Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗാളും ത്രിപുരയും കൈവിട്ടതോടെ അതിശക്തൻ പിണറായി; കരാട്ടിനൊപ്പം നിൽക്കുന്ന കേരളാ മുഖ്യമന്ത്രിയെ വെട്ടാൻ 'മോദി' മോഡലുമായി യെച്ചൂരി; വിഎസിനെ 80ന്റെ കുടുക്കിൽ വെട്ടിനിരത്തിയ പിണറായിയെ ഒതുക്കാൻ ജനറൽ സെക്രട്ടറി ഇറക്കുന്നത് പ്രായപരിധി 75 എന്ന മാസ്റ്റർ കാർഡ്; രാമചന്ദ്രൻ പിള്ളയ്ക്കും കരുണാകരനും വൈക്കം വിശ്വനും കോലിയക്കോടനും ആനത്തലവട്ടത്തിനും പണി ഉറപ്പായി; അടുത്ത പാർട്ടി കോൺഗ്രസിൽ കൂടുതൽ ശക്തനാകാൻ ഉറച്ച് യെച്ചൂരി

ബംഗാളും ത്രിപുരയും കൈവിട്ടതോടെ അതിശക്തൻ പിണറായി; കരാട്ടിനൊപ്പം നിൽക്കുന്ന കേരളാ മുഖ്യമന്ത്രിയെ വെട്ടാൻ 'മോദി' മോഡലുമായി യെച്ചൂരി; വിഎസിനെ 80ന്റെ കുടുക്കിൽ വെട്ടിനിരത്തിയ പിണറായിയെ ഒതുക്കാൻ ജനറൽ സെക്രട്ടറി ഇറക്കുന്നത് പ്രായപരിധി 75 എന്ന മാസ്റ്റർ കാർഡ്; രാമചന്ദ്രൻ പിള്ളയ്ക്കും കരുണാകരനും വൈക്കം വിശ്വനും കോലിയക്കോടനും ആനത്തലവട്ടത്തിനും പണി ഉറപ്പായി; അടുത്ത പാർട്ടി കോൺഗ്രസിൽ കൂടുതൽ ശക്തനാകാൻ ഉറച്ച് യെച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിൽ ഇന്ന് പിണറായി വിജയനാണ് സർവ്വ ശക്തൻ. ബംഗാളിലും ത്രിപുരയിലും അധികാരം പോയതോടെ സിപിഎമ്മിനുള്ള ഏക കച്ചിത്തുരുമ്പാണ് കേരളം. അതുകൊണ്ട് തന്നെ കേരളം ഭരിക്കുന്ന പിണറായി വിജയനാണ് സിപിഎമ്മിലെ താരം. ബംഗാളിലും ത്രിപുരയിലും തിരിച്ചുവരവ് സാധ്യത പോലുമില്ലാതെ സിപിഎം തകർന്നടിഞ്ഞു. ഇതോടെയാണ് പാർട്ടിയിലെ ശക്തനായി പിണറായി മാറിയത്. എന്നാൽ ഈ പിണറായിയോട് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിക്ക് താൽപ്പര്യക്കുറവുണ്ട്. പാർട്ടിയിൽ നിന്ന് പിണറായിയെ അകറ്റി നിർത്താൻ പുതിയ തന്ത്രവുമായി എത്തുകയാണ് യെച്ചൂരി. ഏതായാലും ഇനി ഒരു ടേമിന് അപ്പുറത്ത് പിണറായിക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല.

കഴിഞ്ഞ പാർട്ടി സമ്മേളനത്തിലാണ് യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. പിണറായി വിജയന്റെ അതിശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു ഇത്. കാരാട്ടും പിണറായിയും എസ് രാമചന്ദ്രൻ പിള്ളയെയാണ് ജനറൽ സെക്രട്ടറിയാക്കാൻ ആഗ്രഹിച്ചത്. എന്നാൽ നടന്നില്ല. പല വിഷയത്തിലും യെച്ചൂരിയും പിണറായിയും രണ്ട് വഴിക്കും നീങ്ങി. അടുത്ത പാർട്ടി സമ്മേളനത്തിൽ കൂടുതൽ ശക്തനാകാനാണ് യെച്ചൂരിയുടെ ആഗ്രഹം. ഇതിന് വേണ്ടിയാണ് പാർട്ടി ഘടകങ്ങളിൽ നിന്ന് പിണറായി അടക്കമുള്ള കാരാട്ട് പക്ഷത്തെ പഴയ മുഖങ്ങളെ വെട്ടാൻ രണ്ടും കൽപ്പിച്ച് യെച്ചൂരി എത്തുന്നത്. ഇത് കേരളത്തിൽ അടക്കം പാർട്ടി അധികാര കേന്ദ്രങ്ങളിൽ മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. പാർട്ടി കോൺഗ്രസും ഈ നിലപാടുകൾ അംഗീകരിച്ചാൽ അത് പിണറായിക്കും കാരാട്ടിനും വലിയ തിരിച്ചടിയാകും.

വി എസ് അച്യുതാനന്ദനെ പാർട്ടി കമ്മറ്റികളിൽ നിന്ന് തന്ത്രപരമായി ഒഴിവാക്കിയ പിണറായിയെ വിഎസിന്റെ അടുപ്പക്കാരനെന്ന് ഏവരും പറയുന്ന യെച്ചൂരിയും വെട്ടി വീഴ്‌ത്താനുള്ള പടപ്പുറപ്പാടിലാണ്. പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഉൾപ്പെടെ പാർട്ടിയുടെ എല്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായപരിധി 75 ആയി സിപിഎം നിശ്ചയിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. നിലവിൽ ഇത് 80 ആണ്. പുതിയ പ്രായപരിധി വന്നാൽ ഒട്ടേറെ സംസ്ഥാനകമ്മിറ്റി അംഗങ്ങൾ അടുത്ത സമ്മേളനത്തോടെ പുറത്താകും. പ്രായപരിധി കർശനമാക്കിയാൽ അടുത്ത തവണ പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുമോ എന്നതാകും ആദ്യ ചർച്ചകളിലൊന്ന്. 2021 ൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോഴേക്കും പിണറായി 77ാം വയസ്സിലെത്തും. അതുകൊണ്ട് തന്നെ കേന്ദ്ര കമ്മറ്റിയുടെ ഇളവുണ്ടെങ്കിൽ മാത്രമേ ഇനി പിണറായിക്ക് കേന്ദ്ര കമ്മറ്റിയിൽ തുടരാനാകൂ.

മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയപ്പോൾ 75 വയസ്സ് എന്ന പ്രായം മന്ത്രിമാർക്കായി നിശ്ചയിച്ചു. അദ്വാനിയേയും മുരളി മനോഹർ ജോഷിയേയും അകറ്റി നിർത്താനായിരുന്നു അത്. ഇതേ തന്ത്രത്തിന്റെ പുതിയ പതിപ്പാണ് യെച്ചൂരിയും പയറ്റുന്നത്. പാർട്ടിയിൽ അധിപത്യം ഉറപ്പിക്കുന്നതിനായി തന്നെ അനുകൂലിക്കുന്നവരെ നേതൃത്വത്തിൽ എത്തിക്കാനാണ് ഇത്. എന്നാൽ ഇതുകൊണ്ട് എന്ത് ഗുണകരമായ മാറ്റം ഉണ്ടാകുമെന്ന് ആർക്കും ഉറപ്പില്ല. സിപിഎമ്മിന് അതിശക്തമായ രണ്ടാ നിര ഇല്ലതാനും. ഇതെല്ലാം കേരളത്തിലും മറ്റും സിപിഎമ്മിനെ പ്രായപരിധിയിലെ നിർദ്ദേശങ്ങൾ വെട്ടിലാക്കാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്.

സിപിഎം കേന്ദ്രകമ്മിറ്റി / പൊളിറ്റ്ബ്യൂറോ പ്രായപരിധി 75, സംസ്ഥാന കമ്മിറ്റികളിൽ അതിനും താഴെ പ്രായം എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. പുതുതായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നവരുടെ പ്രായപരിധി 65 ആക്കുക എന്ന നിർദ്ദേശമാണ് കേരളത്തിൽ പരിഗണിക്കപ്പെടുന്നത്. രണ്ടു സമ്മേളന കാലയളവിനിടെയാണ് പ്രായപരിധി പിന്നിടുന്നതെങ്കിൽ അതിന്റെ പേരിൽ ആദ്യ സമ്മേളനത്തിൽ ഒഴിവാക്കില്ല. അടുത്ത പാർട്ടി കോൺഗ്രസിനു (2021) മുന്നോടിയായ സമ്മേളനങ്ങളിലാകും പ്രായപരിധി നടപ്പിൽ വരികയെങ്കിലും അതു മുൻനിർത്തിയുള്ള ചർച്ചകൾ തുടങ്ങി. യെച്ചൂരിയുടെ തന്ത്രത്തിൽ കരുതലോടെ നീങ്ങാനാണ് പിണറായിയുടെ നീക്കം. എൺപത് വയസ്സ് പ്രായപരിധി നീക്കേണ്ടതില്ലെന്നാണ് പിണറായിയുടെ പക്ഷം. എൺപത് വയസ്സായി പ്രായപരിധി കൊണ്ടു വന്നത് വിഎസിനെ പോലുള്ളവരെ ഒഴിവാക്കാനാണ്. പുതു നേതൃത്വത്തെ കൊണ്ടു വന്ന് സിപിഎമ്മിന് പുതിയ ദിശാബോധം നൽകാനാണ് യെച്ചൂരിയുടെ ശ്രമം.

എന്നാൽ സമരങ്ങളിലൂടെ പാർട്ടിയെ വളർത്തിയവരെ മാറ്റുന്നത് ഗുണകരമാകില്ലെന്ന് പറയുന്നവരുമുണ്ട്. 95-ാം വയസ്സിലും വിഎസിനോളം ജനപ്രിയനായ മറ്റൊരു നേതാവ് കേരളത്തിൽ ഇല്ല. ഈ സാഹചര്യത്തിൽ ദുർബലരായ യുവാക്കളെ പാർട്ടി നേതൃത്വത്തിൽ എത്തിക്കാൻ പരിചയ സമ്പന്നരെ ഒഴിവാക്കുന്നത് ദോഷമാകുമെന്ന വിലയിരുത്തലും ഉണ്ട്. പ്രായപരിധിയും മറ്റും കൊണ്ടു വന്ന ശേഷമാണ് ബംഗാളിലും ത്രിപുരയിലും തിരിച്ചടിയുണ്ടായത്. ഏന്തായാലും യുവാക്കൾക്ക് വേണ്ടി മുന്നോട്ട് പോകാനാണ് യെച്ചൂരിയുടെ നീക്കം. അതുകൊണ്ട് തന്നെ ആരൊക്കെ പുറത്തു പോകും, ആർക്കൊക്കെ മേൽ ഘടകങ്ങളിലേക്കു വഴിയടയും, പുതുതായി ആരൊക്കെ എത്തും തുടങ്ങിയ കണക്കുകൂട്ടലുകളാണു സജീവം. ആദ്യ ടേമിൽ പിണറായി വിജയന് ഇളവ് നൽകുമെന്നും സൂചനയുണ്ട്. സ്ത്രീ പ്രാതിനിധ്യവും കൂട്ടും.

എല്ലാ തലങ്ങളിലും സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നിർദ്ദേശം പോഷകസംഘടനകളും നടപ്പാക്കിത്തുടങ്ങി. പുതിയ സിഐടിയു കമ്മിറ്റികളിലും ഭാരവാഹികളിലും 25% സ്ത്രീകളാണ്. ഈ മാസം നടക്കുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിലും ഇതു നടപ്പാക്കും. സിപിഎം സംസ്ഥാന സമിതിയിൽ ഇത് ഉടൻ നടപ്പാക്കില്ല. പ്രായപരിധി എത്തുന്നതോടെ എസ്. രാമചന്ദ്രൻ പിള്ള, പി. കരുണാകരൻ, വൈക്കം വിശ്വൻ എന്നിവരും കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാകും. എസ്. രാമചന്ദ്രൻപിള്ള 80 പിന്നിട്ടെങ്കിലും കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഇളവു നൽകി പിബിയിൽ നിലനിർത്തുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ കോലിയക്കോട് കൃഷ്ണൻ നായർ, ആനത്തലവട്ടം ആനന്ദൻ തുടങ്ങി 75 പിന്നിട്ട ഒട്ടേറെ പേരുണ്ട്.

കൂടുതൽ യുവാക്കൾക്ക് നേതൃനിരയിൽ എത്താൻ അവസരം നൽകണമെന്നാണ് കേന്ദ്ര കമ്മിറ്റിയിൽ ചർച്ച നടന്നത്. പശ്ചിമബംഗാളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആണെങ്കിലും ശരാശരി പ്രായം 60 ആണ്. മുതിർന്ന ഏതാനും നേതാക്കൾ മാത്രമാണ് ബംഗാൾ സംസ്ഥാന ഘടകത്തിലുള്ളത്. യുവാക്കൾക്ക് കൂടുതൽ പരിഗണ നൽകുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം. രാജ്യത്തെ വർഗീയ ഫാസിസ്റ്റുകൾക്കെതിരേ പോരാട്ടം നടത്തണമെങ്കിൽ നേതൃനിരയിൽ കൂടുതൽ യുവാക്കൾ വേണമെന്നാണ് ആവശ്യമുയർന്നു. മറ്റ് പാർട്ടികൾ യുവാക്കൾക്ക് ആവശ്യമായ പരിഗണന നൽകുന്നുണ്ടെന്നും സിപിഎം വിലയിരുത്തുന്നു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി അറുപത് വയസായി നിജപ്പെടുത്തിയാൽ കേരള സംസ്ഥാന കമ്മിറ്റി ഘടകത്തിൽ നിന്ന് ഭൂരിഭാഗം നേതാക്കളും മാറേണ്ടിവരും. മുതിർന്നവരെ ഒറ്റയടിക്കുമാറ്റിയാൽ നേതൃനിരയിൽ പ്രതിസന്ധിയു ണ്ടാകുമെന്ന ആശങ്കയും ഒരു വിഭാഗം യോഗത്തിൽ ഉന്നയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP