Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്ഡിപിഐ വോട്ടുകൾ മുസ്ലിം ലീഗിനും മറ്റു യുഡിഎഫ് സ്ഥാനാർത്ഥികൾക്കുമായി ചോർന്നു; പലയിടത്തും കെട്ടിവെച്ച കാശുപോലും നഷ്ടമായി; ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെട്ട മലപ്പുറത്തും പൊന്നാനിയിലും അടക്കം വോട്ടുകൾ മറിഞ്ഞു; കഴിഞ്ഞതവണ ലഭിച്ച വോട്ടു വിഹിതം ഇത്തവണ എവിടേയുമില്ല; കുഞ്ഞാലിക്കുട്ടിയും ഇ.ടിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിയുടെ അനന്തരഫലമെന്ന് വിലയിരുത്തൽ

എസ്ഡിപിഐ വോട്ടുകൾ മുസ്ലിം ലീഗിനും മറ്റു യുഡിഎഫ് സ്ഥാനാർത്ഥികൾക്കുമായി ചോർന്നു; പലയിടത്തും കെട്ടിവെച്ച കാശുപോലും നഷ്ടമായി; ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെട്ട മലപ്പുറത്തും പൊന്നാനിയിലും അടക്കം വോട്ടുകൾ മറിഞ്ഞു; കഴിഞ്ഞതവണ ലഭിച്ച വോട്ടു വിഹിതം ഇത്തവണ എവിടേയുമില്ല; കുഞ്ഞാലിക്കുട്ടിയും ഇ.ടിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിയുടെ അനന്തരഫലമെന്ന് വിലയിരുത്തൽ

ജംഷാദ് മലപ്പുറം

മലപ്പുറം: വലിയ അവകാശ വാദങ്ങളുമായി ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ എസ്.ഡി.പി.ഐയുടെ വോട്ടുകൾ മുസ്ലിംലീഗിലേക്കും, മറ്റു യു.ഡി.എഫിലേക്കുംചോർന്നു, കഴിഞ്ഞ തവണനേടിയതിന്റെ മൂന്നിലൊന്നുവോട്ടുപോലും നേടാനാകാതെയാണു എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ നിരാശാജനകമായ പ്രകടനം കാഴ്‌ച്ചവെച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് മുസ്ലിംലീഗ് സ്ഥാനാർത്ഥികളായ കുഞ്ഞാലിക്കുട്ടിയുമായും, ഇ.ടി.മുഹമ്മദ് ബഷീറുമായ എസ്.ഡി.പി.ഐ നേതാക്കൾ നടത്തിയ രഹസ്യചർച്ച ഏറെ വിവാദമായിരുന്നു. കൊണ്ടോട്ടിയിൽവെച്ചു നടത്തിയ ചർച്ച എസ്.ഡി.പി.ഐ നേതാക്കൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് അവിചാരിതമായ കണ്ടുമുട്ടലാണെന്നാണ് ലീഗ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ എസ്.ഡി.പി.ഐയുമായ നടത്തിയ രഹസ്യ ചർച്ചയുടെ ഭാഗമായി വോട്ടുകൾ ലീഗ് സ്ഥാനാർത്ഥികളിലേക്ക് നേതൃത്വത്തിന്റെ അറിവോടെ വോട്ട്മറിച്ചിട്ടുണ്ടെന്ന ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

ഇതിന് നിരധി കാരണങ്ങളാണ് ഇത്തരക്കാർ ചൂണ്ടിക്കാട്ടുന്നത്. 2014ൽ മലപ്പുറത്ത് 47853 വോട്ട് നേടി അന്നത്തെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സ്റുദ്ദീൻ എളമരം മുൻനിര പാർട്ടികളെ ഞെട്ടിച്ചിരുന്നു. എന്നാൽ, ഇത്തവണ മലപ്പുറം മണ്ഡലത്തിൽ 19095 വോട്ട് മാത്രമാണ് നിലവിലെ എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷനായ അബ്ദുൽ മജീദ് ഫൈസി നേടിയത്. മലപ്പുറത്ത് ശക്തനായ സ്ഥാനാർത്ഥിവേണമെന്ന പൊതുവികാരം ഉയർന്നതുകൊണ്ടാണ് മജീദ് ഫൈസിയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദയനീയ പ്രകടനവുമായി പോപ്പുലർ ഫ്രണ്ട്. ശക്തികേന്ദ്രങ്ങളെന്ന് സംഘടന അവകാശപ്പെടുന്ന മിക്കമണ്ഡലങ്ങളിലുംവോട്ട് കുത്തനെ ഇടിഞ്ഞു. പലയിടങ്ങളിലും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു.

ഇത്തവണ 28758 വോട്ടാണ് മലപ്പുറം മണ്ഡലത്തിൽ മാത്രം എസ്ഡിപിഐക്ക് നഷ്ടപ്പെട്ടത്. നിലവിൽ അബ്ദുൽ മജീദ് ഫൈസിയാണ് എസ്ഡിപിഐ സ്ഥാനാർത്ഥികളിൽ വോട്ട് നേടിയവരിൽ മുന്നിൽ. പൊന്നാന്നിയിൽ കൂടുതൽ വോട്ടുനേടുമെന്നായിരുന്നു എസ്ഡിപിഐയുടെ അവകാശവാദം. എന്നാൽ ഫലം വന്നപ്പോൾ പൊന്നാന്നിയിലും എസ്ഡിപിഐ ദുർബലമായി. എസ്ഡിപിഐ സ്ഥാനാർത്ഥി കെസി നസീർ 18114 വോട്ട് മാത്രമാണ് സ്വന്തമാക്കിയത്. 2014ൽ 26,640 വോട്ട് നേടിയിരുന്നു.

കണ്ണൂർ, വയനാട്, വടകര, പാലക്കാട്,ചാലക്കുടി, ആറ്റിങ്ങൽ എറണാകുളം തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും പ്രകടനം ദയനീയമായിരുന്നു. കണ്ണൂരിൽ അബ്ദുൽ ജബ്ബാർ 8139 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണ 19,170 വോട്ടായിരുന്നു സ്വന്തമാക്കിയത്. വടകരയിൽ മുസ്തഫ കോമേരിയുടെ 5541 വോട്ട് മാത്രമാണ് നേടിയത്. കഴിഞ്ഞ തവണ 15000ത്തിലധികം വോട്ടാണ് വടകരയിൽ എസ്ഡിപിഐ സ്വന്തമാക്കിയത്. 2014ൽ 10000ത്തിലധികം വോട്ട് നേടിയ വയനാട്ടിൽ ഇക്കുറി 5379 വോട്ടിലൊതുങ്ങി. പാലക്കാട് 5749 വോട്ട് നേടിയത്.
പൊന്നാനി മണ്ഡലത്തിൽ എസ്ഡിപിഐയുമായി മുസ്ലിം ലീഗ് ചർച്ച നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ആരോപണം ലീഗ് നിഷേധിച്ചു. മുൻ വർഷങ്ങളിൽ എസ്ഡിപിഐ വോട്ട് വർധന മുസ്ലിം ലീഗ് ക്യാമ്പിൽ ആശങ്കയുണർത്തിയിരുന്നു. അഭിമന്യുവധവും തുടർന്നുണ്ടായ ആരോപണങ്ങളുമാണ് എസ്ഡിപിഐക്ക് തിരിച്ചടിയായതെന്ന് വിലയിരുത്തലുണ്ട്.

എന്നാൽ രാജ്യത്ത് യഥാർത്ഥ ബദലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. രാജ്യത്ത് ബിജെപി നേട്ടമുണ്ടാക്കിയപ്പോഴും സംസ്ഥാനത്ത് എൻഡിഎ മുന്നേറ്റത്തെ പ്രതിരോധിക്കാൻ സാധിച്ചു. മോദിക്ക് ബദൽ രാഹുലും ബിജെപിക്ക് ബദൽ കോൺഗ്രസും അല്ലെന്നും മുഴുവൻ മതേതര-ജനാധിപത്യ വിശ്വാസികളും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയുമാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാവുന്നത്. ബിജെപി ഉയർത്തുന്ന വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെയുള്ള വികാരവും എൽഡിഎഫ് സർക്കാരിന് നേതൃത്വം നൽകുന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ധാർഷ്ട്യ മനോഭാവത്തിനെതിരായ പ്രതിഷേധവുമാണ് യുഡിഎഫിന് അനുകൂലമായത്.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ഗുണം ചെയ്‌തെങ്കിലും വടക്കേ ഇന്ത്യയിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ അത് കാരണമായി. ബിജെപിയുടെ തേരോട്ടത്തെ തടഞ്ഞ് നിർത്താൻ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഭൂരിപക്ഷം വോട്ടർമാർ യുഡിഎഫിന് പിന്തുണ നൽകിയത്. എന്നാൽ നേതാവിന്റെ പ്രതിഛായക്കപ്പുറം കോൺഗ്രസ്സിന്റെ അടിത്തറ ദുർബലമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. വോട്ടിങ് മെഷീനിൽ നടക്കുന്ന അട്ടിമറിയെ കുറിച്ച ആശങ്കയോടൊപ്പം ഹിന്ദി ഹൃദയ ഭൂമിയെ ബിജെപിയുടെ ദുഃസ്വാധീനത്തിൽ നിന്ന് മോചിപ്പിക്കാൻ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പരാജയപ്പെട്ടിരിക്കുന്നുവെന്നതിലേക്കുള്ള സൂചനയാണിത്. ആസൂത്രിതമായ ബിജെപി വിരുദ്ധ രാഷ്ട്രീയ സംവിധാനം കെട്ടിപ്പെടുക്കുന്നതിൽ മതേതര കക്ഷികൾ പരാജയപ്പെട്ടതാണ് എൻഡിഎ മുന്നേറ്റത്തിന് കളമൊരുക്കിയത്. ആശയാടിത്തറയുള്ള രാഷ്ട്രീയ മുന്നേറ്റത്തിന മാത്രമേ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കാനാവുകയുള്ളൂ.

നിലനിൽപ് ഭീഷണിയിലായ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ സ്വന്തം നിലക്ക് സംഘടിച്ച് രാഷ്ട്രീയ ശക്തി പ്രാപിക്കുക മാത്രമാണ് രക്ഷാമാർഗ്ഗമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിലും എസ്ഡിപിഐ മുന്നോട്ടുവച്ച യഥാർത്ഥ ബദലിനൊപ്പം നിന്ന വോട്ടർമാർക്ക് സെക്രട്ടറിയേറ്റ് നന്ദി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി അബ്ദുൽ ഹമീദ്, റോയ് അറയ്ക്കൽ, സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, പി ആർ സിയാദ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാൻ സംസാരിച്ചു.

തെരഞ്ഞെടുപ്പ് ഫലം ആശങ്കയുളവാക്കുന്നത്: അബ്ദുൽ മജീദ് ഫൈസി

ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി പ്രസ്താവിച്ചു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടിയാണ് യുഡിഎഫ് കേരളത്തിൽ വൻ നേട്ടമുണ്ടാക്കിയത്. മോദിയെ അധികാരത്തിൽ നിന്നിറക്കുവാൻ കോൺഗ്രസിന് വോട്ട് ചെയ്തവർ നിരാശരായിരിക്കുന്നു. ദേശീയ തലത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ സാധിക്കുന്ന ശക്തമായ അടിത്തറ കോൺഗ്രസിനില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. എസ്ഡിപിഐ അവതരിപ്പിച്ച ബദൽ രാഷ്ട്രീയ സന്ദേശത്തിന് പിന്തുണ നൽകിയ മുഴുവൻ വോട്ടർമാർക്കും മജീദ് ഫൈസി നന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP