Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറപ്പുർ 13, 14 വാർഡിൽ എസ്ഡിപിഐ ജയിക്കുമ്പോൾ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയില്ല; ഒതുക്കുങ്ങൽ വാർഡ് 10ൽ സിപിഎമ്മിന് കിട്ടിയത് വെറും 25 വോട്ട്; മലബാറിൽ എസ്ഡിപിഐ ജയിച്ചത് ഇടതിന്റെ തണലിൽ; കെഇഎൻ അടക്കമുള്ള ഇടത് ബുദ്ധിജീവികളുടെ ഇരവാദവും വളം ചെയ്യുന്നത് ന്യൂനപക്ഷ വർഗീയതക്ക്; സിഎഎ സമരത്തിൽ നുഴഞ്ഞുകയറി അക്രമം കാട്ടുന്നുവെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയ 'സുഡാപ്പി' ഗ്രൂപ്പിനെ വളർത്തിയത് സിപിഎം തന്നെ

പറപ്പുർ 13, 14 വാർഡിൽ എസ്ഡിപിഐ ജയിക്കുമ്പോൾ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയില്ല; ഒതുക്കുങ്ങൽ വാർഡ് 10ൽ സിപിഎമ്മിന് കിട്ടിയത് വെറും 25 വോട്ട്; മലബാറിൽ എസ്ഡിപിഐ ജയിച്ചത് ഇടതിന്റെ തണലിൽ; കെഇഎൻ അടക്കമുള്ള ഇടത് ബുദ്ധിജീവികളുടെ ഇരവാദവും വളം ചെയ്യുന്നത് ന്യൂനപക്ഷ വർഗീയതക്ക്; സിഎഎ സമരത്തിൽ നുഴഞ്ഞുകയറി അക്രമം കാട്ടുന്നുവെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയ 'സുഡാപ്പി' ഗ്രൂപ്പിനെ വളർത്തിയത് സിപിഎം തന്നെ

എം മാധവദാസ്

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരളത്തിലെ ന്യുനപക്ഷ സമുദായങ്ങൾക്കിടയിൽ കടുത്ത ഭീതി നിലനിൽക്കുന്ന കാലമാണിത്. ഇതിന്റെ നേട്ടം കൊയ്യുന്നത്, സത്യത്തിൽ ഇസ്ലാമിക മതമൗലികവാദ സംഘടനകളാണ്. ഇല്ലാത്ത ഭീതി പെരുപ്പിച്ച് ഇന്ത്യയിലെ മുസ്ലീങ്ങളെ രണ്ടാംതരം പൗരന്മാരാണെന്ന് വരുത്തി തീർത്ത് തങ്ങളുടെ സംഘടനയിലേക്ക് ആെള കൂട്ടാനുള്ള നീക്കമാണ് എസ്ഡിപിഐ അടക്കമുള്ളവ നടത്തുന്നത്. സിഎഎ പ്രതിരോധിക്കാനായി തങ്ങൾക്കുമാത്രമേ കഴിയുള്ളൂവെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ പിരിവും കേരളത്തിൽ നടക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും, സർക്കാറിന്റെ കടുത്ത നടപടികളും മുസ്ലിം സമുദായത്തിൽ പൊതുവെ ഉണ്ടായ ഒറ്റപ്പെടുത്തലും കാരണം വെടിതീർന്ന് നിൽക്കുകയായിരുന്ന, പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും കിട്ടിയ സുവർണ്ണാവസരമാണ് സിഎഎ സമരം. ഇപ്പോൾ നോക്കുക, പോപ്പുലർ ഫ്രണ്ട് നടത്തുന്ന പരിപാടികളിൽ വൻ ജനപിന്തുണയാണ് ഉള്ളത്. പർദയും മഫ്ത്തയും അണിഞ്ഞ സ്ത്രീകൾ അടക്കം നൂറുകണക്കിന് ആളുകളാണ് ഇവർ നേതൃത്വം നൽകുന്ന പരിപാടികളിൽ പങ്കെടുക്കുന്നത്. വിവിധ മുസ്ലിം സംഘടനകൾ നടത്തിയ ഹർത്താലിൽ പോപ്പുലർ ഫ്രണ്ടിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പൊക്കെ പ്രമുഖ മുസ്ലിം സംഘടനകൾ നടത്തുന്ന പരിപാടികളിൽനിന്ന് സമ്പൂർണ്ണ ബഹിഷ്‌ക്കരണമാണ് ലീഗിനുനേരെ ഏർപ്പെടുത്താറുള്ളത്. അതായത് പതുക്കെ പതുക്കെ എസ്ഡിപിഐ കേരളത്തിന്റെ മുഖ്യധാരയിലേക്ക കടന്നുവരികയാണ്.

ഈ അപകടം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം എസ്ഡിപിഐക്കെതിരെ നിയമസഭയിൽ ആഞ്ഞടിച്ചത്. പൗരത്വ നിയമ പ്രക്ഷോഭങ്ങളിൽ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐ ആണെന്നും പ്രക്ഷോഭത്തിന്റെ പേരിൽ മതസ്പർധ വളർത്താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽ എസ്ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണം. പ്രക്ഷോഭത്തിന്റെ പേരിൽ തീവ്രവാദ സംഘങ്ങൾ കാര്യങ്ങൾ വഴി തിരിച്ച് വിടാൻ ശ്രമിക്കുകന്നു. തീവ്രവാദ സംഘങ്ങൾക്കെതിരെ കേസെടുക്കുന്നതിൽ എന്തിനാണ് പ്രതിപക്ഷം വിറളി പിടിക്കുന്നത്'- പിണറായി വ്യക്തമാക്കി.

പക്ഷേ പിണറായിക്ക് മനസ്സിലായ ഈ കെണി സിപിഎമ്മിന് പുർണ്ണമായും മനസ്സിലായിട്ടില്ല. അല്ലെങ്കിൽ പത്തുവോട്ടുകൾക്കായി അവർ കാര്യങ്ങൾ മനസ്സിലായില്ലെന്ന് നടിക്കുന്നു. ഐഎസിലേക്ക് പോയതും ആടുമേക്കാൻ പോയവരുമൊക്കെയായി തീവ്രവാദത്തിലേക്കുള്ള റിക്രൂട്ട്മെന്റ് നടക്കുന്ന സ്ഥലമാണ് കേരളവും. കുടിയേറ്റക്കാർക്ക് പൗരത്വം കൊടുക്കുന്നതിനുള്ള നിയമത്തെ പൗരത്വം എടുത്തുകളയുന്ന നിയമായി ചിത്രീകരിച്ച്, കേരളത്തിലെ അടക്കം മുസ്ലീങ്ങളെ നാടുകടത്തുമെന്ന് ഭീതി പുലർത്തുന്നതിൽ സിപിഎമ്മും ഉണ്ട്. ഫലത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവ നടത്തുന്ന ഭീതി വ്യാപാരം തന്നെയാണ് എസ്ഡിപിഐപോലുള്ള സംഘടനകൾക്ക് തുണയാവുന്നത്. സിപിഎം ബുദ്ധിജീവികൾ സിഎഎ അപകടമില്ലാത്തതാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല എന്നും ഓർക്കണം. ഇതുപോലെ തന്നെയാണ് പ്രാദേശിക സഹകരണങ്ങളും. ലീഗിനെ എതിരിടാനായി മലപ്പുറത്തടക്കം എസ്ഡിപിഐക്ക് കൊടുത്ത പിന്തുണ ഇപ്പോൾ സിപിഎമ്മിനെ തിരുഞ്ഞുകൊത്തുകയാണ്.

എസ്ഡിപിഐ ജയിക്കുന്നത് എങ്ങനെ?

മലപ്പുറം ജില്ലയിൽ ആകെയുള്ളത് 2512 തദ്ദേശ സ്വയംഭരണ സീറ്റുകളാണ്. എസ് ഡി പി ഐ അവകാശപ്പെടുന്നത് മലപ്പുറം ജില്ലയിൽ അഞ്ചു സീറ്റിൽ ജയിച്ചു എന്നാണ്. ഓർക്കുക 2512 സീറ്റുകളിൽ അഞ്ചെണ്ണം. അതും നാല് ഗ്രാമപഞ്ചായത് സീറ്റുകളും ഒരു മുനിസിപ്പൽ സീറ്റും. ജയിച്ച സീറ്റുകൾ ഇവയാണ്.

1. പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14, 2. പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13, 3. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വാർഡ് 10, 4. പൊന്മള ഗ്രാമപഞ്ചായത്ത് വാർഡ് 18, 5. കൊണ്ടോട്ടി മുനിസിപ്പാലിറ്റി വാർഡ് 8. ഇനി അതൊക്കെ എങ്ങനെ ലഭിച്ചു എന്നുകൂടി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാവും.

പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14ൽ ആകെ മത്സരിച്ചത് രണ്ടു സ്ഥാനാർത്ഥികളാണ്. ലഭിച്ച വോട്ടുകൾ  

എസ് ഡി പി ഐ: 496, മുസ്ലിം ലീഗ്: 468.വേറെ സ്ഥാനര്തികൾ ഇല്ല. അതായത് സി പി എമ്മിനോ എൽ ഡി എഫിനോ അവിടെ സ്ഥാനാർത്ഥിയില്ല. ഈ വോട്ട് എവിടെപ്പോയി. പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13ൽ ആകെ മത്സര രംഗത്ത് ഉണ്ടായിരുന്നത് രണ്ടു സ്ഥാനാർത്ഥികൾ. ലഭിച്ച വോട്ടുകൾ ഇപ്രകാരമാണ്.എസ് ഡി പി ഐ: 591, മുസ്ലിം ലീഗ്: 344.പറപ്പൂർ പഞ്ചായത്തിലെ ഈ വാർഡിലും സി പി എമ്മിനും എൽ ഡി എഫിനും സ്ഥാനാഥിയില്ല. ആ പഞ്ചായത്താണ് ഇരുവരും ചേർന്ന് ഭരിച്ചത്.

ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വാർഡ് 10ൽ മത്സര രംഗത്ത് ഉണ്ടായിരുന്നത് 4 പേരാണ്. വോട്ടുനില

എസ് ഡി പി ഐ: 498, മുസ്ലിം ലീഗ്: 388,സി പി എം: 25 സ്വതന്ത്രൻ: 22. സി പി എം സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടിന്റെ എണ്ണം നല്ലതുപോലെ നോക്കുക വെറും 25.പൊന്മള ഗ്രാമപഞ്ചായത്ത് വാർഡ് 18ൽ മത്സര രംഗത്ത് ഉണ്ടായിരുന്നവർ 4പേരാണ്. വോട്ടുനില ഇപ്രകാരം.എസ് ഡി പി ഐ: 394, മുസ്ലിം ലീഗ്: 308, സി പി എം: 23, ബിജെപി: 22.സി പി എമ്മിന്റെ വോട്ടു ഇവിടെയും ശ്രദ്ധിക്കുക, വെറും 23. കൊണ്ടോട്ടി മുനിസിപ്പാലിറ്റി വാർഡ് 8ൽ മത്സര രംഗത്ത് ഉണ്ടായിരുന്നത് നാലു പേർ. കിട്ടിയ വോട്ടുകൾ ഇപ്രകാരം. എസ് ഡി പി ഐ: 303, മുസ്ലിം ലീഗ്: 248, സ്വത: 213, സ്വത: 20. എൽ ഡി എഫിനോ സി പി എമ്മിനോ സ്ഥാനാർത്ഥി ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല.

ഇങ്ങനെയൊക്കെയാണ് എസ് ഡി പി ഐ ജയിച്ചത്. ഇവർ രണ്ടാം സ്ഥാനത്തും മുസ്ലിം ലീഗ് ഒന്നാം സ്ഥാനത്തും വന്ന എത്രയോ സീറ്റുകൾ വേറെയുമുണ്ട്. ജയിച്ച സ്ഥലങ്ങളിലെ മാത്രം കണക്കാണ് ഇത്. വ്യക്തമാണ്, പലയിടത്തും എസ് ഡി പി ഐ ക്കും സി പി എമ്മിനും ഒരൊറ്റ സ്ഥാനാർത്ഥി മാത്രമായിരുന്നു. ചിലയിടങ്ങളിൽ സ്ഥാനാർത്ഥിയെ പേരിനു നിർത്തി വോട്ടുകൾ എസ് ഡി പി ഐ ക്ക് മറിച്ച് നൽകി എന്ന് കണക്കുകളിൽ വ്യക്തം. ലീഗിനെ തോൽപ്പിക്കാൻ എസ് ഡി പി ഐ യുമായി കൂട്ടുകൂടിയത് ആരാണെന്നു വ്യക്തമാണ്. ഇത് മലപ്പുറം ജില്ലയിലെ മാത്രം കണക്കാണ്. എസ് ഡി പി ഐ വിജയിച്ച ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും സിപി എമ്മിന് ഒന്നുകിൽ സ്ഥാനാഥിയില്ല. അല്ലെങ്കിൽ വോട്ടു മറിച്ച്നൽകി എന്നതാണ് അവസ്ഥ. അതുപോലെ തന്നെ ചിലയിടങ്ങളിൽ സിപിമ്മിനെ തോൽപ്പിക്കനായി ചിലയിടങ്ങിൽ യുഡിഎഫുകാർ വോട്ട് മറിച്ചു നൽകി. അല്ലാതെ സ്വന്തം രാഷ്ട്രീയ ശക്തിയിലല്ല അവർ എവിടെയും ജയിച്ചത്.

കൈവെട്ടുകേസിൽ തുടങ്ങി അഭിമന്യുവധത്തിൽ എത്തിയ ആക്രമണ പരമ്പര

ഒരു ചോദ്യപേപ്പറിലെ നിർദോഷിയായ ഒരു ചോദ്യംവെച്ച് അദ്ധ്യാപകന്റെ കൈവെട്ടുക. ചേകന്നൂർ മൗലവി തിരോധാനത്തിനുശേഷം കേരളം കണ്ട ലക്ഷണമൊത്ത തീവ്രാവാദ ആക്രമണമായിരുന്നു അത്്. എല്ലാവരും കരുതിയത് അതോടൈ ഈ സംഘടന ഇല്ലാതാവും എന്നായിരുന്നു. എന്നാൽ അതേ കക്ഷികൾ പേരുമാറ്റി എസ്ഡിപിലെ ആവുന്നതാണ് കേരളം കണ്ടത്. മാത്രമല്ല അതിനുശേഷം ഈ സംഘടനയുടെ ശക്തി വർധിക്കയാണ് ഉണ്ടായത്. അന്ന് ഇടതുകക്ഷികൾ ആരും തന്നെ ജോസഫ് മാഷിന്റെ ഒപ്പം നിന്നില്ല. വിദ്യാഭ്യാസമന്ത്രി എം എ ബേബി അന്ന് പറഞ്ഞിരുന്നത് ചോദ്യപേപ്പർ ഇട്ട അദ്ധ്യാപകൻ ഒരു മഠയൻ ആണെന്നാണ്. അങ്ങനെ തീവ്രാവാദികൾക്ക് മുന്നിൽ ഈ അദ്ധ്യാപകനെ എറിഞ്ഞുകൊടുക്കുന്ന നടപടിയാണ് സിപിഎം ചെയ്തത്. ഈ കൈ വെട്ടു കേസിലെ പ്രതിയായ ആൾ എറണാകുളം വാഴക്കുളം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ഇന്നത്തെ അതേ വാദമാണ് അവർ അന്നും ഉയർത്തിയതാണ്. ഞങ്ങളാണ് ഇസ്ലാമിന്റെ യഥാർഥ രക്ഷകർ.

പണ്ടുതൊട്ടേ ന്യൂനപക്ഷ പ്രീണനം ഒരു കലയാക്കിയതിന്റെ ദുരന്തഫലം തന്നെയാണ് ഇവയെല്ലാം. അദ്ധ്യാപകൻ ജോസഫ്മാഷിന്റെ കൈവെട്ടുകേസിൽ ഇടതുപക്ഷം നേതൃത്വം കേരളീയ സമൂഹം ശക്തമായി ഇടപെട്ടിരുന്നെങ്കിൽ അഭിമന്യുവിന്റെ കൊല ഉണ്ടാകുമായിരുന്നോ. പോപ്പുലർഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ കാമ്പ്സ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് നെഞ്ചകം പിളർന്ന് മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായ അഭിമന്യുവെന്ന ആദിവാസി വിദ്യാർത്ഥി മരിച്ച പൈശാചികമായ സംഭവത്തിൽ, ചിന്താജെറോമും ദീപാ നിശാന്തും ഉൾപ്പെടെയുള്ളവരുടെ നാണം കെട്ട പ്രതികരണം നോക്കുക. പോപ്പുലർ ഫ്രണ്ടിനെയും അവരുടെ രാഷ്ട്രീയപ്രസ്ഥാനമായ എസ്ഡിപിഐയെയും സിപിഎം എത്രമാത്രം ഭയക്കുന്നുവെന്നും, ഇസ്ലാമിക തീവ്രവാദത്തെ എങ്ങനെ വെള്ളപൂശുന്നുവെന്നതിന്റെയും ക്ലാസിക്ക് ഉദാഹരണങ്ങളാണ് ഇവ.ചിന്ത ജെറോമിന് അഭിമന്യുവിനെ കൊന്നത് എത് സംഘടനയാണെന്നുപോലും അറിയില്ല.എസ്ഡിപിഐയുടെ കൊലപാതകങ്ങളുടെ നിര അമ്പതോളം അടുത്തിട്ടും ചിന്തക്ക് അത് ഒറ്റപ്പെട്ട സംഭവമാണ്.

സംഘപരിവാറിനെ അതിശക്തമായി എതിർക്കുന്ന ദീപ നിശാന്തിനും അറിയില്ല ആരാണ് കൊലപാതകികളെന്ന്. ഈ അഴകൊഴമ്പൻ നിലപാടുകണ്ട് പാർട്ടി അണികൾ ഫേസ്‌ബുക്കിൽ പൊങ്കാലയിടുമ്പോഴാണ് അവർ തിരുത്തുന്നത്. അഭിമന്യു വധത്തെതുടർന്ന് കുറേക്കാലത്തേക്ക് പോപ്പുലർ ഫ്രണ്ടിനെതിരെ വൻ കാമ്പയിൽ ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണേ എല്ലാവരും അത് മറുന്നു. പോപ്പുലർ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും എസ്എഫ്.ഐക്കുനേരെ വാളെടുക്കുന്നത് ഇത് ആദ്യമല്ല. പാങ്ങോട് മന്നാനിയ കോളജിൽ കാമ്പസ് ഫ്രണ്ടുകാർ തകർത്ത എസ്.എഫ്.ഐ യുടെ കൊടിമരം പുനഃസ്ഥാപിക്കാൻ അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന സാക്ഷാൽ പിണറായി വിജയൻ ചെല്ലേണ്ടി വന്നത് ഏതാണ്ട് പതിനഞ്ച് വർഷം മുമ്പാണ്.പ്രശ്നത്തിൽ ഇടപെട്ട ലോക്കൽ സഖാക്കൾ ഒന്നടങ്കം വെട്ടുകൊണ്ട് ആശുപത്രിയിലായ പശ്ചാത്തലത്തിൽ ആയിരുന്നു അത്. ഇതുപോലെ എത്രയോ സംഭവം ഉണ്ടായിട്ടും സിപിഎം പഠിക്കുന്നില്ല.

ഇരവാദം എന്ന ആശയം ഒളിച്ചുകടത്തിയത് ആര്

ഇന്ന് എസ്ഡിപിഐയുടെ തറുപ്പുചീട്ടാണ് ഇരവാദം. മുസ്ലീങ്ങൾ ഇന്ത്യൻ ഫാസിസത്തിന്റെ ഇരയാണെന്ന ഒറ്റ ടെക്ക്നിക്ക് വച്ചാണ് അവർ വളരുന്നത്. സത്യത്തിൽ ആരാണ് ഈ ഇരവാദം പ്രചരിപ്പിക്കുന്നത്. കെ ഇ എന്നും, പി കെ പോക്കരുമടക്കമുള്ള ഇടതുബുദ്ധിജീവികൾ തന്നെയാണ് ഈ കുടത്തിലെ ഭൂതത്തെ പുറത്തെടുത്തത്. ഇന്ത്യയിലെ മുസ്ലീങ്ങൾ മൊത്തമായി സംഘപരിവാർ ഫാസിസത്തിന്റെ ഇരകളാണെന്നും അതിനാൽ ഇരകളുമായി ഐക്യപ്പെടുകയാണ് വേണ്ടതെന്നുമുള്ളതായിരുന്നു ഈ കപട സിദ്ധാന്തം. ഈ ഇരവാദം ഫലത്തിൽ ഗുണം ചെയ്തത് ജമാഅത്തെ ഇസ്ലാമി,പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകൾക്കാണ്.ഇരയാക്കപ്പെട്ട സമുദായങ്ങളോട് ഐക്യപ്പെടുകയെന്ന രീതിയിൽ കെഇഎന്നും പികെ പോക്കർമാഷും ഗുലാബ് ജാനുമൊക്കെ ഇവരുടെ വേദികളിൽ പങ്കെടുത്തത് ഈ സംഘടനകൾക്കു ഉണ്ടാക്കിക്കൊടുത്ത സ്വീകാര്യത ചെറുതല്ല.പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തിലെ സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായിരുന്നു ഇടതുപക്ഷ ബുദ്ധിജീവിയായ കെഇഎൻ.

ഒരുകാലത്ത് 'സ്വർഗം നരകം പരലോകം ' എന്ന പുസ്തകം എഴുതി, 'സ്വർഗത്തിൽ പുരുഷന്മാർക്ക് ഹൂറിമാരെ കൊടുക്കുന്നുണ്ട്, എന്തുകൊണ്ട് സ്ത്രീകൾക്ക് ഹൂറന്മാരെ കൊടുക്കുന്നില്ല' എന്ന് രൂക്ഷമായി പരിഹസിച്ച കെഇഎൻ ഇന്ന് സലാം മടക്കാൻ പഠിക്കുകയാണ്! ഒന്നാന്തരം ഭൗതികവാദ പ്രപഞ്ച വീക്ഷണം. ഇത് പഠിപ്പിക്കുന്നതാവട്ടെ മറ്റൊരു ഇടതുബുജിയും സാംസ്‌കാരിക നായകനും ചലച്ചിത്ര സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദും. മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഈയിടെ നൽകിയ അഭിമുഖത്തിൽ കെഇഎൻ പറയുന്നത് ഇതുവരെ തന്നോട് അസ്സലാമു അലൈക്കും എന്ന് പറയുന്നവരോട് തിരച്ച് സലാം പറഞ്ഞിട്ടില്ലെന്നും ഇനി മുതൽ അങ്ങനെ ചെയ്യുമെന്നുമാണ്. നിങ്ങൾ ഓം നമശ്ശിവായ എന്നോ ജയ് ശ്രീറാം എന്നോ അഭിസംബോധന ചെയ്യുന്ന ആളുകളോട് തിരിച്ചും അങ്ങനെ പറയുമോ എന്ന എംഎൻ കാരശ്ശേരിയുടെ ചോദ്യത്തിന് കെഇഎന്നിന് മറുപടിയില്ല. തുടർച്ചയായ ഗൾഫ് യാത്രകളും സാംസ്‌കാരിക പരിപാടികളുമായി ഈ സംഘടനകൾ ഇത്തരം എഴുത്തകാരെ വിലയ്‌ക്കെടുത്തുവെന്ന് പറയുന്നത് മുസ്ലീലീഗ് നേതാവും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും കടുത്ത വിമർശനകനുമായ മുസ്ലീലീഗ് എംഎൽഎ കെഎം ഷാജിയാണ്.

അതുപോലെ മനുഷ്യാവകാശ പ്രവർത്തകരാണെന്നും ദലിത് ആക്റ്റീവിസ്റ്റുകൾ ആണെന്ന് പറയുന്നവരും പോപ്പുലർ ഫ്രണ്ടിനും ജമാഅത്തെ ഇസ്ലാമിക്കും കൊടുക്കുന്ന പിന്തുണക്ക് കൈയും കണക്കുമില്ല. എസ്എഫ്ഐയുടെ ആദ്യകാല നേതാവ് കൂടിയായ പത്രപ്രവർത്തകൻ എൻപി ചെക്കുട്ടിയൊക്കെ ഇന്ന് പോപ്പുലർ ഫ്രണ്ടിന്റെ അറും കൊലക്ക് സൈദ്ധാന്തിക ഭാഷ്യം ചമക്കാൻ ചാനലുകളിൽ കിടന്ന് കണ്ഠക്ഷോഭം നടത്തുന്നതു കണ്ടാൽ അമ്പരന്നുപോവും. ഇങ്ങനെയുമുണ്ടോ ഒരു അധപ്പതനം.കാരണം വ്യക്തം.ഇന്ത്യൻ എകസ്പ്രസിൽനിന്ന് കൈരളിയിലേക്കും തുടർന്ന് മാധ്യമത്തിലേക്കും അവിടെനിന്ന് എസ്ഡിപിഐയുടെ മുഖപത്രമായ തേജസ്സിലേക്കും മാറിയ ചെക്കുട്ടിയെന്ന പത്രപ്രവർത്തകന് ഇപ്പോൾ പോപ്പുലർ ഫ്രണ്ടാണ് ചോറ് നൽകുന്നുത്. തേജസിന്റെ പത്രാധിപരാണ് അദ്ദേഹം. ആ അന്നദാതാവിനോ്ടുള്ള കൂറ് അദ്ദേഹം പ്രകടിപ്പിക്കുന്നുവെന്ന് മാത്രം. അതിനെ ഗതികേടുകൊണ്ട് ന്യായീകരിക്കാം. പക്ഷേ കെ വേണു, കെ കെ കൊച്ച്, കെ കെ ബാബുരാജ് എന്നിങ്ങനെയുള്ള സോകോൾഡ് ദലിത് ബുജികളൊക്കെ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ബാലൻസിങ്ങ് സിദ്ധാന്തങ്ങൾ നിരത്തുന്നതെന്ന് മനസ്സിലാവുന്നില്ല. കെഎം ഷാജി പറഞ്ഞ കാരണം തന്നെയായിരിക്കും മിക്കവാറും.ഇങ്ങനെ വിദേശത്തുനിന്ന് കിട്ടുന്ന പണം ഒഴുക്കി ഒരു സാംസ്‌കാരിക നായകരെ തന്നെ വിലയ്‌ക്കെടുത്തിരിക്കുകയാണ് കേരളത്തിലെ തീവ്ര മുസ്ലിം സംഘടനകൾ.

ഇറാക്കിൽ കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല നടത്തിയ നേതാവായിരുന്നു സദ്ദാം ഹുസൈൻ.പക്ഷേ സദ്ദാമിനെ തൂക്കിലേറ്റിയപ്പോൾ കേരളത്തിൽ സിപിഎം നേതൃത്വത്തിൽ പലയിടത്തും ഹർത്താൽ നടന്നു.അക്കാലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പ്രധാന അജണ്ടായിരുന്നു സദ്ദാം! അതുപോലെ തന്നെ ബിൻലാദനോടുള്ള ചില സിപിഎം നേതാക്കളുടെ സമീപനം എന്തായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണംപോലും സാമ്രാജ്യത്വത്തിനെതിരായ യുദ്ധമായിട്ടായിരുന്നു ആദ്യഘട്ടത്തിൽ സിപിഎം ത്വാതികാചാര്യന്മാർ വിലയിരുത്തിയത്. നമ്മുടെ മന്ത്രി ജി സുധാകരൻ ഒസാമ ബിൻലാദനെ പ്രകീർത്തിച്ച് ഒരു കവിത കാച്ചുകയും ഉണ്ടായി! അതേസമയം സംഘപരിവാർ ഭീകരതക്കെതിരെ ഇവർക്കാർക്കും വിട്ടുവീഴ്ചയില്ല.ഇതുപോലെ എത്രയെത്ര സംഭവങ്ങൾ.മദനി മഹാത്മാഗാന്ധിയോട് ഇഎംഎസ് ഉപദേശിച്ചത് കേരളം ചർച്ച ചെയ്ത് തേഞ്ഞതാണ്.

വെട്ടുന്നവനെപ്പോലെ പ്രതിയല്ലേ വെട്ടാനുള്ള ആശയം കുത്തിവെക്കുന്നവനും. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ നൈസായി രക്ഷപ്പെടുന്ന ഒരു വിഭാഗമുണ്ട്.അതാണ് ജമാഅത്തെ ഇസ്ലാമി. മതരാഷ്ട്രവാദം എന്ന മൗദൂദിയൻ ആശയം പിന്തടുമ്പോഴും അവർ പുറമേ മതേതരരാണ്. ഗെയിൽ പൈപ്പ്‌ലൈൻ, ദേശീയപാത വികസനം തുടങ്ങിയ സകല പ്രശ്നങ്ങളിലും നുഴഞ്ഞുകയറി, ജനത്തെ ഭീതിയിലാഴ്‌ത്തി കുഴപ്പങ്ങൾക്കുള്ള വഴിമരുന്ന് ഇട്ടുകൊടുക്കുന്നത് ഇവരാണ്.ഈ ജമാഅത്തെ ഇസ്ലാമിയും അവരുടെ പാർട്ടിയായ വെൽഫയർ പാർട്ടിയും കേരളത്തിലെ ഇടതുപക്ഷത്തിന് സഹയാത്രികരാണ്.എസ്ഡിപിഐക്ക് ഒപ്പം എന്നപോലെ പല പഞ്ചായത്തുകളിലും സിപിഎമ്മും വെൽഫയർ പാർട്ടിയും സഖ്യമുണ്ട്.

പൗരത്വ പ്രതിഷേധത്തിൽ പണം ഒഴുകുമ്പോൾ

എപ്പോഴൊക്കെ ഇസ്ലാമിക തീവ്രവാദികൾ പ്രതിസന്ധിയിലാവുമ്പോളും അപ്പോഴൊക്കെ അവർക്ക് വൻതോതിൽ ഫണ്ട് വരാനുള്ള അവസരം വീണു കിട്ടാറുണ്ട്. മാറാട് കലാപം, ഹാദിയകേസ് തുടങ്ങിയ ഇതിന്റെ ഉദാഹരണങ്ങളാണ്. മാറാട് കലാപത്തോട് അനുബന്ധി കാലയളവിൽ കേരളത്തിലേക്ക് എത്തിയത് 430 കോടി രൂപയാണെന്ന് അന്നത്തെ അന്വേഷണ ഉദ്യോസ്ഥൻ, ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിന്റെ അന്വേഷണം എവിടെയും എത്തിയിട്ടില്ല. അതുപോലെ തന്നെ ഹാദിയ കേസിലും കോടികളുടെ പണമാണ് ഇത്തരം സംഘടനകൾക്ക് കിട്ടിയതെന്ന് ഒളിക്യാമറാ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ പറഞ്ഞിരുന്നു. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക് രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ നേതാക്കൾ സമ്മതിക്കുന്നുണ്ട്. ഇതിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല.

ഖത്തറിൽനിന്ന് ഇസ്ലാമിക പ്രബോധനത്തിനുവേണ്ടിയെന്ന പേരിലാണ് കേരളത്തിലേക്കടക്കം കോടികളുടെ ഫണ്ട് ഒഴുകിയെത്തിയതെന്ന് ഇ എ ജബ്ബാർ മാസ്റ്ററെപ്പോലുള്ള മത വിമർശകർ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. 80 കളിൽ ഗൾഫ്രാജ്യങ്ങളിൽ ഉണ്ടായ സാമ്പത്തിക പുരോഗതിയാണ് ഇതിന് ഇടയാക്കിയത്. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ആയിരുന്നതെന്ന് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഹമീദ് ചേന്ദമംഗല്ലൂരിലെപ്പോലുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.'ഇസ്ലാമിക മാനേജ്മെന്റുകൾ നിയന്ത്രിക്കുന്ന പത്രങ്ങളും മാസികകളും, അനാഥാലയങ്ങളും, ലക്ഷങ്ങളുടെ മാർബിൾ പള്ളികളും ഈ കാലത്താണ് ഉയർന്നുവന്നത്. ഈ പണത്തിൽ ഒരു വിഭാഗമാണ് കേരളത്തിലെ തീവ്രവാദ സംഘടനകൾക്കും കിട്ടിയത്. ഇപ്പോൾ ഖത്തർ പ്രതിസന്ധിയിലായയോടെ ഇസ്ലാമിക മാനേജ്മെന്റുള്ള പത്രങ്ങൾ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഖത്തർ ഹവാലയായിരുന്നു കേരളത്തിലെ ഇസ്ലാമിക സംഘടനകളുടെ അടിസ്ഥാനം. പോപ്പുലർ ഫ്രണ്ടിന്റെ പത്രമായ തേജസ് പൂട്ടയത് ഉദാഹരണം. പക്ഷേ ഇപ്പോൾ സിഎഎ ഭീതി അവർക്കെല്ലാം തുണയായിരിക്കയാണ്.'- ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടുന്നു.

എൻഫോഴ്‌സ്‌മെന്റ് കുരുക്ക് മുറുകുമ്പോൾ

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനും അവരുമായി ബന്ധപ്പെട്ട സർക്കാരിതര സംഘടനയ്ക്കും എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരമാണ്. പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ ഏഴ് ഭാരവാഹികൾക്കാണ് സമൻസ് ലഭിച്ചത്. ഇതുകൂടാതെ റീഹാബ് ഫൗണ്ടേഷൻ ഭാരവാഹികളും ഹാജരാവണം. പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പണമൊഴുക്കിയെന്നാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡിയുടെ ആരോപണം. എന്നാൽ, സംഘടന ഇത് നിഷേധിച്ചിട്ടുണ്ട്. റീഹാബ് ഇന്ത്യയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം പിൻവലിക്കലും, നിക്ഷേപവും ഇഡി അന്വേഷിച്ചുവരുന്നു. പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ.അബൂബക്കറിനും ഇഡി സമൻസ് അയച്ചിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത പണം പൂഴ്‌ത്തി വയ്ക്കൽ കേസിന് പുറമേയാണ് പൗരത്വ നിയമപ്രതിഷേധവുമായി ബന്ധപ്പെട്ട പണമൊഴുക്കലും അന്വേഷിക്കുന്നത്. മൊത്തം 120 കോടിയോളം രൂപ ഇങ്ങനെ വെളുപ്പിച്ചതായാണ് പറയുന്നത്.

യുപിയിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് റിപ്പബ്ലിക് ടിവി, സിടിവി പോലുള്ള ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെയും റിഹാബ് ഇന്ത്യയുടെയും 15 ബാങ്ക് അക്കൗണ്ടുകളാണ് ഇഡി സൂക്ഷ്മമായി പരിശോധിച്ചത്. 1.04 കോടി രൂപ ഈ 15 അക്കൗണ്ടുകളിലായി നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്റെ 10 ഉം റീഹാബിന്റെ 5 ഉം അക്കൗണ്ടുകളിലാണ് 2019 ഡിസംബർ 12 നും 2020 ജനുവരി 6 നും മധ്യേ നിക്ഷേപം എത്തിയത്. അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായ്‌പോഴും 50,000 ത്തിൽ താഴെയായിരുന്നു. 5,000 ത്തിനും 49,000ത്തിനും ഇടയിൽ. ഇതുവഴി നിക്ഷേപകൻ ആരെന്ന് വെളിപ്പെടുത്തേണ്ടിയും വന്നില്ല. എന്നാൽ, ഈ കാലയളവിൽ 1.34 കോടി രൂപ ഈ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചതായും കണ്ടെത്തി.

പണം എടിഎം വഴിയോ നെഫ്റ്റ്- ഐഎംപിഎസ് മുഖേനയോ മൊബൈൽ ഉപയോഗിച്ചാണ് പിൻവലിച്ചത്. ഏതാനും ചെക്ക് പേയ്‌മെന്റുകൾ ഒഴിച്ചാൽ, ബാക്കിയെല്ലാം ഇങ്ങനെയായിരുന്നു, വിവിധ വ്യക്തികൾക്കായി 2,000 മുതൽ 5000 വരെ പലതവണകളായാണ് ഓരോ ദിവസവും പണം പിൻവലിച്ചതെന്നും കണ്ടെത്തി. 2020 ജനുവരി ആറിനും, 2019 ഡിസംബർ 12 നും മധ്യേയായിരുന്നു ഈ പിൻവലിക്കലുകൾ. ഡിസംബർ 12 നും, 21 നും ഒരേ അക്കൗണ്ടിൽ നിന്ന് 80-90 പിൻവലിക്കലുകൾ നടത്തിയതും അസ്വാഭാവികമെന്ന് ഇഡി വിലയിരുത്തി.

പണം പിൻവലിച്ചത് ഏറെയും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ അന്നോ, തലേന്നോ ആയിരുന്നുവെന്നും റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇഡിയുടെ കണക്കുകൂട്ടൽ അനുസരിച്ച് പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടുകളിൽ നിന്നുള്ള ഈ പണം പിൻവലിക്കലിനും, പ്രക്ഷോഭത്തിനും തമ്മിൽ നേരിട്ട ബന്ധമുണ്ട്. ഈ പണം പ്രക്ഷോഭത്തിന് വേണ്ടി പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ചതാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്.പോപ്പുലർ ഫ്രണ്ടിന്റെ 27 അക്കൗണ്ടുകൾ അടക്കം 73 അക്കൗണ്ടുകളാണ് പരിശോധിച്ചത്. 120.5 കോടി രൂപയാണ് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ ഏറെയും അന്നുതന്നെയോ രണ്ട മൂന്നു ദിവസത്തിനകമോ പിൻവലിച്ചിട്ടുണ്ട്. മിക്കവയും ക്യാഷ് ഡെപോസിറ്റി് ആയിരുന്നു. ചെക്ക് വഴിയുള്ള നിക്ഷേപം വളരെ വിരളമാണ്.പോപ്പുലർ ഫ്രണ്ടിന് മത ചാരിറ്റബിൾ ട്രസ്റ്റ് ആയ തങ്ങൾ ഫൗണ്ടേഷനിന്റെ പിന്തുണയുണ്ടെന്നും ഫൗണ്ടേഷന്റെ സാമ്പത്തിക ഉറവിടം അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹാദിയ കേസിൽ, പോപ്പുലർ ഫ്രണ്ട്, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിര ജയ്സിങ്, ദുഷ്യന്ത് എ. ദവെ എന്നിവർക്ക് വൻതുക ഫീസ് നൽകിയതായി വെളിപ്പെടുത്തൽ. മഞ്ചേരിയിലെ സത്യസരണിയിൽ പോയി മതം മാറി ഹാദിയ ആയ അഖില അശോകൻ ഷഹീൻ ജഹാനെയാണ് വിവാഹം കഴിച്ചത്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പറയുന്നു. ഹാദിയ കേസിൽ, പരാതിക്കാരനായ ഷഹീൻ ജഹാന് വേണ്ടിയാണ് കപിൽ സിബലിന് 77 ലക്ഷവും, ദുഷ്യന്ത് ദവെയ്ക്ക് 11 ലക്ഷവും, ഇന്ദിര ജയ്സിങ്ങിന് 4 ലക്ഷവും നൽകിയത്. ഷഹീൻ ജഹാന്റെ പേരിൽ പോപ്പുലർ ഫ്രണ്ടാണ് ഈ തുക നൽകിയതെന്ന് സീ ന്യൂസ് വെളിപ്പെടുത്തുന്നു. പോപ്പുലർ ഫ്രണ്ട് ഹാദിയ കേസിൽ കക്ഷിയായിരുന്നില്ല.എന്നാൽ, തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം ശുദ്ധ അസംബന്ധമെന്നാണ് കപിൽ സിബൽ പ്രതികരിച്ചത്. താൻ ഹാജരാകുന്ന കേസുകളിൽ ഫീസ് അടയ്ക്കുന്നത് അഡ്വക്കേറ്റ്സ് ഓൺ റെക്കോഡ് ആണെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ദുഷ്യന്ത് ദവെ പറഞ്ഞു. അഡ്വക്കേറ്റ് ഇന്ദിര ജയ്സിങ്ങും ആരോപണങ്ങൾ നിഷേധിച്ചു.

മാറാട് കലാപത്തിന് മുന്നോടിയായി എത്തിയത് 430 കോടി

2003ലെ മാറാട് കൂട്ടകൊലയ്ക്ക് പിന്നിൽ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിലും അന്വേഷണം എങ്ങുമെത്തിയില്ല. മാറാട് അന്വേഷണ കമ്മീഷന്റെ ശുപാർശയെ തുടർന്ന് മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഉന്നതഗൂഢാലോചനയെ കുറിച്ച് ആദ്യം അന്വേഷിച്ച റിട്ട. ക്രൈം ബ്രാഞ്ച് സൂപ്രണ്ട് സി.എം.പ്രദീപ് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വിശദവും വിപുലവുമായ അന്വേഷണമാണ് ആവശ്യം. കേരള പൊലീസിന് ഇത് അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യം ഉണ്ട്. അതുകൊണ്ട് തന്നെ മാറാട് അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം സിബിഐ- സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ-ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിവർ ഉൾപ്പെടുന്ന ബഹുഅന്വേഷണ ഏജൻസികളെ സമന്വയിപ്പിച്ച് അന്വേഷിപ്പിക്കണം-പ്രദീപ്കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.രണ്ടാം മാറാട് കലാപത്തിൽ തീവ്രവാദ ബന്ധമില്ലെന്ന് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഗവൺമെന്റ് പ്ലീഡറും ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് വ്യക്തമായ തെളിവുകൾ നിരത്തി പതിമൂന്ന് പേജുള്ള സത്യവാങ്മൂലം ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചിരിക്കുന്നത്.

ഈ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി 2010 ജൂൺ 30 മുതൽ 2012 ജനവരി 25 വരെ സേവനമനുഷ്ഠിച്ച താൻ പെട്ടന്നോണ് സ്ഥലം മാറ്റപ്പെട്ടത്. അന്വേഷണം ശകക്തമായി മുന്നേറുന്നതിനിടെ ഉണ്ടായ സ്ഥലം മാറ്റം അന്വേഷണത്തെ തുടർന്ന് മരവിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും വ്യക്തമാക്കുന്നുണ്ട്. 1999-2002 കാലയളവിൽ വിദേശത്ത് നിന്ന് 430 കോടി രൂപ ഇവിടുത്തെ പലരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തിയതിനെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിനെ കുറിച്ചും സിബിഐ അന്വേഷണം നടക്കാതിരിക്കാൻ ബിജെപിയിലേത് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കൾ ശ്രമിച്ചതിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിൽ നിരോധിത സംഘടനയായ സിമിയുടെയും പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅദനിയുടെയും പങ്ക് സംശയിക്കുന്നുണ്ട്. താൻ തയ്യാറാക്കിയ 2012 പേജുള്ള കേസ് ഡയറിയിൽ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രദീപ്കുമാറിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

മാറാട് കലാപത്തിൽ കൊളക്കാടൻ മൂസ ഹാജി എന്നയാൾ ചീഫ് ജസ്റ്റിസ് മുമ്പാകെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയെ തുടർന്നാണ് പ്രദീപ് കുമാർ കോടതിയെ സമീപിക്കുന്നത്. കൊളക്കാടൻ മൂസ ഹാജിയുടെ ഹർജിയിൽ സിബിഐ, സംസ്ഥാന സർക്കാർ, പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടമുണ്ടായിരുന്ന അന്നത്തെ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി വിൻസൻ എം. പോൾ, അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ക്രൈംബ്രാഞ്ച് എസ്‌പി സി.എം. പ്രദീപ് കുമാർ എന്നിവരെയായിരുന്നു ഒന്നു മുതൽ നാലുവരെയുള്ള എതിർകക്ഷികളായി ചേർത്തിരുന്നത്. ഇതിൽ സിബിഐ ആദ്യം മറുപടി സത്യവാങ്മൂലം സമർപ്പിച്ചു.

തൊട്ടു പിന്നാലെ സംസ്ഥാന സർക്കാരിനു വേണ്ടി ഗവൺമെന്റ് പ്ലീഡറും. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് കുമാറിനോടോ വിൻസൻ.എം പോളിനോടോ ഒരു കാര്യവും തിരക്കാതെയാണ് മാറാട് കലാപത്തിൽ തീവ്രവാദ ബന്ധമില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത്. മറുപടി സത്യവാങ്മൂലം നൽകാനായി കോടതി പുറപ്പെടുവിച്ച നോട്ടീസ് ഇരുവർക്കും നൽകുകയോ അറിയിക്കുകയോ ഉണ്ടായില്ല. ഇതേത്തുർന്ന് കേസിൽ തന്നെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ കൂടിയായ പ്രദീപ് കുമാർ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുമ്പാകെ പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു. കേസിൽ നിലവിൽ തന്നെ പ്രദീപ് കുമാർ നാലാം എതിർ കക്ഷിയാണെന്നും അതിനാൽ പ്രത്യേകം കക്ഷി ചേരേണ്ടതില്ലെന്നും ഇതു സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം ഉടൻ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. 2003 മെയ് രണ്ടിനാണ് മാറാട് കടൽത്തീരത്ത് കൂട്ടകൊല നടന്നത്.

2017ൽ ഹാദിയകേസിന്റെ സമയത്ത് സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിക്യാമറയിൽ സമ്മതിക്കുന്നത്് വൻ വിവാദമായിരുന്നു. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാ ടുഡേ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ നേതാക്കൾ സമ്മതിക്കുന്നുണ്ട്. ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടർന്നുള്ള വിവാദങ്ങളിലും സുപ്രീം കോടതി നിർണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇന്ത്യ റ്റുഡേ ചാനൽ പുറത്തുവിട്ടത്. പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമൺസ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനൽപുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.- ഇത്രയൊക്കെ തെളിവുകൾ ഉണ്ടായിട്ടും ഈ കേസുകളിലൊന്നും കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP