Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മധ്യപ്രദേശിൽ അൽപ്പം പോലും റിസ്‌ക് എടുക്കേണ്ടെന്ന് രാഹുൽ ഗാന്ധി; ബിഎസ് പിക്കും ആംആദ്മിക്കും സീറ്റുകൾ നൽകും; ഡൽഹിയിൽ ഏഴ് ലോക്‌സഭാ സീറ്റിൽ രണ്ട് തരാമെന്ന് കെജ്രിവാൾ; യുപിയിൽ എന്തുകിട്ടിയാലും തൃപ്തരാകുന്ന കോൺഗ്രസ് എസ് പിയും ബിഎസ് പിയും തമ്മിലുള്ള ചർച്ചകൾക്ക് മുൻ കൈയെടുക്കും; കർണ്ണാടകയിലെ പാഠം കോൺഗ്രസിന്റെ തലക്കനം കുറച്ചപ്പോൾ മോദി വിരുദ്ധ സഖ്യത്തിന് ഉണർവ്വ്

മധ്യപ്രദേശിൽ അൽപ്പം പോലും റിസ്‌ക് എടുക്കേണ്ടെന്ന് രാഹുൽ ഗാന്ധി; ബിഎസ് പിക്കും ആംആദ്മിക്കും സീറ്റുകൾ നൽകും; ഡൽഹിയിൽ ഏഴ് ലോക്‌സഭാ സീറ്റിൽ രണ്ട് തരാമെന്ന് കെജ്രിവാൾ; യുപിയിൽ എന്തുകിട്ടിയാലും തൃപ്തരാകുന്ന കോൺഗ്രസ് എസ് പിയും ബിഎസ് പിയും തമ്മിലുള്ള ചർച്ചകൾക്ക് മുൻ കൈയെടുക്കും; കർണ്ണാടകയിലെ പാഠം കോൺഗ്രസിന്റെ തലക്കനം കുറച്ചപ്പോൾ മോദി വിരുദ്ധ സഖ്യത്തിന് ഉണർവ്വ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മിഷൻ 350 ആണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. മോദി വിരുദ്ധ കൂട്ടായ്മയ്ക്ക് അടുത്ത ലോക്‌സഭയിൽ 350 സീറ്റുകൾ. ബിജെപിയുടെ കുതിരക്കച്ചവടത്തിന് സാധ്യത നൽകാതിരിക്കാൻ ഇത്രയും സീറ്റ് വേണമെന്നാണ് രാഹുലിന്റെ മനസ്സിലുള്ളത്. ഇതിൽ പകുതിയിലേറേയും കോൺഗ്രസിന്റെ സീറ്റുകളും. പ്രാദേശിക പാർട്ടികളുമായി സഖ്യത്തിലൂടെ പരമാവധി സീറ്റുകൾ നേടാനാണ് ലക്ഷ്യമിടുന്നത്. പഴയ ശത്രുക്കളെ പോലും ഇതിനായി വൈരം മറന്ന് കൂടെ കൂട്ടും. ഡൽഹിയിൽ ആംആദ്മിയുമായി പോലും ഇനി പ്രശ്‌നമുണ്ടാക്കില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഒരുമിപ്പിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം.

ഉത്തരേന്ത്യയിൽ കോൺഗ്രസിന് വേരോട്ടമുള്ള പഞ്ചാബിലും ഹരിയാനയിലും ഹിമാചൽ പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും പരമാവധി സീറ്റുകൾ കോൺഗ്രസ് നേടുക. മഹാരാഷ്ട്രയിലും കേരളത്തിലും കർണ്ണാടകത്തിലും നേട്ടം ആവർത്തിക്കുക. ബാക്കിയെല്ലായിടത്തും സഖ്യകക്ഷികൾക്ക് വഴങ്ങും. ഇതിലൂടെ വൻ നേട്ടം ബിജെപിക്കെതിരെ ഉണ്ടാക്കാമെന്നാണ് രാഹുലിന്റെ കണക്ക് കൂട്ടൽ. കർണ്ണാടകയിൽ ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന് രാഹുൽ പ്രതീക്ഷിച്ചു. സംസ്ഥാന നേതാക്കളുടെ വീമ്പു പറച്ചിലാണ് ഇതിന് കാരണം. ഇത് മൂലെ ദേവഗൗഡയുടെ ജെഡിഎസിനെ അകറ്റി. വോട്ട് ഭിന്നിച്ചപ്പോൾ കൂടുതൽ സീറ്റ് ബിജെപിക്കും കിട്ടി. ഇത്തരത്തിലൊരു അവസ്ഥ ഇനിയുണ്ടാകില്ല. കർണ്ണാടകയിൽ  ജനതാദളു (എസ്)മായി കൈകോർത്തതിലൂടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മഹാസഖ്യത്തിൽ കോൺഗ്രസിന് ആദ്യ ഔദ്യോഗിക പങ്കാളിയായി. ഇതിനു പുറമെ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായും മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്‌പിയുമായും സഖ്യസാധ്യതകൾ സംബന്ധിച്ച നീക്കങ്ങൾ സജീവമാക്കുകായണ് രാഹുൽ

ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന സന്ദേശം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പലകുറി നൽകിയിരുന്നു. അപ്പോഴും ഡൽഹിയിലെ കോൺഗ്രസ് നേതൃത്വം അതിന് മുഖം തിരിച്ചു. ബംഗളൂരുവിൽ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ കണ്ടപ്പോൾ കേജ്രിവാൾ മനസ്സിലിരിപ്പു വ്യക്തമാക്കി- 'എന്നോടു തൊട്ടുകൂടായ്മ എന്തിനാണ്? ഞാനും പോരാടുന്നതു ബിജെപിക്കെതിരെ തന്നെയാണ്'. കഴിഞ്ഞ ദിവസം രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒരുക്കിയ വിരുന്നിൽ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ തൊട്ടടുത്ത ഇരിപ്പിടമാണു കേജ്‌രിവാളിനു ലഭിച്ചത്. ഇതോടെ ഡൽഹിയിൽ കോൺഗ്രസ്-ആംആദ്മി കൂട്ടുകെട്ടിന് സാധ്യത വരികയാണ്. ഡൽഹിയിലെ ഏഴു ലോക്‌സഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിൽ പാർട്ടിയുടെ ചുമതലക്കാരെ നിശ്ചയിച്ച്, രണ്ടെണ്ണം ഒഴിച്ചിട്ടതിലൂടെ ചേില സൂചനകൾ കെജ്രിവാൾ നൽകുന്നുമുണ്ട്.

കേജ്‌രിവാൾ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശത്തെക്കുറിച്ചു ഡൽഹിയിൽ പാർട്ടിയുടെ ചുമതലയുള്ള പി.സി.ചാക്കോ, ഡൽഹി കോൺഗ്രസ് പ്രസിഡന്റ് അജയ് മാക്കൻ എന്നിവരുമായി രാഹുൽ ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ സഖ്യം വേണ്ടെന്നാണു ഡൽഹി നേതൃത്വത്തിന്റെ നിലപാട്. ഇത് നടക്കില്ലെന്ന് രാഹുൽ ഇവരെ അറിയിച്ചിട്ടുണ്ട്. ആംആദ്മിയുമായി പിണങ്ങി മത്സരിച്ചാൽ ഏഴിൽ ഒന്നിൽ പോലും കോൺഗ്രസ് ജയിക്കില്ല. ബിജെപി ഏഴിൽ ഏഴും നേടാൻ സാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുടെ സീറ്റ് പരമാവധി കുറയ്ക്കുക. കഴിയുന്നത്ര സീറ്റ് കോൺഗ്രസിനും. അതാണ് തന്റെ മനസ്സിലുള്ളതെന്നും രാഹുൽ വിശദീകരിച്ചു കഴിഞ്ഞു. ആംആദ്മിയിൽ നിന്ന് കിട്ടുന്ന രണ്ട് സീറ്റിൽ പരമാവധി വിജയ സാധ്യതയുള്ളവരെ മത്സരിപ്പിക്കും. കോൺഗ്രസിന്റെ ഡൽഹിയിലെ സംഘടനാ ശേഷി മുഴുവൻ ഇവിടെ ഉപയോഗിക്കാനും കഴിയും.

ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിൽ അഞ്ചെണ്ണം എ.എ.പി.യും രണ്ടെണ്ണം കോൺഗ്രസും പങ്കിടാനാണ് സാധ്യത. മൂന്നുസീറ്റ് കോൺഗ്രസ് ചോദിച്ചിട്ടുണ്ടെങ്കിലും രണ്ടെണ്ണം നൽകാമെന്ന് എ.എ.പി. സമ്മതിച്ചിട്ടുള്ളതായി അറിയുന്നു. രാജ്യത്തെ ജനങ്ങൾ ഡോ. മന്മോഹൻ സിങ്ങിനെപ്പോലെ വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെക്കുറിച്ചുള്ള നഷ്ടബോധത്തിലാണെന്ന് കഴിഞ്ഞ ദിവസം എ.എ.പി. നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രസ്താവിച്ചിരുന്നു. യു.പി.എ. സർക്കാരിന്റെ കാലത്ത് മന്മോഹന്റെ മുഖ്യ എതിരാളിയായിരുന്ന കെജ്രിവാൾ ഇപ്പോൾ അദ്ദേഹത്തെ പ്രശംസിച്ചത് കോൺഗ്രസുമായി അടുക്കാൻ കൂടിയാണ്. പഞ്ചാബിലും കോൺഗ്രസും ആംആദ്മിയും ഒരുമിക്കും. ബിജെപി-അകാലിദൾ സഖ്യത്തെ തൂത്തെറിയാൻ ഈ നീക്കം. മുൻകേന്ദ്രമന്ത്രിമാരായ ജയറാം രമേഷ്, അജയ് മാക്കൻ എന്നിവർ മുൻകൈയെടുത്താണ് എ.എ.പി.യുമായുള്ള ചർച്ച.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി (ന്യൂഡൽഹി), അജയ് മാക്കൻ (ചാന്ദ്നി ചൗക്ക്), രാജ്കുമാർ ചൗഹാൻ (വടക്കുപടിഞ്ഞാറൻ ഡൽഹി) എന്നിവരെ മത്സരിപ്പിക്കാൻ മൂന്നുസീറ്റാണ് കോൺഗ്രസ് എ.എ.പി.യോട് ചോദിച്ചിട്ടുള്ളത്. രണ്ടെണ്ണത്തിൽ കൂടുതൽ നൽകാനാവില്ലെന്ന നിലപാടിലാണ് അവർ. ഇതിനിടെ, അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ പ്രഭാരിമാരെ (ചുമതലക്കാർ) നിയോഗിച്ച് എ.എ.പി. ഡൽഹി ഘടകം തീരുമാനവുമെടുത്തു. ചാന്ദ്നിചൗക്ക്, വടക്കുകിഴക്കൻ ഡൽഹി, കിഴക്കൻ ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി, തെക്കൻ ഡൽഹി എന്നിവയാണ് പ്രഭാരിമാരെ നിശ്ചയിച്ച ലോക്സഭാസീറ്റുകൾ. ബൂത്തുതലംമുതൽ പാർട്ടിപ്രവർത്തനം കാര്യക്ഷമമാക്കാനാണ് ഇവർക്കുള്ള നിർദ്ദേശം. അതേസമയം, രണ്ട് ലോക്സഭാമണ്ഡലങ്ങളിൽ പ്രഭാരിമാരെ നിയോഗിച്ചിട്ടില്ലെന്നതും ശ്രദ്ധേയമായി. ഈ രണ്ട് സീറ്റുകൾ കോൺഗ്രസിന് ആംആദ്മി കൈമാറിയേക്കും.

ഡൽഹിയേക്കാൾ പ്രധാനമാണ് മധ്യപ്രദേശും രാജസ്ഥാനും. മധ്യപ്രദേശിൽ വ്യക്തമായ മുൻതൂക്കം നേടാൻ മായാവതിയുമായി കൂട്ടുകൂടം. യുപിയിലെ സഹകരണം മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിക്കും. 230 അംഗ സഭയിൽ 40 സീറ്റ് വരെ ബിഎസ്‌പി ചോദിക്കും. അതിന്റെ പകുതിവരെ കൊടുക്കാൻ കോൺഗ്രസ് തയ്യാറാകും. ദലിത് സ്വാധീനമുള്ള മേഖലകളിലും യുപിയുടെ അതിർത്തി മണ്ഡലങ്ങളിലും ബിഎസ്‌പിക്കാണു വിജയസാധ്യത എന്നാണു കോൺഗ്രസ് വിലയിരുത്തൽ. മധ്യപ്രദേശിൽ കോൺഗ്രസും ബിഎസ്‌പിയും തമ്മിലുള്ള സഖ്യം ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 45% വോട്ടാണ് ബിജെപി നേടിയത്. കോൺഗ്രസ് 37 ശതമാനവും ബിഎസ്‌പി ഏഴു ശതമാനവും നേടി. കോൺഗ്രസ് ബിഎസ്‌പി, ജിജിപി സഖ്യം ബിജെപിയുടെ വോട്ട് ശതമാനത്തിന് ഒപ്പമെത്തി നിൽക്കുകയാണ്. ഇതാണ് മധ്യപ്രദേശിൽ സഖ്യ നീക്കങ്ങൾക്ക് അടിസ്ഥാനം.

ഇതിലൂടെ മധ്യപ്രദേശിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിടിച്ചു കെട്ടാൻ കോൺഗ്രസിന് കഴിയും. മധ്യപ്രദേശിലൂടെ യുപിയിലും സഖ്യം സാധ്യമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. യുപിയിൽ ഒരു അവകാശ വാദത്തിനും കോൺഗ്രസ് നിൽക്കില്ല. മൂന്ന് സീറ്റുകൾ കിട്ടിയാൽ പോലും എസ് പി-ബിഎസ് പി സഖ്യത്തിന്റെ ഭാഗമായി യുപിയിൽ നിൽക്കാൻ കോൺഗ്രസ് തയ്യാറാകും. കേന്ദ്ര ഭരണത്തിൽനിന്നു ബിജെപിയെ അകറ്റിനിർത്താൻ എന്തു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയാറാണെന്നും നിലവിലെ രാഷ്ട്രീയ യാഥാർഥ്യം മനസ്സിലാക്കിയുള്ള നീക്കങ്ങളായിരിക്കും പാർട്ടി നടത്തുകയെന്നും രാഹുൽ മുതിർന്ന നേതാക്കൾക്ക് സൂചന നൽകി കഴിഞ്ഞു. ഉത്തർപ്രദേശിൽ ലോക്‌സഭയിലേക്കുള്ള 80 സീറ്റിൽ പകുതി തങ്ങൾക്കുവേണം എന്നാണ് ബിഎസ്‌പി വാദിക്കുന്നത്. 2014ൽ ബിഎസ്‌പിക്ക് ഒരുസീറ്റും ലഭിച്ചില്ല. സമാജ്വാദി പാർട്ടിക്ക് അഞ്ചു സീറ്റാണ് കിട്ടിയത്. കോൺഗ്രസിനു രണ്ടു സീറ്റും.

ഇത്തവണ പ്രതിപക്ഷ സഖ്യം എന്ന നിലയ്ക്ക് ഈ കക്ഷികളെല്ലാം ഒരുമിച്ചു മത്സരിക്കാൻ തീരുമാനിച്ചാൽ സീറ്റ് വിഭജനം കീറാമുട്ടി തന്നെ ആയിരിക്കും. ഈ സാഹചര്യത്തിലാണ് പരമാവധി സീറ്റുകൾ നേടിയെടുക്കാൻ സമ്മർദതന്ത്രവുമായി മായാവതി നീക്ക ംനടത്തുന്നത്. സമാജ്വാദി പാർട്ടി 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 31 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ബഹുജൻ സമാജ് 33 സീറ്റുകളിൽ രണ്ടാമതെത്തി. അതുകൊണ്ട് സ്വാഭാവികമായും തങ്ങൾക്കു കൂടുതൽ സീറ്റ് വേണം എന്നാണ് മായാവതിയുടെ വാദം. രണ്ടാമത് എത്തിയ സീറ്റുകളിൽ അതാത് കക്ഷികൾ മത്സരിക്കട്ടേയെന്ന ഫോർമുല രാഹുൽ അവതരിപ്പിച്ചേക്കും. ആർ എൽഡിയേയും ഈ സഖ്യത്തിന്റെ ഭാഗമാക്കും. കഴിഞ്ഞ തവണ 72 സീറ്റിലാണ് ബിജെപി ജയിച്ചത്. യുപിയിൽ 25 സീറ്റുകളിൽ കൂടുതൽ ബിജെപി നേടരുതെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. ഇതിന്റെ ഭാഗമായാണ് സഖ്യ നീക്കങ്ങൾക്ക് രാഹുൽ നേതൃത്വം നൽകുന്നതും.

കർണ്ണാടകയിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസുമായി കോൺഗ്രസ് സഖ്യം തുടരും. തമിഴ്‌നാട്ടിൽ ഡിഎംകെയും. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവും തെലുങ്കാനയിൽ ടിആർസുമായെല്ലാം രാഹുൽ സഖ്യ ചർച്ച നടത്തും. മഹാരാഷ്ട്രയിൽ എൻസിപിയുമായി സഖ്യം തുടരും. എന്ത് വിട്ടുവീഴ്ചയ്ക്കും എൻസിപിയുമായി കോൺഗ്രസ് തയ്യാറാകും. ശിവസേനയുമായി സഹകരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസുമായി ചർച്ചകൾ സജീവമാക്കി കഴിഞ്ഞു. ബീഹാറിൽ ലാലുവിന്റെ തേജ്വസിയിൽ രാഹുലിന് പ്രതീക്ഷ ഏറെയാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളിൽ സിപിഎമ്മുമായും കോൺഗ്രസ് സഹകരിക്കും.

എല്ലാ സംസ്ഥാനങ്ങളിലും ചെറു പ്രാദേശിക കക്ഷികളുമായി പരമാവധി സഹകരണമാണ് രാഹുൽ ലക്ഷ്യമിടുന്നത്. വിശാല സഖ്യത്തിലൂടെ മാത്രമേ ബിജെപിയേയും മോദിയേയും നേരിടാനാകൂവെന്നാണ് രാഹുൽ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP