Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ആരും പിതാവിന്റെയും മുത്തച്ഛന്റെയും രേഖകൾ തേടി പോകേണ്ടതില്ല; അത് കൂട്ടക്കൊലയെ തുടർന്ന് അസമിന് മാത്രമുള്ള പ്രത്യേക കരാർ; ഇന്ത്യയിൽ ജനിച്ചതുകൊണ്ടോ, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതുകൊണ്ടോ മാത്രം അസമിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കല്ല; മാതാപിതാക്കൾ മാർച്ച് 24, 1971 മുമ്പ് അസമിൽ ജീവിച്ചിരുന്നുവെന്ന് തെളിയിക്കണം; മോദിക്കും അമിത്ഷാക്കുമല്ല സുപ്രീം കോടതിക്കാണ് അസമിലെ മേൽനോട്ടം; പൗരത്വ രജിസ്റ്റിനെ കുറിച്ച് കേരളത്തിൽ പ്രചരിപ്പിച്ചതെല്ലാം പച്ചക്കള്ളം

കേരളത്തിലെ ആരും പിതാവിന്റെയും മുത്തച്ഛന്റെയും രേഖകൾ തേടി പോകേണ്ടതില്ല; അത് കൂട്ടക്കൊലയെ തുടർന്ന് അസമിന് മാത്രമുള്ള പ്രത്യേക കരാർ; ഇന്ത്യയിൽ ജനിച്ചതുകൊണ്ടോ, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതുകൊണ്ടോ മാത്രം അസമിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കല്ല; മാതാപിതാക്കൾ മാർച്ച് 24, 1971 മുമ്പ് അസമിൽ ജീവിച്ചിരുന്നുവെന്ന് തെളിയിക്കണം; മോദിക്കും അമിത്ഷാക്കുമല്ല സുപ്രീം കോടതിക്കാണ് അസമിലെ മേൽനോട്ടം; പൗരത്വ രജിസ്റ്റിനെ കുറിച്ച് കേരളത്തിൽ പ്രചരിപ്പിച്ചതെല്ലാം പച്ചക്കള്ളം

എം മാധവദാസ്

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ഉയരുന്ന ഇക്കാലത്ത് ചർച്ചകൾ പരോഗമിക്കുന്നത് അസമിനെ കേന്ദ്രീകരിച്ചാണ്. അസമിലേതുപോലുള്ള ദേശീയ പൗരത്വ രജിസ്റ്റർ ( എൻ ആർ സി) രാജ്യമെമ്പാടും നടപ്പാക്കുമെന്നും അതോടെ ഈ സംസ്ഥാനത്തുനിന്ന് 19 ലക്ഷത്തോളം പേർ പുറത്തായപോലെ, കേരളത്തിൽ നിന്ന് അടക്കം ലക്ഷങ്ങൾ പുറത്താകുമെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ചില ഇസ്ലാമിക മതമൗലികവാദികളുടെയും ചില ഇടതുപക്ഷ ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ പ്രചാരണം നടക്കുന്നത്. എന്നാൽ ഇത് അസമിനുവേണ്ടി പ്രത്യേകമായി ഉണ്ടാക്കിയതാണെന്നും
, അത് കേരളത്തിലടക്കം നടപ്പാവുകയാണെങ്കിൽ ഈ രീതിയിൽ ആയിരിക്കില്ല എന്നുമാണ് യാഥാർഥ്യം. മറ്റൊരു പ്രധാനവിഷയം ഇസ്ലാമിക മൗലിക വാദ ഗ്രൂപ്പുകൾ ഇത് മോദിയുടെയും അമിത്ഷായും ഉണ്ടാക്കിയ കെണിയായിട്ടാണ് അവതരിപ്പിക്കുന്നത്. എന്നാൽ കാര്യം തിരിച്ചാണ്.

1951 ലെ ഇന്ത്യൻ സെൻസസിന് ശേഷമാണ് അതേവർഷം തന്നെ എൻആർസി. തയ്യാറാക്കിയത്. മോദിയും അമിത്ഷായും പോയിട്ട് അന്ന് ബിജെപി പോലും ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യത്തിന് മുമ്പേ തന്നെ ബ്രിട്ടീഷ് സർക്കാറുകൾക്ക് വലിയ തലവേദനയായിരുന്നു അസമിലെ വംശീയ പ്രശനങ്ങൾ. അസമിലെ തദ്ദേശീയരായ ഹിന്ദുക്കളും ബോഡോ ഗ്രോത്രക്കാരും മറ്റ് ജനവിഭാഗത്തിൽപ്പെട്ട തദ്ദേശീയരും, പിന്നീട് ബംഗ്ലാദേശായ കിഴക്കൻ ബംഗാളിൽ നിന്നുള്ള കുടിയേറ്റത്തെ വലിയ ഭീതിയോടെയാണ് കണ്ടിരുന്നത്. 37ൽ അസം സന്ദർശിച്ച സാക്ഷാൽ ജവഹർലാൽ നെഹ്‌റു അത്ഭുതപ്പെട്ടത്  ഇവിടെ സ്വാതന്ത്ര്യ സമര വികാരമല്ല കുടിയേറ്റ വിരുദ്ധ വികാരമാണ് ഉള്ളതെന്നായിരുന്നു. ബംഗാളി സംസാരിക്കുന്ന ഹിന്ദുവും മുസ്ലീമും എന്ന ഭേദമില്ലാതെ അവരെ ഒറ്റ വംശമായാണ് അസമികൾ കണ്ടത്. അയായത് ഇന്ന് പ്രചരിക്കുന്നപോലെ അസമിലെ പ്രശ്നം ഒരുകാലത്തും വർഗീയമായിരുന്നില്ല. വംശീയമായിരുന്നു. അത് ഇപ്പോഴും തുടരുന്നു. എന്നാൽ ഈ വസ്തുതകൾ ഒക്കെ മറച്ചുവെച്ചുകൊണ്ട് ബിജെപി സർക്കാരാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം പിന്നിൽ എന്ന കുപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്.

ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് തുടങ്ങിയ പ്രശ്‌നം

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം തന്നെ തുടങ്ങിയതാണ് സത്യത്തിൽ അസമിലെ പ്രശ്നങ്ങൾ. കൊളോണിയൽ അധികാരികളുടെ ഉദാരമായ മനോഭാവം, ഫലഭൂയിഷ്ഠമായ ഭൂമി തേടി ബംഗാളിൽ നിന്ന് അസമിലേക്ക് കുടിയേറാൻ പലർക്കും പ്രോത്സാഹനമായി. പക്ഷേ അപ്പോഴേക്കും വംശീയ പ്രശ്നങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. 1931ലെ സെൻസസ് സൂപ്രണ്ട് സി.എസ്. മുള്ളൻ തന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നതു: 'കഴിഞ്ഞ 25 വർഷത്തിനിടയിൽ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം കുടിയേറ്റമാണ്. അസമിലെ മുഴുവൻ സവിശേഷതകളെയും ശാശ്വതമായി മാറ്റാനും അസമീസ് സംസ്‌കാരത്തിന്റെയും നാഗരികതയുടെയും മുഴുവൻ ഘടനയെയും നശിപ്പിക്കാനും സാധ്യതയുള്ളതാണ് ഇത്‌ കിഴക്കൻ ബംഗാളിൽനിന്നുള്ള ഭൂമിയോട് ആർത്തിയുള്ള കുടിയേറ്റക്കാരിൽ കൂടുതലും മുസ്ലിങ്ങളാണ്'- ഹിന്ദുസ്ഥാൻ ടൈംസ് സെൻസസ് സൂപ്രണ്ടിന്റെ വാക്കുകൾ ഇങ്ങനെ ഉദ്ധരിക്കുന്നു.

1951ലെ ആദ്യസെൻസസിൽ 80 ലക്ഷമായിരുന്നു അസമിലെ ജനസംഖ്യ. അന്നുതന്നെ എൻആർസിയും ഉണ്ടാക്കിയെങ്കിലും ഇത് ഒരു കരാർ ആയി മാറുന്നത് അസമിൽ 79 മുതൽ 85 വരെ നടന്ന രക്തരൂക്ഷിതമായ വംശീയ കലാപത്തെ തുടർന്നായിരുന്നു. 85ൽ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ അസം കരാർ സത്യത്തിൽ കലാപം അവസാനിപ്പിക്കാനുള്ള ഒരു ഒത്ത് തീർപ്പ് ഫോർമുല കൂടിയായിരുന്നു. ഇതും വർഷങ്ങളോളം ആരും നടപ്പാക്കിയില്ല. 1951ലെ എൻആർസി തന്നെയായിരുന്നു അപ്പോളും നടപ്പാക്കിയത്. തുടർന്ന് വീണ്ടും കലാപം ഉണ്ടായപ്പോൾ, 2005-ൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഓൾ അസം സ്റ്റുഡന്റ്സ് യൂണിയനും ചേർന്നുണ്ടാക്കിയ കരാർ പ്രകാരം 1951-ലെ എൻആർസി.യിൽ മാറ്റംവരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985-ലെ അസം കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005ലെ കരാർ. അന്ന് മന്മോഹൻസിങായിരുന്നു രാജ്യ പ്രധാനമന്ത്രി. ബിജെപി ചിത്രത്തിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഈ കാലയളവിൽ സംസ്ഥാനത്തുടനീളമുണ്ടായ സംഘർഷങ്ങൾ കാരണം ഈ പുതുക്കൽ പൂർത്തിയാക്കാനായില്ല.

1971നു ശേഷം, കുടിയേറ്റ പ്രശ്നം മൂർധന്യാവസ്ഥയിൽ തുടരുന്ന സമയത്താണ്, 1979ൽ മംഗാൾദോയി ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. ഏകേദശം 45000 ബംഗ്ലാദേശികൾ വോട്ടുകൾ രേഖപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ടു. തുടർന്നുണ്ടായ രാഷ്ട്രീയ കലാപങ്ങൾ അസം പ്രക്ഷോഭത്തിന് വഴിതെളിച്ചു. അസാമീസ് സ്വത്വത്തിനും ജനസംഖ്യക്കും മേൽ ബംഗാളി ജനസംഖ്യ വർധിക്കുന്നതിനെതിരെ തുടങ്ങിയ ഈ സമരം പലതവണ അക്രമസ്വഭാവം പ്രകടിപ്പിച്ചു. അത് ഒടുവിൽ 1983ലെ നെല്ലി കൂട്ടക്കൊലയ്ക്കും വഴിവെച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് അസമിലേക്ക് കുടിയേറിപ്പാർത്ത, കിഴക്കൻ ബംഗാളിൽ വേരുകളുള്ള രണ്ടായിരത്തിലധികം മുസ്ലിംകളെ ആണ് വെറും ആറു മണിക്കൂർ സമയത്തിൽ കൂട്ടക്കൊല ചെയ്തത്. ഒടുവിൽ, ആറു വർഷം നീണ്ടുനിന്ന അസാം പ്രക്ഷോഭം 1985ൽ അസം കരാറിലൂടെ (Assam accord) അവസാനിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ആസാം മുന്നേറ്റത്തിലെ പ്രമുഖ കക്ഷികളായ ആസാം സ്റ്റുഡന്റ് യൂണിയനും ഓൾ അസം ഗണ സംഗ്രാം പരിഷത്തുമാണ്  കരാറിൽ ഒപ്പു വെച്ചത്.  കരാർ പ്രകാരമുള്ള
ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ഇവയാണ്. 1) 1971 മാർച്ച് 24 ന് ശേഷം ആസാമിലേക്ക് വന്ന എല്ലാവരും വിദേശികൾ ആണ്. 2) 1951ൽ തയാറാക്കിയ പൗരത്വ പട്ടിക പുതുക്കും. ഇതാണ് ഇപ്പോൾ നടപ്പാക്കുന്നത്.

കേരളത്തിൽ ജനിച്ച ഒരാളുടെ മാതാപിതാക്കളുടെ രേഖ പരിശോധിക്കില്ല

അസമിലെ പൗരത്വ രജിസ്റ്ററിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും പിതാവ് ആരാണ് മാതാവ് ആരാണ് എന്ന് തപ്പിപ്പോയി കണ്ട് തെളിയിക്കേണ്ടി വരുമെന്ന ശുദ്ധ വിവരക്കേടാണ് ചില സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. പക്ഷേ ഇത് അസമിന് മാത്രമുള്ളതാണെന്ന് അവർക്ക് അറിയില്ല. നെല്ലി കൂട്ടക്കൊലപോലെയുള്ള സംഭവങ്ങളിൽ ചകിതനായ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഒപ്പുവെച്ച അസം കരാർ പ്രകരമാണിത്. ഇവിടെ ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം. 1985 ൽ സിറ്റിസൺഷിപ്പ് ആക്ട് 6എ പ്രകാരം അസം അക്കോർഡിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

എന്നാൽ ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്. ഇന്ത്യയിൽ 1950 നും 1987നും മധ്യേ ജനിച്ച എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. മാതാപിതാക്കളിൽ ഏതെങ്കിലുമൊരാൾ ഇന്ത്യൻ പൗരനായാൽ 1987 നും 2003 നും മധ്യേ ഇന്ത്യയിൽ ജനിച്ചവരെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കും. 2003ന് ശേഷം ഇന്ത്യയിൽ ജനിച്ചവരുടെ അച്ഛനും അമ്മയും ഇന്ത്യൻ പൗരന്മാരാണെങ്കിൽ കുട്ടികളും ഇന്ത്യൻ പൗരന്മാരാകും. എന്നാൽ അസമിൽ ഇതല്ല അവസ്ഥ. അസം കരാർ പ്രകാരം അസമിലെ ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം. ഇന്ത്യയിൽ ജനിച്ചതുകൊണ്ടോ, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതുകൊണ്ടോ മാത്രം അസമിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ലെന്ന് ചുരുക്കം. മാതാപിതാക്കൾ മാർച്ച് 24, 1971 മുമ്പ് അസമിൽ ജീവിച്ചിരുന്നിരിക്കണം. 1971 കട്ട് ഓഫ് ഡേറ്റായി വെക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. കാരണം അപ്പോഴാണ് ബംഗ്ലാദേശ് വിമോചനം ഉണ്ടാവുകയും ഇന്ത്യയിലേക്ക് ലക്ഷക്കണക്കിന് ആളുകളുടെ അഭയാർഥി പ്രവാഹം ഉണ്ടാകയും ചെയ്തത്.

ഇത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിലവിൽ ബാധകമല്ല. നാം പിതാവിന്റെയോ പൂർവികന്റെയോ രേഖ ഹാജരാക്കേണ്ട കാര്യമില്ല. കാരണം ഇവിടെ അസം കരാറില്ല. ബംഗ്ലാദേശ് യുദ്ധമില്ല. അഭയാർഥി പ്രവാഹവുമില്ല. ഇതൊന്നും മനസ്സിലാക്കാതെ സുബൈദയും
സുനിതയും ഒന്നിച്ചു വന്നാൽ സുനിതക്ക് പൗരത്വം കിട്ടുകയും സുബൈദ പുറത്താകുകയും ചെയ്യുമെന്ന് പറഞ്ഞ് മുസ്ലീങ്ങളുടെ മനസ്സിൽ ഭീതിയുടെ തീപ്പൊരി വിതറിയിടുന്നവർക്ക് നല്ല നമസ്‌ക്കാരം പറയാനേ കഴിയൂ. സുനിതയും സുബൈദയും ആദ്യം വന്നാൽ സുബൈദയെ പരിഗണിക്കുന്ന രാജ്യമാണിത്. തൊഴിലിലും വിദ്യാഭ്യാസത്തിലുമൊക്ക ഭരണഘടനാപരമായ ന്യുനപക്ഷ അവകാശങ്ങളും സംരക്ഷണങ്ങളും ഈ രാജ്യത്തുണ്ട്. ഡ്രൈവിങ് ലൈസൻസും, പാസ്പോർട്ടും വോട്ടർ തിരിച്ചറിയൽ കാർഡും അടക്കും ഇരുപതോളം രേഖകൾ പൗരത്വ രേഖയായി നമുക്ക് ഉപയോഗിക്കാവുന്നതാണ്.

അതുകൊണ്ടുതന്നെ ഈ നാട്ടിലെ ആരും പുറത്തുപോവേണ്ട കാര്യവും വരുന്നില്ല. അതോടൊപ്പം കൃത്യമായ രേഖകളില്ലാത്ത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനും കഴിയും. എന്നാൽ അസമിൽ അങ്ങനെയല്ല. ഇന്ത്യയിൽ ജനിച്ചതുകൊണ്ടോ, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതുകൊണ്ടോ മാത്രം അസമിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ല. ആ വ്യക്തിയുടെ പൂർവികർ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം എന്ന് തെളിയിക്കാൻ ആവണം. നിരവധിപേർ പുറത്തായതും അങ്ങനെയാണ്. ഇതിനെ എങ്ങനെ ക്രമവത്ക്കരിക്കാം എന്നും ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിലാണ്. അതായത് മോദിയും അമിതഷായും തലകുത്തി മറിഞ്ഞാലും ഈ രാജ്യത്തുനിന്ന് മുസ്ലീങ്ങളെ കൂട്ടത്തോടെ ആട്ടിപ്പായിപ്പിക്കൽ നടക്കില്ല എന്ന് ചുരുക്കം.

ഈ രേഖകൾ ഹിന്ദുവിനും മുസൽമാനും തുല്യമാണ്. ഇനി രേഖയില്ലാത്ത ഹിന്ദു ഞാൻ പാക്കിസ്ഥാനിലെ മത അഭയാർഥിയാണെന്ന് പറഞ്ഞാൽ അത് തൊണ്ട തൊടാതെ വിഴുങ്ങി പൗരത്വം തെളിയിക്കാൻ മാത്രം വിഡ്ഡികളല്ല നമ്മുടെ സംവിധാനമെന്ന് അറിയുക.

എൻആർസി പുതുക്കൽ നടന്നത് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ

എറ്റവും പ്രധാനം മോദിയും അമിത്ഷായും ഒന്നുമല്ല എൻആർസിയുടെ മേൽനോട്ടക്കാർ എന്നതാണ്. സുപ്രീം കോടതിയാണ് ഇത് പരിശോധിക്കുന്നത്. 2005 മേയിലാണ് സന്നദ്ധസംഘടനയായ അസം പബ്ലിക് വർക്സ് (എ.പി.ഡബ്ല്യു.) നൽകിയ ഹർജിയെത്തുടർന്നാണ് അസമിലെ എൻആർസി പതുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. അല്ലാതെ കേരളത്തിൽ പ്രചരിപ്പിക്കപ്പെടുന്നപോലെ സംഘപരിവാർ മുസ്ലീങ്ങളെ പുറത്താക്കാൻ എടുത്ത തീരുമാനം അല്ല. നിലവിലുള്ള എല്ലാ സംസ്ഥാനവാസികളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുക എന്നതാണ് ഇതിന്റെ ഉദ്ദേശം. അതുവഴി ആ സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയെന്നും.

എന്നാൽ അസമിൽ എൻആർസിയുടെ സംസ്ഥാനത്തിന്റെ ഭാഗം അപ്‌ഡേറ്റ് ചെയ്യുന്ന 
പക്രിയ ആരംഭിച്ചത് 2013 ലാണ്.  അതിനുശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ഹാലി എസ് നരിമാൻ എന്നിവർ ഉൾപ്പടെയുള്ള ബെഞ്ച് ഇത് തുടർച്ചയായി നിരീക്ഷിച്ചിരുന്നു. ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് കേഡറിലെ ഒരു ഉദ്യോഗസ്ഥൻ പ്രതീക് ഹജേല ആണ് ഈ പ്രക്രിയ മുഴുവൻ നടത്തിയത്. അദ്ദേഹം അസമിലെ ദേശീയ രജിസ്ട്രേഷന്റെ സ്റ്റേറ്റ് കോർഡിനേറ്ററായി നിയമിതനാണ്. ഇത് സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്. രഹസ്യമായിട്ടല്ല തീർത്തും സുതാര്യമായാണ് അസമിലെ എൻആർസി പരോഗമിച്ചത്. അതേത്തുടർന്ന് എൻആസിയുടെ ആദ്യ കരട് കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറക്കി. ഫോറിൻ ട്രിബ്യൂണൽ എന്ന സംവിധാനം വഴിയാണ് പൗരത്വം തെളിയിക്കാനുള്ള അവസരം ജനങ്ങൾക്ക് ലഭിക്കുന്നത്. ഇത്തരം 100 ട്രിബ്യൂണലുകളാണ് അസമിൽ ഉള്ളത്. ഇവർ ഗുവഹത്തി ഹൈക്കോടതിയുടെ ഡിവിഷണൽ ബഞ്ചിലേക്ക് റിപ്പോർട്ട് സമർപ്പിക്കുകയാണ് ചെയ്യുന്നത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നാഷണൽ രജിസ്ട്രാർ ഓഫ് സിറ്റിസൺസ് അന്തിമ തീരുമാനമെടുക്കുന്നത്.

2018 ജൂലായ് 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേർ പൗരത്വത്തിനായി അന്ന് അപേക്ഷിച്ചെങ്കിലും 2.89 കോടി ആളുകൾക്ക് മാത്രമാണ് കരട് പട്ടികയിൽ ഇടംനേടാനായത്. 40 ലക്ഷത്തോളം ആളുകൾ അന്ന് പട്ടികയ്ക്ക് പുറത്തായിരുന്നു. പിന്നീട അനോമലികൾ ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയാണ് പകുതിപ്പേരെ കൂടി ഉൾപ്പെടുത്തിയത്. ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 40,000 സർക്കാർ ഉദ്യോഗസ്ഥർ ചേർന്നാണ് എൻആർസി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എൻആർസി സെന്ററുകളും ആരംഭിച്ചിരുന്നു. 1951ലാണ് രാജ്യത്ത് അവസാനമായി എൻആർസി പതുക്കിയത്. ഇതിനു ശേഷം പട്ടിക തയ്യാറാക്കാൻ മുന്നിട്ടിറങ്ങുന്ന ആദ്യ സംസ്ഥാനമാണ് അസാം.

19.06 ലക്ഷം പേരെ പുറത്താക്കിക്കൊണ്ടാണ് അസാമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്തുവന്നത്. എന്നാൽ അർഹരെന്ന് കണ്ടെത്തിയ 3.11 കോടി പേർക്ക് പൗരത്വം അനുവദിച്ചിട്ടുണ്ട്. ഈ പട്ടികയിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 120 ദിവസത്തിനകം ഫോറിനഴ്സ് ട്രിബ്യൂണലിനെ സമീപിക്കാമെന്നും എൻ.ആർ.സിയുടെ അസാം കോർഡിനേറ്റർ പ്രതീക് ഹജേല അറിയിച്ചിരുന്നു. ഇതിനായി ആയിരം കേന്ദ്രങ്ങൾ തുടങ്ങിയിരുന്നു. പട്ടികയിൽ നിന്നും പുറത്തായവരെ ഉടൻ വിദേശികളായി പ്രഖ്യാപിക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

പുറത്തായ ഹിന്ദുക്കളെ രക്ഷിക്കാൻ ബിജെപി

അസമിൽ പൗരത്വത്തിനു അപേക്ഷിക്കാനുള്ള ഫോമിൽ മതം രേഖപ്പെടുത്താൻ കോളം ഇല്ലായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച് വിശദമായി പഠിച്ച എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ കെ പി സുകുമാരൻ പറയുന്നത്. 'പിന്നെ എങ്ങനെയാണ് ഇത്ര ലക്ഷം ഹിന്ദുക്കൾ എന്നും ഇത്ര ലക്ഷം മുസ്ലീങ്ങൾ എന്നും കണക്ക് വന്നത്. അത് പേര് നോക്കി അനൗദ്യോഗികമായി ആരോ ഉണ്ടാക്കിയ കണക്കാണ്; ശരിക്ക് പറഞ്ഞാൽ പൗരത്വ രജിസ്റ്റർ മതേതരം ആണ്. കാരണം ആ രജിസ്റ്ററിൽ മതം ഇല്ല'- കെ പി സുകുമാരൻ തന്റെ ഫേസ്‌ബുക്ക് പജിൽ ഇങ്ങനെയാണ് എഴുതിയത്.

എന്തായാലും പുറത്തായ 19 ലക്ഷത്തിൽ 13 ലക്ഷവും ഹിന്ദുക്കളാണെന്ന് കണക്കുകണ്ടാണ് ബിജെപി ഞെട്ടിയത്. ബംഗാളികൾ ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കാണ്. അതിനാൽ അവരെ രക്ഷിച്ചെടുക്കാനാണ് പൗരത്വനിയമത്തിൽ ബിജെപി ഭേദഗതി വരുത്തിയത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ബിജെപി ആരെയും പുറത്താക്കിയിട്ടില്ല. മറിച്ച് പുറത്തായ 18 ലക്ഷത്തിൽ സ്വന്തം വോട്ടുബാങ്കായ 13 ലക്ഷത്തെ രക്ഷിച്ച് എടുക്കാനാണ് നോക്കിയത്. പക്ഷേ ഇവിടെയാണ് ബിജെപി പെട്ടതും. ബിജെപി അനധികൃത കുടിയേറ്റക്കാരെ തങ്ങളുടെ നാട്ടിലേക്ക് ഡമ്പ് ചെയ്യുന്നു എന്ന് ആരോപിച്ചാണ് അസമിൽ സമരം നടന്നത്. ബിജെപിയുടെ ഘടകകക്ഷിയായ അസം ഗണപരിഷത്തുപോലും ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധമാണ്. ഇവിടേക്ക് ഒരു കുടിയേറ്റക്കാരനും വേണ്ട എന്നാണ് അവർ പറയുന്നത്. മോദി സർക്കാറിന്റെ വിശ്വസ്തനായ മാധ്യമ പ്രവർത്തകൻ അർണബ് ഗോസാമിവരെ ഈ വിഷയത്തിൽ സർക്കാറിനെതിരെ തിരിഞ്ഞിരിക്കയാണ്.

പൗരത്വം നഷ്ടമായാൽ ഉടൻ പുറത്താക്കില്ല

പക്ഷേ, പട്ടിക പുതുക്കൽ കരുതിയ പോലെ സുഗമമായിരുന്നില്ല. 3.29 കോടി ജനങ്ങളിൽ നിന്നും 6.2 കോടി രേഖകൾ ആണ് എൻആർസി ശേഖരിച്ചത്. 1971നു മുൻപ് ഒരാളോ അവരുടെ പൂർവികരോ ആസാമിൽ താമസിച്ചിരുന്നു എന്ന് തെളിയിക്കേണ്ട രേഖകൾ ആണ് ഹാജരാക്കേണ്ടിയിരുന്നത്. അത്രയും പഴയ രേഖകൾ കൈവശമുള്ളവർ കുറവായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അസമിൽ കാലങ്ങളായി തുടരുന്ന പ്രതിസന്ധി മൂലം ഒട്ടുമിക്ക കുടുംബങ്ങളും കഴിയുന്നത്ര രേഖകളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

പക്ഷേ എല്ലാ വർഷവും ബ്രഹ്മപുത്രയിലെ പ്രളയം മൂലം ആസാമിലെ ഏകദേശം 40 ശതമാനത്തോളം ഭൂമി വെള്ളത്തിനടിയിലാവാറുണ്ട്. ഈ അവസ്ഥ കണക്കിലെടുത്ത് പൗരത്വ പട്ടിക പുതുക്കുന്ന കമ്മീഷൻ പതിനഞ്ചോളം രേഖകൾ അനുവദിച്ചിരുന്നു. എന്നാൽ അവസാന സമയങ്ങളിൽ പതിനഞ്ചിൽ പത്തു രേഖകൾ മാത്രം സ്വീകരിച്ചാൽ മതിയെന്ന് സുപ്രീം കോടതി വിധി വരികയുണ്ടായി. ഇത് ലക്ഷക്കണക്കിനാളുകളെ ബാധിച്ചു. കല്യാണം കഴിഞ്ഞ സ്ത്രീകൾ ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകളും ഒഴിവാക്കിയവയിൽ ഉൾപ്പെടും. ഇത് കാരണം നിലവിൽ പട്ടികയ്ക്ക് പുറത്തുള്ളവരിൽ 55 ശതമാനവും സ്ത്രീകളാണ്.

എൻആർസി അന്തിമ പട്ടികയിൽ ഇടംനേടാനാവാത്ത 19,06,067 പേരെയാണ് പൗരത്വം നഷ്ടപ്പെട്ടത്. ഇതിനർത്ഥം അവർ വിദേശികളായി കണക്കാക്കപ്പെടും എന്നല്ല. പക്ഷേ രാജ്യത്ത് ഒരു പൗരന് ലഭിക്കാവുന്ന എല്ലാ അവകാശങ്ങളും അവരിൽ നിന്ന് ഇല്ലാതാകും. ഫോറിൻ ട്രിബ്യൂണലിന്റെ അനുവാദമില്ലാതെ ഇവരെ അവിടെ തടഞ്ഞുവെക്കാനോ നാടുകടത്താനോ ആർക്കും അവകാശമില്ല. ഇവരുടെയെല്ലാം ജീവിതവും ഭാവിയും അനിശ്ചിതത്വത്തിലാണ്. പക്ഷേ ഇതിനടെ സുപ്രീം കോടതി അതിശക്തമായി ഇടപെട്ടിരിക്കുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ ആരെയും പുറത്താക്കില്ലെന്നും അന്തിമ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ മുന്നോട്ടുപോകൂ എന്നും കേന്ദ്ര സർക്കാർ കോടതിയിൽ ഉറപ്പു നൽകിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരെയും വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കുമെന്നും ഈ പട്ടികയുമായി അതിനൊരു ബന്ധവുമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഇതിലൊക്കെ അന്തിമായ തീരുമാനങ്ങൾ ഇനിയും വരാൻ ഇരിക്കുന്നതേയുള്ളൂ.

20 ലക്ഷംപേർക്ക് ദിവസം നൂറു രൂപവെച്ച് ചെലവ് കൂട്ടിനോക്കൂ..

പൗരത്വ പട്ടിക മാത്രമല്ല അസാമിൽ വിദേശികളെ കണ്ടുപിടിക്കുന്നതിനായി പ്രവർത്തിക്കുന്നത്. 1962 മുതൽ 'അതിർത്തി പൊലീസ്' (Border Police) എന്നൊരു പ്രത്യേക പൊലീസ് സംവിധാനവും, 1983 മുതൽ ഫോറിനേഴസ് ട്രിബ്യൂണൽ എന്നൊരു പ്രത്യേക കോടതി സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 1998 മുതൽ ഇലക്ഷൻ കമ്മീഷൻ വോട്ടർ ഐഡി കാർഡിൽ ഡി എന്ന് രേഖപ്പെടുത്താൻ തുടങ്ങി. ഡി എന്ന് വച്ചാൽ ഡൗട്ട്ഫുൾ, അഥവാ സംശയമുള്ള വോട്ടർ എന്നർഥം. ഡി വോട്ടർമാർ അവരുടെ രേഖകൾ ഫോറിനേഴസ് ട്രിബ്യൂണൽ ഹാജരാക്കി തിരുത്തണം. പൗരത്വം തെളിയിക്കാൻ സാധിക്കാത്ത പക്ഷം അവരെ വിദേശി ആയി പ്രഖ്യാപിച്ച് ഡിറ്റൻഷൻ സെന്ററുകളിലേക്ക് അയക്കും. ഡിറ്റൻഷൻ സെന്ററുകൾ ജയിലുകളിൽ തന്നെ പ്രവർത്തിക്കുന്ന ജയിലിനു സമാനമായ ഒരു സംവിധാനം ആണ്. അക്ഷരത്തെറ്റു മൂലം രണ്ട് രേഖകളിലെ പേരുകൾ യോജിക്കുന്നില്ല എന്ന കാരണം കൊണ്ടു പോലും ഡിറ്റൻഷൻ സെന്ററുകളിൽ 5 വർഷം കഴിയേണ്ടിവന്നവരുണ്ട്. ഇത്തരം കാര്യങ്ങൾ പരിഹരിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.

തദ്ദേശീയരുടെ സമ്മർദത്തിന് വഴങ്ങി ഇത്രയുംപേരെ പുറത്താക്കിയാൽ ഇനി എന്തുചെയ്യും എന്നതാണ് അടുത്ത ചോദ്യം. പക്ഷേ, എല്ലാത്തിനുമുപരി അറിഞ്ഞിരിക്കേണ്ടത് തങ്ങളുടെ പൗരന്മാർ ഇന്ത്യയിലേക്ക് അനധികൃതമായി എത്തിയിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഒരിക്കലും സമ്മതിച്ചിട്ടില്ല എന്നുള്ളതാണ്. കൂടാതെ 2013 ൽ ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവെച്ച കൈമാറ്റ ഉടമ്പടിയിൽ കുടിയേറ്റക്കാരെ അതിന്റെ അധികാര പരിധിയിൽ നിന്നുമൊഴിവാക്കാവുന്ന പല ഉപഘടകങ്ങളും ചേർത്തിട്ടുണ്ട്. അതായത് ഇന്ത്യ വേണമെന്ന് വച്ചാൽ പോലും വിദേശികളായി രാജ്യം കണക്കാക്കുന്ന ആളുകളെ ബംഗ്ലാദേശിലേക്കയക്കാൻ സാധിക്കില്ല എന്നർഥം. അത് മറ്റാരേക്കാളും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കറിയാം. വിദേശികളെ പാർപ്പിക്കാൻ വേണ്ടി കുറച്ചു മാസങ്ങൾ മുൻപു മാത്രമാണ് ആസാമിലെ ആദ്യത്തെ ഡിറ്റൻഷൻ സെന്റർ നിർമ്മിക്കുവാൻ കേന്ദ്ര സർക്കാർ പണം അനുവദിച്ചത്. ജയിലുകൾക്കുള്ളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഡിറ്റൻഷൻ സെന്ററുകളിലോ, പുതുതായി നിർമ്മിക്കുന്ന ഡിറ്റൻഷൻ സെന്ററുകളിലോ ഇത്രയധികം ആളുകളെ ഉൾക്കൊള്ളിക്കാൻ സാധ്യമല്ല. പിന്നെ സംഭവിക്കാൻ സാധ്യതയുള്ളത് ഇപ്പോൾ ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭയാർഥികൾ കഴിയുന്നത് പോലെ അന്താരാഷ്ട്ര സഹായത്തോടെ ക്യാമ്പുകളിൽ പാർപ്പിക്കുകയാണ്. ഇത് ഇന്ത്യക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര ബന്ധങ്ങളിൽ പിളർപ്പുമുണ്ടാക്കും. അതായത് അതീവ സങ്കീർണ്ണ പ്രശ്‌നങ്ങളാണ് ഇവയെന്ന് ചുരുക്കം.

മാത്രമല്ല അസമിൽ പുറത്താക്കപ്പെട്ട 20 ലക്ഷംപേരെ നാം എത്രകാലം ഡിറ്റൻഷൻ സെന്ററിൽ പാർപ്പിക്കും. 20 ലക്ഷംപേർക്ക് ദിവസം നൂറുരൂപവെച്ച് ചെലവ് കൂട്ടിനോക്കു. രാജ്യം പാപ്പരാവാൻ മറ്റെന്തെങ്കിലും വേണോ? ഇനി ഇതുപോലെ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും രേഖകൾ ഇല്ലാത്തവരെ പിടിച്ച് തടവിലിട്ടാൽ ആ രാജ്യത്തിന്റെ സ്ഥിതി എന്താവും. അതായത് ഒരു ഭരണകൂടവും അത്തരം മണ്ടൻ തീരുമാനങ്ങൾ എടുക്കില്ല. അപ്പോൾ ഈ കുപ്രചാരണത്തിന്റെയും പ്രതിഷേധത്തിന്റെയും ഭീതിയുടെയും കാര്യം എന്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP