Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം മറുകണ്ടം ചാടി ബിജെപിയിലേക്കുള്ള ഒഴുക്ക് തുടങ്ങിവെച്ചത് കോൺഗ്രസ് പ്രതിപക്ഷ നേതാവ്; തെരഞ്ഞെടുപ്പു കാലത്തു പോലും ബിജെപിയിലേക്ക് പോയത് രണ്ടു ഡസനിലേറെ നേതാക്കൾ; ചടങ്ങിന് വന്ന് പോയതൊഴിച്ചാൽ രാഹുൽ ഗാന്ധി പോലും പ്രചാരണത്തിൽ സജീവമായില്ല; എൻഫോഴ്സമെന്റ് കേസിൽ കുടുക്കിയിട്ടും ഇളക്കിമറിച്ച് പ്രചാരണം നടത്തിയത് 80 കാരനായ ശരദ് പവാർ; തോൽക്കുമ്പോഴും മഹാരാഷ്ട്രയിൽ കോൺഗ്രസ്- എൻസിപി സഖ്യത്തിന്റെത് തിളക്കുമാർന്ന പ്രകടനം

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം മറുകണ്ടം ചാടി ബിജെപിയിലേക്കുള്ള ഒഴുക്ക് തുടങ്ങിവെച്ചത് കോൺഗ്രസ് പ്രതിപക്ഷ നേതാവ്; തെരഞ്ഞെടുപ്പു കാലത്തു പോലും ബിജെപിയിലേക്ക് പോയത് രണ്ടു ഡസനിലേറെ നേതാക്കൾ; ചടങ്ങിന് വന്ന് പോയതൊഴിച്ചാൽ രാഹുൽ ഗാന്ധി പോലും പ്രചാരണത്തിൽ സജീവമായില്ല; എൻഫോഴ്സമെന്റ് കേസിൽ കുടുക്കിയിട്ടും ഇളക്കിമറിച്ച് പ്രചാരണം നടത്തിയത് 80 കാരനായ ശരദ് പവാർ; തോൽക്കുമ്പോഴും മഹാരാഷ്ട്രയിൽ കോൺഗ്രസ്- എൻസിപി സഖ്യത്തിന്റെത് തിളക്കുമാർന്ന പ്രകടനം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി - ശിവസേനാ സഖ്യം കേവല ഭൂരിപക്ഷം നേടുമ്പോഴും 90നുമുകളിൽ സീറ്റുകൾ നേടി കോൺഗ്രസ്-എൻസിപി സഖ്യം കാഴ്ചവെച്ചതും തിളക്കമാർന്ന പ്രകടനം. എല്ലാ എക്സിറ്റിപോളുകളും ഇവിടെ പ്രതീക്ഷിച്ചത് ബിജെപി- ശിവസേനാ സഖ്യം തരംഗം ഉണ്ടാക്കും എന്നായിരുന്നു. എന്നാൽ എൻസിപി 52ഉം, കോൺഗ്രസ് 34, തുടങ്ങി ഏതാനും സ്വതന്ത്രരെയും ചേർത്ത് സഖ്യം 90ന് മുകളിലേക്ക് മുന്നേറുന്നുണ്ട്. ബിജെപി മോദിയും അമിത്ഷായും അടക്കമുള്ള സകലനേതാക്കളെയും കൂട്ടി കാടിളക്കി പ്രചാരണം നടത്തുമ്പോൾ കോൺഗ്രസിന് ഒരു ലീഡ് കാമ്പയിനർ പോലും ഇല്ലായിരുന്നു. രാഹുൽ ഗാന്ധി ഒരു പേരിന് മാത്രം ചില തവണ വന്നുപോയതൊഴിച്ചാൽ തീർത്തും ദുർബലമായിരുന്നു കോൺഗ്രസ് സംഘടനാ സംവിധാനം. എന്നാൽ ഈ 80ാം വയസ്സിലും സടകുടഞ്ഞ് എഴുനേറ്റ് എൻസിപി നേതാവ് ശരദ്പവാർ നടത്തിയ ശക്തമായ പ്രചാരണമാണ് മുന്നണിയെ രക്ഷിച്ചത്.

കഴിഞ്ഞ തവണ വെവ്വേറെ മൽസരിച്ച ബിജെപിക്കും ശിവസേനയ്ക്കും കൂടി ആകെ 185 സീറ്റാണ് ലഭിച്ചത്. ഒരുമിച്ചു മത്സരിച്ചതിന്റെ ആനുകൂല്യം സഖ്യത്തെ 200 കടത്തുമെന്നാണ് പ്രവചനം.ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും സംഘടനാ പ്രതിസന്ധിയുടെയും ആഘാതങ്ങൾക്കു നടുവിൽ നിൽക്കുന്ന കോൺഗ്രസ് എൻസിപി സഖ്യത്തിനു പരമാവധി 81 സീറ്റുകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. നിലവിൽ ഇരുവർക്കും കൂടി 83 എംഎൽഎമാരാണ് നിയമസഭയിലുള്ളത്. ഇപ്പോൾ അത് നിലനിർത്താനായി എന്നത് നേട്ടമായി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ 60.46% പോളിങ്ങാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. 2014ൽ ഇതു 63.38 ശതമാനമായിരുന്നു. ആകെയുള്ള 288 സീറ്റിൽ 164 സീറ്റിലാണ് ബിജെപി മത്സരിച്ചത്. 124 സീറ്റുകളിൽ ശിവസേനയും മത്സരിച്ചു. ബിജെപി- ശിവസേന സഖ്യം 200 സീറ്റിനു മുകളിലെത്തുമെന്നാണ് മിക്ക എക്സിറ്റ് പോൾ സർവേകളിലെയും പ്രവചനം.

കാലുമാറി നേതാക്കൾ ഇല്ലാതായ കോൺഗ്രസ്

എടുത്തുപറയാനും ഉയർത്തിക്കാട്ടാനും കോൺഗ്രസിന് നേതാക്കൾ പോലും ഉണ്ടായിരുന്നില്ല. ഇത് മുതലെടുത്ത് ബിജെപിയും ശിവസേനയും പ്രതിപക്ഷ നേതാക്കളെ ചാക്കിടുകയും ചെയ്തു. മുൻ മന്ത്രിമാരടക്കം രണ്ടു ഡസനിലേറെ നേതാക്കളാണു ചുരുങ്ങിയ നാളുകൾക്കിടെ പ്രതിപക്ഷത്തുനിന്നു ബിജെപിയിലേക്കും ശിവസേനയിലേക്കും ചാടിയത്. ബീഡിൽ എൻസിപി സ്വന്തം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചയാൾ വരെ രാജിവച്ച് ബിജെപി സ്ഥാനാർത്ഥിയായി. ആറു മാസം മുൻപ് എൻസിപി സ്ഥാനാർത്ഥിയായി വിജയിച്ച ലോക്സഭാംഗം രാജിവച്ച് ബിജെപി സ്ഥാനാർത്ഥിയായി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഏതാനും മാസം മുൻപ് പ്രതിപക്ഷ നേതാവ്, കോൺഗ്രസിന്റെ രാധാകൃഷ്ണ വിഖെ പാട്ടീൽ തുടക്കമിട്ട മറുകണ്ടംചാട്ടമാണ് മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിനെ തീർത്തും ദുർബലമാക്കിയത്. പാർട്ടിവിട്ട കുറേപ്പേർക്കു സീറ്റ് നൽകിയിട്ടുണ്ടെങ്കിലും വിലപേശലില്ലാതെ തന്നെ കോൺഗ്രസും എൻസിപിയും വിട്ട് ബിജെപിയോടും ശിവസേനയോടും കൂറു കാണിക്കുന്നവരുമേറെ.

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ എടുത്ത കേസ്, തളർന്നുകിടന്ന എൻസിപിയെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഊന്നുവടിയാക്കിയാണ് ശരദ് പവാർ തിരഞ്ഞടുപ്പിനെ നേരിട്ടത്. ബാങ്കുമായി നേരിട്ടു ബന്ധമില്ലാത്ത തനിക്കെതിരെ തിരഞ്ഞെടുപ്പുവേളയിൽ കേസെടുത്തതിലെ രാഷ്ട്രീയം തുറന്നുകാട്ടി 80ാം വയസ്സിൽ പാർട്ടിയുടെ പ്രചാരണച്ചുമതല സ്വന്തം ചുമലിലേറ്റിയാണ് അദ്ദേഹം മഹാരാഷ്ട്രയിൽ വോട്ടു തേടിയത്. അതിന്റെ ഫലമായാണ് എൻസിപി 50 സീറ്റുകൾ കടക്കാൻ ഇടയാക്കിയതും.

ഫഡ്നാവിസിന്റെ ചിറകിലേറി ബിജെപി

മഹാരാഷ്ട്രയിൽ ഇപ്പോൾ ബിജെപിയെന്നാൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ്. മന്ത്രിയായി പ്രവർത്തിച്ചുപോലും പരിചയമില്ലാതെ 2014ൽ മുഖ്യമന്ത്രിക്കസേരയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ സംശുദ്ധ പ്രതിച്ഛായയാണ് ബിജെപിക്ക് അവിടെ ഗുണം ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്തോളം മന്ത്രിമാർക്കെതിരെ അഴിമതി ആരോപണമുണ്ടെങ്കിലും അവയെ മറികടക്കുന്ന പ്രചാരണങ്ങളുമായി, അദ്ദേഹം ജാഗ്രതയോടെയാണ് കരുക്കൾ നീക്കിയത്. മറാഠാ പ്രക്ഷോഭവും കർഷകസമരവും നേരിട്ട് ഇടപ്പെട്ടു തീർപ്പാക്കിയത് പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള നിശ്ചയദാർഢ്യത്തിന്റെ തെളിവായി. സംസ്ഥാനത്ത് ഭരണത്തുടർച്ച നേടുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയെന്ന പട്ടം ഫഡ്നാവിസിന് ലഭിച്ചിരിക്കയാണ്.

ഒപ്പം പ്രതിപക്ഷത്തെ ദുർബലമാക്കാനും ഫഡ്നാവിസിനായി. അടുത്തകാലത്ത് ബിജെപിയിൽ ചേർന്നവരിൽ കോൺഗ്രസ് നേതാക്കളായ രാധാകൃഷ്ണ വിഖെ പാട്ടീലും ഹർഷവർധൻ പാട്ടീലും ഉൾപ്പെടും. കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎമാരായ നിർമല ഗാവിറ്റ്, ഭാവ്സാഹിബ് കംബലെ, അബ്ദുൽ സത്താർ എന്നിവരാകട്ടെ ശിവസേനയിൽ ചേർന്നു. കാളിദാസ് കൊലംബ്കറും ജയകുമാർ ഗോരെയും ബിജെപിയിലേക്കു പോയി. മുംബൈ കോൺഗ്രസ് മുൻ അധ്യക്ഷൻ കൃപാശങ്കർ സിങ്ങും പാർട്ടി വിട്ടു. അദ്ദേഹവും ബിജെപിയിൽ ചേർന്നു. ഇതിനെല്ലാം ചുക്കാൻ പിടിച്ചതും മുഖ്യമന്ത്രിയാണെന്നത് പരസ്യമായ രഹസ്യമാണ്.

2014ൽ 288 അംഗ നിയമസഭയിൽ 122 സീറ്റുകളാണ് ബിജെപി ൽ നേടിയത്. അന്ന തിരഞ്ഞെടുപ്പിന് മുൻപ് ശിവസേന- ബിജെപി, എൻസിപി -കോൺഗ്രസ് സഖ്യങ്ങൾ തകർന്നിരുന്നു. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേന 63 സീറ്റുകൾ നേടി. കോൺഗ്രസ് 42, എൻസിപി 41 സീറ്റുകളും സ്വന്തമാക്കി. ശിവസേന പിന്നീട് ബിജെപിയോടൊപ്പം ചേർന്ന് സർക്കാരിന്റെ ഭാഗമായി. ഇതു മനസ്സിലാക്കി സഖ്യത്തിന് മുൻകൈ എടുത്തത് ഫഡ്നാവീസാണ്. ശിവസേനയും ചേരുന്ന 'മഹായുതി' സഖ്യം ഒരുമിച്ചു മൽസരിക്കുമെന്നും ആദ്യം പ്രഖ്യപിച്ചതും ഫഡ്നാവിസ് തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP