Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരിക്കലും പൊതുവേദിയിൽ എത്തിയില്ല; ഒരു പ്രസംഗം പോലും നടത്തിയിട്ടില്ല; ഒരു അനുയായിയേയും സൃഷ്ടിച്ചില്ല; എന്നും ചരടുവലികളുമായി അണിയറയിൽ തന്നെ കഴിഞ്ഞു; ഒരു വീഡിയോ കടക്കാരി തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ നിർണ്ണായക റോളിൽ എത്തുമ്പോൾ അണ്ണാ ഡിഎംകെയെ കാത്തിരിക്കുന്നത് സമ്പൂർണ്ണ തകർച്ചയോ?

ഒരിക്കലും പൊതുവേദിയിൽ എത്തിയില്ല; ഒരു പ്രസംഗം പോലും നടത്തിയിട്ടില്ല; ഒരു അനുയായിയേയും സൃഷ്ടിച്ചില്ല; എന്നും ചരടുവലികളുമായി അണിയറയിൽ തന്നെ കഴിഞ്ഞു; ഒരു വീഡിയോ കടക്കാരി തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ നിർണ്ണായക റോളിൽ എത്തുമ്പോൾ അണ്ണാ ഡിഎംകെയെ കാത്തിരിക്കുന്നത് സമ്പൂർണ്ണ തകർച്ചയോ?

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ : അണ്ണാ ഡിഎംകെയുടെ നേതാക്കളെല്ലാം ജനകീയരായിരുന്നു. അല്ലാത്ത ആരേയും അംഗീകരിച്ചിട്ടില്ല. എംജിആറിന്റെ ഭാര്യ ജാനകിയെ പോലും അംഗീകരിക്കാത്തവരായിരുന്നു പാർട്ടി അണികൾ. അതായത് എംജിആർ, ജയലളിത തുടങ്ങി ജനറൽ സെക്രട്ടറിപദം വഹിച്ചവരെല്ലാം വൻ ജനസ്വാധീനമുള്ള നേതാക്കളായിരുന്നു. അവർ തെരഞ്ഞെടുപ്പിൽ മൽസരിച്ചു വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു, ഭരണത്തിൽ മികവു തെളിയിച്ചു, പ്രസംഗങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുത്തു. ഈ പദവിയിലേക്കാണ് ജയലളിതയുടെ പിൻഗാമിയായി തോഴി ശശികല എത്തുന്നത്. പാർട്ടി സ്ഥാനങ്ങളിൽ ഒരു നേതൃപരമായ മികവും ശശികല ഇതുവരെ കാട്ടിയിട്ടില്ല.

പാർട്ടി അംഗവും നിർവാഹക സമിതിയിലെ പ്രത്യേക ക്ഷണിതാവുമാണെന്നല്ലാതെ ചുമതലകളൊന്നും വഹിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ മൽസരിക്കുകയോ, പൊതുവേദികളിൽ പാർട്ടിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുകയോ ചെയ്തിട്ടില്ല. ശശികലയുടെ ശബ്ദം പോലും അണികൾക്കോ, ജനങ്ങൾക്കോ പരിചിതമല്ല. ഇത്തരമൊരു വ്യക്തിയെയാണ് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായത്. പാർട്ടിയിലും ഭരണത്തിലും ശശികല നടത്തിയ പിൻവാതിൽ ഇടപെടലുകൾക്ക് തെളിവാണ് ഇത്. ജയയുടെ തോഴിയെന്ന നിലയിൽ പാർട്ടിയിലും ഭരണത്തിലും തന്റേതായ ആളുകളെ നിയോഗിക്കാൻ ശശികലയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ ഈ നേതാക്കളുടെ പിന്തുണയിൽ പാർട്ടി പിടിച്ചെടുത്തു. ജയലളിതയുടെ മരണം ഒഴിവുണ്ടാക്കിയ സീറ്റിൽ ഉപതെരഞ്ഞെടുപ്പിലും ശശികല മത്സരിക്കുമെന്നാണ് സൂചന. ജയിച്ചാൽ മുഖ്യമന്ത്രിയുമാകും.

മുഖ്യമന്ത്രി പനീർ സെൽവവും ശശികലയുടെ അനുയായിയാണ്. ശശികലയ്ക്ക് വേണ്ടി മുഖ്യമന്ത്രി പദമൊഴിയാൻ സന്നദ്ധനാണ് പനീർ സെൽവം. ചിന്നമ്മയെ പാർട്ടിയുടെ തലപ്പത്ത് നിയോഗിച്ചതിന് പിന്നിൽ പനീർസെൽവത്തിന്റെ ഇടപെടലുമുണ്ട്. പനീർസെൽവത്തെ ആദ്യം മുഖ്യമന്ത്രിയാക്കിയത് ശശികലയായിരുന്നു. ശശികലയും ജയലളിതയും തമ്മിൽ തെറ്റിയതോടെ പനീർസെൽവവും ഒതുക്കപ്പെട്ടു. എന്നാൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിത ജയിലിൽ പോയപ്പോൾ വീണ്ടും പനീർ സെൽവം മുഖ്യമന്ത്രിയായി. ഇതിന് കാരണവും ശശികലയായിരുന്നു. അതുകൊണ്ട് തന്നെ തന്റെ രാഷ്ട്രീയ ഉയർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച ശശികലയ്ക്ക് വേണ്ടി ഏത് സ്ഥാനവും ഒഴിയാൻ പനീർസെൽവം തയ്യാറാണ്. അതുകൊണ്ട് തന്നെയാണ് ജയലളിതയുടെ മരണ ശേഷവും പനീർസെൽവത്തെ ശശികല മുഖ്യമന്ത്രിയാക്കിയത്.

ഒരേസമയം തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി പന്നീർ ശെൽവമുൾപ്പെടെയുള്ള നേതാക്കളെ വരച്ചവരയിൽ നിർത്തുകയും ചെന്നൈ നഗരത്തിന്റെ, തമിഴകത്തിന്റെ നിർണായക ബിസിനസ് ഇടപാടുകളിൽ കൈവച്ച് പണമുണ്ടാക്കുകയും ചെയ്യുന്ന അധികാരകേന്ദ്രം തന്നെയായിരുന്നു് ശശികലയും അവരുൾപ്പെട്ട മന്നാർഗുഡി മാഫിയയും. ഒന്നും രണ്ടും കൊല്ലമല്ല, മറിച്ച് നീണ്ട മൂന്നുദശാബ്ദത്തോളം ജയലളിതയെന്ന ഏകാധിപതിയുടെ ശ്വാസംപോലെ കൂടെയുണ്ടായിരുന്നു ശശികല. അവരെ തോഴിയാക്കി ജയയ്ക്കൊപ്പം വിട്ട് ബാക്കി ചരടുവലികൾ നടത്തിയിരുന്ന ഭർത്താവ് നടരാജന്റെ നേതൃത്വത്തിലുള്ള മന്നാർഗുഡി ടീമിനു തന്നെയാകും ഇനിയങ്ങോട്ട് തമിഴകത്തിന്റെ ഭരണമെന്നാണ് ഇപ്പോഴത്തെ അണ്ണാ ഡിഎംകെയിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ജയലളിതയുടെ വസതിയിലുൾപ്പെടെ ഒരു ഈച്ചപോലും അറിവില്ലാതെ പറക്കാൻ അനുവദിക്കാത്തവിധം നെറ്റ് വർക്ക് ഒരുക്കിയാണ് ശശികലയും നടരാജനും ഓരോ നീക്കങ്ങളും നടത്തിയിരുന്നത്. അതേസമയം ജയലളിതയുടെ ആവശ്യങ്ങളെല്ലാം യഥാവിധി നിറവേറ്റുന്നതിൽ ഇവർ ഒരു വീഴ്ചയും വരുത്തിയില്ല. ഇതിനിടെ ഇടക്കാലത്ത് ഉണ്ടായ സ്വരക്കേടിനെ തുടർന്ന് ശശികലയേയും നടരാജനെയും ജയ പോയ്സ് ഗാർഗനു പുറത്താക്കി. ജയലളിതയ്ക്ക് വിഷം നൽകി ഇല്ലാതാക്കാൻ ഇവർ ശ്രമം നടത്തിയെന്നും ഇതിന്റെ വിവരം അറിയിച്ചത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നെന്നും ഇതെത്തുടർന്നാണ് ജയലളിത ശശികലയെയും കൂട്ടരേയും അകറ്റി നിർത്തിയതെന്നും വാർത്തകൾ വരികയും ചെയ്തിരുന്നു. അതെന്തായാലും ഈ പിണക്കം അധികനാൾ നീണ്ടുനിന്നില്ല. ഉറ്റതോഴിയെന്ന നിലയിൽ ശശികലയെ പിരിഞ്ഞിരിക്കാൻ വയ്യാതെ ജയതന്നെ അവരെ തിരിച്ചുവിളിച്ചു. പിന്നീട് ജയ മരണത്തിന് കീഴടങ്ങി യാത്രയാകുന്നതുവരെ വീണ്ടും കൂടെനിന്ന ശശികല വീണ്ടും ഇളയറാണിയായിതന്നെ വിലസുന്നു. ഇപ്പോഴിതാ ജയയുടെ പിൻഗാമിയും.

ശശികലയുടെ ആദ്യകാലത്തെ പറ്റി കുറച്ചുകാര്യങ്ങളേ പലർക്കും അറിയൂ. തമിഴ്‌നാട്ടിലെ തിരുവരൂർ ജില്ലയിലെ മന്നാർഗുഡിയെന്ന കൊച്ചു ഗ്രാമത്തിൽ നിന്നായിരുന്നു അവരുടെ വരവ്. അവിടെ തേവർ വിഭാഗക്കാരനായ വിവേകാനന്ദത്തിന്റെയും കൃഷ്ണവേണിയുടെയും മകളായിരുന്നു ശശികല. 1975ൽ ചെന്നൈക്കാരനായ എം നടരാജനെന്ന ഡിഎംകെ പ്രവർത്തകനെ വിവാഹം കഴിച്ചതോടെയാണ് ശശികലയുടെ തലവര മാറുന്നത്. അന്നുതന്നെ രാഷ്ട്രീയ ലോകത്ത് കരുണാനിധി ഉൾപ്പെടെയുള്ള നേതാക്കളുടെ അടുപ്പക്കാരനായിരുന്നു നടരാജൻ. അതിനാൽത്തന്നെ ഇവരുടെ വിവാഹത്തിൽ കരുണാനിധിയും സംബന്ധിച്ചിരുന്നു. അന്ന് രാഷ്ട്രീയ നിയമനമായി ലഭിച്ച അസിസ്റ്റന്റ്റ് പബൽക് റിലേഷൻസ് ഓഫീസറായിരുന്നു നടരാജൻ. ഇത്തരത്തിൽ ആദ്യം നിയമനം കിട്ടുന്നത് കൂടല്ലൂർ ജില്ലയിലാണ്. വി എസ് ചന്ദ്രലേഖയായിരുന്നു അന്ന് കളക്ടർ. ഇവർ ജയലളിതയുടെ അടുപ്പക്കാരിയായിരുന്നു. ഈ സമയത്തെല്ലാം ശശികല ചെന്നൈയിൽ സഹോദരൻ ദിവാകരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അക്കാലത്താണ് ശശികല വീഡിയോ ഷോപ്പ് നടത്തിയിരുന്നത്. അന്ന് സഹോദരൻ ദിവാകരനുവേണ്ടിയായിരുന്നു ശശികല ഷോപ്പ് നടത്തിയിരുന്നതെങ്കിലും സ്വന്തം നിലയിൽ അവർ പോയ്സ് ഗാർഡനിലും അഡയാറിലുമെല്ലാം കസ്റ്റമേഴ്സിനെ ഉണ്ടാക്കി ബിസിനസ് വിപുലപ്പെടുത്തിയതായി അവിടെ താമസിച്ചിരുന്ന റിട്ട. ഡോക്ടർ ഓർക്കുന്നു.

ജയലളിത രാഷ്ട്രീയത്തിൽ എത്തിയതിനെ തുടർന്ന് 1982 കാലത്ത് അവരുടെ അടുക്കലെത്താൻ ശശികല വഴിതേടി. ഭർത്താവ് ജോലിചെയ്തിരുന്ന കൂഡല്ലൂരിൽ കളക്ടറായിരുന്ന ചന്ദ്രലേഖയുടെ പരിചയം ഉപയോഗിച്ചായിരുന്നു ഇതിന് വഴി തുറന്നത്. ആ വർഷം ജൂൺ നാലിന് കൂടല്ലൂരിലെ അണ്ണാഡിഎംകെ റാലിയിലൂടെയായിരുന്നു ജയയുടെ രാഷ്ട്രീയ പ്രവേശം. ആ വർഷം തന്നെ നടന്ന പെരിയകുളം ഉപതിരഞ്ഞെടുപ്പിലും അടുത്തവർഷം നടന്ന തിരുചെന്തൂർ ഉപതിരഞ്ഞെടുപ്പിലും മുഖ്യപ്രചാരകയായി താരപരിവേഷമുള്ള ജയലളിതയെ എംജിആർ നിയോഗിച്ചതോടെ അവർ തമിഴ് രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയയായി മാറിയിരുന്നു. ഇതോടെയാണ് ജയയുമായി ശശികല അടുക്കുന്നത്. ഇക്കാലത്ത് ജയയുടെ പ്രസംഗങ്ങൾ വീഡിയോയിൽ ചിത്രീകരിച്ച് ആ കാസറ്റ് ഉപയോഗിച്ച് മറ്റു സ്ഥലങ്ങളിൽ ജയയുടെ ചിത്രം കാണിച്ചിരുന്നു. ഇതിന്റെ ഓർഡർ നേടിയെടുത്താണ് ശശികല ജയയുടെ ജീവിതത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഇതിനു പിന്നാലെ പോയ്സ് ഗാർഡനുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചടങ്ങുകളും വീഡിയോയിൽ പകർത്തി. താൻ ഉൾപ്പെട്ട വീഡിയോകൾ കാണാൻ ജയയ്ക്ക് വലിയ ഇഷ്ടവുമായിരുന്നു. ഇക്കാലത്തൊന്നും നടരാജൻ ചിത്രത്തിൽ ഇല്ലായിരുന്നു.

പിന്നെ പോയസ് ഗാർഡനിലെ ജയയുടെ വീട്ടിലേക്കു താമസവും മാറ്റി. 1991ൽ ജയലളിത ആദ്യ തവണ മുഖ്യമന്ത്രിയായപ്പോഴാണു തോഴിയും ശ്രദ്ധാകേന്ദ്രമായത്. എന്നാൽ, 1995ൽ ശശികലയുടെ സഹോദര പുത്രൻ വി.എൻ. സുധാകരനെ ജയലളിത ദത്തെടുത്തതും, തുടർന്ന് ഇയാളുടെ വിവാഹം കോടിക്കണക്കിനു രൂപ ചെലവഴിച്ച് ആർഭാടമായി നടത്തിയതും വിവാദമായി. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ദയനീയമായി പരാജയപ്പെട്ടപ്പോൾ ഏറെ വിമർശിക്കപ്പെട്ടതു ജയയ്ക്കു ശശികലയുമായുള്ള ബന്ധമായിരുന്നു. തുടർന്നു ബന്ധം വിച്ഛേദിച്ചതായി ജയലളിത പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇരുവരും വീണ്ടും അടുത്തു. 2011ലും ജയ ശശികലയെ പുറത്താക്കിയെങ്കിലും അവർ വീണ്ടും മടങ്ങിയെത്തി മനസ്സാക്ഷി സൂക്ഷിപ്പുകാരിയായി. അതിനു വേണ്ടി ഭർത്താവ് നടരാജനെ പോലും ശശികല തള്ളിപ്പറഞ്ഞു. ജയയുടെ മരണ ശേഷം പോയസ് ഗാർഡനിലേക്കു നടരാജന്റെ മടങ്ങിവരവും വാർത്തയായി.

1996ൽ കളർടിവി കുംഭകോണ കേസിലും, 2014ൽ അനധികൃത സ്വത്തു കേസിലും ജയലളിത ജയിലിലായപ്പോൾ കൂടെ ശശികലയുണ്ടായിരുന്നു. ജയലളിത അവരെ സഹോദരിയായാണു വിശേഷിപ്പിച്ചിരുന്നത്. അണ്ണാ ഡിഎംകെയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ എന്നതു പതിവുള്ള കാര്യമല്ല. മുഖ്യമന്ത്രിക്കസേരയിൽ ഒ. പനീർസെൽവവും, പാർട്ടി ജനറൽ സെക്രട്ടറിയായി ശശികലയുമെന്ന നില ദ്രാവിഡ രാഷ്ട്രീയത്തിൽ നിലനിൽക്കാൻ പ്രയാസമാണ്. മന്ത്രിമാരടക്കം നേതാക്കൾ പലരും ശശികല മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുക്കണമെന്ന ആവശ്യമുയർത്തിക്കഴിഞ്ഞു. ജയയുടെ മണ്ഡലമായ ആർകെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ശശികലയ്ക്കു മുന്നിലുള്ള സാധ്യതയാണ്. ഇവിടെ വിജയിച്ചാൽ അവർ തമിഴ്‌നാട് മുഖ്യമന്ത്രിയുമാകുമെന്നും ഉറപ്പാണ്.

എന്നാൽ ഇത് അണ്ണാ ഡിഎംകെയ്ക്ക് ഗുണകരമാകില്ലെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്. അണ്ണാ ഡിഎംകെയ്ക്ക് നിലവിൽ ഭൂരിപക്ഷമുണ്ട്. ജയയുടെ വിയോഗ ദുഃഖം ഉപതെരഞ്ഞെടുപ്പിലും ശശികലയെ ജയിപ്പിച്ചേക്കാം. പക്ഷേ ദീർഘകാലത്തേക്ക് അണ്ണാ ഡിഎംകെ വിലയ പ്രതിസന്ധിയിലേക്ക് പോകാനാണ് സാധ്യത. രജനികാന്തിനേയും സൂര്യയേയുമൊക്കെയാണ് അണ്ണാ ഡിഎംകെയുടെ അനുയായികൾ പുതിയ നേതാവായി കാണുന്നത്. ഈ സ്ഥാനത്ത് ശശികലയെത്തുന്നത് അവർക്ക് എത്രത്തോളം പിടിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP