Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമദൂര സിദ്ധാന്തം ഉപേക്ഷിച്ച എൻഎസ്എസിന് ബിജെപിയോട് ചേർന്ന് നിൽക്കാൻ അയ്യപ്പനെ കൂടാതെ മറ്റൊരു കാരണം കൂടി; വർഷങ്ങളായി സാമ്പത്തിക സംവരണത്തിനായി വാദിക്കുന്ന എൻഎസ്എസിന് ഇനി ധൈര്യമായി ബിജെപിയോട് ചേർന്നു നിൽക്കാം; കത്തോലിക്കാ സഭയും തീരുമാനത്തിന് അനുകൂലം; യുവതീപ്രവേശനം പോലെ തന്നെ വെട്ടിലായി കോൺഗ്രസ്; മോദിയുടെ പ്രഖ്യാപനം കേരളത്തിലും ചലനങ്ങൾ സൃഷ്ടിക്കും

സമദൂര സിദ്ധാന്തം ഉപേക്ഷിച്ച എൻഎസ്എസിന് ബിജെപിയോട് ചേർന്ന് നിൽക്കാൻ അയ്യപ്പനെ കൂടാതെ മറ്റൊരു കാരണം കൂടി; വർഷങ്ങളായി സാമ്പത്തിക സംവരണത്തിനായി വാദിക്കുന്ന എൻഎസ്എസിന് ഇനി ധൈര്യമായി ബിജെപിയോട് ചേർന്നു നിൽക്കാം; കത്തോലിക്കാ സഭയും തീരുമാനത്തിന് അനുകൂലം; യുവതീപ്രവേശനം പോലെ തന്നെ വെട്ടിലായി കോൺഗ്രസ്; മോദിയുടെ പ്രഖ്യാപനം കേരളത്തിലും ചലനങ്ങൾ സൃഷ്ടിക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇച്ഛാശക്തി കാണിച്ചു എന്നാണ് സാമ്പത്തിക സംവരണം പ്രഖ്യാപിക്കാനുള്ള മോദി സർക്കാറിന്റെ നീക്കത്തെ കുറിച്ച് എൻഎസ്എസ് അധ്യക്ഷൻ ജി സുകുമാരൻ നായർ വ്യക്തമാക്കിയത്. അതായത്, ശബരിമല യുവതീ പ്രവേശന വിഷയത്തോടെ സമദൂരം വെടിഞ്ഞ് ബിജെപിയുടെ പക്ഷത്താണ് നായർ സർവീസ് സൊസൈറ്റി. അണികളിൽ ഭൂരിപക്ഷവും കോൺഗ്രസിനെയും സിപിഎമ്മിനെയും കൈവെടിഞ്ഞ് ബിജെപിക്ക് ഒപ്പമായിരുന്നു. ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒപ്പം നിന്ന എൻഎസ്എസിന് ബിൽ നടപ്പിലായാൽ നേട്ടമായി മാറും.

സാമ്പത്തിക സംവരണം പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് എൻഎസ്എസ് രംഗത്തെത്തിയത് ഇക്കാര്യം വ്യക്തമാക്കുന്ന നടപടിയാണ്. തീരുമാനം കേന്ദ്രത്തിന്റെ നീതിബോധവും ഇച്ഛാശക്തിയും തെളിയിക്കുന്നതാണെന്ന് എൻഎസ്എസ് വ്യക്തമാക്കി. തീരുമാനം നടപ്പാക്കുന്ന കാര്യത്തിൽ കടമ്പകളുണ്ടെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. ജോലിക്കും വിദ്യാഭ്യാസത്തിനും സാമ്പത്തിക സംവരണം നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നൽകും. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം, ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് നീക്കമെന്നതും വ്യക്തമാണ്.

കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി എൻഎസ്എസ് ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ജാതിസംവരണം വേണ്ടെന്നും സാമ്പത്തിക സംവരണമാണ് ആവശ്യമെന്നും പറഞ്ഞ് നേരത്തെ തന്നെ എൻഎസ്എസ് രംഗത്തുവന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. സംവരണത്തിന് അർഹതയുള്ളവരെ കണ്ടെത്തേണ്ടത് വർഗത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഎസ്എസ് നേരത്തെ ഹർജി നൽകിയിരുന്നത്.

സാമൂഹിക പരിഷ്‌കരണം നടന്ന കേരളത്തിൽ, ഭരണഘടന വ്യവസ്ഥ ചെയ്യുന്ന പിന്നോക്ക സംവരണം ആവശ്യമില്ലെന്ന് ബോധിപ്പിച്ച ഹർജിയിൽ ഇനിയും സംവരണം തുടർന്നാൽ സാമൂഹിക അനീതിക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പുമുണ്ട്. വ്യക്തമായ നിയമചട്ട കൂടിൽ പ്രസക്തമായ ഘടകങ്ങൾ കണക്കിൽ എടുത്ത് പിന്നോക്ക വിഭാഗത്തിൽ ഉള്ളവരെ കണ്ടെത്തണം. ഇത് കൃത്യമായ ഇടവേളകളിൽ വിലയിരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

കാലങ്ങളായി എൻഎസ്എസ് ആവശ്യപ്പെട്ട തീരുമാനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകുമ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമായും സംഘടന എന്ന കാര്യം ഉറപ്പിക്കാം. ഇത് കാര്യമായി ബാധിക്കുക കോൺഗ്രസ് പാർട്ടിയെ ആയിരിക്കും. എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ളവർ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തത് എൻഎസ്എസിന്റെ മനസറിഞ്ഞാണ്. അതേസമയം വിഷയത്തിൽ കരുതലോടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ഈ വിഷയത്തിൽ യുഡിഎഫിനുള്ളിൽ നിന്നു തന്നെ എതിർപ്പുയരാൻ സാധ്യത കൂടുതലാണ്. ലീഗ് അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ തീരുമാനത്തെ എതിർക്കും. ഇതോടെ ശബരിമലയ യുവതീ പ്രവേശന വിഷയത്തിൽ എന്നതു പോലെ കോൺഗ്രസും വെട്ടിലാകുകയാണ്.

സാമ്പത്തിക സംവരണം എന്ന എൻഎസ്എസിന്റെ ആവശ്യത്തിന് പിന്തുണ കിട്ടുന്നതോടെ ഇവർ ബിജെപി പക്ഷത്തേക്ക് കൂടുതലായി ചായും. അതേസമയം കത്തോലിക്കാ സഭയും ഈ തീരുമാനത്തെ സ്വാഗതം ചെയ്യാൻ സാധ്യതയുണ്ട്. നിലവിൽ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തി ലത്തീൻ കത്തോലിക്കർക്കും സിഎസ്‌ഐ വിഭാഗക്കാർക്കും ദളിത് ക്രൈസ്തവർക്കും സംവരണം അനുവദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തീരുമാനത്തോടു കൂടി കത്തോലിക്കാ സഭയിലെ പാവപ്പെട്ടവർക്കും സംവരണത്തിന് അർഹതയുണ്ടാകും. അതുകൊണ്ട് നിലവിൽ മോദിയുടെ പ്രഖ്യാപനം കേരളത്തിലും ചലനങ്ങൾ സൃഷ്ടിക്കും.

അതേസമയം സിപിഎം വളരെ നേരത്തെ തന്നെ ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നതെന്ന് പാർട്ടി നേതാക്കളും വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ആത്മാർത്ഥയില്ലെന്നാണ് വിലയിരുത്തൽ. പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് കേന്ദ്ര മന്ത്രിസഭ ആലോചിക്കുന്നത് .ഇതിനായി ഭരണഘടന ഭേദഗതി ചെയ്യും. കേന്ദ്ര മന്ത്രിസഭ അടിയന്തരമായി യോഗം ചേർന്നാണ് തീരുമാനമെടുത്തത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗത്തിനാണ് സംവരണം ഏർപ്പെടുത്തുന്നത്. എട്ട് ലക്ഷം രൂപ വാർഷിക വരുമാനത്തിൽ താഴെയുള്ളവർക്ക് ഈ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും.

2019ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ബിജെപി സർക്കാരിന്റെ നീക്കം. നേരത്തെ മുതൽ തന്നെ മുന്നോക്ക വിഭാഗക്കാർ ഇത്തരത്തിൽ സംവരണം വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. സുപ്രീംകോടതിയുടെ പല കേസുകളിലും സംവരണം 50 ശതമാനത്തിന് മുകളിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് തിരുത്തി 60ശതമാനം സംവരണം കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP