Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഎസിനെ തോൽപ്പിക്കാൻ നാല് മുതിർന്ന ഐപിഎസുകാരും ആറ് എസ്‌പിമാരും 12 ഡിവൈഎസ്‌പിമാരും അടങ്ങുന്ന പ്രത്യേക പൊലീസ് സെൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്; വെള്ളാപ്പള്ളിക്കും വ്യവസായ പ്രമുഖനും ഒത്താശ ചെയ്യുന്നത് പൊലീസ് സെൽ തന്നെ

വിഎസിനെ തോൽപ്പിക്കാൻ നാല് മുതിർന്ന ഐപിഎസുകാരും ആറ് എസ്‌പിമാരും 12 ഡിവൈഎസ്‌പിമാരും അടങ്ങുന്ന പ്രത്യേക പൊലീസ് സെൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്; വെള്ളാപ്പള്ളിക്കും വ്യവസായ പ്രമുഖനും ഒത്താശ ചെയ്യുന്നത് പൊലീസ് സെൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായം 93ൽ എത്തിയെങ്കിലും വി എസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയക്കാരിനെ എപ്പോഴും ആവേശത്തിലാക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ തന്നെയാണ്. സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ അതിനെ കവച്ചുവെക്കാൻ വേണ്ടി ഒരടി പിന്നോട്ടു വച്ച് രണ്ടടി മുന്നോട്ടു വെക്കുന്ന ശൈലിയാണ് വി എസ് പിന്തുടരുന്നത്. ഇത്തവണ എൽഡിഎഫിന് അധികാരം തിരിച്ചു പിടിച്ചു നൽകുക എന്ന ദൗത്യമാണ് വിഎസിൽ നിക്ഷിപ്തമായത്. എന്നാൽ, അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാട്ടം നടത്തുന്ന വി എസ് അച്യുതാനന്ദൻ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ ആരെങ്കിലും ഭയക്കുന്നുണ്ടോ? ഉണ്ടെന്ന് തന്നെ കരുതേണ്ടി വരും. അതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരെ മലമ്പുഴ നിയോജക മണ്ഡലത്തിൽ വിവാദ പുരുഷന്മാർ എല്ലാവരും ചേർന്ന് ഒരുമിക്കുന്ന അവസ്ഥയിലൂടെ വ്യക്തമാകുന്നത്.

യുഡിഎഫിലെ ഒരു വിഭാഗം വിഎസിനെ തോൽപ്പിക്കാൻ സർവ്വസന്നാഹങ്ങളുമായി മണ്ഡലത്തിലുണ്ട്. ഇവിടെ വെള്ളാപ്പള്ളിയെയും ബിജെപിയെയും കൂട്ടുപിടിച്ചാണ് വിഎസിനെ തോൽപ്പിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നത്. ഇതിനായി പൊലീസിലെ ഒരു സെൽ തന്നെ പ്രവർത്തിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വി എസ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയാൽ പല ഉദ്യോഗസ്ഥർക്കും അത് തലവേദനയാണ്. ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടി അദ്ദേഹത്തിന്റെ തോൽവി ഉറപ്പാക്കാൻ പ്രത്യേക പൊലീസ് സെൽ പ്രവർത്തിക്കുന്നു എന്ന വാർത്ത മംഗളം റിപ്പോർട്ട് ചെയ്തു.

നാല് ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് വിഎസിനെ തോൽപ്പിക്കാനുള്ള പൊലീസ് സെല്ലിന്റെ പ്രവർത്തമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൽ. ഇവരെ സഹായിക്കാൻ ആറ് എസ്‌പിമാരും 12 ഡിവൈ.എസ്‌പിമാരും അടങ്ങുന്ന സംഘവുമുണ്ട്. സെല്ലിന്റെ നീക്കങ്ങൾക്കു പിന്നിൽ മന്ത്രിസഭയിലെ ഒരംഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ, തലസ്ഥാനത്തെ വീട്ടിൽ അതീവരഹസ്യമായി യോഗം ചേർന്ന് ഇവർ തന്ത്രങ്ങൾക്കു രൂപം നൽകിയതായാണു സൂചന. സെല്ലിനു പ്രത്യേക രാഷ്ട്രീയ ചായ്‌വില്ലെന്നു പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്നവരാണ്. വി എസ്. മുഖ്യമന്ത്രിയായാൽ ഉദ്യോഗസ്ഥരുടെ താൽപ്പര്യങ്ങൾക്കു ഹാനികരമാകുമെന്നാണ് ഇവർ പൊതുവെ വിലയിരുത്തുന്നത്. അതു സംഭവിക്കാതിരിക്കണമെങ്കിൽ ഒന്നുകിൽ വി എസ്. തോൽക്കണം. അല്ലെങ്കിൽ എൽ.ഡി.എഫ്. പരാജയപ്പെടണം. ഇപ്പോഴത്തെ സാഹചര്യത്തിൽ എൽഡിഎഫ് തന്നെ അധികാരത്തിൽ എത്തും. എന്നാൽ, ഇങ്ങനെ സംഭവിച്ചാൽ വി എസ് മുഖ്യമന്ത്രി ആകരുതെന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹത്തെ മലമ്പുഴയിൽ തോൽപ്പിക്കാൻ തീവ്ര ശ്രമങ്ങൾ ആരംഭിച്ചത്.

മലമ്പുഴയിൽ വി എസ്. തോൽക്കുമെന്നും ബി.ഡി.ജെ.എസ്. നേതാവ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ വി.എസിനെതിരേ ശക്തമായ പ്രചാരണം നടക്കുന്നുണ്ടെന്നൃമുള്ള റിപ്പോർട്ട് തന്നെ അദ്ദേഹത്തിനെതിരായുള്ള നീക്കങ്ങളുടെ ഭാഗമാണ്. ചുരുക്കത്തിൽ മത-സാമുദായിക-വ്യവസായ ഉന്നതരുടെ നേതൃത്വത്തിലാണ് ഗൂഢാലോചനകൾ കൊഴുക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും ബദൽ തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും പൊലീസിന്റെ ഭാഗത്തുനിന്ന് ആവുന്നതെല്ലാം ചെയ്യുന്നതിനാണ് ഇത്തരമൊരു സെൽ രൂപീകരിച്ചതെന്നാണ് മംഗളം വാർത്തയിൽ പറയുന്നത്.

എന്നാൽ തന്റെ ശത്രുക്കളെല്ലാം മലമ്പുഴയിൽ ഒന്നിക്കുന്നതായി വിഎസിനും വ്യക്തമായി ബോധ്യമുണ്ട്. മലമ്പുഴയിൽ അടിതെറ്റിച്ച് തന്നെ നാണം കെടുത്തി തെരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് ഇറക്കാനാണ് അവരുടെ ശ്രമമെന്ന് വി എസ് തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ കണ്ണും കാതും തുറന്ന് പാർട്ടി ഉണ്ടാകണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

വിഎസിനെ ശത്രുസ്ഥാനത്ത് കാണുന്ന രണ്ട് വ്യവസായികളായ ചാക്ക് രാധാകൃഷ്ണനും ബോബി ചെമ്മണ്ണൂരും അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന വാർത്ത നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. മലബാർ സിമന്റിലെ തട്ടിപ്പുകൾ പുറത്തു കൊണ്ടു വരാൻ മുന്നിൽ നിന്ന വിഎസിനോട് രാധാകൃഷ്ണനുള്ള സമീപനം രാഷ്ട്രീയ കേരളം പലതവണ ചർച്ച ചെയ്തതാണ്. പാലക്കാട് സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ പരസ്യം കൊടുക്കാൻ പോലും കഴിയുന്ന ബന്ധം രാധാകൃഷ്ണന് സിപിഎമ്മിലുണ്ട്. ഇതിനെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത വ്യക്തിയാണ് വി എസ്.

ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പ് കഥകളും പുറം ലോകത്ത് എത്തിയതിന് പിന്നിൽ വിഎസിന്റെ ഇടപെടലുകളുണ്ട്. കൺറ്റോൺമെന്റ് ഹൗസിൽ തന്നെ കാണാനെത്തി ബോബി ചെമ്മൂണ്ണൂരിനെ തിരിച്ചയച്ചതും വലിയ പ്രാധാന്യം നേടിയിരുന്നു. ഈ രണ്ട് ശക്തികളുമാണ് മലമ്പുഴയിൽ വിഎസിനെ വെട്ടി നിരത്താൻ ഒരുമിക്കുന്നത്. എന്നാൽ ഇത്തരം നീക്കങ്ങൾക്ക് ഒരു പിന്തുണയും നൽകില്ലെന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശം സിപിഐ(എം) ജില്ലാ നേതൃത്വത്തിനും അണികൾക്കും സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്. ഇതു മനസ്സിലാക്കിയാണ് ബോബി ചെമ്മണ്ണൂരിനെ കൂട്ടുപിടിച്ച് ചാക്ക് രാധാകൃഷ്ണന്റെ നീക്കമെന്നാണ് സൂചന.

മലമ്പുഴയിൽ ഈഴവ വോട്ടുകൾക്കൊപ്പം പ്രാധാന്യം തമിഴ് വോട്ടുകൾക്കുമുണ്ട്. മൂന്നാറിലും മറ്റും സ്ത്രീ തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ട് വിഎസിനെ പാവപ്പെട്ട തമിഴ് തോട്ടം തൊഴിലാളികൾ തങ്ങളുടെ നേതാവിനെ പോലെയാണ് കാണുന്നത്. വിഎസിന് ഉറപ്പായും ലഭിക്കേണ്ട ഈ വോട്ടുകൾ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം കാട്ടി എഐഎഡിഎംകെ പെട്ടിയിലെത്തിക്കാനാണ് നീക്കം. ബോബി ചെമ്മണ്ണൂരിന്റെ അറിവോടെ ചാക്ക് രാധാകൃഷ്ണനാണ് എഐഎഡിഎംകെ സ്ഥാനാർത്ഥിയെ മലമ്പുഴയിൽ എത്തിച്ചതെന്നാണ് വി എസ് പക്ഷത്തിന്റെ നിഗമനം. വെള്ളാപ്പള്ളി നടേശനുമായും വി എസ് രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിലാണ്. മലമ്പുഴയിൽ കൃഷ്ണകുമാറെന്ന ബിജെപി സ്ഥാനാർത്ഥിക്ക് എൻഡിഎ ഘടകകക്ഷി കൂടിയായ വെള്ളാപ്പള്ളി വോട്ട് എത്തിക്കും. ഇതിനൊപ്പം തമിഴരെ കൂടെ വിഎസിന്റെ ക്യാമ്പിൽ നിന്ന് അകറ്റിയാൽ പണി കൊടുക്കാമെന്നാണ് ചാക്ക് രാധാകൃഷ്ണനും സംഘവും കരുതുന്നതെന്ന് വി എസ് പക്ഷം വിലയിരുത്തുന്നു.

അതേസമയം വിഎസിന്റെ രാഷ്ട്രീയ ശത്രുക്കൾ ഒരുമിക്കുമ്പോൾ അതിനെ നേരിടാണ് വേണ്ടി വിഎശ് ആരാധകരും സിപിഐ(എം) പ്രവർത്തകരും ഒരുങ്ങിക്കഴിഞ്ഞു. ചാക്കിന്റേയും ബോബി ചെമ്മണ്ണൂരിന്റേയും ഗുഡ നീക്കത്തെ ചെറുക്കാനുള്ള സംഘടനാ ശക്തി മലമ്പുഴയിൽ സിപിഎമ്മിനുണ്ട്. എന്നാൽ ഒറ്റക്കെട്ടായ പ്രവർത്തനം അതിന് അനിവാര്യമാണ്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് മത്സരിക്കുന്ന ആരും തൊണ്ണൂറ്റി മൂന്നാം വയസ്സിൽ പാർട്ടിക്കായി അക്ഷീണം പ്രവർത്തിക്കുന്ന വിഎസിനെ തോൽപ്പിക്കാൻ എത്തുമെന്ന് കരുതുന്നുമില്ല. പക്ഷേ മുൻകരുതലെന്നോണം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ വി എസ് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ചാക്കിന്റേയും ബോബി ചെമ്മണ്ണൂരിന്റേയും കള്ളക്കളികളിൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെടും. തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരകനായതിനാൽ മലമ്പുഴയിൽ പൂർണ്ണ സമയം ചെലവഴിക്കാൻ വിഎസിന് കഴയില്ല. ഈ അവസരം മുതലെടുക്കാനാണ് ചാക്കും ബോബിയും ശ്രമിക്കുന്നതെന്നാണ് വിഎസിന്റെ വിലയിരുത്തൽ.

മുഖ്യമന്ത്രിയായിരിക്കെ വിഎസിന്റെ ഇടപെടലിലൂടെ ചില മുതലാളിമാരുടെ ഗൂഡനീക്കങ്ങൾ പൊളിഞ്ഞിരുന്നു. അതിൽ പ്രധാനികളാണ് ചാക്ക് രാധാകൃഷ്ണനും ബോബി ചെമ്മണ്ണൂരും. ഇവർക്കൊപ്പം സാന്റിയാഗോ മാർട്ടിനെ പോലുള്ളവരുമുണ്ട്. ഇത്തരക്കാരെ എല്ലാം ഒരുമിപ്പിച്ച് വിഎസിനെ തോൽപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി വിഎസിന്റെ എതിർസ്ഥാനാർത്ഥികൾക്കെല്ലാം പ്രചരണം കൊഴുപ്പിക്കാൻ പണം നൽകുകയാണ്. ഇതിലൂടെ ബിജെപിയുടെ മുഴുവൻ വോട്ടുകളും എൻഡിഎയ്ക്ക് കിട്ടുന്നുവെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. പതിനായിരത്തോളം തമിഴ് വോട്ടർമാരാണ് മലമ്പുഴയിലുള്ളത്. ഈ വോട്ടുകളിൽ പകുതിയെങ്കിലും എഐഎഡിഎംകെ സ്ഥാനാർത്ഥിക്ക് കിട്ടിയാൽ വി എസ് തോൽക്കുമെന്നാണ് ചാക്ക് രാധാകൃഷ്ണന്റേയും കൂട്ടരുടേയും പദ്ധതി.

അച്യുതാനന്ദൻ മലമ്പുഴയിൽ നാലാമങ്കത്തിനിറങ്ങുമ്പോൾ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് യുഡിഎഫ് സ്ഥാനാർത്ഥിയായി കന്നിയങ്കത്തിനിറങ്ങുന്നു. ഈഴവർക്ക് നിർണായക പ്രാധാന്യമുള്ള മണ്ഡലത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറും സ്ഥാനാർത്ഥിയാവും. അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് മണ്ഡലം. 2011ലെ തിരഞ്ഞെടുപ്പിൽ 23,440 വോട്ടിന്റെ ലീഡോടെയാണ് ലതികാ സുഭാഷിനെ വി എസ് അച്യുതാനന്ദൻ പരാജയപ്പെടുത്തിയത്. 2001 ലെ തിരഞ്ഞെടുപ്പിൽ സതീശൻ പാച്ചേനിക്കെതിരേ 5,000 വോട്ടിന്റെ ലീഡേ വി എസ് അച്യുതാനന്ദന് നേടാനായിരുന്നുള്ളൂ. 2006ൽ പാച്ചേനിക്ക് എതിരെ ഭൂരിപക്ഷം 20017 ആയി. അങ്ങനെ 2001ലേക്കാൾ ജനപ്രിയനായി അച്യുതാനന്ദൻ മാറി കഴിഞ്ഞിട്ടുണ്ട്. തമിഴ് വോട്ടുകളായിരുന്നു ഇതിന് നിർണ്ണായക പങ്കുവഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP