Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജോസ് കെ മാണി നിരാഹാരം ഇരുന്നത് റബ്ബർ ഇറക്കുമതി നിരോധിക്കുമെന്ന ഉറപ്പ് കിട്ടിയ ശേഷമോ? മാണിയുടെ ആവശ്യത്തിന് വഴങ്ങി ബിജെപി ലക്ഷ്യമിടുന്നത് കേരളാ കോൺഗ്രസ് ഒപ്പമുള്ള മൂന്നാം മുന്നണി; മാണിയുടെ നീക്കങ്ങളിൽ ആശങ്കപ്പെട്ട് യുഡിഎഫ്; നോക്കി കാണാൻ തീരുമാനിച്ച് ഇടതുമുന്നണി

ജോസ് കെ മാണി നിരാഹാരം ഇരുന്നത് റബ്ബർ ഇറക്കുമതി നിരോധിക്കുമെന്ന ഉറപ്പ് കിട്ടിയ ശേഷമോ? മാണിയുടെ ആവശ്യത്തിന് വഴങ്ങി ബിജെപി ലക്ഷ്യമിടുന്നത് കേരളാ കോൺഗ്രസ് ഒപ്പമുള്ള മൂന്നാം മുന്നണി; മാണിയുടെ നീക്കങ്ങളിൽ ആശങ്കപ്പെട്ട് യുഡിഎഫ്; നോക്കി കാണാൻ തീരുമാനിച്ച് ഇടതുമുന്നണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: 72 പ്ലസ് എന്ന ലക്ഷ്യവുമായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേരള വിമോചന യാത്ര തുടങ്ങുന്നത്. കുമ്മനത്തെ വർഗ്ഗീയവാദിയാക്കാൻ കോൺഗ്രസും സിപിഎമ്മും മുന്നിട്ടിറങ്ങിയപ്പോൾ ക്രൈസ്തവ സഭകളുടെ സഹായത്തോടെയാണ് കുമ്മനം അത് മറികടന്ന്. കർദ്ദിനാളിന്റെ കാലിൽ തൊട്ട് വന്ദിച്ചും ക്രിസോസ്റ്റം തിരുമേനിയെ കൊണ്ട് നല്ലവാക്കു പറഞ്ഞു കുമ്മനം താരമായി. ക്രൈസ്തവ സഭകളെ അടുപ്പിക്കാൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ നേരിട്ട് കൊച്ചിയിരുമെത്തി. കർദിനാൾ ആലഞ്ചേരിയുമായി അദ്ദേഹം ചർച്ച ചെയ്യുകയും ചെയ്തു. ക്രൈസ്ത സഭകളെ ഒപ്പം നിർത്തിയുള്ള മൂന്നാംമുന്നണിയാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി പറയാതെ പറയുകയായിരുന്നു ചെയ്തത്. ഇതിനിടെയിൽ കേരളാ കോൺഗ്രസ് എംപിയായ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കണമെന്ന് കത്തോലിക്കാ സഭ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടതായും അഭ്യൂഹമെത്തി.

ഇതിനിടെയാണ് റബ്ബർ വിലത്തകർച്ചയിൽ ജോസ് കെ മാണിയുടെ നിരാഹാരം തുടങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ കേരളാ കോൺഗ്രസിന് റബ്ബർ കർഷകരുടെ വോട്ട് അനിവാര്യതയാണ്. ഇത് തിരിച്ചറിഞ്ഞായിരുന്നു കെഎം മാണി മകനെ നിരാഹാരമിരുത്തിയത്. ബാർ കോഴയിലെ ആരോപണങ്ങളെ ജനകീയ സമരത്തിലൂടെ കഴുകികളയാനുള്ള മാണിയുടെ തന്ത്രമായിരുന്നു ഇത്. ബാർ കോഴയിൽ ഇരട്ട നീതി ആരോപണവുമായി ധനമന്ത്രി സ്ഥാനം രാജിവച്ച മാണി യുഡിഎഫ് നേതൃത്വവുമായി അടുപ്പത്തിൽ അല്ല. ഇടതുപക്ഷം ശത്രുപക്ഷത്താണ് മാണിയെ ഇപ്പോൾ നിറുത്തിയിരിക്കുന്നത്. ഈ ഘട്ടത്തിൽ രണ്ട് മുന്നണികൾക്കും തിരിച്ചടി നൽകാൻ മാണി, ബിജെപിയുമായി അടുക്കുന്നുവെന്ന വിലയിരുത്തൽ സജീവമായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് റബ്ബർ വിലത്തകർച്ചിയലെ ജോസ് കെ മാണിയുടെ നിരാഹാരവും കേന്ദ്ര സർക്കാരിന്റെ ഇറക്കുമതി നിരോധന ഉത്തരവ്.

ജോസ് കെ മാണി നിരാഹാരം ഇരുന്ന നാല് ദിവസത്തിനകം റബ്ബർ ഇറക്കുമതിയിലെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ബിജെപി നേതൃത്വം മാണിക്ക് ഉറപ്പ് കൊടുത്തിരുന്നതായാണ് സൂചന. കേരള യാത്രയ്ക്ക് മുമ്പ് ഡൽഹി സന്ദർശനത്തിൽ കുമ്മനവും ഇക്കാര്യം വേണ്ടപ്പെടവരുമായി സംസാരിച്ചു. ഈ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായാണ് ജോസ് കെ മാണി നിരാഹാരം തുടങ്ങിയതെന്നാണ് സൂചന. ജോസ് കെ മാണിക്ക് വേണ്ടി ഇറക്കുമതിയിൽ നിയന്ത്രണങ്ങളാണ് കേന്ദ്ര സർക്കാർ ആദ്യം പ്രഖ്യാപിച്ചത്. ഇറക്കുമതി തുറമുഖങ്ങളുടെ എണ്ണം കുറച്ചുള്ള ഉത്തരവ് പക്ഷേ മാണിക്ക് സ്വീകാര്യമായില്ല. ഇതോടെ താൽകാലിക നിരോധന ഉത്തരവ് പുറത്തുവന്നു. ഇനി കേന്ദ്ര ബജറ്റ്. അതിലും റബ്ബർ കർഷകർക്കായുള്ള മോദി സർക്കാരിന്റെ പ്രഖ്യാപനങ്ങളുണ്ടാകും. ഇതിനെ മാണിയും സ്വാഗതം ചെയ്യും. പിന്നെ കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ ചുവടുമാറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമാണ് ഗോവ. അവിടെ ബിജെപിയാണ് ഭരണത്തിൽ. ക്രൈസ്തവ നേതൃത്വവുമായുള്ള സഹകരണത്തിലാണ് ഗോവക്കാരുടെ മനസ്സ് മനോഹർ പരീക്കർ ബിജെപിക്ക് അനുകൂലമാക്കിയത്. എന്തുകൊണ്ട് ഇത് കേരളത്തിൽ ആവർത്തിച്ചുകൂടെന്നാണ് ബിജെപിയുടെ ആലോചന. ഇതിന് കെ എം മാണിയെ ഒപ്പം കൂട്ടണം. അതുകൊണ്ട് മാണിക്കായി റബ്ബർ വിലയിടിവിൽ വേണ്ടത് ചെയ്തു കൊടുത്തു. ബജറ്റിൽ പ്രത്യേക റബ്ബർ പാക്കേജിനൊപ്പം ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനവും നൽകാൻ ബിജെപി തയ്യാറാണ്. എന്നാൽ റബ്ബറിൽ വിലപേശൽ നടത്തുന്ന മാണി ഇക്കാര്യത്തിൽ പൂർണ്ണമായും മനസ്സ് തുറന്നിട്ടില്ല. കത്തോലിക്കാ സഭയുടെ പിന്തുണ ഉറപ്പാണെങ്കിൽ ബിജെപി പക്ഷത്ത് ചേരാൻ മാണി തയ്യാറാണ്. അങ്ങനെ എങ്കിൽ ബിജെപിയുടെ നേതൃത്വത്തിലെ മൂന്നാം മുന്നണിക്ക് മുന്നേറാനുമാകും. എല്ലാ സാധത്യകളും പരിശോധിച്ച് സഹകരണത്തിൽ മാണി ഫെബ്രുവരി അവസാനത്തോടെ അന്തിമ തീരുമാനം എടുക്കും.

എസ്എൻഡിപി രൂപീകരിച്ച ബിജെഡിഎസും ബിജെപിയും സഖ്യത്തിലാകും. എന്നാൽ ഈ കൂട്ടുകെട്ടിന് മാത്രമായി കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയുകയില്ല. ഭൂരിപക്ഷക്കാരുടെ പാർട്ടിയെന്ന പേരുദോഷവും കിട്ടിക്കഴിഞ്ഞു. അതിനാൽ മാണിയെക്കൂട്ടി മൂന്നാം മുന്നണിക്കാണ് ബിജെപി ലക്ഷ്യമിടുന്നത്. മാണിയുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറുമാണ്. അടുത്തമാസം ആദ്യം മോദി കേരളത്തിലെത്തും. അപ്പോൾ ഇതുസംബന്ധിച്ച കാര്യങ്ങൾ കേരളത്തിലെ നേതാക്കളുമായി മോദി ചർച്ച നടത്തും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും നേരിട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ക്രൈസ്തവ സഭകളുമായി നിരന്തര സമ്പർക്കം പുലർത്തി മാണിയുടെ മനസ്സ് അനുകൂലമാക്കാനാണ് നീക്കം. മധ്യകേരളത്തിൽ വേരുറപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

ഇത് ഏറ്റവും കൂടുതൽ അങ്കലാപ്പുണ്ടാക്കുന്നത് യുഡിഎഫ് ക്യാമ്പിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടി കിട്ടി. മുസ്ലിം ലീഗിനും കോട്ടകൾ കാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇടുക്കിയിലും കോട്ടയത്തും മാണിയുടെ നില സുഭദ്ധ്രമായിരുന്നു. മാണി യുഡിഎഫ് വിട്ടാൽ അത് ഈ മേഖലകളിൽ തിരിച്ചടിയാകും. ഭരണ തുടർച്ചയെന്ന കോൺഗ്രസിന്റെ സ്വപ്‌നം തകരുകയും ചെയ്യും. അതിനാൽ മാണിയുടെ ബിജെപി ക്യാമ്പിലേക്കുള്ള നോട്ടം കോൺഗ്രസിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഭൂരിപക്ഷ രാഷ്ട്രീയമുയർത്തി ബിജെപിയും പിന്തുണയുമായി കെ എം മാണിയും ഒരുമിച്ചാൽ കോൺഗ്രസിന് കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും തിരിച്ചടിയുറപ്പാണ്. ഇതൊഴിവാക്കാനുള്ള സമർത്ഥമായ കരുനീക്കങ്ങൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. ബാർ കോഴയിൽ മാണിയെ കുറ്റവിമുക്തനാക്കി മന്ത്രിസഭയിൽ തിരിച്ചെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. പിജെ ജോസഫ് വിഭാഗത്തെ യുഡിഎഫിൽ നിർത്താനും ചർച്ച സജീവമാണ്.

ബിജെപിയുമായി മാണി അടുക്കുന്നത് രാഷ്ട്രീയ നഷ്ടം ഉണ്ടാകില്ലെന്നാണ് സിപിഐ(എം) വിലയിരുത്തൽ. അതുകൊണ്ട് തന്നെ മാണിയുടെ മൂന്നാം മുന്നണിയുമായുള്ള ചങ്ങാത്തതെ സിപിഐ(എം) ഭയക്കുന്നില്ല. യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് കൂടുമാറിയാൽ കോട്ടയത്തും ഇടുക്കിയിലും കൂടുതൽ നല്ല വിജയങ്ങൾ ലഭിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP