Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുവതി പ്രവേശനത്തെ എതിർത്താൽ സിപിഎം വാതിലടക്കും; നഷ്ടം കാബിനറ്റ് റാങ്കോടെയുള്ള ഉലകം ചുറ്റൽ; അനകൂലിച്ചാൽ എൻ എസ് എസ് പിണ്ഡം വച്ച് പടിയിറക്കും; നഷ്ടം ഏറ്റവും വലിയ വോട്ട് ബാങ്ക്! അപ്പോൾ ബാലകൃഷ്ണ പിള്ള ഇനിയെന്ത് ചെയ്യും? ഒരേ സമയം സിപിഎം വേദികളിലും എൻ എസ് എസ് പരിപാടികളിലും പങ്കെടുത്ത് ആരേയും പ്രകോപിപ്പിക്കാതെ മധ്യദൂരം കാത്ത് മടുത്ത് കേരളാ കോൺഗ്രസ് നേതാവ്; അഭിപ്രായം പറയാൻ പോലും അവകാശം നഷ്ടപ്പെട്ട് അണികൾ

യുവതി പ്രവേശനത്തെ എതിർത്താൽ സിപിഎം വാതിലടക്കും; നഷ്ടം കാബിനറ്റ് റാങ്കോടെയുള്ള ഉലകം ചുറ്റൽ; അനകൂലിച്ചാൽ എൻ എസ് എസ് പിണ്ഡം വച്ച് പടിയിറക്കും; നഷ്ടം ഏറ്റവും വലിയ വോട്ട് ബാങ്ക്! അപ്പോൾ ബാലകൃഷ്ണ പിള്ള ഇനിയെന്ത് ചെയ്യും? ഒരേ സമയം സിപിഎം വേദികളിലും എൻ എസ് എസ് പരിപാടികളിലും പങ്കെടുത്ത് ആരേയും പ്രകോപിപ്പിക്കാതെ മധ്യദൂരം കാത്ത് മടുത്ത് കേരളാ കോൺഗ്രസ് നേതാവ്; അഭിപ്രായം പറയാൻ പോലും അവകാശം നഷ്ടപ്പെട്ട് അണികൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: യു.ഡി.എഫ്. വിട്ട് ഇടതുപാളയത്തിലെത്തിയ ബാലകൃഷ്ണ പിള്ള ഇപ്പോൾ കാബിനറ്റ് റാങ്കോടെ മുന്നോക്കവികസന കോർപറേഷൻ ചെയർമാനാണ്. കാബിനറ്റ റാങ്കിലാണ് കറക്കം. ഇത് ഉടൻ നഷ്ടപ്പെടുമോ എന്ന ആശങ്ക പിള്‌ലയ്ക്ക് ശക്തമാണ്. ശബരിമല വിഷയത്തിൽ സർക്കാരിനോട് ഇടഞ്ഞ എൻ.എസ്.എസിന്റെ ഡയറക്ടർ ബോർഡ് അംഗവും 62 വർഷമായി പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പിള്ള ശരിക്കും പുലിവാൽ പിടിച്ച അവസ്ഥയിലാണ്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്താൽ കാബിനറ്റ് പദവി പോകും. അനുകൂലിച്ചാൽ എൻ.എസ്.എസിന്റെ അപ്രീതിക്ക് ഇരയാകും. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി ഏറെ അടുപ്പം പിള്ളയ്ക്കുണ്ട്. ഇതാണ് ഇടതുപക്ഷത്ത് പോലും പിള്ളയ്ക്ക് സ്ഥാനം നൽകിയത്. കേരളാ കോൺഗ്രസ് പിള്ളയെ ഇടതു പക്ഷത്ത് എടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ശബരിമലയിൽ വിവാദം ഉണ്ടാകുന്നത്.

ശബരിമലയിലേത് വിശ്വാസ പ്രശ്‌നമാണ്. കൊട്ടാരക്കര ഗണപതിയുടെ ഉറച്ച ഭക്തനാണ് പിള്ള. ഇത് ഏറെ പ്രസിദ്ധവുമാണ്. എൻ എസ് എസ് വോട്ടുകളെ കേരളാ കോൺഗ്രസിലെ തന്റെ പാർട്ടിക്കൊപ്പം അടുപ്പിച്ച് നിർത്തിയാണ് പിള്ള രാഷ്ട്രീയം നടത്തിയത്. ഇടമലയാർ കേസിലെ ശിക്ഷയ്ക്ക് ശേഷം അടുത്ത തവണ വീണ്ടും പിള്ളയ്ക്ക് മത്സരിക്കാം. ഇതിനുള്ള സാധ്യത തേടുന്നതിനിടെയാണ് ശബരിമലയിൽ വിവാദം ഉണ്ടാകുന്നത്. എൻ എസ് എസിനെ തള്ളിപ്പറഞ്ഞാൽ പാർട്ടിക്കൊപ്പമുള്ളവരെല്ലാം പോകും. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സിപിഎമ്മിനൊപ്പം നിന്നാൽ കാബിനറ്റ് പദവിയും നഷ്ടമാകും.

ശബരിമല വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അഞ്ചുതവണയാണുപിള്ളയ്ക്കു മലക്കം മറിയേണ്ടിവന്നത്. സുപ്രീം കോടതി വിധി വന്നശേഷം പിള്ളയുടെ ആദ്യപ്രതികരണം വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണമെന്നായിരുന്നു. എന്നാൽ, വിധി നടപ്പാക്കുമെന്നു സിപിഎമ്മും സർക്കാരും കർശന നിലപാടെടുത്തതോടെ പിള്ളയും അവസരോചിതമായി നിലപാടു മാറ്റി. ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനമാകാമെന്നായി. രണ്ടുദിവസം കഴിഞ്ഞപ്പോൾ പിള്ള വീണ്ടും മറുകണ്ടം ചാടി. അങ്ങനെ കടുത്ത പ്രതിസന്ധിയിലാണ് പിള്ള. കേരളാ കോൺഗ്രസ് പിള്ള വിഭാഗത്തിന്റെ ഏക എംഎൽഎയായ ഗണേശ് കുമാറും വെട്ടിലാണ്. ഗണേശും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എൻ എസ് എസിനേയും സിപിഎമ്മിനേയും പിണക്കാതിരിക്കാൻ തന്നെയാണ് ഗണേശിന്റെ നീക്കം.

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്നു പിള്ള പ്രഖ്യാപിച്ചതു മാധ്യമങ്ങളിൽ വലിയ വാർത്തയായി. ഇതു സിപിഎമ്മിനെ ചൊടിപ്പിച്ചു. ഇതോടെയാണു കഴിഞ്ഞ 24-നു കൊല്ലത്തു നടന്ന എൽ.ഡി.എഫ്. രാഷ്ട്രീയവിശദീകരണയോഗത്തിൽ പങ്കെടുത്ത്, തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമെതിരേ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. കൊല്ലം പ്രസംഗത്തിൽ എൻ.എസ്.എസ്. നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതോടെ പിള്ള വീണ്ടും വിശ്വാസികൾക്കൊപ്പമായി. തനിക്ക് വലുത് എൻ എസ് എസ് ആണെന്ന നിലപാട് പിള്ള എടുത്താൽ കടുത്ത നിലപാടുമായി സിപിഎം എത്തും. അങ്ങനെ വന്നാൽ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും നഷ്ടമാകും.

എൻ.എസ്.എസ്. സ്ഥാപകദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനാപുരം താലൂക്ക് യൂണിയൻ പുനലൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ വിശ്വാസസംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പത്തനാപുരം യൂണിയനിലെ 145 കരയോഗങ്ങളിൽ വിശ്വാസസംരക്ഷണത്തിനായി 13 വരെ നാമജപയജ്ഞം തുടരുമെന്നും പ്രഖ്യാപിച്ചു. ബാലകൃഷ്ണപിള്ള മുമ്പു പലതവണ മുന്നണികൾ മാറിയപ്പോഴും എൻ.എസ്.എസ്. നേതൃത്വം ഉറച്ചപിന്തുണ നൽകിയിയിരുന്നു. അതുകൊണ്ട് തന്നെ എൻ എസ് എസിനെ പിണക്കിയാൽ ഭാവിയിൽ തന്നെ സഹായിക്കാൻ ആരും ഉണ്ടാകില്ലെന്ന് പിള്ളയ്ക്ക് അറിയാം. ഈ സാഹചര്യത്തിലാണ് കരുതലോടെ പിള്ള മുന്നോട്ട് പോകുന്നത്.

അമ്പലം അടച്ചുപൂട്ടും എന്നൊക്കെ പറഞ്ഞാൽ, ബിജെപിയെ കൊണ്ട് അങ്ങനെയൊക്കെ പറയിക്കുന്നവർ അപകടത്തിൽപ്പെടും' എന്നായിരുന്നു കൊല്ലത്ത് എൽഡിഎഫ് വിളിച്ചു ചേർത്ത വിശദീകരണ യോഗത്തിൽ പിള്ള പറഞ്ഞത്. ഇത് എൻഎസ്എസിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്ന് നേതൃത്വം വിലയിരുത്തിയിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ബാലകൃഷ്ണ പിള്ളയെ തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പിള്ള എൻഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് ആചാര സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഇതോടെ കേരളാ കോൺഗ്രസ് പിള്ളയിലെ അണികളും വെട്ടിലായി. ശബരിമല വിഷയത്തിൽ എന്ത് നിലപാട് എടുക്കണമെന്ന് ആർക്കും അറിയാത്ത അവസ്ഥ.

കഴിഞ്ഞ 24ന് കൊല്ലത്ത് എൽഡിഎഫ് യോഗത്തിലാണ് പിള്ള കോടതിവിധിയെ അനുകൂലിച്ചു പ്രസംഗിച്ചത്. അന്നു തന്ത്രിക്കെതിരെയും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ഇന്നലെ പുനലൂരിലെ യൂണിയൻ ആസ്ഥാനത്താണ് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പിള്ള നൂറുകണക്കിന് കരയോഗം ഭാരവാഹികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 62 വർഷമായി യൂണിയൻ പ്രസിഡന്റാണ് പിള്ള. പത്തനാപുരം യൂണിയനിലെ 145 കരയോഗങ്ങളിലും 13 വരെ നാമജപം തുടരും. എൽഡിഎഫ് അനുഭാവികൾ ഭാരവാഹികളായുള്ള കരയോഗങ്ങളിലും നാമജപം നടക്കുന്നുണ്ട്. എല്ലാ എൻഎസ്എസ് യൂണിയനുകളിലും കരയോഗങ്ങളിലും വിശ്വാസസംരക്ഷണ നാമജപയജ്ഞം നടത്തണമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ കർശന നിർദ്ദേശം നൽകിയിരുന്നു.

ഇടതു മുന്നണിയിൽ കേരളാ കോൺഗ്രസ് പിള്ള അംഗമല്ല. മുന്നണിയുമായുള്ള സഹകരണം മാത്രമാണ് ഉള്ളത്. ഇടതു മുന്നണി വിപുലീകരിക്കുമ്പോൾ മുന്നണിയിൽ കയറിക്കൂടി ഗണേശിനെ മന്ത്രിയാക്കാനാണ് പിള്ളയുടെ ആഗ്രഹം. ഇതിന് വേണ്ടിയുള്ള ചരട് വലികൾ നടക്കുമ്പോഴാണ് ശബരിമല വിവാദം ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP