Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വിശ്വാസികൾ ഒരു പോലെ സ്ത്രീ പ്രവേശനത്തെ എതിർക്കുമ്പോഴും ഉറച്ച നിലപാട് എടുക്കാൻ എന്തേ ബിജെപിക്ക് സാധിക്കുന്നില്ല? എൻ എസ് എസ് കാട്ടിയ തറ്റേടം പോലും എന്തുകൊണ്ട് ഹിന്ദു പാർട്ടിക്ക് ഇല്ലാതെ പോയി? സുപ്രീംകോടതി വിധിയിലേക്ക് നയിച്ചത് സിപിഎം ഭരിക്കുന്ന സർക്കാരിന്റെ നിലപാടാണെന്നിരിക്കവേ അനുകൂല സാഹചര്യം മുതലെടുക്കാൻ എന്താണ് ബിജെപി മടിക്കുന്നത്? അണികളുടെ രോഷം അണപൊട്ടി ഒഴുകുന്നു

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വിശ്വാസികൾ ഒരു പോലെ സ്ത്രീ പ്രവേശനത്തെ എതിർക്കുമ്പോഴും ഉറച്ച നിലപാട് എടുക്കാൻ എന്തേ ബിജെപിക്ക് സാധിക്കുന്നില്ല? എൻ എസ് എസ് കാട്ടിയ തറ്റേടം പോലും എന്തുകൊണ്ട് ഹിന്ദു പാർട്ടിക്ക് ഇല്ലാതെ പോയി? സുപ്രീംകോടതി വിധിയിലേക്ക് നയിച്ചത് സിപിഎം ഭരിക്കുന്ന സർക്കാരിന്റെ നിലപാടാണെന്നിരിക്കവേ അനുകൂല സാഹചര്യം മുതലെടുക്കാൻ എന്താണ് ബിജെപി മടിക്കുന്നത്? അണികളുടെ രോഷം അണപൊട്ടി ഒഴുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയിൽ ബിജെപി നേതൃത്വവും പ്രതിസന്ധിയിൽ. സ്ത്രീ പ്രവേശനത്തെ പരസ്യമായി അനുകൂലിക്കുന്ന നിലപാടാണ് ആർഎസ്എസ് എടുത്തത്. അതുകൊണ്ട് തന്നെ ഇതിനെ എതിർക്കാനും കഴിയുന്നില്ല. കോടതി വിധിയെ തള്ളാതെ സാങ്കേതികമായി എതിർപ്പ് അറിയിക്കുക മാത്രമാണ് ബിജെപി ചെയ്തത്. അതിന് അപ്പുറം പ്രത്യക്ഷ സമരത്തിന് ബിജെപി ഇറങ്ങിയില്ല. ഇതും പരിവാറുകാർക്കൊപ്പമുള്ള അണികളേയും ചൊടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ബിജെപിയും പരിവാർ പ്രസ്ഥാനങ്ങളും പ്രത്യക്ഷ സമരത്തിന് ഇറങ്ങണമെന്നാണ് അണികളുടെ ആവശ്യം. എന്നാൽ ആർ എസ് എസിനെ പിണക്കാൻ മടിച്ച് ബിജെപി സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇരുട്ടിൽ തപ്പുകയാണ്.

നിയമംകൊണ്ട് അളക്കേണ്ടതല്ല വിശ്വാസവും ആചാരങ്ങളുമെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പാർട്ടി ശ്രമിച്ചില്ലെന്നാണ് ആക്ഷേപം. വരുംദിവസങ്ങളിൽ നിലപാട് മാറ്റിയാൽപ്പോലും അതെത്രത്തോളം പ്രയോജനപ്പെടുമെന്ന് ഒരുവിഭാഗം നേതാക്കൾ ചോദിക്കുന്നു. ആർത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുമെന്നാണ് വിധി. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത്രയും പ്രധാനപ്പെട്ട ക്ഷേത്ര ആചാരത്തിൽ സുപ്രീംകോടതി ഇടപെടൽ നടത്തിയിട്ടും എന്തുകൊണ്ടാണ് ബിജെപി അനങ്ങാത്തതെന്നാണ് ഉയരുന്ന ചോദ്യം. ഹിന്ദു വികാരം ആളിക്കത്തിക്കാനും അതുവഴി കേരളത്തിലെ രാഷ്ട്രീയത്തിൽ അതിശക്തമായി മുന്നോട്ട് പോകാനും കഴിയുന്ന സാഹചര്യമാണ് ഇത്. എന്നിട്ടും ബിജെപി അത് ഉപയോഗിക്കുന്നില്ല. ഇടത് സർക്കാരിന്റെ നിലപാടാണ് വിശ്വാസികളെ വേദനിപ്പിക്കുന്ന തീരുമാനത്തിലേക്ക് സുപ്രീംകോടതിയെ നയിച്ചത്. എന്നാൽ ഇത് പോലും ബിജെപി മുതലാക്കുന്നില്ലെ എന്നതാണ് അണികളുടെ രോഷത്തിന് കാരണം.

വിധിപ്പകർപ്പ് കിട്ടി പഠിച്ചശേഷം നിലപാടെന്നാണ് പാർട്ടി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞത്. വിശ്വാസത്തെ അടിച്ചമർത്തിയാൽ വിശ്വാസികൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയപ്പോൾ, കോടതിവിധിയെ തള്ളാതെതന്നെ സമീപനം വ്യക്തമാക്കിയ യു.ഡി.എഫ്. ഏറെ മുന്നിലെത്തിയെന്നാണ് ബിജെപി. വിലയിരുത്തൽ. സിപിഎമ്മാകട്ടെ പാർട്ടിലൈൻ സ്വീകരിച്ചപ്പോൾ ഇടതുസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് വ്യത്യസ്ത സമീപനവും കൈക്കൊണ്ടു. അങ്ങനെ ഡിബിൾ ഗെയിമിലൂടെ തിരിച്ചടിയുണ്ടാകാതിരിക്കാൻ സിപിഎം ശ്രദ്ധിച്ചു. പുനപരിശോധനാ ഹർജി കൊടുത്തേ മതിയാകൂവെന്ന കോൺഗ്രസ് സമീപനവും വിശ്വാസികൾക്കൊപ്പമാണ് തങ്ങളെന്ന വിലയിരുത്തലുകൾ നൽകി. ആർ.എസ്.എസിന്റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന സമീപനം സ്വീകരിച്ചിരുന്നു.

വി.എച്ച്.പി. മാത്രമാണ് വിശ്വാസികൾക്ക് അനുകൂലമായി നിന്നത്. എൻ.എസ്.എസും കടുത്ത നിലപാട് ഉയർത്തി. പരിവാർ പ്രസ്ഥാനമാണ് വിഎച്ച്പി. എന്നിട്ടും അവർക്ക് എതിർക്കാനായി. എന്നാൽ ആർഎസ്എസ് നേതൃത്വത്തെ പേടിച്ച് ബിജെപിയെ പിന്നോട്ട് വലിച്ചു. ബിജെപിയിലെ സ്ഥാനമാനങ്ങളെല്ലാം തീരുമാനിക്കുന്നത് ആർഎസ്എസ് ആണ്. അതുകൊണ്ട് തന്നെ ആർ എസ് എസിനെ പിണക്കിയാൽ സ്ഥാനം പോകുമോ എന്ന ഭയം ബിജെപി നേതാക്കൾക്കുണ്ട്. നേരത്തേയും കുമ്മനം രാജശേഖരൻ മാത്രമാണ് ഈ വിഷയത്തിൽ ഉറച്ച നിലപാട് എടുത്ത പരിവാറുകാരൻ. മിസോറാം ഗവർണ്ണറായി കുമ്മനം പോയതോടെ അദ്ദേഹത്തിന് പ്രതികരിക്കാനും പരിമിതികൾ ഉണ്ട്. ബിജെപി അധ്യക്ഷ പദവിയിൽ കുമ്മനം ഉണ്ടായിരുന്നുവെങ്കിൽ വിഷയത്തിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമായിരുന്നുവെന്ന വികാരവും ബിജെപി പ്രവർത്തകർക്കിടയിൽ ഉണ്ട്.

സ്ത്രീപ്രവേശത്തിനെതിരേ നീങ്ങുന്നത് പൊതുനിലപാടുകൾക്ക് എതിരാകുമോ എന്നതാണ് ബിജെപി.യെ ഭയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ മൗനം പാലിച്ചു. എന്നാൽ സാമൂഹികമാധ്യമങ്ങളിലടക്കം വിശ്വാസികൾ ഉയർത്തുന്ന ആശങ്കയും പ്രതിഷേധവും ചർച്ചകളും പ്രതീക്ഷകൾക്കപ്പുറത്തായി. ആചാരത്തെയും കോടതിവിധിയുടെ വികാരത്തെയും മറുകെ പിടിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ആകെ ആശയക്കുഴപ്പവുമായി. ഇതോടെ ബിജെപിയിൽ സർവ്വത്ര ആശയക്കുഴപ്പമാണ്. ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും ഹിന്ദു ഐക്യവേദി നേദാവ് ശശികല ടീച്ചറും സുപ്രീംകോടതി വിധിയെ തള്ളി പറഞ്ഞിരുന്നു. ഇതിന് അപ്പുറത്തേക്ക് ആരും വിധിയെ എതിർത്ത് പരസ്യമായി രംഗത്ത് വന്നില്ല. എൻഎസ്എസ് കാണിച്ച കരുതൽ പോലും ഈ വിഷയത്തിൽ ബിജെപിക്ക് എടുക്കാനായില്ല. എസ് എൻ ഡി പിയും വിധിയെ പരസ്യമായി തന്നെ എതിർത്തു.

ദേവസ്വംബോർഡോ സംഘടനകളോ പുനഃപരിശോധനാഹർജി നൽകിയാൽപ്പോലും എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് പറയാനാവില്ല. പക്ഷേ, പൊതുവികാരം ബോധ്യപ്പെടുത്താനാകും. ഇതിന് ബിജെപിയാണ് മുൻകൈയെടുക്കേണ്ടത്. ഹിന്ദു പാർട്ടിയെന്ന ലേബലുള്ള ബിജെപി അതിന് ആവേശത്തോടെ രംഗത്ത് വരുമെന്ന് ക്ഷേത്ര വിശ്വാസികൾ കരുതിയിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചാണ്. പുരോഗമനനിലപാടുള്ള സിപിഎമ്മിന്റെ ഉള്ളിൽപ്പോലും കോടതിവിധിയെപ്പറ്റി രണ്ടഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. പുനഃപരിശോധനാഹർജി നൽകാൻ ദേവസ്വംബോർഡിന് സ്വാതന്ത്ര്യമുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണത്തിൽ ഇത് വ്യക്തമാണ്. എന്നിട്ടും ബിജെപിക്ക് ഉറച്ച നിലപാട് എടുക്കാനാകുന്നില്ലെന്നിടത്താണ് പ്രശ്‌നം.

കേരളത്തിൽ ബിജെപിയിൽ ഗ്രൂപ്പ് പോര് ശക്തമാണ്. പിഎസ് ശ്രീധരൻ പിള്ള ഗ്രൂപ്പ് പോരിനെ അതിജീവിച്ച് ആർഎസ്എസ് പിന്തുണയോടെയാണ് സംസ്ഥാന അധ്യക്ഷനായത്. നേരത്തെ തന്നെ ശബരിമല വിഷയത്തിൽ ആർഎസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ അംഗീകരിച്ച് വി മുരളീധര പക്ഷം രംഗത്ത് വന്നിരുന്നു. കെ സുരേന്ദ്രൻ നിലപാട് വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുമിട്ടു. ഇതെല്ലാം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു. ഇതും അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP