പുലിവാലു പിടിച്ചതിനിടയിലാണ് രാഹുൽ ഈ അപ്രതീക്ഷിത നീക്കത്തിലൂടെ ഇടതുപക്ഷത്തിനെ ഞെട്ടിച്ചത്. ശബരിമല പ്രശ്‌നത്തിൽ സിപിഎമ്മിന്റെ വോട്ട് ബാങ്കിലുണ്ടുായ വിള്ളൽ, മോദി സർക്കാരിനെതിരെ കോൺഗ്രസ്സിനനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം , പ്രളയം , രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം എന്നീ ഘടകങ്ങളാണ് ഇടതുപക്ഷത്തിന്റെ ഈ വൻവീഴ്ചയ്ക്ക് പിന്നിൽ.

പാലക്കാട് എം ബി രാജേഷിനെതിരെ കോൺഗ്രസ്സിന്റെ വി കെ ശ്രികണ്ഠൻ നടത്തിയ വന്മുന്നേറ്റമാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി. വടകരയിൽ പി ജയരാജൻ പിന്നിലായതുപോലും പാലക്കാട്ടെ അട്ടിമറിക്ക് മുന്നിൽ ഒന്നുമല്ല. ഏതുറക്കത്തിലും സഖാവ് കോടിയേരിയോട് ചോദിച്ചാൽ അദ്ദേഹം ഉറപ്പിച്ചു പറയുമായിരുന്ന സീറ്റായിരുന്നു പാലക്കാട്. അവിടെ ശ്രികണ്ഠൻ രാജേഷിന് ഒത്തൊരു എതിരാളിയല്ലെന്ന് കോൺഗ്രസ്സുകാർ പോലും കരുതിയിരുന്നു. പാലക്കാട്ട് രാജേഷ് വീണതോടെ യുഡിഎഫ് തരംഗം പകൽ പോലെ വ്യക്തമാവുകയായിരുന്നു.

വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ ഇടതുപക്ഷത്തിന് തുടക്കത്തിൽ പ്രതീക്ഷകളേറെയായിരുന്നു. പൊതുവെ മികച്ച സ്ഥാനാർത്ഥികളെയാണ് ഇടതുപക്ഷം രംഗത്തിറക്കിയത്. എന്തു വിലകൊടുത്തും യു ഡിഎഫിനെ നേരിടണമെന്ന പിണറായിയുടെ നിലപാടാണ് നാല് സിപിഎം എൽ എ മാരുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഫലിച്ചത്. വടകരയിൽ ജയരാജന് എതിരെ കോൺഗ്രസ്സിന് സ്ഥാനാർത്ഥികളില്ല എന്നൊരു നിലവരെ ആദ്യമുണ്ടായി. പക്ഷേ, കോൺഗ്രസ് ഇടതുപക്ഷത്തെ ഞെട്ടിച്ചു. വടകരയിൽ മുരളീധരൻ വന്നു. ആറ്റിങ്ങലിൽ അടൂർ പ്രകാശ് കളത്തിലിറങ്ങി .എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡൻ , കാസർകോട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ , കണ്ണൂരിൽ കെ സുധാകരൻ - കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥികൾ എണ്ണം പറഞ്ഞവരായിരുന്നു. ഇവരെല്ലാം വിജയിച്ചു കയറുന്ന അവസ്ഥയും സംജാതമായപ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP