Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ ഇടപെടലിന് അമൃതാനന്ദമയി മഠവും; അമിത് ഷാ-വെള്ളാപ്പള്ളി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കി വള്ളിക്കാവ് ആശ്രമം; എസ്എൻഡിപി-ആർഎസ്എസ് സഹകണത്തിനും തുടക്കമായി; ഭൂരിപക്ഷ വാദമുയർത്തി കേരളം കൈയിലെടുക്കാനുള്ള ബിജെപി പ്രസിഡന്റിന്റെ കരുനീക്കങ്ങൾക്ക് തുടക്കം

രാഷ്ട്രീയ ഇടപെടലിന് അമൃതാനന്ദമയി മഠവും; അമിത് ഷാ-വെള്ളാപ്പള്ളി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കി വള്ളിക്കാവ് ആശ്രമം; എസ്എൻഡിപി-ആർഎസ്എസ് സഹകണത്തിനും തുടക്കമായി; ഭൂരിപക്ഷ വാദമുയർത്തി കേരളം കൈയിലെടുക്കാനുള്ള ബിജെപി പ്രസിഡന്റിന്റെ കരുനീക്കങ്ങൾക്ക് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭൂരിപക്ഷ സമുദായവാദത്തിലൂടെ മാത്രമേ മലയാളികളെ കൈയിലെടുക്കാൻ കഴിയൂവെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിരീക്ഷണം. ഇതിന്റെ ഭാഗമായാണ് എസ്എൻഡിപിയുമായി കൂടുതൽ അടുത്തത്. കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎസ്എസിനെ പരീക്ഷണത്തിന് കിട്ടില്ലെന്ന തരിച്ചറിവായിരുന്നു ഇതിന് കാരണം. വെള്ളപ്പള്ളി നടേശനും അമിത് ഷായ്ക്ക് പിന്തുണ നൽകിയതോടെ കാര്യങ്ങൾ വ്യക്തമായി. ഭൂരിപക്ഷവാദമുയർത്തിയുള്ള രാഷ്ട്രീയ പാർട്ടി മറ്റ് സമുദായ സംഘടനകളുടെ സഹായത്തോടെ രൂപീകരിച്ച് ബിജെപി പക്ഷത്ത് എത്താനാണ് വെള്ളാപ്പള്ളിയുടെ നീക്കം. ഇതിന് മാതാ അമൃതാനന്ദമയീ മഠത്തിന്റെ പിന്തുണ കൂടിയാകുമ്പോൾ എല്ലാം വിജയിക്കുമെന്നാണ് അമിത് ഷായുടെ പക്ഷം.

അമൃതാനന്ദമയീയുടെ പിറന്നാൾ ആഘോഷങ്ങളിൽ മുഖ്യ ആതിഥിയായി അമിത് ഷാ എത്തിയത് ഈ പശ്ചാത്തലത്തിലാണ്. സ്വാഭാവികമെന്ന രീതിയിൽ ഇവിടെ വച്ച് വെള്ളാപ്പള്ളിയുമായി അമിത് ഷാ ചർച്ചയും നടത്തി. എല്ലാ വർഷവും അമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ വെള്ളാപ്പള്ളി എത്താറുണ്ട്. ഇത്തവണ ബിജെപി-എസ്എൻഡിപി കൂട്ടുകെട്ടിന് ശക്തിപകരുകയെന്ന ലക്ഷ്യത്തോടെ അമിത് ഷായെ മഠം പ്രധാന അതിഥിയാക്കുകയായിരുന്നു. എസ്എൻഡിപി-ബിജെപി സഹകരണം തന്നെയായിരുന്നു അമിത് ഷാ-വെള്ളാപ്പള്ളി ചർച്ചയുടെ പ്രധാന വിഷയവും. പാർട്ടി രൂപീകരണം അടക്കമുള്ള കാര്യങ്ങൾ അമിത് ഷായുമായി വെള്ളാപ്പള്ളി സംസാരിച്ചു. മഠത്തിലെ സ്വാമിമാരുടെ സാന്നിധ്യവും ഉണ്ടായി. കൊല്ലത്ത് ബിജെപി അധ്യക്ഷൻ പൊതു പരിപാടിയിൽ പങ്കെടുക്കുന്നുമുണ്ട്. എസ്എൻഡിപി ഉയർത്തുന്ന രാഷ്ട്രയീവുമായി ബന്ധപ്പെട്ട് തന്നെയാകും അണികളോട് അമിത് ഷാ സംസാരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചരണത്തിന്റെ ഉദ്ഘാടനമായി ഇത് മാറുകയും ചെയ്യും.

രാവിലെ പത്ത് മണിയോടെയാണ് അമിത് ഷാ വള്ളിക്കാവിൽ എത്തിയത്. പതിനൊന്ന് മണിയോടെയായിരുന്നു അമൃതാ മഠത്തിലെ ചടങ്ങ്. അതായത് ഏതാണ്ട് ഒരു മണിക്കൂറോളം ബിജെപി അധ്യക്ഷനും എസ്എൻഡിപി നേതാവും ചർച്ച നടത്തി. വള്ളിക്കാവിലെ എഞ്ചിനിയറിങ് കോളേജിൽ അതീവ രഹസ്യമായിരുന്നു കൂടിക്കാഴ്ച. വിവിധ ആവശ്യങ്ങൾ അമിത് ഷായ്ക്ക് മുന്നിൽ വെള്ളാപ്പള്ളി വച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം വീണ്ടും സംസാരിച്ചു. കൊല്ലത്ത് ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന ഉറപ്പും അമിത് ഷാ നൽകിയിട്ടുണ്ട്. കേന്ദ്ര സർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരും നൽകും. ഈ പ്രഖ്യാപനവും ആർ ശങ്കറിന്റെ വേദിയിൽ പ്രധാനമന്ത്രി നടത്തും. അതുകൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമേ പ്രധാനമന്ത്രി എത്താൻ സാധ്യതയുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി പോകുന്ന പതിവുമില്ല.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ബിജെപിയുമായി സഹകരിക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. കൊല്ലത്തും തൃശൂരിലും ബിജെപി സംഘടിപ്പിക്കുന്ന നവോത്ഥാന സദസിൽ പങ്കെടുക്കാനാണ് അമിത് ഷാ കേരളത്തിൽ എത്തിയത്. ഇതിനൊപ്പമായിരുന്നു വള്ളിക്കാവിലെ പരിപാടി. പ്രധാനമന്ത്രി മോദിയുമായി ഏറെ അടുപ്പം മഠത്തിനുണ്ട്. പ്രധാനമന്ത്രിയുടെ ഗംഗാ ശുചീകരണത്തിന് ഇരുന്നൂറ് കോടിയാണ് മഠം നൽകിയത്. ഈ ബന്ധം ഊഷ്മളമാക്കുന്നതിന്റെ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി-അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് എല്ലാവിധ സൗകര്യവും ആശ്രമം ഒരുക്കിയത്. ഇതിലൂടെ ചർച്ച മാദ്ധ്യമങ്ങളിൽ വൻ പ്രാധാന്യമുണ്ടാകുന്നതും ഒഴിവാക്കാനായി. നിലവിലെ സാഹചര്യത്തിൽ ചടങ്ങിനിതെ അവിചാരിതമായി കണ്ടെതാണെന്ന് വേണെങ്കിൽ വിശദീകരിക്കുകയും ചെയ്യാം. കേന്ദ്ര സർക്കാരുമായി അടുത്ത് പ്രവർത്തിക്കാനുള്ള വള്ളിക്കാവ് ആശ്രമത്തിന്റെ നീക്കം തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ശ്രീനാരായണ ഗുരുദേവനെയും ഗുരുദേവദർശനങ്ങളെയും അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സിപിഐ(എം) നടപടി അപലനീയമാണെന്ന വിശദീകരണവുമായി ആർഎസ്എസ് നടക്കുന്ന കൂട്ടായ്മയിൽ എസഎൻഡിപി സഹകരിക്കുന്നുണ്ട്. എല്ലാ യോഗങ്ങളിലും എസ്എൻഡിപി നേതാക്കളുണ്ട്. പ്രധാന പരിപാടികളെല്ലാം ഉദ്ഘാടനം ചെയ്യുന്നതും എസ് എൻ ഡി പി നേതാക്കളാണ്. ഇതിലൂടെ മലബാർ മേഖലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്എൻഡിപി-ബിജെപി കൂട്ടുകെട്ടുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ശ്രീനാരായണ ഗുരു വിഷയത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്‌ടോബർ 15 വരെ പഞ്ചായത്തുതല പദയാത്രകൾ ആർഎസ്എസ് നടത്തുന്നുണ്ട്. കേരളത്തിലെ 5000 കേന്ദ്രങ്ങളിൽ കുടുംബയോഗങ്ങൾ നടക്കുന്നു. കാലാതിവർത്തിയായ ഗുരുദേവദർശനവും കാലഹരണപ്പെട്ട കമ്മ്യൂണിസവും എന്ന വിഷയത്തെ ആസ്പദമാക്കി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ സെമിനാറുകളുമുണ്ട്. ഇവിടെയെല്ലാം എസ്എൻഡിപി-സംഘപരിവാർ കൂട്ടുകെട്ടിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ കാണാം. വെള്ളാപ്പള്ളിയുടെ സമ്മതത്തോടെയാണ് നേതാക്കൾ ഇത്തരം യോഗത്തിൽ പങ്കുക്കുന്നത്.

ഗുരുദേവനെതിരായ സിപിഐ(എം) നീക്കം യാദൃച്ഛികമോ പൊടുന്നനെ ഉണ്ടായതോ അല്ല. ഗുരുദേവനെ ബുർഷ്വാസന്യാസിയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാനെ ബ്രിട്ടീഷുകാരുടെ പാദസേവകനെന്നും ചിത്രീകരിച്ചവർ തന്നെയാണ് ഇപ്പോൾ ശ്രീനാരായണ ഗുരുദേവനെ ആണിയടിച്ച് കുരിശിൽ തറയ്ക്കുകയും കയറിൽ കെട്ടി വലിക്കുകയും ചെയ്യുന്ന രീതിയിൽ പൊതുനിരത്തിൽ അവതരിപ്പിച്ചത്. 1988ൽ അരുവിപ്പുറം പ്രതിഷ്ഠ ശതാബ്ദി ആഘോഷം അന്ന് സംസ്ഥാനം ഭരിച്ചിരുന്ന മാർക്‌സിസ്റ്റ് സർക്കാർ ബഹിഷ്‌കരിച്ചതും ശതാബ്ദി ആഘോഷത്തെ പരിഹസിച്ചുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാട് ലേഖനമെഴുതിയതും കേരളം മറന്നിട്ടില്ല. ഗുരുദേവ ദർശനങ്ങളെ പൊതു നിരത്തിൽ അപമാനിച്ച സിപിഐ(എം) ചെയ്ത തെറ്റിനെ വീണ്ടും വീണ്ടും ന്യായീകരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആർഎസ്എസ് നിലപാട്. സംഘപരിവാർ പരിപാടികളിൽ സാന്നിധ്യമറിയിച്ച് ആർഎസ്എസ് നിലപാടിനെ എസ് എൻ ഡി പിയും പിന്തുണയക്കുകയാണ്. സാമൂഹ്യ സമത്വത്തിനും ജാതിക്ക് അതീതമായ ഹൈന്ദവ മുന്നേറ്റത്തിനും വേണ്ടി എസ്എൻഡിപിയും കെപിഎംഎസും അടക്കമുള്ള ഹിന്ദു സംഘടനകൾ കൈകോർക്കണമെന്നതാണ് ആർഎസ്എസ് ആവശ്യം.

അതും യാഥാർത്ഥ്യത്തിലെത്തുമെന്ന സൂചനയാണ് വെള്ളാപ്പള്ളി-അമിത് ഷാ കൂടിക്കാഴ്ച നൽകുന്നത്. മാതാ അമൃതാനന്ദ മയീയുടെ ഭക്തരുടെ പിന്തുണ കൂടി ഉറപ്പിക്കുകയാണ് ലക്ഷ്യം. എൻഎസ്എസിനെ ഭൂരിപക്ഷ രാഷ്ട്രീയ വേദിയിൽ കിട്ടാത്തതിന്റെ കുറവ് വള്ളിക്കാവ് ആശ്രമവിശ്വാസികളിലൂടെ മറികടക്കാമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP