Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭക്തരോഷത്തിൽ പെട്ട് വോട്ട് ഒലിച്ച് പോവാതിരിക്കാൻ കരുതലെടുത്ത് യുഡിഎഫ്; നിലപാട് മറിച്ചായിട്ടും അവസരം മുതലെടുത്ത് വോട്ട് ഉറപ്പിക്കാൻ ബിജെപി; സമത്വവും പുരോഗമനവും ഉയർത്തിപ്പിടിച്ച് സംഘപരിവാറിന് മുമ്പിൽ കീഴടങ്ങാതെ ധീരതയുടെ യശ്ശസ് ഉയർത്തിയും വോട്ടുറപ്പിക്കാൻ സിപിഎമ്മും; മൂന്ന് മുന്നണികൾക്കും ശബരിമല അതിനിർണ്ണായകം തന്നെ; ഭക്തർക്കും ഇതുവരെയുള്ള ആചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ജീവന്മരണ പോരാട്ടം; ഇനി എന്തെന്ന് അറിയാൻ കാത്ത് കേരളം

ഭക്തരോഷത്തിൽ പെട്ട് വോട്ട് ഒലിച്ച് പോവാതിരിക്കാൻ കരുതലെടുത്ത് യുഡിഎഫ്; നിലപാട് മറിച്ചായിട്ടും അവസരം മുതലെടുത്ത് വോട്ട് ഉറപ്പിക്കാൻ ബിജെപി; സമത്വവും പുരോഗമനവും ഉയർത്തിപ്പിടിച്ച് സംഘപരിവാറിന് മുമ്പിൽ കീഴടങ്ങാതെ ധീരതയുടെ യശ്ശസ് ഉയർത്തിയും വോട്ടുറപ്പിക്കാൻ സിപിഎമ്മും; മൂന്ന് മുന്നണികൾക്കും ശബരിമല അതിനിർണ്ണായകം തന്നെ; ഭക്തർക്കും ഇതുവരെയുള്ള ആചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ജീവന്മരണ പോരാട്ടം; ഇനി എന്തെന്ന് അറിയാൻ കാത്ത് കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടതുപക്ഷത്തിന് വേരോട്ടമുള്ള രാജ്യത്തെ ഏക മണ്ണാണ് കേരളം. ജനാധിപത്യത്തിലൂടെ ലോകത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയ ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ ഭരിക്കുന്നത് സിപിഎം തന്നെ. പുരോഗമന ചിന്തകളിലൂടെ കേരളാ മോഡലിനെ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കിയ കേരളം. ഇവിടെയാണ് ഇന്ന് ശബരിമല ചർച്ചയാകുന്നത്. സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധി അംഗീകരിക്കാൻ ഭക്തർ തയ്യാറല്ല. എന്ത് വന്നാലും പൊലീസിനെ ഇറക്കി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായിയും. ഇതിനിടെ നേട്ടമുണ്ടാക്കാൻ രാഷ്ട്രീയവും എത്തുകയാണ്. ഇടത് വലത് മുന്നണികൾക്ക് ശബരിമലയിൽ തോൽക്കാൻ മനസ്സില്ല. ബിജെപിക്കാവട്ടെ നേട്ടം ഉണ്ടാക്കുകയും വേണം. ഇതോടെ ത്രികോണ രാഷ്ട്രീയത്തിന്റെ സാധ്യതഖിലേക്ക് കേരളം എത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഏതായാലും ഹൈന്ദവ വോട്ട് ബാങ്ക് രീതികളെ ശബരിമല മാറ്റി മറിച്ചു കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലാകും ഇത് മറനീക്കി പുറത്തുവരിക.

ലോക്‌സഭയിൽ കേരളം ഏറെ നിർണ്ണായകമാണ്. മോദി സർക്കാരിനെ പുറത്താക്കാൻ പരമാവധി സീറ്റ് നേടാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിന് ഏറ്റവും സാധ്യതയുള്ളത് കേരളമാണെന്ന് കോൺഗ്രസിന് അറിയാം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ 15 സീറ്റിലെങ്കിലും കുറഞ്ഞത് ജയിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. സിപിഎമ്മിന് ബംഗാളിലും ത്രിപുരയിലും പഴയ പ്രതാപമില്ല. ലോക്‌സഭയിലെ അംഗ ബലം രണ്ടംഗ സംഖ്യയിൽ നിർത്താൻ കേരളത്തിൽ മുന്നോട്ട് പോയേ മതിയാകൂ. ബിജെപിക്ക് കേരളത്തിലും ലോക്‌സഭയിൽ പ്രതിനിധി വേണം. തിരുവനന്തപുരത്ത് എങ്ങനേയും ജയിക്കുകയാണ് ലക്ഷ്യം. അങ്ങനെ കേരളത്തിലെ വോട്ട് ലോക്‌സഭയിലെ വിജയ ഘടകമാക്കി മാറ്റാൻ കോൺഗ്രസും സിപിഎമ്മും ബിജെപിയും മത്സരിക്കുമ്പോഴാണ് ശബരിമലയും എത്തുന്നത്. അതുകൊണ്ട് തന്നെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ സാധ്യതയെല്ലാം മൂവരും പരീക്ഷിക്കാനെത്തുകയാണ്. അടുത്ത ഏപ്രിൽ വരെ ഈ വികാരം അനുകൂലമായി നിലനിർത്താനാകും ഏവരുടേയും ശ്രമം. എൻ എസ് എസും പന്തളം കൊട്ടാരവും തന്ത്രി കുടുംബവുമാണ് ആചാര സംരക്ഷണത്തിന് മുന്നിലുള്ളത്. തങ്ങളുടെ പക്ഷത്താണ് കൂടുതൽ പേരെന്ന് തെളിയിക്കേണ്ട ബാധ്യത അവർക്കുമുണ്ട്. ഇതും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടും.

ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയിലാണ് സിപിഎം. പുരോഗമനവാദവുമായി സ്ത്രീ മനസ്സുകളിലേക്ക് സമത്വത്തിന്റെ ആശയമെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ദളിതരേയും ആദിവാസികളേയും കൂടെ നിർത്താൻ അനാചാരത്തിന്റെ കഥകൾ സിപിഎം ചർച്ചയാക്കുകയും ചെയ്യും. ആദിവാസി ഗാത്രസഭയും മലയരയന്മാരുമെല്ലാം തങ്ങൾക്ക് പിന്നിൽ അണിനിരക്കുമെന്ന് സിപിഎം കരുതുന്നു. പുരോഗമന ഇടതുപക്ഷ വാദത്തിന്റെ ചർച്ചകളിലൂടെ കേരളത്തിൽ തുടർഭരണം ലക്ഷ്യമിട്ടാണ് ശബരിമലയിൽ വിധി നടപ്പാക്കാനുള്ള പിണറായിയുടെ നീക്കം. എന്നാൽ വിശ്വാസത്തിനാണ് പ്രധാനമെന്ന് കോൺഗ്രസ് പറയുന്നു. അതിശക്തമായ വാക്കുകളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു. എന്നാൽ വാക്കുകൾക്ക് അപ്പുറമുള്ള പ്രതിരോധമാണ് തുലാമാസക്കാലത്ത് ബിജെപി ശബരിമലയിൽ ഉയർത്തിയത്. ഇത് വിശ്വാസ സമൂഹത്തെ ബിജെപിയിലേക്ക് കൂടുതൽ അടുപ്പിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഈ കണക്ക് കൂട്ടലുകൾക്കെതിരെ മണ്ഡലകാലമെത്തുമ്പോൾ അത് തന്നെയാണ് കേരള രാഷ്ട്രീയത്തിൽ ഇനി നിർണ്ണായകമാവുക.

ശബരിമലയുമായി ബന്ധപ്പെട്ട ചർച്ചകൾ രാഷ്ട്രീയ ധ്രൂവീകരണമുണ്ടാക്കുമെന്ന് ഏവരും അംഗീകരിച്ചു കഴിഞ്ഞു. കൂടുതൽ പേർ എങ്ങോട്ട് ചായുമെന്നതാണ് പ്രശ്‌നം. 90 ശതമാനത്തോളം വിശ്വാസികളാണ് കേരളത്തിൽ. ഇവരുടെ മനസ്സ് ശബരിമയിലെ സ്ത്രീ പ്രവേശനത്തിന് എതിരാണ്. ഈ വോട്ടുകളെ സ്വാധീനിക്കാനാണ് തന്ത്രങ്ങൾ ഒരുക്കുന്നത്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തവരാണ് ആർ എസ് എസും ബിജെപിയും. എന്നാൽ പന്തളം കൊട്ടാരത്തിന്റെ ഇടപെടലിൽ ഭക്തരുടെ പ്രതിഷേധാഗ്നി കത്തുന്നത് കണ്ടപ്പോൾ പരിവാറുകാർ നിലപാട് മാറ്റി. വിഷയം ഏറ്റെടുത്തു. പിണറായി സർക്കാരിനെതിരെ ഉപയോഗിക്കാനുള്ള മൂർച്ചയേറിയ ആയുധമാണെന്ന തിരിച്ചറിവിലായിരുന്നു ഇത്. കോൺഗ്രസിന്റെ ദേശീയ നേതൃത്വവും വിധിയെ തള്ളി പറയുന്നില്ല. എന്നാൽ ഹൈന്ദവ വോട്ടുകൾ ഉറപ്പാക്കാൻ കേരളത്തിലെ കോൺഗ്രസും വിശ്വാസത്തിനൊപ്പം നിൽക്കുന്നു. ഇതിൽ ചില പൊരുത്തക്കേടുകളുണ്ട്. എങ്കിലും അതിശക്തമായ വിമർശനത്തിലൂടെ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസും കളം പിടിക്കാൻ ശ്രമിക്കുകയാണ്.

വിധി വന്നയുടൻ അത് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാൻ സംസ്ഥാനസർക്കാരിന് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല. കോടതിയിലെ നിലപാടും ഇതുതന്നെയായിരുന്നതിനാൽ സർക്കാർ ആഗ്രഹിച്ച വിധിയായിരുന്നു ഇത്. സംഘപരിവാറിനെതിരേ എത്ര തീവ്രമായ നിലപാടെടുക്കുന്നുവോ ന്യൂനപക്ഷപിന്തുണ അത്രകണ്ട് കിട്ടുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്. എന്ത് വിഷയമുണ്ടായാലും എല്ലാ സ്ത്രീകൾക്കും പ്രവേശനമെന്ന നിലപാടിൽ പുരോഗമന കാഴ്ചപ്പാടുമായി സിപിഎം ഉറച്ചു നിൽക്കുന്നത് ഈ കണക്ക് കൂട്ടലിലാണ്. സിപിഎമ്മിന് അനുകൂലമായി ചിന്തിക്കുന്ന കുറച്ച് വോട്ടുകൾ ഭിന്നിച്ചാലും പുതിയ മേഖലയിലേക്ക് നുഴഞ്ഞു കയറാമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. സമവായത്തിന്റെ സ്വരം ഉപേക്ഷിച്ച് കടന്നാക്രമണത്തിലേക്ക് മുഖ്യമന്ത്രി നീങ്ങിയതും കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്.

ആദ്യം സമരത്തിനിറങ്ങാതെ വിശ്വാസികളുടെ പ്രതിഷേധത്തിന് പിന്തുണ നൽകിയ കോൺഗ്രസ് പതിയെ കളം നിറഞ്ഞു. ബിജെപിയുടെ നേട്ടമുണ്ടാക്കലായിരുന്നു ഇതിന് കാരണം. ഇതോടെ പദയാത്രകളും വിശദീകരണയോഗങ്ങളും വഴി കഴിയുന്നത്ര വിശ്വാസികളുടെ വികാരത്തോടൊപ്പമാണെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് നടത്തുന്നത്. ഗുരുവായൂർ, വൈക്കം ക്ഷേത്രപ്രവേശന സമരത്തിനും മറ്റും നേതൃത്വം നൽകിയ കോൺഗ്രസിന് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലമാണ് പിടിവള്ളിയായത്. വിശ്വാസികളുടെ വികാരത്തോടൊപ്പം നിന്നില്ലെങ്കിൽ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ബിജെപി.യിലേക്ക് ഒലിച്ചുപോകുമെന്ന തിരിച്ചറിവ് കോൺഗ്രസിനുണ്ട്. ശബരിമലയിൽ സർക്കാരിന് വലിയ തിരിച്ചടിയുണ്ടായെന്നും അതുകൊണ്ട് തന്നെ 19 സീറ്റുകളെങ്കിലും നേടാമെന്നും യുഡിഎഫും വിലയിരുത്തുന്നു. ബിജെപിയിലേക്കുള്ള വോട്ട് ചോർച്ച ഇതിനായി കുറയ്ക്കാനാണ് ശ്രമം. അതുകൊണ്ട് തന്നെ വിശ്വാസികളുടെ ഒപ്പം നിന്ന് പ്രതിഷേധങ്ങൾ കോൺഗ്രസും സംഘടിപ്പിക്കും.

സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനം മുതൽക്കൂട്ടാക്കാനാണ് ബിജെപി. ശ്രമം. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നുമാണ് ബിജെപി.യുടെ കണക്കുകൂട്ടൽ. മാസപൂജയ്ക്ക് നടതുറന്നപ്പോൾ ഒരു സ്ത്രീയെയെങ്കിലും എത്തിക്കാനായിരുന്നു സർക്കാർ ശ്രമം. അതിനായി പൊലീസ് വേഷംവരെ ആക്ടിവിസ്റ്റുകളെ കെട്ടിച്ചു. ഇതെല്ലാം ചർച്ചയാക്കാനാണ് ബിജെിപി ശ്രമം. സുപ്രീംകോടതിയിൽ റിവ്യൂ ഹർജികൾ പരിഗണനയ്ക്ക് വരുന്നുണ്ട്. തത്സ്ഥിതി തുടരാനെങ്കിലുമുള്ള നിർദ്ദേശമുണ്ടായില്ലെങ്കിൽ ശബരിമലയിലെ സ്ഥിതി പ്രവചനാതീതമാകും. ഒരു സ്ത്രീയെയെങ്കിലും എത്തിച്ച് വിധി നടപ്പാക്കാൻ സർക്കാരും അത് വിശ്വാസലംഘനമായി കാണുന്നവരും തമ്മിലുള്ള ഏറ്റുമുട്ടൽ ഏതറ്റംവരെയും പോകാം. 1936-ൽ ക്ഷേത്രപ്രവേശന വിളംബരം നടപ്പായ കേരളമല്ല 2018-ലേത്. രാഷ്ട്രീയ പാർട്ടികൾ എന്തിലും നേട്ടമുണ്ടാക്കാനുള്ളതാണ് ഇതിന് കാരണം.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനും ആചാരം തകർക്കാനും പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് പോകുന്നുവെന്ന് യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കും. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരിൽ സംസ്ഥാനസർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുകയും ഒത്തുകൂടുകയും ചെയ്യുന്നവർ മതനിരപേക്ഷതയുടെ അടിത്തറയുള്ള മഹാശക്തിക്കു മുന്നിൽ നിസ്സാരന്മാരാണെന്ന് പിണറായി വിജയനും പറയുന്നു. സുപ്രീംകോടതിവിധി എന്ത് വിലകൊടുത്തും നടപ്പാക്കുമെന്ന് സത്യവാങ്മൂലം നൽകിയ സർക്കാരാണ് തന്റേത്. അതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഉറപ്പാക്കും. അയ്യപ്പന്മാരുടെ വരവിലും നിയന്ത്രണം ഉണ്ടാകുമെന്നും പിണറായി പറയുന്നു.

സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിൽ ദർശനത്തിന് എത്തിയ യുവതികൾ ഭക്തരായിരുന്നു. ഇവർക്കെതിരെ ശരണം വിളികളുമായി ഇറങ്ങിയ അയ്യപ്പഭക്തർ അക്രമികളാണ്. നിലയ്ക്കലും പമ്പയിലും അയ്യപ്പഭക്തരെ തല്ലിച്ചതച്ച പൊലീസിനെയും പിണറായി ന്യായീകരിച്ചു. പൊലീസ് സമചിത്തതയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. അവരുടെ നിലപാടുകളെല്ലാം കൃത്യമായിരുന്നെന്നും മുഖ്യമന്ത്രി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP