Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകം അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും ആയിട്ടും യുഎൻ അണ്ടർ സെക്രട്ടറി പദവിയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയത് വെറുതെയായി; കോൺഗ്രസിലൂടെ രാജ്യഭരണം സ്വപ്നം കണ്ടെങ്കിലും ബാക്കിയായത് വിവാദങ്ങളും ആരോപണങ്ങളും മാത്രം; എംപിയായി അഞ്ച് വർഷം പൂർത്തിയാകുമ്പോൾ രാഷ്ട്രീയം മതിയാക്കാൻ ആലോചിച്ച് ശശി തരൂർ; അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി ഭീഷണി അതിജീവിക്കാൻ കോൺഗ്രസ് പുതിയ സ്ഥാനാർത്ഥിയെ തേടേണ്ടി വരും

ലോകം അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും ആയിട്ടും യുഎൻ അണ്ടർ സെക്രട്ടറി പദവിയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയത് വെറുതെയായി; കോൺഗ്രസിലൂടെ രാജ്യഭരണം സ്വപ്നം കണ്ടെങ്കിലും ബാക്കിയായത് വിവാദങ്ങളും ആരോപണങ്ങളും മാത്രം; എംപിയായി അഞ്ച് വർഷം പൂർത്തിയാകുമ്പോൾ രാഷ്ട്രീയം മതിയാക്കാൻ ആലോചിച്ച് ശശി തരൂർ; അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി ഭീഷണി അതിജീവിക്കാൻ കോൺഗ്രസ് പുതിയ സ്ഥാനാർത്ഥിയെ തേടേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഞാൻ സെഞ്ച്വറി നേടി... പക്ഷേ ടീം തോറ്റു..... സ്വന്തം ഭാഗം ഭംഗിയായിട്ടും ടീം തോൽക്കുന്നത് ഏതൊരു കളിക്കാരനും നിരാശ നൽകുന്നതാണ്. തനിക്കൊപ്പം ടീമും ജയിക്കുന്നിടത്താണ് കളിക്കാരുടെ ആവേശം ഇരട്ടിയാകുന്നത്. ഈ ആവേശം നഷ്ടമാകുമ്പോൾ തികഞ്ഞ നിരാശയിലാണ് ശശി തരൂർ. തിരുവനന്തപുരത്ത് വീറോടെ പൊരുതിയായിരുന്നു തരൂരിന്റെ ലോക്‌സഭാ വിജയം. തുടർച്ചയായി മൂന്നാം തവണ ജയിക്കുന്നത് ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക്. ബിജെപിക്ക് കാര്യമായ സ്വാധീനമുള്ള തിരുവനന്തപുരത്ത് വിജയിക്കാൻ തരൂരെന്ന കോൺഗ്രസുകാരന് മാത്രമേ കഴിയൂവെന്ന് വിലയിരുത്തുന്നുമുണ്ട്. സമുദായ-പ്രാദേശിക പരിഗണനകളെല്ലാം കരുതലോടെ ജയത്തിലേക്ക് ആവാഹിക്കാനുള്ള മാസ്മരികത തരൂരിനുണ്ട്. പക്ഷേ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നില്ല. കണക്കുകൂട്ടലെല്ലാം തെറ്റിച്ച് കോൺഗ്രസ് തകർന്നടിഞ്ഞു ഈ സാഹചര്യത്തിൽ രാഷ്ട്രീയം തന്നെ വിടാനൊരുങ്ങുകയാണ് തരൂർ എന്നാണ് സൂചന.

അടുത്ത അഞ്ചു കൊല്ലവും തിരുവനന്തപുരത്തുകാർക്കൊപ്പം തരൂരുണ്ടാകും. അതിന് അപ്പുറത്തേക്ക് പോകണമെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നിർണ്ണായക ശക്തിയാകണം. അല്ലാത്ത പക്ഷം തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കാൻ തരൂർ ഉണ്ടാകില്ല. മത്സരത്തിൽ നിന്ന് പിന്മാറി വിദേശത്തെ തന്റെ മറ്റ് ഉത്തരവാദിത്തങ്ങളിൽ തരൂർ കൂടുതൽ ശ്രദ്ധ നൽകും. ഫലത്തിൽ അതൊരു രാഷ്ട്രീയ വിരമിക്കലുമാകും. ലോകം അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും ആയിട്ടും യുഎൻ അണ്ടർ സെക്രട്ടറി പദവിയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എടുത്ത് ചാടിയത് വെറുതെയായി എന്നൊരു തോന്നൽ തരൂരിനുണ്ടെന്നാണ് പുറുത്തു വരുന്ന റിപ്പോർട്ട്. മന്മോഹൻസിങ് ഇന്ത്യ ഭരിക്കുമ്പോഴാണ് തരൂർ കോൺഗ്രസുമായി അടുക്കുന്നത്. സോണിയാ ഗാന്ധിയുടെ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായി. അതിന് ശേഷം വിടാതെ വിവാദങ്ങൾ പിന്തുടർന്നു. ഐപിഎല്ലിലെ ആരോപണങ്ങൾ കാരണം മന്ത്രി സ്ഥാനം പോയി. പിന്നെ സുനന്ദ പുഷ്‌കറിനെ കല്യാണം കഴിച്ചു. അതും സുനന്ദയുടെ മരണത്തോടെ വിവാദത്തിലായി. കേസ് ഇപ്പോഴും നടക്കുന്നു. ഇതിനെല്ലാം കാരണം തന്റെ രാഷ്ട്രീയമാണെന്ന തിരിച്ചറിവ് തരൂരിന് ഉണ്ടായിക്കഴിഞ്ഞു.

യുഎൻ സെക്രട്ടറി ജനറൽ പദവിയിലേക്ക് തരൂർ മത്സരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ജയം ഉറപ്പിക്കാനായില്ല. രാഷ്ട്രീയക്കാരനല്ലെന്ന വിലയിരുത്തലാണ് തരൂരിന് വിനയായത്. ഇതോടെയാണ് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങി കേന്ദ്ര മന്ത്രിയായത്. 2014ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ തരൂർ വെറും എംപിയായി. മോദിയുടെ നയ വൈകല്യങ്ങൾ തുറന്നു കാട്ടി. പ്രധാനമന്ത്രിയെ വിമർശിച്ച് പുസ്തകവും എഴുതി. ഇതോടെ മോദിയുടെ ശത്രുപക്ഷത്തെ പ്രധാനിയായി തരൂർ മാറി. രാഹുൽ ഗാന്ധി അധികാരത്തിൽ എത്തുമെന്ന് തരൂർ ഉറച്ച് വിശ്വസിച്ചിരുന്നു. ഈ പ്രതീക്ഷയിലാണ് മത്സരത്തിന് വീണ്ടും ഇറങ്ങിയത്. ബിജെപി കുമ്മനം രാജശേഖരനെ രംഗത്തിറക്കിയതോടെ കടുത്ത വെല്ലുവളി നേരിട്ടു. എന്നാൽ അനായാസം ജയിച്ചു കയറുകയാണ് തരൂർ ചെയ്തത്. എന്നിട്ടും കോൺഗ്രസിന് ദേശീയ തലത്തിൽ അടിതെറ്റി. തരൂരിന്റെ പ്രതീക്ഷയും വെറുതയായി. ഇനി കോൺഗ്രസിന് തിരിച്ചുവരവിന് കഴിയുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. അടുത്ത നാല് വർഷം ഇത് തരൂർ നിരീക്ഷിക്കും. ഉയർത്തെഴുന്നേൽക്കാൻ കഴിഞ്ഞില്ലെങ്കിൽ തരൂർ പതിയെ പിന്മാറും.

മത്സരിക്കൊനെത്തുമ്പോഴൊന്നും കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് വലിയൊരു പിന്തുണ തരൂരിന് കിട്ടാറില്ല. സ്വപ്രയ്തനം കൊണ്ടാണ് പ്രചരണത്തിൽ മുന്നേറുന്നത്. ഇത്തവണയും വിവാദങ്ങളുണ്ടായി. കേന്ദ്ര നേതൃത്വം ഇടപെടുക പോലും ചെയ്തു. അങ്ങനെ ഏറെ കഷ്ടതകൾ അനുഭവിച്ചാണ് തിരുവനന്തപുരത്ത് ഹാട്രിക് തികച്ചത്. ഇനിയൊരു അങ്കത്തിന് ആളും അർത്ഥവും കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ല. മൂന്ന് വിജയങ്ങളുടെ ക്രെഡിറ്റുമായി രാഷ്ട്രീയം മതിയാക്കി മലയാളിയുടെ ആഗോള മുഖമായി തുടരാനാണ് തരൂരിന്റെ തീരുമാനം. ലോകം അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമാണ് തരൂർ. വിവിധ യൂണിവേഴ്‌സിറ്റിയിൽ ക്ലാസും പ്രഭാഷണവുമെല്ലാം ഉണ്ട്. ഈ സാഹത്യ ഇടപെടൽ സജീവമാക്കാൻ രാഷ്ട്രീയം വിടുന്നതാണ് നല്ലതെന്ന ചിന്ത തരൂരിനും ഉണ്ട്. കോൺഗ്രസിലൂടെ രാജ്യഭരണം സ്വപ്നം കണ്ടെങ്കിലും ബാക്കിയായത് വിവാദങ്ങളും ആരോപണങ്ങളും മാത്രവുമാണ്. അതുകൊണ്ടാണ് എംപിയെന്ന നിലയിൽ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ രാഷ്ട്രീയം മതിയാക്കാൻ ആലോചിച്ച് ശശി തരൂർ സഹപ്രവർത്തകരുമായി ചർച്ച തുടരുന്നത്. അങ്ങനെ വന്നാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി ഭീഷണി അതിജീവിക്കാൻ കോൺഗ്രസിന് പുതിയ സ്ഥാനാർത്ഥിയെ തേടേണ്ടി വരും

ആഗോള നേതാക്കൾ അൽപ്പം അതിശയത്തോടെ നോക്കുന്ന നേതാവാണെങ്കിലും രാഷ്ട്രീയക്കാരനായതോടെ വിവാദങ്ങൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. പലപ്പോഴും തരൂരിന്റെ പ്രസ്താവനകൾ അദ്ദേഹത്തെ കുഴിയിൽ ചാടിച്ചു. കൊച്ചി ഐപിഎൽ ടീമിലെ ഓഹരി പങ്കാളിത്തത്തിന്റെ പേരിലും വിമർശനത്തിനിരയായി.ഭാര്യയാകും മുമ്പ് സുനന്ദ പുഷ്‌കറിന് സാമ്പത്തിക ലാഭമുണ്ടാക്കി കൊടുത്തു എന്നായിരുന്നു ആരോപണം. കൊച്ചി ഐപിഎല്ലിലെ വിയർപ്പോഹരികൾക്ക് ആദായനികുതി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതോടെ സംഗതി ഗൗരവമായി. ഇതോടെ അന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം തരൂരിന് രാജി വയ്ക്കേണ്ടി വന്നു. സുനന്ദപുഷകറിന്റെ മരണത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതിയാക്കുക കൂടി ചെയ്തതോടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴുകയും ചെയ്തു. യുപിഎ സർക്കാറിലെ വിദേശകാര്യ സഹമന്ത്രിയായിരുന്ന അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ ഒന്നാം ഇന്നിങ്‌സിന് അത്രയ്ക്ക് മികച്ച തിളക്കം ഉണ്ടായിരുന്നില്ല.

പല വിധത്തിലുള്ള വിവാദങ്ങളിൽ അദ്ദേഹം അറിയാതെയോ അറിഞ്ഞു കൊണ്ടോ ചെന്നു പെട്ടു. എന്നാൽ, കോൺഗ്രസ് കേന്ദ്രത്തിൽ പ്രതിപക്ഷത്തായപ്പോൾ കഥ മാറി. ദേശീയ തലത്തിൽ കോൺഗ്രസിന്റെ നയപരിപാടികളും മറ്റു തീരുമാനിക്കുന്ന മിടുക്കനായ നേതാവായി അദ്ദേഹം മാറിയ സമയത്താണ് വീണ്ടും കേസും കൂട്ടവും വിനയാകുന്നത്. 2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് തരൂർ ആദ്യമായി വിവാദത്തിലകപ്പെട്ടത്. ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ഇസ്രയേലി പത്രമായ ഹാരറ്റ്‌സിൽ തരൂർ എഴുതിയ 'ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു' എന്ന ലേഖനം തരൂരിനെ വല്ലാതെ വലച്ചു. ഫലസ്തീൻ ജനതയുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നതാണ് ഈ ലേഖനം എന്ന് ആരോപണം ഉയർന്നു.

2009ൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങിയപ്പോഴാണ് വിവാദം തരൂരിനെതേടി വീണ്ടുമെത്തിയത്. സംസ്ഥാനത്ത് തലമുതിർന്ന ഒട്ടേറെ പേർ സീറ്റിനായി തിക്കും തിരക്കും കൂട്ടുമ്പോൾ പുറത്ത് നിന്നെത്തിയ തരൂരിനെ മത്സരിപ്പിക്കാനുള്ള തീരുമാനം പലരെയും ചൊടിപ്പിച്ചു. തരൂരിന് നന്നായി മലയാളം സംസാരിക്കാൻ അറിയില്ലെന്ന് വരെ വിമരശനമുണ്ടായി. പക്ഷേ, സോണിയാ ഗാന്ധിയുടെ പിന്തുണയോടെ അതിനെ എല്ലാം അതിജീവിച്ച് തരൂർ മത്സരിച്ച് ജയിച്ചു. മന്ത്രിയായി അധികാരമേറ്റ് മാസങ്ങൾ പിന്നിടുമ്പോഴേക്കും തരൂർ വീണ്ടും വിവാദത്തിൽ പെട്ടു.ഡൽഹിയിലെ അഞ്ച് നില പഞ്ചനക്ഷത്ര ഹോട്ടലിലെ താമസമായിരുന്നു പ്രശ്‌നം. സംഗതി ചൂടേറിയ ചർച്ചയായതതോടെ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി തരൂരിനോട് സ്റ്റാർ ഹോട്ടലിലെ താമസം അവസാനിപ്പിച്ച് സർക്കാരിന്റെ പാർപ്പിട സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനു പോയ തരൂർ ഇന്ത്യ-പാക് പ്രശ്‌നത്തിൽ സൗദി മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ടതും വിവാദമായി.

വിവാദങ്ങൾക്ക് തത്ക്കാലത്തേക്ക് അവധി നൽകിയ തരൂർ 2012ൽ വീണ്ടും കേന്ദ്ര മന്ത്രിസഭയിൽ മടങ്ങിയെത്തി. മനുഷ്യ വിഭവശേഷി മന്ത്രിയായ തരൂർ വീണ്ടും വിവാദത്തിൽ അകപ്പെട്ടു. സുനന്ദ പുഷ്‌കറിന്റെ മരണമായിരുന്നു ഇതിന് പിന്നിൽ. അപ്പോഴും തിരുവനന്തപുരം തരൂരിനെ കൈവിട്ടില്ല. 2014ൽ വീണ്ടും ജയിപ്പിച്ചു. ഒ രാജഗോപാൽ എന്ന ബിജെപിയുടെ മുതിർന്ന നേതാവിനെ അതിസാഹസികമായിട്ടാണ് തോൽപ്പിച്ചത്. 2019ൽ കുമ്മനം എത്തി. അപ്പോൾ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. എന്നാൽ നിരാശയായിരുന്നു ഫലം. കോൺഗ്രസിന്റെ തോൽവിയായിരുന്നു ഇതിന് കാരണം. കേരളത്തിലെ രാഷ്ട്രീയത്തിൽ തരൂരിന് റോളുകളൊന്നുമില്ല. രാജ്യത്തിന്റെ ഭരണമുഖമാകാനാണ് തരൂരിനും താൽപ്പര്യം. അതിനുള്ള സാധ്യതയെ നിർണ്ണയിക്കുന്നത് കോൺഗ്രസിന്റെ കരുത്താണ്. ഉയർത്തെഴുന്നേൽപ്പിന് കോൺഗ്രസിന് കരുത്തില്ലെന്ന് കണ്ടാൽ തരൂർ രാഷ്ട്രീയം മതിയാക്കും.

1956 ൽ ലണ്ടനിലാണ് ശശി തരൂർ ജനിച്ചത്. മലയാളികളായ ചന്ദ്രൻ തരൂർ-ലില്ലി തരൂർ ദമ്പതികളുടെ മകൻ. യേർക്കാട് മോണ്ടഫോർട്ട് സ്്കൂളിലും, മുബൈ കാമ്പ്യൻ ്സകൂളിലും പ്രാഥമിക വിദ്യാഭ്യാസം. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് കൊളീജിയറ്റ് സ്‌കൂളിൽ ഹൈസ്‌കൂൾ പഠനം.ഡൽഹിയിലെ സെന്റ് സ്റ്റീഫൻസിൽ നിന്ന ്ചരിത്രത്തിൽ ഓണേഴ്സ ബിരുദം. മികച്ച വിദ്യാർത്ഥിയായിരുന്ന തരൂർ ബോസ്ററണിലെ ടഫ്സ് സർവകലാശാലയിൽ നിന്ന സ്‌കോളർഷിപ്പ് നേടി.അമേരിക്കയിൽ നിന്ന് മാസ്റ്റർ ബിരുദം ടഫസ് സർവകലാശാലയിൽ നിന്ന പിഎച്ച്ഡി എന്നിങ്ങനെ നീളുന്നു ശശിതരൂരിന്റെ അക്കാദമിക് നേട്ടങ്ങൾ. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി.

തിലോത്തമ മുഖർജിയാണ് തരൂരിന്റെ ആദ്യഭാര്യ. ഇഷാൻ, കനിഷ്‌ക് എന്ന് രണ്ട് ആൺമക്കൾ. പിന്നീട് തിലോത്തമ മുഖർജിയുമായുള്ള ബന്ധം പിരിഞ്ഞ തരൂർ കനേഡിയൻ വംശജയായ വിർഷ്റ്റ ഗൈൽസിനെ വിവാഹം ചെയ്തു.ഗൈൽസിനോട് പിരിഞ്ഞ ശേഷമാണ് സുനന്ദയെ വിവാഹം കഴിച്ചത്. അതും വിവാദത്തിൽപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP