Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ദിരയുടെ മുഖവും ചിരിയും ആത്മവിശ്വാസവുമായി മൂന്ന് മാസം കിഴക്കൻ ഉത്തർപ്രദേശ് മുഴുവൻ അലഞ്ഞിട്ടും കരിയില പോലും അനങ്ങിയില്ല; ആവശ്യത്തിലേറെ മീഡിയാ ഹൈപ്പ് ലഭിച്ചിട്ടും തലമുറകൾ കൈവശം വച്ച അമേഠി നഷ്ടപ്പെട്ടെന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല; ഇന്ദിരയുടെ കൊച്ചുമകളെ ഇറക്കി യുപിയെ ഇളക്കി അടുത്ത തവണ വിജയം ഉറപ്പിക്കാൻ നടത്തിയ നീക്കം പാളി; ആകെ സംഭവിച്ചത് എട്ട് സീറ്റുകൾ ബിജെപിക്ക് സമ്മാനിച്ചത് മാത്രം; പ്രിയങ്കാ ഗാന്ധി വീണ്ടും വീട്ടമ്മയായി വീട്ടിൽ ഒതുങ്ങിയേക്കും

ഇന്ദിരയുടെ മുഖവും ചിരിയും ആത്മവിശ്വാസവുമായി മൂന്ന് മാസം കിഴക്കൻ ഉത്തർപ്രദേശ് മുഴുവൻ അലഞ്ഞിട്ടും കരിയില പോലും അനങ്ങിയില്ല; ആവശ്യത്തിലേറെ മീഡിയാ ഹൈപ്പ് ലഭിച്ചിട്ടും തലമുറകൾ കൈവശം വച്ച അമേഠി നഷ്ടപ്പെട്ടെന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല; ഇന്ദിരയുടെ കൊച്ചുമകളെ ഇറക്കി യുപിയെ ഇളക്കി അടുത്ത തവണ വിജയം ഉറപ്പിക്കാൻ നടത്തിയ നീക്കം പാളി; ആകെ സംഭവിച്ചത് എട്ട് സീറ്റുകൾ ബിജെപിക്ക് സമ്മാനിച്ചത് മാത്രം; പ്രിയങ്കാ ഗാന്ധി വീണ്ടും വീട്ടമ്മയായി വീട്ടിൽ ഒതുങ്ങിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധിയുടെ പുനരവതാരമായാണ് പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസുകാർ കണ്ടത്. രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്കയെ മനസ്സിൽ കണ്ടവരുമുണ്ട്. ഇന്ദിരയുടെ മുഖവും അതേ പുഞ്ചിരിയും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മധുരമെത്തിക്കുമെന്ന് കരുതി. ഉത്തർ പ്രദേശിൽ മനസ്സിൽ കണ്ടത് അഞ്ചിൽ അധികം സീറ്റും. ഉത്തരേന്ത്യയിലെ മോദി പ്രഭാവത്തെ തകർത്ത് രാഹുൽ ഗാന്ധിയെ പ്രിയങ്ക അധികാര കസേരയിൽ ഇരുത്തുമെന്നും കുരതി. കോൺഗ്രസ് ഹൈക്കമാണ്ടിലെ നിർണ്ണായക സ്വാധീന ശക്തി പ്രിയങ്കയായി മാറുമെന്നും ഏവരും കരുതി. എന്നാൽ ഇന്ദിരയുടെ മുഖത്തെ ആത്മവിശ്വാസം പ്രിയങ്കയിലേക്ക് എത്തിയിട്ടും അത് വോട്ടായി മാറിയില്ല. കോൺഗ്രസ് തകർന്നടിഞ്ഞു. ദേശീയ തലത്തിൽ കൂട്ടാനായത് എട്ട് സീറ്റ് മാത്രമാണ്. അതും നൽകിയത് കേരളത്തിൽ ആഞ്ഞു വീശിയ ശബരിമലക്കാറ്റും പഞ്ചാബിലെ അമരീന്ദർ സിംഗിന്റെ മുഖവും.

ഉത്തർപ്രദേശിൽ ബിജെപി സ്വന്തമാക്കിയത് 80ൽ 61 സീറ്റ്. കോൺഗ്രസിന് ആകെയുണ്ടായിരുന്ന രണ്ടിൽ ഒരു സീറ്റ് നഷ്ടമായി. അതും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠി. കോൺഗ്രസിന് ആകെ ലഭിച്ചത് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി മാത്രം. അമേഠിയും റായ്ബറേലിയുമുൾപ്പെടെ 41 മണ്ഡലങ്ങളടങ്ങിയ കിഴക്കൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ നിയോഗിക്കുമ്പോഴും സ്വപ്നത്തിൽ പോലും കോൺഗ്രസ് നേതൃത്വം കരുതിയിരിക്കില്ല ഇത്തരമൊരു തിരിച്ചടി. 41ൽ ആറിടത്ത് പാർട്ടി മത്സരിച്ചില്ല. ശേഷിച്ച 35ൽ ഒരിടത്ത് ജയം. അമേഠിയിൽ രണ്ടാം സ്ഥാനം. കിഴക്കൻ യുപിയിലെ ബാക്കി 33 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഇതും പ്രിയങ്കയുടെ രാഷ്ട്രീയ സ്വപ്‌നങ്ങൾക്ക വെല്ലുവിളിയാണ്. ഭർത്താവ് റോബർട്ട് വാദ്ര നിരവധി കേസുകളിൽ സംശയ നിഴലിലാണ്. ഏത് സമയവും വാദ്രയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

കോൺഗ്രസിനെ കൈപ്പിടിയിൽ ഒതുക്കാനാണ് പ്രിയങ്കയെ വാദ്ര രംഗത്തിറക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. പ്രിയങ്കയുടെ വരവോടെ രണ്ട് ്അധികാര കേന്ദ്രങ്ങൾ കോൺഗ്രസിൽ രൂപപ്പെടുകയും ചെയ്തു. എന്നാൽ പരസ്യമായ ഏറ്റുമുട്ടലുകൾ രാഹുലും പ്രിയങ്കയും നടത്തിയില്ല. അമേഠിയിൽ രാഹുലിനെ ജയിപ്പിക്കുകയായിരുന്നു പ്രിയങ്കയുടെ പ്രധാന ദൗത്യം. ഇതിനിടെയാണ് തോൽവിക്കുള്ള സാധ്യത രാഹുൽ തിരിച്ചറിഞ്ഞ് വയനാട്ടിൽ എത്തിയത്. വയനാട്ടിൽ ജയിച്ചതു കൊണ്ട് മാത്രം രാഹുൽ എംപിയായി തുടരുന്നു. ഇതോടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് തിളക്കം കുറയുകയും ചെയ്തു. യുപിയെ ഇളക്കിമറിക്കാൻ പ്രിയങ്കയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ ഫലങ്ങൾ. കോൺഗ്രസിന്റെ ഉറച്ച കോട്ട നഷ്ടമായതാണ് ഇതിന് പ്രധാന കാരണം.

ഇന്ദിരയുടെ മുഖവും ചിരിയും ആത്മവിശ്വാസവുമായി മൂന്ന് മാസം കിഴക്കൻ ഉത്തർപ്രദേശ് മുഴുവൻ അലഞ്ഞിട്ടും കരിയില പോലും അനങ്ങിയില്ലെന്നതിന് തെളിവാണ് രാഹുലിന്റെ അമേഠിയിലെ തോൽവി. ആവശ്യത്തിലേറെ മീഡിയാ ഹൈപ്പ് ലഭിച്ചിട്ടും തലമുറകൾ കൈവശം വച്ച അമേഠി നഷ്ടപ്പെട്ടെന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ലെന്നും എസ് പി-ബിഎസ് പി സഖ്യത്തിന് എട്ട് സീറ്റുകൾ കുറച്ചതാണ് പ്രിയങ്കയുടെ ആകെ ഗുണമെന്നും വിലയിരുത്തലുകളുണ്ട്. പ്രിയങ്ക പ്രചരണത്തിന് പോയ മണ്ഡലങ്ങളിൽ ഒരു ലക്ഷം വോട്ട് പോലും പിടിക്കാനായില്ല. ഇന്ദിരയുടെ കൊച്ചുമകളെ ഇറക്കി യുപിയെ ഇളക്കി അടുത്ത തവണ വിജയം ഉറപ്പിക്കാൻ നടത്തിയ നീക്കം പാളിയെന്ന് കോൺഗ്രസും തിരിച്ചറിയുന്നു. അതുകൊണ്ട് ഇനി പ്രിയങ്കയ്ക്ക് വീട്ടിൽ ഇരിക്കേണ്ടി വരും. ഭർത്താവ് റോബർട്ട് വാദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും പ്രിയങ്കയെ അലട്ടും. അങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് പോവുകയാണ് പ്രിയങ്ക

20 വർഷം മുൻപ് 1999ലാണ് പ്രിയങ്ക ആദ്യമായി ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുന്നത്. അമേഠിയിൽ അമ്മ സോണിയ ഗാന്ധിക്കു വേണ്ടിയായിരുന്നു. പിന്നീട് രാഹുൽ ഗാന്ധിക്ക് അമേഠി വിട്ടുനൽകി സോണിയ ഗാന്ധി റായ്ബറേലിയിലേക്കു മാറി. ഈ സീറ്റാണ് നഷ്ടമാകുന്നത്. പ്രിയങ്കയിലൂടെ കോൺഗ്രസിന്റെ ഹൈന്ദവമുഖം ഉയർത്തിക്കാട്ടി വോട്ടുപിടിക്കുകയെന്ന തന്ത്രം തന്നെയാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രയോഗിച്ചത്. അഞ്ചു വർഷം മുൻപ് നഷ്ടപ്പെട്ട സവർണ വോട്ട്ബാങ്ക് തിരിച്ചു പിടിക്കാമെന്നും അതുവഴി പ്രതീക്ഷിച്ചു. 2009ൽ ജയിച്ച ഖുഷിനഗർ, മഹാരാജ്ഗഞ്ച്, ഡുമരിയഗഞ്ച് എന്നിവിടങ്ങളിലും നേരിയ വിജയപ്രതീക്ഷയുണ്ടായിരുന്നു പാർട്ടിക്ക്. എന്നാൽ ഭാദോഹിയിൽ ആകെ ലഭിച്ചത് 25,604 വോട്ടാണ്. മിർസാപുരിൽ 91,392ഉം. മത്സരിച്ച 33 മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായിരുന്നു.

2014ൽ ബിജെപി ജയിച്ച 36 മണ്ഡലങ്ങളിൽ ഇരുപതിലേറെ ഇടങ്ങളിൽ എസ്‌പി, ബിഎസ്‌പി സ്ഥാനാർത്ഥികൾക്കു ലഭിച്ച വോട്ട് കൂട്ടിയപ്പോൾ അതു ബിജെപി സ്ഥാനാർത്ഥിയേക്കാൾ കൂടുതലായിരുന്നു. ശത്രുത മറന്ന് മായാവതിയും അഖിലേഷ് യാദവും ഒന്നാകുന്നതിന് ഈ കണക്കും ഒരു പ്രധാന കാരണമായി. ബിഎസ്‌പി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ജനസംഖ്യയുടെ 12% വരുന്ന ജാതവ സമൂഹത്തിലായിരുന്നു. എസ്‌പി, ബിഎസ്‌പി സഖ്യത്തിന് മുന്നാക്ക വിഭാഗക്കാരിൽ നിന്ന് 12% വോട്ടു ലഭിക്കാൻ മാത്രമേ സാധ്യതയുള്ളൂവെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ എസ്സി-എസ്ടി വിഭാഗത്തിൽ നിന്ന് 60 ശതമാനവും ഒബിസിയിൽ നിന്ന് 40ഉം മുസ്‌ലിം വിഭാഗത്തിൽ നിന്ന് 80% വോട്ടും തങ്ങൾക്കു ലഭിക്കുമെന്നു വിശാലസഖ്യത്തിനു പ്രതീക്ഷയുണ്ടായിരുന്നു. ഇത്തരമൊരു തിരഞ്ഞെടുപ്പുഗോദയിലാണ് പ്രിയങ്ക എ്ത്തിയത്. എന്നാൽ ബിജെപിയുടെ വോട്ട് ബാങ്കിൽ ഇതൊരു ചലനവും ഉണ്ടാക്കിയില്ല.

ബിജെപിയിൽ നിന്ന് ജാതവുകൾ ഒഴികെയുള്ള ദലിത് വിഭാഗത്തിന്റെയും യാദവർ ഒഴിച്ചുള്ള പിന്നാക്ക വിഭാഗക്കാരുടെയും വോട്ടുകൾ കോൺഗ്രസിലേക്കു പോകുമെന്നായിരുന്നു ബിഎസ്‌പിയുടെ പ്രതീക്ഷ. കിഴക്കൻ യുപിയിലെ ബ്രാഹ്മണരും ഠാക്കൂർമാരും ഉൾപ്പെടെയുള്ള ഉയർന്ന ജാതിക്കാർ, യാദവർ ഒഴിച്ചുള്ള പിന്നാക്ക വർഗക്കാർ, ജാതവുകൾ ഒഴികെയുള്ള ദലിത് വിഭാഗം എന്നിവരുടെ വോട്ടാണ് 2009ലും 2014ലും ബിജെപിയെ സഹായിച്ചത്. ഈ വോട്ടുബാങ്കിൽ പ്രിയങ്ക വിള്ളൽ വീഴ്‌ത്തുമെന്ന ഭയം ബിജെപിക്കുമുണ്ടായിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് 10% തൊഴിൽ സംവരണമെന്ന തുറുപ്പുചീട്ടിറക്കി യുപി മോദി പിടിച്ചു. പ്രിയങ്കയുടെ തന്ത്രങ്ങൾ ഒന്നും ഇതിനിടെ വിലപോയില്ല. രാഹുലിനും ക്ഷീണമായി.

റായ്ബറേലിയിൽ സോണിയ ഗാന്ധിക്കു 2014ൽ ലഭിച്ചത് 5,26,434 വോട്ടായിരുന്നു. ഇത്തവണ 5,33,687 ആയി. നേരിയ വർധന മാത്രം. അമേഠിയിലാകട്ടെ രാഹുൽ ഗാന്ധിക്ക് 2014ൽ ലഭിച്ചത് 4,08,651 വോട്ട്. ഇത്തവണ അത് 4,12,867 ആയി ഉയർന്നിട്ടും കാര്യമുണ്ടായില്ല. സ്മൃതി ഇറാനി സ്വന്തമാക്കിയത് 4,68,514 വോട്ട്. 2014ൽ ബിജെപി സ്ഥാനാർത്ഥിക്ക് 3,00,748 വോട്ടു മാത്രം ലഭിച്ചിരുന്ന സ്ഥാനത്തു നിന്നാണ് ഇത്തവണ 1.67 ലക്ഷത്തിലേറെ വോട്ടിന്റെ വർധനയും ജയവും സ്മൃതി സ്വന്തമായത്.

പ്രിയങ്കയുടെ വരവോടെ യുപിയിൽ വൻവിജയം പ്രതീക്ഷിക്കുന്നില്ലെന്നു രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയിരുന്നു. ഘട്ടംഘട്ടമായി 2022ൽ ഉത്തർപ്രദേശിലെ ഭരണം പിടിച്ചെടുക്കുകയാരുന്നു. എങ്കിലും 2009ൽ ജയിച്ച 21 മണ്ഡലങ്ങളിൽ ചിലതെങ്കിലും ഇത്തവണ പ്രിയങ്കയിലൂടെ തിരിച്ചു പിടിക്കുകയെന്ന സ്വപ്‌നം മുന്നിലുണ്ടായിരുന്നു. ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള പ്രിയങ്കയുടെ കഴിവും അതിന്റെ പ്രതിഫലനമായി ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രകടനങ്ങളിൽ കണ്ട അണികളുടെ ആവേശവും പ്രതീക്ഷ കൂട്ടി. എന്നാൽ ഒന്നും വോട്ടായി മാറിയില്ല. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടും കോൺഗ്രസിന് കിട്ടിയത് ഒരു സീറ്റ് മാത്രം. 62 സീറ്റുകൾ ബിജെപിയും നേടി. രണ്ടെണ്ണം എൻഡിഎയിലെ ഘടക കക്ഷിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP