Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൃണമൂൽ എംഎൽഎമാരും എംപിമാരും അറസ്റ്റിലായപ്പോൾ ഇല്ലാത്ത ഭയം കമ്മിഷണർ രാജീവ് കുമാറിനെ തേടി സിബിഐ എത്തിയപ്പോൾ മമതയ്ക്ക് എന്തിന്? ലക്ഷ്മി ചിദംബരത്തിന് എതിരെ സിബിഐ കുറ്റപത്രം വന്നതോടെ അന്വേഷണം തുടങ്ങിവച്ച കോൺഗ്രസ് ബംഗാൾ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തുന്നതും ദുരൂഹം; ബംഗാളിൽ സിബിഐയെ എത്തിച്ച് മോദി സർക്കാർ ശാരദാ-റോസ് വാലി ചിട്ടി തട്ടിപ്പുകളിൽ പിടിമുറുക്കുമ്പോൾ ഉന്നമിടുന്നത് രാഷ്ട്രീയ എതിരാളികളെ വരിഞ്ഞുമുറുക്കാൻ തന്നെ

തൃണമൂൽ എംഎൽഎമാരും എംപിമാരും അറസ്റ്റിലായപ്പോൾ ഇല്ലാത്ത ഭയം കമ്മിഷണർ രാജീവ് കുമാറിനെ തേടി സിബിഐ എത്തിയപ്പോൾ മമതയ്ക്ക് എന്തിന്? ലക്ഷ്മി ചിദംബരത്തിന് എതിരെ സിബിഐ കുറ്റപത്രം വന്നതോടെ അന്വേഷണം തുടങ്ങിവച്ച കോൺഗ്രസ് ബംഗാൾ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തുന്നതും ദുരൂഹം; ബംഗാളിൽ സിബിഐയെ എത്തിച്ച് മോദി സർക്കാർ  ശാരദാ-റോസ് വാലി ചിട്ടി തട്ടിപ്പുകളിൽ പിടിമുറുക്കുമ്പോൾ ഉന്നമിടുന്നത് രാഷ്ട്രീയ എതിരാളികളെ വരിഞ്ഞുമുറുക്കാൻ തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തൃണമൂൽ എംപിമാരേയും എംഎൽഎമാരേയും അറസ്റ്റുചെയ്തപ്പോൾ കാണിക്കാത്ത പ്രതിഷേധവുമായി കമ്മിഷണർ രാജീവ്കുമാറിനെ സിബിഐ തൊടുമെന്ന ഘട്ടം വന്നപ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയത് എന്തിനാണ്? ആയിരക്കണക്കിന് ചെറുകിട നിക്ഷേപകരുടെ പണം തട്ടിച്ച ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകളുടെ പിന്നാമ്പുറം തേടി സിബിഐ എത്തുമ്പോൾ അതിന് പിന്നിൽ മോദിയുടെയും ബിജെപിയുടേയും പ്രത്യേക താൽപര്യങ്ങളും കളികളും ഉണ്ടെന്ന് മമതയും തൃണമൂൽ കോൺഗ്രസും ഭയപ്പെടുന്നു. വാസ്തവത്തിൽ തൃണമൂൽ മാത്രമല്ല, കോൺഗ്രസ് നേതൃത്വത്തിലേക്കും നീളുന്ന ചില കുരുക്കുകൾ ഉണ്ട് ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകളിൽ. പ്രത്യേകിച്ചും മുതിർന്ന കോൺഗ്രസ് നേതാവുകൂടിയായ മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ പത്‌നി നളിനി ചിദംബരത്തിന് എതിരെ ഉൾപ്പെടെ ഈ തട്ടിപ്പുകളിൽ സിബിഐ കേസെടുത്ത സാഹചര്യത്തിൽ.

സിബിഐയെ മോദിയും ബിജെപിയും സമർത്ഥമായി കോൺഗ്രസിനെ കുരുക്കാൻ ഉപയോഗിക്കുന്നു എന്ന ആക്ഷേപം കോൺഗ്രസും പ്രതിപക്ഷ കക്ഷികളും ഉന്നയിക്കുന്നുണ്ട്. മുൻ സിബിഐ മേധാവി അലോക് വർമ്മയെ ഒതുക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കങ്ങളും അതിന് പിന്നാലെ പുറത്താക്കപ്പെട്ട അദ്ദേഹത്തെ വീണ്ടും നിയമിക്കാൻ സുപ്രീംകോടതി തന്ന നിർദേശിച്ചതുമെല്ലാം അടുത്തിടെ വലിയ ചർച്ചയായി. വീണ്ടും നിയമനം കിട്ടിയെങ്കിലും അന്നുതന്നെ വർമ്മയെ ഫയർഫോഴ്‌സ് മേധാവിയാക്കി മാറ്റി കേന്ദ്രസർക്കാർ ഇടപെട്ടു. ഇതോടെ അലോക് വർമ്മ രാജിവച്ചു.

ഇത്തരത്തിൽ രാജ്യത്തെ സ്വതന്ത്ര അന്വേഷണ ഏജൻസിയെന്ന നിലയിലിരുന്ന സിബിഐയെ കേന്ദ്രസർക്കാരിന്റെ ചട്ടുകമാക്കി മാറ്റി മോദിയെന്ന ആക്ഷേപം നിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ബംഗാളിൽ ശാരദാ-റോസ് വാലി ചിട്ടി തട്ടിപ്പുകേസുകളിൽ സിബിഐ പൊടുന്നനെ ഇടപെടലുകൾ സജീവമാക്കിയത്. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഈ വിഷയം ആളിക്കത്തിക്കാൻ കേന്ദ്രസർക്കാർ സിബിഐയെ ഉപയോഗിച്ച് കളി തുടങ്ങിയെന്ന സൂചന വന്നതോടെയാണ് മമത സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തുകൊണ്ട് രാജ്യ ചരിത്രത്തിലെ തന്നെ അസാധാരണമായ നീക്കം നടത്തിയത്.

ഇതോടെ ഭരണഘടനാ പ്രതിസന്ധിയിലേക്ക് വരെ കാര്യങ്ങൾ നീങ്ങി. മമത കേന്ദ്രനീക്കത്തിനെതിരെ സത്യഗ്രഹ സമരം തുടങ്ങുകയും അതിന് പിന്തുണയുമായി കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തുകയും ചെയ്തു. ഏതായാലും സംഗതി സിബിഐ സുപ്രീംകോടതിയിൽ എത്തിച്ചതോടെ മമത സംരക്ഷിക്കാൻ ശ്രമിച്ച രാജീവ്കുമാർ എന്ന പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യാൻ സുപ്രീംകോടതി സിബിഐക്ക് അനുമതി നൽകി. പക്ഷേ, അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ പാടില്ലെന്ന നിർദേശവും വച്ചിട്ടുണ്ട്. അതിനാൽ ശക്തമായി ഇടപെടാൻ സിബിഐക്ക് കഴിയില്ലെന്ന സ്ഥിതി വന്നതോടെ മമതയും ആശ്വസിക്കുന്നു.

പക്ഷേ, ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രധാന എതിരാളികളായി കാണുന്ന കോൺഗ്രസിനേയും പ്രധാനമന്ത്രി മോഹംവച്ച് പ്രതിപക്ഷ മുന്നണിയിലേക്ക് കാര്യങ്ങളെത്തിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതയേയും കുരുക്കാൻ പ്രധാന തുരുപ്പുചീട്ടായി ബിജെപി കാണുന്ന കേസുകളാണ് ബംഗാളിലെ ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകൾ. ഇതിൽ മമതയുടെ പാർട്ടിയായ തൃണമൂലിന്റെ നിലവധി നേതാക്കൾക്ക് പങ്കുണ്ടെന്നും രാഷ്ട്രീയക്കാരും ചിട്ടി നടത്തിപ്പുകാരും തമ്മിൽ വലിയ ഒത്തുകളി നടന്നുവെന്നുമാണ് ആക്ഷേപങ്ങൾ. ഒരു ഘട്ടത്തിൽ മമതയ്‌ക്കെതിരെ ഈ കേസുയർത്തി രംഗത്തുവന്നിരുന്നത് കോൺഗ്രസ് ആയിരുന്നെങ്കിലും അവർ പിന്നീട് നില മയപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.

ഇതിന് പിന്നാലെയാണ് മോദി സർക്കാർ വന്നതിന് പിന്നാലെ കേസ് അന്വേഷണം പതിയെ സിബിഐയിലേക്ക് എത്തുന്നത്. ഇതിനായി നടത്തിയ കൃത്യമായ ബിജെപിയുടെ നീക്കങ്ങൾ ഫലിച്ചതോടെയാണ് ഇപ്പോൾ തന്റെ വിശ്വസ്തനായ പൊലീസ് ഓഫീസറെ സിബിഐ പിടികൂടാതിരിക്കാൻ മമത മുന്നിട്ടിറങ്ങേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കേസ് മുന്നോട്ടുപോയാൽ വരും ദിവസങ്ങളിൽ തൃണമൂൽ കോൺഗ്രസിനും കോൺഗ്രസിനും ദേശീയ തലത്തിൽ വലിയ ക്ഷീണമുണ്ടാക്കുന്ന തരത്തിൽ കാര്യങ്ങളെത്തും. എതായാലും സുപ്രീംകോടതി വിഷയത്തിൽ ഇടപെടുകയും കേസിൽ മമതയുടെ വിശ്വസ്തനായ പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ അറസ്റ്റുചെയ്യരുതെന്ന് നിർദേശിക്കുകയും ചെയ്തു. പക്ഷേ, രാജീവ് കുമാറിനെ സിബിഐക്ക് ചോദ്യം ചെയ്യാം. ഇതോടെ കേസിൽ നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് സിബിഐ പ്രതീക്ഷിക്കുന്നത്.

ചുവന്ന ഡയറിയും പെൻഡ്രൈവുകളും സിബിഐക്ക് കിട്ടുമോ?

ശാരദാ ചിട്ടി തട്ടിപ്പു കേസിലെ നിർണായക തെളിവുകളായ ചുവന്ന ഡയറിയും പെൻ ഡ്രൈവുകളും ഒളിപ്പിക്കാൻ വേണ്ടിയാണ് ബംഗാൾ മുഖ്യമന്ത്രി രാജീവ് കുമാറിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയതെന്ന് ബിജെപി ആരോപിച്ചുകഴിഞ്ഞു. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനെ സംരക്ഷിക്കാനാണ് മമത ശ്രമിക്കുന്നതെന്നു പറഞ്ഞ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആണ് രംഗത്തെത്തിയത്.

ആയിരക്കണക്കിനു നിക്ഷേപകരുടെ പണം വെട്ടിച്ച ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു ഇപ്പോഴത്തെ കമ്മിഷണറായ രാജീവ് കുമാർ. ഈ തട്ടിപ്പുകളിൽ തൃണമൂലിന്റെയും കോൺഗ്രസിന്റേയും നേതാക്കൾക്കും പണം ലഭിച്ചെന്ന ആരോപണങ്ങളാണ് ഉയർന്നത്. ഈ കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് സംഘത്തിന്റെ മേധാവിയായിരുന്നു രാജീവ് കുമാർ. എന്നാൽ അന്വേഷണം പിന്നീട് വഴിമുട്ടി. കേസിലെ നിർണായകമായ പല തെളിവുകളും ഈ ഉദ്യോഗസ്ഥന്റെ പക്കലുണ്ടെന്നാണ് സിബിഐയുടെ വാദം. ഇത് ലഭിച്ചാൽ തൃണമൂലിന്റെ ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തും. ഇതിനാണ് സിബിഐയും നരേന്ദ്ര മോദി സർക്കാരും ശ്രമിക്കുന്നത്.

ഈ നിർണായക വിവരങ്ങളും തട്ടിപ്പുകളിലെ തൃണമൂലിന്റേയും കോൺഗ്രസിന്റെയും പങ്കും പുറത്തുകൊണ്ടുവരാൻ കഴിഞ്ഞാൽ വരാൻപോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് വലിയ ഗുണമാകും ബിജെപിക്ക് എന്ന് മോദിയും അമിത്ഷായും കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമായാണ് പൊടുന്നനെ തന്നെ കൊൽക്കത്തയിലെ പൊലീസ് കമ്മിഷണറുടെ വസതി റെയ്ഡ് ചെയ്യുന്നതിലേക്ക് സിബിഐ കാര്യങ്ങളെത്തിച്ചത്. ബിജെപിയുടെ വരുതിയിൽ നിൽക്കാതിരുന്ന അലോക് വർമ്മയുടെ കാലത്ത് തണുത്തുനിന്ന അന്വേഷണം അദ്ദേഹത്തെ മാറ്റിയതിന് പിന്നാലെയാണ് കരുത്താർജിച്ചതെന്നതും ശ്രദ്ധേയമാണ്. പിന്നീട് താൽക്കാലിക ചുമതല വഹിച്ചിരുന്ന വന്ന എം നാഗേശ്വർ റാവുവിനെ വച്ചായിരുന്നു പുതിയ നീക്കങ്ങൾ. സിബിഐയുടെ പുതിയ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട മധ്യപ്രദേശ് മുൻഡിജിപി ഋഷികുമാർ ശുക്‌ള അധികാരമേൽക്കും മുമ്പുതന്നെ റെയ്ഡിലേക്ക് സിബിഐ കാര്യങ്ങളെത്തിച്ചതും ശ്രദ്ധേയമാണ്.

സിബിഐ ചില ചോദ്യങ്ങൾ ചോദിച്ചറിയാൻ കാത്തിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഒളിപ്പിക്കാൻ ഒരു മുഖ്യമന്ത്രി ശ്രമിക്കുന്നതു വിചിത്രമായ കീഴ്‌വഴക്കമാണെന്നാ്ണ് കേന്ദ്രമന്ത്രി ജാവദേക്കർ ആരോപിച്ചു. തൃണമൂൽ എംപിമാരും എംഎൽഎമാരുമായ കുണാൽ ഘോഷ്, സഞ്ജയ് ബോസ്, സുദീപ് ബന്ദോപാദ്ധ്യായ, തപസ് പാൽ, മദൻ മിത്ര എന്നിവരെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ഇവരെയാരും സംരക്ഷിക്കാൻ ശ്രമിക്കാത്ത മമത ഒരു പൊലീസ് കമ്മിഷണറെ സംരക്ഷിക്കാൻ വേണ്ടി തെരുവിലിറങ്ങിയത് എന്തിനെന്നും ഇത് സംശയം ബലപ്പെടുത്തുന്നുവെന്നും ബിജെപി ആരോപിച്ചുകഴിഞ്ഞു.

ഒരു ചുവന്ന ഡയറിയെക്കുറിച്ചും എല്ലാ വിവരങ്ങളും അടങ്ങിയ പെൻ ഡ്രൈവുകളെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥരോടു കേസിൽ അറസ്റ്റിലായ ഒരു പ്രധാന പ്രതി വെളിപ്പെടുത്തിയിരുന്നു. ഈ രഹസ്യങ്ങൾ എല്ലാമറിയുന്നത് രാജീവ് കുമാറിനാണെന്നും ഇത് സിബിഐക്ക് കിട്ടാതിരിക്കാനാണ് മമതയുടെ നീക്കങ്ങളെന്നുമാണ് ബിജെപിയുടെ ആക്ഷേപം. ശാരദാ ചിട്ടി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് ബിജെപി അല്ലെന്നും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ആണെന്നും പറഞ്ഞ ജാവദേക്കർ ഇപ്പോൾ കോൺഗ്രസ് മമതയ്ക്ക് പിന്തുണയുമായി എത്തുന്നതിനേയും പരിഹസിക്കുന്നുണ്ട്.

2000 കോടിയുടെ വരെ തട്ടിപ്പ് നടന്ന ശാരദാ ചിട്ടി കേസ്

വൻതുക മടക്കിക്കിട്ടുമെന്ന് വിശ്വസിപ്പിച്ച് പാവങ്ങൾ ഉൾപ്പെടെ സാധാരണക്കാരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് അവരെ കബളിപ്പിച്ചു എന്നതാണ് ശാരദാ ചിട്ടി തട്ടിപ്പ് കേസ്. 2000 മുതൽ 300 കോടിയുടെ തട്ടിപ്പ് 2014 വരെ നടന്നുവെന്നാണ് നിഗമനം. ഇരുനൂറോളം കമ്പനികളുടെ കൺസോർഷ്യമെന്ന നിലയിലാണ് ബംഗാളിൽ ശാരദാ ഗ്രൂപ്പ് എന്ന ചിട്ടി കമ്പനി രൂപീകരിച്ചത്. രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള സമൂഹത്തിലെ പ്രമുഖരായിരുന്നു കമ്പനിക്ക് പിന്നിൽ. ഇവരുടെ സാന്നിധ്യം കമ്പനിയുടെ വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്തു. ഇതോടെ നിരവധി പേർ പണം നിക്ഷേപിച്ചു. എന്നാൽ കമ്പനി പൊളിഞ്ഞതോടെ സാധാരണാക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് നിക്ഷേപകർക്ക് അവരുടെ സമ്പാദ്യം തന്നെ നഷ്ടമായി.

മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബിനെ സ്പോൺസർ ചെയ്തിരുന്നതും ദുർഗാ പൂജയുടെ നടത്തിപ്പുമൊക്കെ ശാരദാ ഗ്രൂപ്പായിരുന്നു. ഇതൊക്കെ ജനങ്ങൾക്കിടയിൽ കമ്പനിക്ക് സ്വീകാര്യത വർധിപ്പിച്ചിരുന്നു. ഏതായാലും കമ്പനി പൊളിഞ്ഞതോടെ സംസ്ഥാന തലത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പക്ഷേ, കാര്യമായ പ്രയോജനമില്ലാതെ അന്വേഷണം നീണ്ടുപോയി. പല വിവരങ്ങളും അന്വേഷണ സംഘം ഒളിപ്പിച്ചതായി ആക്ഷേപമുയർന്നു. ഇതിന് നേതൃത്വം നൽകിയതാകട്ടെ ഇപ്പോൾ മമത സംരക്ഷിക്കാൻ ശ്രമിച്ച കമ്മിഷണർ രാജീവ് കുമാറായിരുന്നു. ഇത്തരത്തിൽ കേസ് ഒതുക്കാൻ ശ്രമിക്കുന്നു എന്ന വാദം പരിഗണിച്ചാണ് സുപ്രീംകോടതി തട്ടിപ്പു കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ നേതാക്കളുടെ ബന്ധവും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

തൃണമൂൽ കോൺഗ്രസിലെ നിരവധി നേതാക്കളെ സാമ്പത്തികമായി സഹായിച്ചിരുന്നത് ശാരദാ ഗ്രൂപ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നേതാക്കൾക്കും കോൺഗ്രസിന്റെ നേതാക്കൾക്കും ഈ കമ്പനിയുമായി ബന്ധമുണ്ടെന്ന ആരോപണവും ശക്തം. പശ്ചിമബംഗളിനു പുറമെ ഒഡീഷ, അസാം, ജാർഖണ്ഡ്, തൃപുര സംസ്ഥാനങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായത്.

15,000 കോടി മുങ്ങിപ്പോയ റോസ് വാലിയെന്ന കുംഭകോണം

ശാരദാ ചിട്ടി തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പാണ് റോസ് വാലി തട്ടിപ്പ്. എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച് 15000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. പശ്ചിമബംഗാൾ, അസാം, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് റോസ് വാലി തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും. ഈ കേസിലും തട്ടിപ്പിന്റെ വിഹിതം രാഷ്ട്രീയക്കാർ കൈപ്പറ്റിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തി. രാഷ്ട്രീയക്കാരുമായുള്ള ബന്ധമാണ് കോടികളുടെ തട്ടിപ്പിന് സഹായകമായത്. വൻതുക തിരിച്ചുകിട്ടുമെന്ന് വിശ്വസിച്ച് ലക്ഷക്കണക്കിനു പേരാണ് അവരുടെ സമ്പാദ്യം റോസ് വാലിയിൽ നിക്ഷേപിച്ചത്.

തട്ടിപ്പ് പുറത്തായതോടെ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു ഇപ്പോഴത്തെ കമ്മീഷണറായ രാജീവ് കുമാർ. പിന്നീട് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളും തെളിവുകളും കമ്മീഷണർ കൈമാറിയില്ലെന്നാണ് സി.ബിഐ ആരോപിക്കുന്നത്. ഈ തെളിവുകൾ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് സിബി.ഐ കമ്മീഷണറുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയതതും.

നളിനി ചിദംബരത്തിന് എതിരെ കുറ്റപത്രം നൽകിയത് ജനുവരിയിൽ

ശാരദാ ചിട്ടി തട്ടിപ്പു കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത് ഈ ജനുവരിയിലാണ്. വർഷങ്ങൾക്ക് മുമ്പേ തന്നെ ഉയർന്ന ആരോപണത്തിൽ വിശദമായ അന്വേഷണത്തിന് ശേ,മാണ് അഭിഭാഷക കൂടിയായ നളിനി ചിദംബരത്തിന് എതിരെ കഴിഞ്ഞമാസം 11ന് കുറ്റപത്രം നൽകിയത്.

ശാരദാ ഗ്രൂപ്പ് കമ്പനി ഉടമകൾ നടത്തിയ തട്ടിപ്പ് പുറത്തറിയാതിരിക്കാൻ നളിനി ചിദംബരം ഗൂഢാലോചന നടത്തിയെന്നും ഇതിനായി പണം കൈപ്പറ്റിയെന്നുമാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ശാരദാ ഗ്രൂപ്പ് ഉടമയായ സുദിപ്ത സെന്നിന്റെ തട്ടിപ്പിനെ കുറിച്ച് സെബി അന്വേഷണം നടത്താതിരിക്കാൻ 1.4 കോടി രൂപ നളിനി ചിദംബരം കൈപ്പറ്റിയെന്നും 50 പേജുള്ള കുറ്റപത്രത്തിൽ സിബിഐ പറഞ്ഞിരുന്നു. ടി.വി. ചാനൽ ഇടപാടുമായി ബന്ധപ്പെട്ട് നളിനി ചിദംബരം ശാരദാ ഗ്രൂപ്പിന് വേണ്ടി കമ്പനി ലോ ബോർഡിൽ ഹാജരായി. ഇതിനായി 1.2 കോടി രൂപ കൈപ്പറ്റിയെന്നും സിബിഐ പറയുന്നുണ്ട്. നളിനി ചിദംബരത്തിന് പുറമെ അനുഭൂതി പ്രിന്റേഴ്‌സ് ആൻഡ് പബ്ലിക്കേഷൻ ലിമിറ്റഡ്, സുദിപ്ത സെൻ എന്നിവരുടെ പേരും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. ശാരദാ ഗ്രൂപ്പ് 2000 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പുതന്നെ നളിനി ചിദംബരത്തിന് എതിരെ പുറത്തുവന്ന ആരോപണത്തിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ നേരത്തെ തന്നെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നളിനിയെ ചോദ്യം ചെയ്തിരുന്നു. 2013 ൽ ശാരദാ ഗ്രൂപ്പ് ഉടമ സുധീപ്തോ സെൻ സിബിഐക്ക് അയച്ച കത്തിൽ നളിനിയുടെ പേര് പരാമർശിച്ചതിനെ തുടർന്നാണ് സംഭവത്തിൽ നളിനിക്ക് എതിരെയും അന്വേഷണം നീങ്ങിയത്. സെൻ അയച്ച ലെറ്ററിൽ വക്കീൽ ഫീസിനത്തിൽ നളിനി ചിദംബരം ഒരു കോടി രൂപ കൈപ്പറ്റിയതായി പറഞ്ഞിരുന്നു. എന്നാൽ സിബിഐയുടെ ചാർജ് ഷീറ്റിൽ സാക്ഷിയായോ പ്രതിയായോ നളിനി ചിദംബരത്തിന്റെ പേര് അന്ന് രേഖപ്പെടുത്തിയിരുന്നില്ല. ഇത് ചർച്ചയാവുകയും ചെയ്തു. ഇതിന് പിന്നാലെ കേന്ദ്രത്തിൽ കോൺ്ഗ്രസ് മാറി മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് നളിനി ചിദംബരം കേസിൽ പ്രതിയാകുന്നതും കഴിഞ്ഞമാസം കുറ്റപത്രം നൽകുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP