Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പെരുന്ന നായരായി' പത്തനംതിട്ടയിൽ നിറഞ്ഞപ്പോൾ പ്രശ്‌നം തുടങ്ങി; സുകുമാരൻ നായരുടെ 'താക്കോൽ സ്ഥാനത്തിന്' പിന്നിലെ ബുദ്ധി കേന്ദ്രമായപ്പോൾ കൂടുതൽ അകന്നു; ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയതോടെ ശത്രുത ഇരട്ടിച്ചു; സുധീരനെ കെപിസിസി അധ്യക്ഷനാക്കിയതും രാജ്യസഭാ ഉപാധ്യക്ഷന്റെ ബുദ്ധി; നേതാവ് കളിക്കളം ഡൽഹിയിലേക്ക് മാറ്റുമ്പോൾ മുഖ്യ ശത്രുവിന്റെ കിടപ്പാടം ഇല്ലാതാക്കിയ പ്രതികാരം; രാജ്യസഭാ സീറ്റിലെ വിട്ടുവീഴ്ചയ്ക്ക് പിന്നിൽ പിജെ കുര്യനും ഉമ്മൻ ചാണ്ടിയും തമ്മിലെ വൈരാഗ്യമോ?

'പെരുന്ന നായരായി' പത്തനംതിട്ടയിൽ നിറഞ്ഞപ്പോൾ പ്രശ്‌നം തുടങ്ങി; സുകുമാരൻ നായരുടെ 'താക്കോൽ സ്ഥാനത്തിന്' പിന്നിലെ ബുദ്ധി കേന്ദ്രമായപ്പോൾ കൂടുതൽ അകന്നു; ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയതോടെ ശത്രുത ഇരട്ടിച്ചു; സുധീരനെ കെപിസിസി അധ്യക്ഷനാക്കിയതും രാജ്യസഭാ ഉപാധ്യക്ഷന്റെ ബുദ്ധി; നേതാവ് കളിക്കളം ഡൽഹിയിലേക്ക് മാറ്റുമ്പോൾ മുഖ്യ ശത്രുവിന്റെ കിടപ്പാടം ഇല്ലാതാക്കിയ പ്രതികാരം; രാജ്യസഭാ സീറ്റിലെ വിട്ടുവീഴ്ചയ്ക്ക് പിന്നിൽ പിജെ കുര്യനും ഉമ്മൻ ചാണ്ടിയും തമ്മിലെ വൈരാഗ്യമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് കൈമാറിയ കോൺഗ്രസ് തീരുമാനത്തിന് പിന്നിൽ പകതീർക്കലോ? കെ കരുണാകരനെ ചാരക്കേസിൽ കുടുക്കി പുറത്താക്കിയ അതേ ബുദ്ധിയാണ് തനിക്കെതിരേയും പ്രവർത്തിച്ചതെന്നാണ് പിജെ കുര്യൻ വിലയിരുത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ നീക്കം തകർക്കുന്നത് കോൺഗ്രസിനെയാണ്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്കെതിരെ മുന്നിൽ നിന്ന് പടവെട്ടാൻ കുര്യൻ കേരളത്തിൽ തന്നെയുണ്ടാകും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തെ ചില ഇടപെടലുകളാണ് കുര്യനെ ഉമ്മൻ ചാണ്ടിയുടെ ശത്രുസ്ഥാനത്ത് നിർത്തുന്നത്.

എൻഎസ് എസ് ജനറൽ സെക്രട്ടറിയുടെ അതിവിശ്വസ്തനായ സുഹൃത്താണ് പിജെ കുര്യൻ. ഈ അടുപ്പമാണ് കുര്യനെ കഴിഞ്ഞ തവണ രാജ്യസഭാ എംപിയാക്കിയത്. കുര്യനെ എംപിയാക്കാതിരിക്കാൻ അന്നും ഉമ്മൻ ചാണ്ടി കരുക്കൾ നീക്കി. എന്നാൽ സുകുമാരൻ നായർ കുര്യനായി രംഗത്ത് വന്നു. നായർ നേതാവിനെ എംപിയാക്കണമെന്ന വാദമുയർത്തിയാണ് അന്ന് ഉമ്മൻ ചാണ്ടി കുര്യനെ തടയാൻ ശ്രമിച്ചത്. എന്നാൽ കുര്യനെ നായന്മാരുടെ സുഹൃത്തായി സുകുമാരൻ നായർ അവതരിപ്പിച്ചതോടെ കണക്ക് കൂട്ടൽ തെറ്റി. ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിയുടെ പല നീക്കങ്ങളേയും ചെറുത്തത് കുര്യനായിരുന്നു. വി എം സുധീരനെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിലും കുര്യൻ നിർണ്ണായക ഇടപെടൽ നടത്തിയും ഈ നേതാവായിരുന്നു. ഇതെല്ലാമാണ് തന്നോടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന് കാരണമെന്നാണ് കുര്യൻ അടുത്ത അനുയായികളോട് പറയുന്നത്.

71 സീറ്റുമായി ഉമ്മൻ ചാണ്ടി അധികാരത്തിലെത്തുമ്പോഴും കടിഞ്ഞാൺ മുഖ്യമന്ത്രിയുടെ കൈയിലായിരുന്നു. ഇതിനിടെയാണ് കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാൻ നീക്കമെത്തുന്നത്. താക്കോൽ സ്ഥാനത്ത് നായരില്ലെന്ന സുകുമാരൻ നായരുടെ പരാമർശം കുര്യന്റെ അറിവോടെയായിരുന്നുവെന്നാണ് എ ഗ്രൂപ്പ് വിലയിരുത്തുന്നത്. അതി വിദഗ്ധമായി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഉമ്മൻ ചാണ്ടി ആഭ്യന്തരമന്ത്രിയാക്കി. അപ്പോഴും സുകുമാരൻ നായർ തൃപ്തനായില്ല. ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയാലോ പ്രശ്‌ന പരിഹാരമുണ്ടാകൂവെന്ന് കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ ധരിപ്പിച്ചത് കുര്യനായിരുന്നു. ചെന്നിത്തലയെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾക്ക് ഡൽഹിയിൽ ചരടു വലിച്ചത് കുര്യനായിരുന്നു. ഇത് ഉമ്മൻ ചാണ്ടിക്ക് ഏറെ നഷ്ടമുണ്ടാക്കി. സോളാറും അന്വേഷണവുമെല്ലാം അതിന്റെ തുടക്കമായിരുന്നു. ഇത് ഉമ്മൻ ചാണ്ടിയും കുരന്യും തമ്മിലുള്ള ശത്രുത കൂട്ടി.

ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോൾ ജി കാർത്തികേയനെ കെപിസിസി അധ്യക്ഷനാക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം. അതിനെ വി എം സുധീരനെ ഇറക്കി വെട്ടിയതും കുര്യനായിരുന്നു. സുധീരനെ രാഹുൽ ഗാന്ധിയുമായി അടുപ്പിച്ചതും കുര്യനായിരുന്നു. സുധീരന് രാഹുലുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തതും കുര്യന്റെ ഇടപെടലുകളായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷനെന്ന നിലയിലെ സ്വീകാര്യത കഴിഞ്ഞ അഞ്ചു കൊല്ലവും ഉമ്മൻ ചാണ്ടിയെ വെട്ടിയൊതുക്കാൻ കുര്യൻ ഉപയോഗിച്ചു. പത്തനംതിട്ടിയൽ ചാണ്ടി ഉമ്മനെ ലോക്‌സഭാ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും കുര്യൻ ഒരു ഘട്ടത്തിലും അനുകൂലിച്ചില്ല. സോളാറിൽ ചാണ്ടി ഉമ്മൻ കുടുങ്ങിയപ്പോൾ കുര്യന്റെ നീക്കങ്ങൾ പൂർണ്ണതയിലുമെത്തി.

പത്ത് വർഷമായി ഡൽഹി കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിക്കെതിരെ പ്രവർത്തിക്കുകയായിരുന്നു കുര്യൻ എന്നാണ് എ ഗ്രൂപ്പ് വിലയിരുത്തിയിരുന്നത്. ഇത് മൂലം രാഹുലുമായി പോലും ഉമ്മൻ ചാണ്ടി തെറ്റി. ഒടുവിൽ ഉമ്മൻ ചാണ്ടി ഡൽഹിക്ക് പോകുന്നു. താൻ എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഡൽഹിയിലെത്തുമ്പോൾ അവിടെ കുര്യൻ ഉണ്ടാകരുത്. ഇതാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിന് പിന്നിൽ. കുര്യൻ ഡൽഹിയിലെ കിടപ്പാടവും നഷ്ടമായി. ഇനി ഡൽഹിയിൽ കരുക്കൾ നീക്കാൻ കുര്യനുണ്ടാകില്ല. ഇത് ഉമ്മൻ ചാണ്ടിയുടെ പ്രതികാരത്തിന്റെ വിജയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് കെ.എം. മാണിക്കു മധ്യസ്ഥർ നൽകിയ ഉറപ്പാണു രാജ്യസഭാ സീറ്റിന്റെ രൂപത്തിൽ നൽകുന്നത്. അന്നു പാലായിൽ ചർച്ചയ്ക്കെത്തിയ യു.ഡി.എഫ്. നേതാക്കൾക്കു മുന്നിൽ മാണി ഉന്നയിച്ച പ്രധാന ഉപാധികളിലൊന്ന് രാജ്യസഭാ സീറ്റായിരുന്നു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു കൈയോടെ സമയം നിശ്ചയിക്കുകയും ചെയ്തു. കേരളാ കോൺഗ്രസി(എം)നു രാജ്യസഭയിലേക്കു വഴിതെളിക്കാനാണു പി.ജെ. കുര്യനെതിരേ യുവ എംഎ‍ൽഎമാരെക്കൊണ്ടു ചുടുചോറു വാരിച്ചത്. ഇതിന് പിന്നിലും ഉമ്മൻ ചാണ്ടിയുടെ ബുദ്ധിയായിരുന്നു. വിഷ്ണുനാഥിന് സീറ്റ് വാങ്ങി നൽകുമെന്ന പ്രതീതിയും സൃഷ്ടിച്ചു. എന്നാൽ ചെങ്ങന്നൂർ പാക്കേജി'ന്റെ ഉപജ്ഞാതാവെന്ന നിലയിലാണു രാജ്യസഭാ സീറ്റിനു മാണിക്ക് അവകാശമുണ്ടെന്ന വാദമുയർത്തി കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. ഇത് രമേശ് ചെന്നിത്തലയ്ക്ക് അംഗീകരിക്കേണ്ടിയും വന്നു.

പി.ജെ. കുര്യൻ അവകാശവാദം ഉയർത്താതിരിക്കാനായി കോൺഗ്രസിൽ യുവകലാപം ഉണ്ടാക്കിയതും ഇതിന്റെ ഭാഗമായാണ്. ഷാഫി പറമ്പിലാണു കുര്യന്റെ സ്ഥാനാർത്ഥിത്വത്തിനെതിരേ ആദ്യം രംഗത്തുവന്നത്. വി.ടി. ബൽറാം, ഹൈബി ഈഡൻ, അനിൽ അക്കര എന്നിവർ ഇത് ഏറ്റുപിടിച്ചു. ഒരു രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ പതിവുള്ളതായിരുന്നില്ല ആ കലാപം. കുര്യനെപ്പോലെ ഹൈക്കമാൻഡിനു വേണ്ടപ്പെട്ട നേതാവിനെ മാറ്റണമെന്നു നേരിട്ടു പറയാൻ യുവ നേതാക്കൾക്ക് ധൈര്യം പകർന്നതും ഉമ്മൻ ചാണ്ടിയാണെന്ന വാദമാണ് കോൺഗ്രസിൽ സജീവമാകുന്നത്.

കോൺഗ്രസിൽ മധ്യകേരളത്തിലെ പ്രധാന നേതാവാണ് ഉമ്മൻ ചാണ്ടി. സഭകളും സമുദായങ്ങളുമായി അത്മബന്ധമുള്ള നേതാവ്. എന്നാൽ പത്തനംതിട്ടയിൽ ഉമ്മൻ ചാണ്ടിയുടെ മേൽകോയ്മ കുര്യൻ അംഗീകരിച്ചിരുന്നില്ല. തിരുവല്ലയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസഫ് എം പുതുശ്ശേരിയെ നിശ്ചയിച്ചതിനെ കുര്യൻ തുറന്നെതിർത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോൽവിക്കായി പുതുശ്ശേരി ശ്രമിച്ചുവെന്ന വാദമാണ് കുര്യൻ സജീവമാക്കിയത്. ഒടുവിൽ കുര്യന് മുമ്പിൽ മാപ്പു പറഞ്ഞാണ് മത്സരിക്കാൻ പുതുശ്ശേരി എത്തിയത്. എന്നിട്ടും പുതുശ്ശേരി ജയിച്ചില്ല. ഇതോടെ കേരളാ കോൺഗ്രസും കുര്യനും തമ്മിലും ഭിന്നത രൂക്ഷമായി. ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് പത്തനംതിട്ടയിൽ പാർട്ടിയെ നിയന്ത്രിച്ച കുര്യൻ ഉമ്മൻ ചാണ്ടിയുടെ കണ്ണിലെ കരടുമായി.

കോട്ടയം പോലെ പത്തനംതിട്ടിയിലും ഉമ്മൻ ചാണ്ടിക്ക് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. ആന്റോ ആന്റണിയെ മാറ്റി ചാണ്ടി ഉമ്മനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാൻ പോലും ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു. ഇതിനേയും കുര്യൻ അനുകൂലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിനാണെന്ന് വ്യക്തമായപ്പോൾ പരസ്യ പ്രതികരണവുമായി കുര്യൻ രംഗത്ത് വന്നത്. സമാനമായ സംഭവത്തിന് കോൺഗ്രസ് സാക്ഷ്യം വഹിച്ചത് 1994 ൽ കരുണാകരന്റെ കാലത്തായിരുന്നു. ഘടകകക്ഷിയായ മുസ്ലിംലീഗിന് സീറ്റ് നൽകിയതിന് എതിരേ അതിശക്തമായ പ്രതിരോധം ഉയർത്തി രംഗത്ത് വന്ന ഉമ്മൻ ചാണ്ടി അന്ന് മന്ത്രിസഭയിൽ നിന്നും രാജിവച്ചാണ് പ്രതിഷേധിച്ചത്. അനായാസം കിട്ടുമായിരുന്ന രണ്ടു സീറ്റുകൾ എ-ഐ ഗ്രൂപ്പുകളുടെ തമ്മിലടിയെ തുടർന്ന് കരുണാകരൻ സീറ്റുകൾ മുസ്ലിംലീഗിന് കൊടുത്തു.

ലീഗിന്റെ അബ്ദുസ്സമദ് സമദാനി രാജ്യസഭയിലെത്തി. ഉമ്മൻ ചാണ്ടി ഉൾപ്പെട്ട എ ഗ്രൂപ്പിന്റെ ഡോ. എം.എ. കുട്ടപ്പനായിരുന്നു പിന്മാറേണ്ടി വന്നത്. രാജ്യസഭാ സീറ്റ് ലീഗിന് വിട്ടുകൊടുത്ത കരുണാകരൻ പത്രിക നൽകിയ ശേഷമായിരുന്നു എംഎ കുട്ടപ്പനെ കൊണ്ടു പിൻ വലിപ്പിച്ചത്. തീരുമാനത്തോട് ധനമന്ത്രിസ്ഥാനം രാജിവച്ചായിരുന്നു ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. ശക്തമായ ഗ്രൂപ്പിസത്തിനായിരുന്നു സംഭവം വഴി വെച്ചത്. കേരളത്തിൽ നിന്നും വയലാർ രവിക്കൊപ്പം സമദാനി സഭയിലെത്തി. സിപിഎമ്മിന്റെ ഇ. ബാലാനന്ദനായിരുന്നു ഇവർക്കൊപ്പം രാജ്യസഭയിലെത്തിയ മൂന്നാമൻ. അന്ന് മന്ത്രിസ്ഥാനം രാജിവെച്ച് ഹീറോ പരിവേഷം കിട്ടിയ ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ വില്ലന്റെ പരിവേഷമാണ്. 1994ലെ പ്രശ്‌നമുയർത്തി കരുണാകരനെ ഒതുക്കിയതും ഉമ്മൻ ചാണ്ടിയായിരുന്നു.

യുഡിഎഫിന്റെ പൊതുതാൽപ്പര്യം കണക്കിലെടുത്തുള്ള തീരുമാനം എന്നാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയൂം ന്യയീകരിക്കുന്നതെങ്കിലും സംസ്ഥാന നേതൃത്വം ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് പിജെ കുര്യന്റെ ആരോപണം. കോൺഗ്രസിലെ ഇപ്പോഴത്തെ യുവ കലാപത്തിന്റെ സൃഷ്ടാവും ഉമ്മൻ ചാണ്ടിയാണെന്നും പിജെ കുര്യൻ പറഞ്ഞു. എല്ലാത്തിനും ഉമ്മൻ ചാണ്ടിയെ കുറ്റപ്പെടുത്താനും കുര്യൻ മടിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP