Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവസാന ധാരണ ഉണ്ടാക്കിയത് സോണിയ ആണെങ്കിലും സഖ്യത്തിലേക്ക് നയിച്ചത് പ്രിയങ്കാ ഗാന്ധിയോടുള്ള അഖിലേഷിന്റെ അടുപ്പം; രാഹുൽ പരാജയപ്പെട്ടിടത്ത് യുപിയിൽ കോൺഗ്രസിനെ രക്ഷപ്പെടുത്തിയത് സഹോദരി; ഇന്ദിരയുടെ പിൻഗാമിയായി മുമ്പ് വാർത്തകളിൽ നിറഞ്ഞ പ്രിയങ്ക വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചൂടുള്ള ചർച്ചാ വിഷയമാകുന്നു

അവസാന ധാരണ ഉണ്ടാക്കിയത് സോണിയ ആണെങ്കിലും സഖ്യത്തിലേക്ക് നയിച്ചത് പ്രിയങ്കാ ഗാന്ധിയോടുള്ള അഖിലേഷിന്റെ അടുപ്പം; രാഹുൽ പരാജയപ്പെട്ടിടത്ത് യുപിയിൽ കോൺഗ്രസിനെ രക്ഷപ്പെടുത്തിയത് സഹോദരി; ഇന്ദിരയുടെ പിൻഗാമിയായി മുമ്പ് വാർത്തകളിൽ നിറഞ്ഞ പ്രിയങ്ക വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചൂടുള്ള ചർച്ചാ വിഷയമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സമാജ്വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ചു മൽസരിക്കുമെന്ന നിർണ്ണായക തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിച്ചത് പ്രിയങ്കാ ഗാന്ധിയുടെ ഇടപടെലായിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബർ, സമാജ്വാദി പാർട്ടി നേതാക്കളായ നരേഷ് ഉത്തം, കിരൺമയ് നന്ദ എന്നിവർ ലക്‌നൗവിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സഖ്യതീരുമാനം പ്രഖ്യാപിച്ചത്. ഇത്തരത്തിലൊരു സഖ്യം യാഥാർത്ഥ്യമാക്കാൻ കരുക്കൾ നീക്കിയത് രാഹുൽ ഗാന്ധിയായിരുന്നു. എന്നാൽ അഖിലേഷുമായി ചർച്ച ചെയ്ത് ധാരണയിലെത്താൻ രാഹുലിന് കഴിഞ്ഞില്ല. ഇതോടെ സഖ്യം വാർത്തകളിൽ മാത്രം ഒതുങ്ങുമെന്ന വിലയിരുത്തലെത്തി. ഈ ഘട്ടത്തിലാണ് പ്രിയങ്ക ഇടപെടലുമായെത്തിയത്.

അഖിലേഷും പ്രിയങ്കയും നല്ല സുഹൃത്തുക്കളായിരുന്നു. ഇതു തന്നെയായിരുന്നു നിർണ്ണായകമായത്. ഇതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രിയങ്ക സജീവമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. രാഷ്ട്രീയമായി കോൺഗ്രസിന് നഷ്ടങ്ങളുടെ മാത്രം കണക്കാണ് രാഹുലിന്റെ നേതൃത്വം നൽകിയത്. അതിന് മാറ്റം വരുത്താൻ പ്രിയങ്കയ്ക്ക് കഴിയുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. യുപി തെരഞ്ഞെടുപ്പിനെ പ്രിയങ്ക നയിക്കണമെന്ന് പോലും ആവശ്യം ഉയർന്നു. എന്നാൽ രാഹുൽ ഉടക്കിയതോടെ ഒന്നും നടക്കാതെ പോയി. ഇന്ദിരാ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്കയെ കണ്ടവർ നിരാശയും. ഈ അവസ്ഥയ്ക്കാണ് യുപിയിലെ തെരഞ്ഞെടുപ്പിൽ മാറ്റമുണ്ടാകുന്നത്. എസ്‌പി-കോൺഗ്രസ് സഖ്യം വിജയിച്ചാൽ അത് സോണിയയുടെ വിജയമാകും.

ടുപിയിൽ സീറ്റുവിഭജന ചർച്ചകളിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ ധാരണ ഉരുത്തിരിഞ്ഞതോടെയാണ് സഖ്യം രൂപീകരിച്ച് മൽസരിക്കാനുള്ള തീരുമാനം. സംസ്ഥാനത്തിന്റെ സമഗ്രവളർച്ചയ്ക്കായും പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായും ചേർന്നു പ്രവർത്തിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. അന്തിമ ധാരണയനുസരിച്ച് കോൺഗ്രസ് 105 സീറ്റിലും സമാജ്വാദി പാർട്ടി 298 സീറ്റുകളിലും മൽസരിക്കും. സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവ് തന്നെയാകും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവർ നേരിട്ട് ഇടപെട്ടതോടെയാണ് സഖ്യത്തിന് അന്തിമ ധാരണയായത്. എന്നാൽ പ്രിയങ്ക തുടങ്ങിയ ചർച്ചകളായിരുന്നു ലക്ഷ്യത്തിലേക്ക് നയിച്ചത്.

'സഖ്യമായി മൽസരിച്ചാൽ പരമാവധി 99-100 സീറ്റ്, അതല്ലെങ്കിൽ പോരാട്ടം ഒറ്റയ്ക്ക്' എന്ന് സമാജ്വാദി പാർട്ടി വ്യക്തമായ സന്ദേശം നൽകിയ സാഹചര്യത്തിലാണ് സീറ്റു വിഭജന ചർച്ചകളിലേക്ക് കോൺഗ്രസ് അധ്യക്ഷയുടെ രംഗപ്രവേശം. കുറഞ്ഞത് 121 സീറ്റുകൾ വേണമെന്ന പ്രഖ്യാപിത നിലപാടിൽനിന്ന് കോൺഗ്രസും പരമാവധി 100 സീറ്റുകൾ നൽകാമെന്ന നിലപാടിൽനിന്ന് സമാജ്വാദി പാർട്ടിയും പിന്നാക്കം പോയതോടെയാണ് സഖ്യചർച്ചകൾ ഫലം കണ്ടത്. ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള നാമനിർദേശപത്രികകൾ സമർപ്പിക്കാനുള്ള അവസാനദിനം അടുത്തതോടെയാണ് അന്തിമ ചർച്ചകൾക്കായി പ്രമുഖ നേതാക്കൾ ഇടപെട്ടത്. പ്രിയങ്ക തന്നെയായിരുന്നു പ്രധാന കരുനീക്കങ്ങൾക്ക് നേതൃത്വം നൽകിയത്.

പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും അമേഠി, റായ് ബറേലി മണ്ഡലങ്ങളിലേതടക്കം കോൺഗ്രസിന്റെ ഒൻപതു സിറ്റിങ് സീറ്റുകളിൽ സമാജ്വാദി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണു സഖ്യത്തിന്റെ ഭാവി തുലാസിലായത്. കഴിഞ്ഞ തവണ 28 സീറ്റുകളിൽ ജയിച്ച കോൺഗ്രസ് 54 സീറ്റുകളിൽ രണ്ടാമതെത്തിയിരുന്നു. പ്രിയങ്ക ഗാന്ധി സജീവപ്രചാരണത്തിനെത്തുന്നതോടെ സഖ്യത്തിനുണ്ടാകാവുന്ന മേൽക്കൈ കൂടി കണക്കിലെടുത്തായിരുന്നു കോൺഗ്രസിന്റെ വിലപേശൽ. ഇതൊന്നും ആദ്യ ഘട്ടത്തിൽ അഖിലേഷ് അംഗീകരിച്ചില്ല. ഗാന്ധി കുടുംബത്തിന്റെ 'കൈവശ മണ്ഡല'ങ്ങളിൽക്കൂടി സമാജ്വാദി പാർട്ടി അവകാശവാദമുന്നയിച്ചതു സഖ്യസാധ്യതയ്ക്കു വൻ വെല്ലുവിളിയായി.

കോൺഗ്രസും സമാജ്വാദി പാർട്ടിയും ചേരുന്നതു വിജയ ഫോർമുലയാകുമെന്ന് ഇരു കൂട്ടരും നേരത്തെ അവകാശപ്പെട്ടിരുന്നു. ഇത് മനസ്സിലാക്കിയാണ് പ്രിയങ്ക അഖിലേഷിനെ അനുനയിപ്പിച്ചത്. അമേഠി, റായ് ബറേലി മണ്ഡലങ്ങളിൽ മുമ്പ് പ്രിയങ്ക പ്രചരണത്തിന് നേതൃത്വം നൽകിയിരുന്നു. അതിനപ്പുറത്തേക്കുള്ള രാഷ്ട്രീയ ഇടപെടൽ പ്രിയങ്ക നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ സീറ്റ് ചർച്ചകളിലെ പ്രിയങ്കയുടെ ഇടപെടൽ ചർച്ചയാകുന്നത്. യുപിയിൽ പ്രിയങ്കയുടെ പ്രായോഗിക വാദങ്ങൾ വിജയിച്ചുവെന്ന വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താരപ്രചാരകയായി പ്രിയങ്ക എത്താനാണ് സാധ്യത. അതും സംഭവിക്കുകയും യുപിയിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തുകയും ചെയ്താൽ കോൺഗ്രസിനെ നയിക്കാൻ പ്രിയങ്കയ്ക്ക് അവസരമവും ഒരുക്കും.

യുപിഎയിൽ പൊതുമിനിമം പരിപാടിയെന്ന പ്രിയങ്കയുടെ ആവശ്യവും അഖിലേഷ് അംഗീകരിച്ചു. ഭരണത്തിൽ നിർണ്ണായക സ്വാധീനമുള്ള പാർട്ടിയായി കോൺഗ്രസിനെ മാറ്റുകയാണ് ലക്ഷ്യം. ചർച്ചകൾക്ക് മുൻകൈയെടുത്തതും ഫലം കാണിച്ചതും പ്രിയങ്കാ ഗാന്ധിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയുമായ അഹ്മദ് പട്ടേലാണ് സ്ഥിരീകരിച്ചത്. ട്വിറ്ററിൽ അദ്ദേഹം കുറിച്ച വാക്കുകൾ ചർച്ചയിൽ മുഖ്യ പങ്ക് വഹിച്ചത് പ്രിയങ്കയാണെന്ന് വ്യക്തമാക്കുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പോടെ പ്രിയങ്കാ ഗാന്ധി പൂർണ തോതിൽ രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് സാധ്യത. നേരത്തെ പാർട്ടി പ്രതിസന്ധിയിലായപ്പോഴൊക്കെ പ്രിയങ്ക ഇറങ്ങണമെന്ന് പല കോണിൽ നിന്നു ആവശ്യമുയർന്നിരുന്നു. ഇന്ദിരാ ഗാന്ധിയുടെ പിന്മുറക്കാരി പ്രിയങ്കയാണെന്ന് വരെ അഭിപ്രായമുയർന്നു. അതിന് പലരും ചൂണ്ടിക്കാട്ടിയത് പ്രിയങ്കക്ക് ഇന്ദിരാ ഗാന്ധിയുടെ മുഖഛായ ഉണ്ടെന്നാണ്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് യുപിയിലേത്. അവിടെ മുഖ്യ കാർമികത്വം പ്രിയങ്കക്കായതിനാൽ അവർ അധികം വൈകാതെ കോൺഗ്രസ് നേതൃത്വത്തിലേക്കെത്തുമെന്ന് അണികൾ വിശ്വസിക്കുന്നു.

യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി നടത്തിയ പല ചർച്ചകളിലും മുതിർന്ന നേതാവ് ഗുലാം നബി ആസാദിനൊപ്പം പ്രിയങ്കയുമുണ്ടായിരുന്നു. പ്രിയങ്കയുടെ വിളികൾക്ക് അഖിലേഷ് പ്രതികരിക്കുന്നില്ലെന്ന റിപോർട്ടുകൾ മാദ്ധ്യമ സൃഷ്ടിയാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അഖിലേഷിന്റെ ഭാര്യ ഡിംപിളുമായും പ്രിയങ്ക സംസാരിച്ചിരുന്നു. സഖ്യം പ്രഖ്യാപിച്ചതോടെ എല്ലാ റിപോർട്ടുകളും വ്യാജമാണെന്ന് തെളിഞ്ഞുവെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഡിംപിളും പ്രിയങ്കയും ഒരുമിച്ച് പ്രചാരണം നടത്താനും പദ്ധതിയുണ്ട്. രാഹുൽ പാർട്ടി അധ്യക്ഷനായാൽ പ്രിയങ്കയായിരിക്കും ഉപാധ്യക്ഷ സ്ഥാനത്ത് വരികയെന്നാണ് റിപോർട്ട്. അല്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുപിയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയാവും അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP