Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യസഭാ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പോടെ പുറത്തുവന്നതു കൊടപ്പനയ്ക്കൽ കുടുംബത്തിലെ അഭിപ്രായ ഭിന്നതകൾ; നേതൃത്വത്തിലെ അമർഷം അണികളിലേക്കും പടരുന്നു; അബ്ദുൾ വഹാബിന് സീറ്റ് നല്കിയതിനെതിരേ മുറുമുറുപ്പ് അടങ്ങുന്നില്ല

രാജ്യസഭാ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പോടെ പുറത്തുവന്നതു കൊടപ്പനയ്ക്കൽ കുടുംബത്തിലെ അഭിപ്രായ ഭിന്നതകൾ; നേതൃത്വത്തിലെ അമർഷം അണികളിലേക്കും പടരുന്നു; അബ്ദുൾ വഹാബിന് സീറ്റ് നല്കിയതിനെതിരേ മുറുമുറുപ്പ് അടങ്ങുന്നില്ല

എം പി റാഫി

മലപ്പുറം: രാജ്യസഭാ സീറ്റിനെച്ചൊല്ലി ഏറെ നാളുകളായി ഉയർന്നുവന്ന ചർച്ചകൾക്കു വിരാമമിട്ട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ലീഗ് തട്ടകങ്ങളിൽ രാജ്യസഭാസീറ്റ് വിവാദം ഇപ്പോഴും പുകയുകയാണ്. പതിറ്റാണ്ടുകളായി പാർട്ടിക്കു വേണ്ടി വിയർപ്പൊഴുക്കിയ കെ.പി.എ മജീദിന് സീറ്റ് നൽകണമെന്ന അഭിപ്രായക്കാരാണ് പാർട്ടിക്കാരിൽ മഹാഭൂരിഭാഗവും. എന്നാൽ സമസ്തയുടെയും ദേശീയ പ്രസിഡന്റ് ഇ.അഹമ്മദിന്റെയും സമ്മർദത്തെ തുടർന്ന് പി.വി അബ്ദുൽ വഹാബിനെ തെരഞ്ഞെടുത്തതോടെ അണികൾക്കിടയിൽ മുറുമുറുപ്പ് ശക്തമാകുകയായിരുന്നു. അദ്ധ്യക്ഷന്റെ അന്തിമതീരുമാനത്തിനു ശേഷം ഭിന്നാഭിപ്രായം പ്രകടിപ്പിക്കുക മുസ്ലിം ലീഗിൽ പതിവില്ലാത്ത കാര്യമാണ്. എന്നാൽ പതിവിനു വിപരീതമായി കീഴ്ഘടകങ്ങളിൽനിന്നും രാജ്യസഭാ സീറ്റിനെച്ചൊല്ലി ഭിന്നാഭിപ്രായം ഉയർന്നുവെന്നുള്ളതാണ് വസ്തുത.

അബ്ദുൽ വഹാബിന് സീറ്റ് നൽകുന്നതിനെ വിമർശിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നത് പുതിയ വിഭാഗീയതയുടെ തുടക്കമായിരുന്നു. അതേസമയം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങൾ, ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങൾ എന്നിവർ വഹാബിനു വേണ്ടി പരസ്യമായിത്തന്നെ നിലയുറപ്പിച്ചിരുന്നു. സീറ്റ് വിഷയത്തിൽ പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിൽനിന്നും രണ്ടുശബ്ദമുയർന്നത് അണികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. വഹാബിന്റെ സ്ഥാനാർത്ഥിത്വത്തോടെ ലീഗ് അഭിമുഖീകരിക്കുക ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന സെക്രട്ടറി പി.വി അബ്ദുൽ വഹാബ് എന്നിവർക്കായി മുൻനിരനേതാക്കൾ തന്നെ രംഗത്തെത്തിയതോടെയാണ് സീറ്റിനെ ചൊല്ലിയുള്ള വടംവലി മുറുകാൻ ഇടയാക്കിയത്.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ്തർക്കം മുറുകിയിരുന്നെങ്കിലും പരിക്കുകളില്ലാതെ പാർട്ടിനേതൃത്വം പരിഹരിക്കുകയായിരുന്നു. എന്നാൽ തികച്ചും വിഭിന്നമാണ് 2015-ൽ രാജ്യസഭാ സീറ്റിനെ ചൊല്ലി മുസ്ലിം ലീഗ് നേരിട്ടിരിക്കുന്ന പ്രതിസന്ധികൾ. 2004-ലും വാഹാബിന് രാജ്യസഭാ സീറ്റ് നൽകിയതിനെ തുടർന്ന് അണികളിൽനിന്നും ഏറെ എതിർപ്പുകൾ പാർട്ടിക്ക് നേരിടേണ്ടി വന്നു. എന്നാൽ അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ഇഷ്ടവും പൊരുത്തവുമില്ലാത്ത ഒരാൾക്ക് സീറ്റ് നൽകിയത് എന്തിനു വേണ്ടിയാണെന്നാണ് അണികളുടെ ഇപ്പോഴത്തെ ചോദ്യം.

മുൻകാലങ്ങളിൽ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി പാർട്ടിയിൽനിന്നും വിഭിന്ന അഭിപ്രായങ്ങൾ ഉയർന്നിരുന്നെങ്കിലും പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽനിന്നും വ്യത്യസ്ത ശബ്ദങ്ങൾ ഇന്നേവരെ ഉയർന്നു കേട്ടിരുന്നില്ല. മുൻകൂട്ടി നിശ്ചയിച്ചിരുന്നതു പ്രകാരം വെള്ളിയാഴ്ച വൈകീട്ടായിരുന്നു രാജ്യസഭാ സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള സംസ്ഥാന പ്രവർത്തക സമിതി കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്നത്. എന്നാൽ യോഗം തുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുമ്പ്, ഏറെ നാൾ ലീഗിന്റെ എല്ലാമെല്ലാമായിരുന്ന മുൻഅദ്ധ്യക്ഷൻ അന്തരിച്ച പാണക്കാടു മുഹമ്മദലി തങ്ങളുടെ പുത്രനും മതപണ്ഡിതനുമായ സയ്യിദ് മുനവ്വറലി തങ്ങൾ സ്ഥാനാർത്ഥിത്വം വഹാബിന് നൽകുന്നതിനെതിരേ ഫേസ്‌ബുക്കിലൂടെ രംഗത്തുവരികയായിരുന്നു. പാർട്ടിയുടെ പാരമ്പര്യത്തിന് കോട്ടം തട്ടാത്ത തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുമ്പ് ഒരു മുതലാളിക്ക് സീറ്റ് നൽകിയതിൽ പാർട്ടി വലിയ വില നൽകേണ്ടി വന്നിട്ടുണ്ടെന്നുമായിരുന്നു മുനവ്വറലി തങ്ങൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചത്. തന്റെ പിതാവിന് മുമ്പ് ഈ തീരുമാനം എടുക്കേണ്ടി വന്നപ്പോൾ ഏറെ വിഷമിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇനിയും പിതാവിന് പൊരുത്തമില്ലാത്ത തീരുമാനം ഉണ്ടാവില്ലെന്ന് പ്രാർത്ഥിക്കാമെന്നും പറഞ്ഞായിരുന്നു പോസ്റ്റ് മുനവ്വറലി തങ്ങൾ അവസാനിപ്പിച്ചത്.

എന്നാൽ ജനാധിപത്യരീതിയിൽ തീരുമാനമെടുക്കാമെന്നു പറഞ്ഞ് അന്തിമതീരുമാനം അടുത്ത ദിവസത്തേക്ക് മാറ്റുകയായിരുന്നു. ജില്ലാ കമ്മറ്റികളുടെ അഭിപ്രായം ആരാഞ്ഞശേഷം ഭൂരിപക്ഷാഭിപ്രായം പ്രഖ്യാപിക്കാമെന്ന തീരുമാനത്തിലായിരുന്നു ലീഗ് ഹൗസിൽനിന്നും പിരിഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിനുനടന്ന പ്രഖ്യാപനമാകട്ടെ മുനവ്വറലി തങ്ങളുടെ പോസ്റ്റിന് തികച്ചും വിപരീതമായിട്ടായിരുന്നു. മാത്രമല്ല ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും മജീദിനെ പിന്തുണച്ചെങ്കിലും തീരുമാനം വഹാബിന് അനുകൂലമാകുകയായിരുന്നു. ഇത് വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ കൂടുതൽ വീഭാഗീയത ഉണ്ടാക്കും. പി.വി അബ്ദുൽ വഹാബിന് രാജ്യസഭാ സീറ്റ് നൽകണമെന്ന ആവശ്യവുമായി അഖിലേന്ത്യാ പ്രസിഡന്റ് ഇ.അഹമ്മദ്, സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി തങ്ങൾ, മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങൾ എന്നിവരായിരുന്നു അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നത്. എന്നാൽ മുസ്ലിം ലീഗ് അണികളുടെ വികാരമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിഷമം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മകൻ വഹാബിന് സീറ്റ് നൽകുന്നതിനെതിരേ രംഗത്തുവന്നത് അണികൾക്കിടയിൽ ഏറെ വിഭാഗീയതക്ക് ഇടയാക്കിയിട്ടുണ്ട്.

അതേസമയം യോഗത്തിനു മിനുട്ടുകൾക്ക് മുമ്പ് തങ്ങൾ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിനു പിന്നിൽ തിരക്കഥയായിരുന്നെന്ന ആരോപണവും ശക്തമായിട്ടുണ്ട്. വഹാബിനെ വെട്ടാനുള്ള അവസാന ആയുധം മുനവ്വറലി തങ്ങൾ ആണെന്നു തിരിച്ചറിഞ്ഞ ഒരുവിഭാഗം മുനവ്വറലി തങ്ങളെ ഉപയോഗിക്കുകയായിരുന്നെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ അണികളുടെ മുറുമുറുപ്പ് ശക്തമാണ്. മുഹമ്മദലി തങ്ങൾക്ക് വിഷമമുണ്ടാക്കിയിട്ടുള്ളയാൾ എങ്ങനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തി എന്നതും മറുചോദ്യമായി ഒരു വിഭാഗം ചോദിക്കുന്നുണ്ട്. വിവാദമായി മണിക്കൂറുകൾക്കുള്ളിൽ തന്നെ മുനവ്വറലി തങ്ങൾ പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതുണ്ടാക്കിയ ഭിന്നത വരുംദിവസങ്ങളിൽ പരസ്യമായി പ്രകടമാകും. മുതലാളിയായത് ഒരു ക്രിമിനൽ കുറ്റമല്ലെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമെന്നുമായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം അബ്ദുൽ വഹാബിന്റെ പ്രതികരണം.

ജില്ലാ ഘടകങ്ങളിൽനിന്നും രഹസ്യമായെടുത്ത ഭൂരിപക്ഷാഭിപ്രായം പുറത്തറിയില്ലെന്നും അത് വഹാബിന് അനുകൂലമാണെന്നുമായിരുന്നു മുസ്ലിം ലീഗിന്റെ വിശദീകരണം. അതേസമയം ജില്ലാ ഘടകങ്ങളുടെ പിന്തുണയില്ലാത്ത ജനറൽ സെക്രട്ടറി ഈ പദവിയിൽ തുടരാൻ യോഗ്യതയുണ്ടോ എന്നാണ് രാഷ്ട്രീയ എതിരാളികളുടെ ചോദ്യം. രാജ്യസഭാ സീറ്റ് ഉണ്ടാക്കിയ തിരിച്ചടി കാലം തിരുത്തുമെന്ന ഫേസ് ബുക്ക് പോസ്റ്റുമായി ഇന്നലെ മുനവ്വറലി തങ്ങൾ രംഗത്തെത്തിയിരുന്നു. കൂട്ടായെടുത്ത തീരുമാനം മാനിക്കുന്നു, പിന്നീട് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല, പാർട്ടി ഇപ്പോഴെടുത്ത തീരുമാനം കാലം തിരുത്തട്ടെ....എന്ന് ഫേസ്‌ബുക്കിലൂടെ കുറിച്ചായിരുന്നു മുനവ്വറലി തങ്ങൾ ഇന്നലെ രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP