Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദോശ ചുടുന്ന ഉപമ യുക്തിസഹമായെങ്കിലും സ്പീക്കറെ ചൊടിപ്പിച്ചു; ശക്തനെ പ്രകോപിപ്പിച്ചതു ചെന്നിത്തലയുടെ ബഹുമാനമില്ലാത്ത സംസാര രീതി; സഭയിലെത്തിയത് ആഭ്യന്തര മന്ത്രിയുടെ ഫോൺ വന്നതിനു ശേഷം: സ്പീക്കർ-സർക്കാർ തർക്കത്തിനു കാരണം നായർ-നാടാർ പോരു തന്നെ

ദോശ ചുടുന്ന ഉപമ യുക്തിസഹമായെങ്കിലും സ്പീക്കറെ ചൊടിപ്പിച്ചു; ശക്തനെ പ്രകോപിപ്പിച്ചതു ചെന്നിത്തലയുടെ ബഹുമാനമില്ലാത്ത സംസാര രീതി; സഭയിലെത്തിയത് ആഭ്യന്തര മന്ത്രിയുടെ ഫോൺ വന്നതിനു ശേഷം: സ്പീക്കർ-സർക്കാർ തർക്കത്തിനു കാരണം നായർ-നാടാർ പോരു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലീഡർ കെ കരുണാകരന്റെ മനസ്സിലിടം നേടിയാണ് എൻ ശക്തൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായത്. കേരളാ കോൺഗ്രസുകാരനായി പൊതു പ്രവർത്തനം തുടങ്ങിയ ശക്തനെ കോൺഗ്രസിലെത്തിച്ചത് തിരുവനന്തപുരത്തെ ജാതി രാഷ്ട്രീയം അനുകൂലമാക്കാനാണ്. ഐ ഗ്രൂപ്പിലും നാടാർ നേതാവ് വേണമെന്ന ചിന്തയായിരുന്നു അതിന് കാരണം. കണക്ക് കൂട്ടലൊന്നും തെറ്റിയില്ല. ശക്തൻ നിയമസഭയിലെ സ്ഥിരം സാന്നിധ്യമായി. ഗതാഗതമന്ത്രിയാക്കിയും ശക്തനെ കരുണാകൻ മാറ്റി. എന്നാൽ ഇന്ന് ഗ്രൂപ്പിന് അതീതമായാണ് ശക്തന്റെ നീക്കങ്ങൾ. ഗ്രൂപ്പുകാരുടെ ആരുടേയും പിന്തുണയില്ലാതെ സ്പീക്കർ പദവിയിലുമെത്തി. ഇത് ഐ ഗ്രൂപ്പിന് തീരെ പിടിച്ചിരുന്നില്ല. പക്ഷേ എതിർക്കാനുമാവില്ല. ഇതു തന്നെയാണ് നിയമസഭയിൽ സ്പീക്കറും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമിടയിൽ ഉണ്ടായ വിവാദത്തിന് തീപിടിപ്പിച്ചതും.

ചൊവ്വാഴ്ച ഹിന്ദു പിന്തുടർച്ച അവകാശ ബിൽ പരിഗണിക്കവെ തന്നെ അംഗങ്ങൾ ചുരുക്കി സംസാരിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു. പിന്നീട് പ്രവാസിക്ഷേമ ബില്ലിന്മേൽ എൻ.എ നെല്ലിക്കുന്ന് സംസാരിക്കുമ്പോൾ ചുരുക്കിപ്പറയണമെന്ന് സ്പീക്കർ വീണ്ടും നിർദ്ദേശിച്ചു. ഈ ഘട്ടത്തിലാണ് ആഭ്യന്തരമന്ത്രി ദോശ ചുടുന്ന പോലെ ബിൽ പാസാക്കാനാകില്ലെന്ന് പറഞ്ഞത്. വളരെ പൗരുഷമായായിരുന്നു ആഭ്യന്തരമന്ത്രിയുടെ സംസാരം. തനിക്ക് വേണ്ടിയല്ല നടപടികൾ വേഗത്തിലാക്കുന്നതെന്നും നിങ്ങൾക്ക് പ്രധാനമന്ത്രിയെ കാണാൻ പോകുന്നതിനായിട്ടാണെന്ന് സ്പീക്കർ മറുപടി നൽകി.

എങ്കിൽ ബിൽ മാറ്റിവെക്കണമെന്ന് അഭിപ്രായപ്പെട്ട ആഭ്യന്തരമന്ത്രി സഭയുടെ സംരക്ഷകനായ അങ്ങ് ഇങ്ങനെ പെരുമാറരുതെന്നും പറയുകയുണ്ടായി. അതോടെ ഇഷ്ടം പോലെ അംഗങ്ങൾ സംസാരിക്കട്ടെ എന്ന നിലപാടെടുത്ത സ്പീക്കർ പിന്നീട് ചർച്ചയിൽ ഇടപെടാതെ നിശബ്ദനായിരിക്കുകയായിരുന്നു. തീർച്ചയായും ചട്ട പ്രകാരം ബിൽ പരിഗണനാ വേളയിൽ സ്പീക്കർ ഇടപെടുന്നതിൽ ചില അനൗചിത്യങ്ങളുണ്ട്. അതാണ് രമേശ് ചെന്നിത്തല ഉയർത്തിയതും. എന്നാൽ ബഹുമാനമില്ലാതെ പൗരുഷമായിട്ടായിരുന്നു പ്രതികരണങ്ങൾ. ഇത് തന്നോടുള്ള താൽപ്പര്യക്കുറവിന്റെ ഭാഗമായി ശക്തൻ വിലയിരുത്തി. ഐ ഗ്രൂപ്പിലെ സമുദായ പോര് തന്നെയാണ് ഇതിന് കാരണവും.

പഴയ ഐ ഗ്രൂപ്പുകാർ എല്ലാം ഒന്നിച്ചപ്പോഴും ശക്തൻ മാത്രം ഐ പക്ഷത്തിനൊപ്പം ചേർന്നില്ല. ഡെപ്യൂട്ടി സ്പീക്കറായതും ജി കാർത്തികേയന്റെ മരണത്തിന് ശേഷം സ്പീക്കറായതുമെല്ലാം കാർഡിളക്കിയാണ്. കാർത്തികേയന് ശേഷം സ്പീക്കറാകണമെന്ന് ആഗ്രഹിച്ച ഒരു പിടി നായർ നേതാക്കൾ ഐ ഗ്രൂപ്പിലുണ്ടായിരുന്നു. കെ മുരളീധരൻ അടക്കമുള്ളവർ തയ്യാറുമായിരുന്നു. എ പക്ഷത്ത് വിഡി സതീശനെ പോലുള്ളവർ. എന്നാൽ അരുവിക്കരയിൽ ജയിക്കണമെങ്കിൽ നാടാർ പക്ഷം കനിയണം. അതുകൊണ്ട് തന്നെ ഗ്രൂപ്പ് ചർച്ചകൾക്കൊന്നും ഇടനൽകാതെ ശക്തൻ കാർഡ് ഇറക്കി കളിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മാത്രം പിന്തുണയോടെ സ്പീക്കറുമായി.

ഡെപ്യൂട്ടി സ്പീക്കറായി എ ഗ്രൂപ്പിലെ നായർ നേതാവ് പാലോട് രവിയുമെത്തി. ഈ അധികാരമാറ്റങ്ങളിൽ നഷ്ടമുണ്ടായത് ഐ ഗ്രൂപ്പിനാണ്. കാർത്തികേയനെ വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാക്കി സ്പീക്കർ പദവി തട്ടാനുള്ള നീക്കമാണ് പൊളിഞ്ഞത്. അന്നുമുതൽ സ്പീക്കർ ശക്തൻ ഐ ഗ്രൂപ്പിന് അതൃപ്തനായി. ഇത് സ്പീക്കർക്കും അറിയാം. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ പ്രകടനം ശക്തനെ ചൊടുപ്പിച്ചത്. തന്നെ വിലകുറച്ച് കാണിക്കാനുള്ള ശ്രമമാണ് ആഭ്യന്തരമന്ത്രി നടത്തിയതെന്നാണ് അദ്ദേഹം പലരോടും പറഞ്ഞത്. അതുകൊണ്ട് കൂടിയാണ് പ്രതിഷേധം കടുപ്പിച്ചതും ചെന്നിത്തലയെ കൊണ്ട് പരോക്ഷ മാപ്പപേക്ഷ നടത്തിയതും.

ഇന്നലത്തെ പ്രസ്താവനയോട് മാപ്പോ ഖേദമോ എന്നും ചെന്നിത്തല ഫോണിലൂടെ പറഞ്ഞില്ല. എന്നാൽ തെറ്റിധാരണയുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇത് പരോക്ഷമായി മാപ്പ് തന്നെയാണെന്ന് സ്പീക്കർ പറയുന്നു. ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിക്കാനായിരുന്നു ശക്തന്റെ പ്രതിഷേധവും. തിരുവനന്തപുരത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നായർ-നാടാർ പോര് എന്നും ശക്തമാണ്. പാറശ്ശാല, നേമം, നെയ്യാറ്റിൻകര, കാട്ടക്കട, അരുവിക്കര മണ്ഡലങ്ങളിൽ നാടാർ വോട്ടുകളാണ് വിജയം നിശ്ചയിക്കുന്നത്. അതുകൊണ്ട് ഈ വിഭാഗത്തെ കൈവിടാനും കഴിയില്ല.

ഈ രാഷ്ട്രീയ സാഹചര്യം സമർത്ഥമായി ശക്തൻ ഉപോഗിക്കുന്നുവെന്നാണ് പരാതി. ഇതിലൂടെ നഷ്ടമുണ്ടാകുന്നത് തിരുവനന്തപുരത്തെ നായർ നേതാക്കൾക്കാണ്. അവരുടെ എംഎൽഎ മോഹത്തേയും മന്ത്രി പദത്തേയുമെല്ലാം നാടാർ അതിപ്രസരം ബാധിക്കുന്നു. കോൺഗ്രസ് മന്ത്രിസഭയിൽ നാടാർ പ്രാതിനിധ്യം ഉറപ്പാക്കാൻ കള്ളകളികളും സമ്മർദ്ദവും നടത്തും. ഫലത്തിൽ നായർ സമുദായത്തിന്റെ കോട്ടയായിട്ടും ഒരാൾക്ക് മാത്രമേ മന്ത്രിയാകാൻ കഴിയുന്നുള്ളൂ. തിരുവനന്തപുരത്ത് നിർണ്ണായക സ്വാധീനമുള്ള ഐ പക്ഷത്തിനാണ് ഈ നാടാർ രാഷ്ട്രീയം തിരിച്ചടി നൽുകന്നത്. നാടാർ വിഭാഗത്തിന്റെ നേതാവായി സ്വയം അതരിച്ച് സ്ഥാനമാനങ്ങൾ ശക്തൻ തട്ടുന്നുവെന്നതാണ് ഐ ഗ്രൂപ്പിനെ പ്രകോപിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP