Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രിയങ്കഗാന്ധിയുടെ ഞെട്ടിക്കുന്ന പ്രകടനം; കോൺഗ്രസ് അംഗത്വത്തിൽ 20 ശതമാനം കുതിപ്പ്; അംഗത്വം എടുത്ത് സ്ത്രീകളുടെ എണ്ണത്തിൽ 40 ശതമാനവും വർധനവ്; ബ്രാഞ്ച് കമ്മിറ്റി പോലും ഇല്ലാത്ത യുപി ഗ്രാമങ്ങളിൽ കോൺഗ്രസ് ഉണർന്നെണീക്കുന്നു; ഇപ്പോൾ ഒന്നും സംഭവിച്ചില്ലെങ്കിലും പ്രിയങ്കയുടെ കീഴിൽ അഞ്ച് കൊല്ലംകൊണ്ട് കോൺഗ്രസിന്റെ മടങ്ങി വരവ് ഉറപ്പിച്ച് രാഷ്ട്രീയ നിരീക്ഷകർ

പ്രിയങ്കഗാന്ധിയുടെ ഞെട്ടിക്കുന്ന പ്രകടനം; കോൺഗ്രസ് അംഗത്വത്തിൽ 20 ശതമാനം കുതിപ്പ്; അംഗത്വം എടുത്ത് സ്ത്രീകളുടെ എണ്ണത്തിൽ 40 ശതമാനവും വർധനവ്; ബ്രാഞ്ച് കമ്മിറ്റി പോലും ഇല്ലാത്ത യുപി ഗ്രാമങ്ങളിൽ കോൺഗ്രസ് ഉണർന്നെണീക്കുന്നു; ഇപ്പോൾ ഒന്നും സംഭവിച്ചില്ലെങ്കിലും പ്രിയങ്കയുടെ കീഴിൽ അഞ്ച് കൊല്ലംകൊണ്ട് കോൺഗ്രസിന്റെ മടങ്ങി വരവ് ഉറപ്പിച്ച് രാഷ്ട്രീയ നിരീക്ഷകർ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യ കണ്ട ഏറ്റവും ആർജവമുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മാനറിസങ്ങളുള്ള കൊച്ചുമകൾ പ്രിയങ്കാ ഗാന്ധി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായപ്പോൾ അതിന്റെ സാധ്യതകളെപ്പറ്റി സംശയം പ്രകടിപ്പിച്ചവരുടെ നാവടപ്പിക്കുന്ന പ്രകടനമാണ് മാസങ്ങൾ പിന്നിടുന്നതിന് മുമ്പ് പ്രിയങ്ക നടത്തിയിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ജനുവരി 23ന് പ്രിയങ്ക കോൺഗ്രസിൽ സജീവമായതിന് ശേഷം പാർട്ടി അംഗത്വത്തിൽ 20 ശതമാനം വർധനവുണ്ടായിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.

സംഭവഭരിതമായ രാഷ്ട്രീയത്തിൽ അമ്മയും സഹോദരനും കളം നിറഞ്ഞിട്ടും പ്രിയങ്ക അതിന് മുതിർന്നില്ല. ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ വന്നുമടങ്ങുന്ന സ്‌നേഹനിർഭരമായ സാന്നിധ്യം മാത്രമായി പ്രിയങ്കയുടെ രാഷ്ട്രീയം. പക്ഷേ ആ ചെറിയ നേരങ്ങൾ മതിയായിരുന്നു രാജ്യ ജനതയ്ക്ക് അവർ പ്രിയങ്കരിയാകാൻ. സാധാരണക്കാരോടുള്ള ഊഷ്മളമായ ഇടപെടലുകളിലും ചെറുപ്രസംഗങ്ങളിലും ഒരു ജനനേതാവിന്റെ ഒളിമിന്നലുകൾ രാജ്യം കണ്ടു. ഹ്രസ്വമായ ആ സന്ദർശനങ്ങളിൽ അവർ ജനങ്ങളുടെ മനംകവർന്നു. മുത്തശി ഇന്ദിരാഗാന്ധിയുമായുള്ള രൂപസാദൃശ്യം അണികളുടെ വാക്കുകളിലും മാധ്യമങ്ങളിലും നിറഞ്ഞുകവിഞ്ഞു. നീണ്ട മൂക്കും വിടർന്ന കണ്ണുകളും ഇന്ദിരയുടെ ഹെയർസ്‌റ്റൈലും ഒപ്പം മായാത്ത പുഞ്ചിരിയുമായെത്തിയ പ്രിയങ്ക, ഇന്ദിര പ്രിയദർശിനിയെ ഓർമിപ്പിച്ചു. ചെറുതെങ്കിലും ആ ഉറച്ചവാക്കുകളും ഇന്ദിരയെ ഓർമിപ്പിക്കുന്നതായിരുന്നു.

വനിതാ നേതാക്കളിലാണ് പ്രിയങ്കയുടെ വരവ് കൂടുതൽ ആവേശമുണ്ടാക്കിയിട്ടുള്ളത്. സ്ത്രീകളോട് പ്രത്യേക പരിഗണനയും വാൽസല്യവും കാണിക്കുന്നതിൽ ഇന്ദിര ഗാന്ധിയെപ്പോലെയാണ് പ്രിയങ്കയും. ഗ്രാമീണ സ്ത്രീകളെ പെട്ടെന്ന് കയ്യിലെടുക്കാൻ കഴിയുന്ന പെരുമാറ്റം. ഒപ്പം യുവാക്കളെയും. കിഴക്കൻ യുപിയുടെ ചുമതല തന്നെ പ്രിയങ്കയ്ക്ക് നൽകിയതിലും ഒരു രാഷ്ട്രീയമുണ്ട്. 2014ൽ ബിജെപിക്കൊപ്പം നിന്ന മേഖലകളാണ് അവ. നരേന്ദ്ര മോദിയുടെ വാരാണസിയും യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരുമെല്ലാം ഇതിൽപ്പെടും. ബിജെപിയുടെ വളർച്ചയ്ക്ക് സവർണവോട്ട് നിർണായകമായ മേഖല. സിസിസിഡിഎസ് സർവെ പ്രകാരം 72 ശതമാനം ബ്രാഹ്മണരും 77 ശതമാനം രജപുത്രരും 71 ശതമാനം വൈശ്യരും 79 ശതമാനം മറ്റുള്ളവരും ബിജെപിക്കൊപ്പം നിന്നു കിഴക്കൻ ഉത്തർപ്രദേശിൽ.

മണ്ഡൽ റിപ്പോർട്ടിനും അയോധ്യക്കും മുൻപ് കോൺഗ്രസിനൊപ്പം നിന്ന പ്രദേശം കൂടിയാണ് ഇത്. പക്ഷേ ഇന്ന് സാമൂഹ്യ സാഹചര്യങ്ങൾ മാറിയിരിക്കുന്നു. പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലടക്കം ബിജെപിയുടെ നിലപാടിനോട് സവർണർക്ക് ഇപ്പോൾ വിയോജിപ്പുണ്ട്. ബിജെപി അല്ലെങ്കിൽ, കോൺഗ്രസ് ആണ് അവർക്കു മുന്നിലുള്ള മറ്റൊരു പാർട്ടി. സവർണ ജാതി ചിന്ത ശക്തമായ സംസ്ഥാനത്ത് രൂപത്തിലും ഭാവത്തിലും അവർക്ക് സ്വീകാര്യയാവും പ്രിയങ്ക. താൻ ബ്രാഹ്മണനാണെന്ന രാഹുലിന്റെ പ്രഖ്യാപനവും ഇതേ വോട്ട് ബാങ്കിനെ ലക്ഷ്യം വച്ചായിരുന്നു എന്നതിൽ തർക്കമില്ല. ഈ സാഹചര്യത്തെ തന്ത്രപരമായി ഉപയോഗിക്കാൻ പ്രിയങ്കയ്ക്ക് കഴിഞ്ഞാൽ ഒരു പരിധിവരെ വിജയം വരുമെന്നാണ് കണക്കുകൂട്ടൽ.

ഇക്കാലത്തിനിടെ അംഗത്വം എടുത്ത സ്ത്രീകളുടെ എണ്ണത്തിൽ 40 ശതമാനവും വർധനവാണുണ്ടായിരിക്കുന്നത്.എന്തിനേറെ ബ്രാഞ്ച് കമ്മിറ്റി പോലും ഇല്ലാത്ത യുപി ഗ്രാമങ്ങളിൽ കോൺഗ്രസ് ഉണർന്നെണീക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ്  സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.  ഇതിലൂടെ ഈ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മോദി സർക്കാരിനെ അട്ടിമറിച്ച് പുതിയ സർക്കാർ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും പ്രിയങ്കയുടെ കീഴിൽ അഞ്ച് കൊല്ലം കൊണ്ട് കോൺഗ്രസിന്റെ മടങ്ങി വരവ് ഉറപ്പിച്ചാണ് രാഷ്ട്രീയ നിരീക്ഷകർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

കിഴക്കൻ ഉത്തർപ്രേദശിന്റെ ജനറൽ സെക്രട്ടറിയെന്ന ഉത്തരവാദിത്വം പ്രിയങ്ക രണ്ട് മാസങ്ങൾക്ക് മുമ്പ് ഏറ്റെടുത്തതിന് ശേഷം കോൺഗ്രസ് പ്രവർത്തകരിൽ അടുത്ത കാലത്തൊന്നുമില്ലാത്ത വിധത്തിലുള്ള ആവേശമാണ് അലയടിക്കാൻ തുടങ്ങിയിരിക്കുന്നത്. പ്രിയങ്കയുടെ സഹോദരനും കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ ഗാന്ധി , പ്രിയങ്കയുടെ പുതിയ സ്ഥാനാരോഹണം പ്രഖ്യാപിച്ചതിനെ തുടർന്ന് യുപിയിൽ പാർട്ടി പുതിയൊരു പുനരുജ്ജീവനത്തിന്റെ പാതയിലെത്തിയെന്ന് ഉറപ്പായിട്ടുണ്ട്. ഒരു കാലത്ത് കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായിരുന്നു യുപിയിൽ കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി പാർട്ടി ദുർബലമായിരുന്നു. അതിൽ നിന്നും പൂർവകാല പ്രതാപത്തിലേക്ക് പാർട്ടി തിരിച്ച് പോകാൻ തുടങ്ങിയിരിക്കുന്നുവെന്നും പാർട്ടിയിലെ മുതിർന്ന ഉറവിടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.



പാർട്ടിയിലെ അടിസ്ഥാനപ്രവർത്തകരെയും പാർട്ടി നേതൃത്വത്തെയും കൂട്ടിയിണക്കുന്ന ശക്തി നെറ്റ് വർക്കിലെ അംഗങ്ങളുടെ എണ്ണം 5.4 മില്യൺ പേരിൽ നിന്നും നിലവിൽ 6.6 മില്യണായാണ് വർധിച്ചിരിക്കുന്നതെന്ന് പാർട്ടി ഡാറ്റകൾ വെളിപ്പെടുത്തുന്നു. രണ്ട് മാസങ്ങൾക്കിടെ വളണ്ടിയർമാരുടെ എൻ റോൾമെന്റിൽ 22 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ശക്തി നെറ്റ് വർക്കിലെ അംഗങ്ങളുടെ എണ്ണത്തിൽ ഏറ്റവും വേഗതയേറിയ വർധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂണിലായിരുന്നു ശക്തി നെറ്റ് വർക്ക് പ്രവർത്തനമാരംഭിച്ചിരുന്നത്. ശക്തി നെറ്റ് വർക്കിലെ വനിതകളുടെ അംഗത്വത്തിൽ നേരത്തെയുണ്ടായിരുന്ന 22 ശതമാനത്തിൽ നിന്നും 40 ശതമാനം പെരുപ്പമുണ്ടായിരിക്കുന്നുവെന്നതും എടുത്ത് പറയേണ്ട നേട്ടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP