Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളാപ്പള്ളിയുടെ ലക്ഷ്യം അധികാരക്കസേര തന്നെ; ഭൂരിപക്ഷ വാദത്തിൽ നേട്ടമുണ്ടാക്കനുറച്ച് എസ്എൻഡിപി; നേട്ടം തങ്ങൾക്കാകുമെന്ന പ്രതീക്ഷയിൽ ബിജെപി; കരുതലോടെ കുരക്കൾ നീക്കാൻ സിപിഐ(എം); ഭാവഭേദമില്ലാതെ കോൺഗ്രസ്; മുന്നണി രാഷ്ട്രീയത്തിലെ പതിവ് ഫോർമുലകൾ മാറി മറിയുമോ?

വെള്ളാപ്പള്ളിയുടെ ലക്ഷ്യം അധികാരക്കസേര തന്നെ; ഭൂരിപക്ഷ വാദത്തിൽ നേട്ടമുണ്ടാക്കനുറച്ച് എസ്എൻഡിപി; നേട്ടം തങ്ങൾക്കാകുമെന്ന പ്രതീക്ഷയിൽ ബിജെപി; കരുതലോടെ കുരക്കൾ നീക്കാൻ സിപിഐ(എം); ഭാവഭേദമില്ലാതെ കോൺഗ്രസ്; മുന്നണി രാഷ്ട്രീയത്തിലെ പതിവ് ഫോർമുലകൾ മാറി മറിയുമോ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഭൂരിപക്ഷത്തിനായി വാദിക്കുന്ന രാഷ്ട്രീയ പാർട്ടിയെന്ന് ഏവരും പറയുന്ന ബിജെപി കേരളത്തിലുമുണ്ട്. പിന്നെ എന്തിന് ഭൂരിപക്ഷ ആവശ്യങ്ങൾ നേടിയെടുക്കാൻ പുതിയൊരു പാർട്ടി? എസ്.എൻ.ഡി.പി യോഗം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിശദീകരിക്കുമ്പോൾ ഉയരുന്ന ചോദ്യമിതാണ്. കമ്മ്യൂണിസ്റ്റ് വോട്ടുകളിൽ വിള്ളലുണ്ടാക്കി ഇടതു പക്ഷത്തിന്റെ ജയസാധ്യതയെ തകർക്കാൻ മാത്രമേ ഈ രാഷ്ട്രീയ തന്ത്രത്തിലൂടെ കഴിയൂയെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ അധികാര കേന്ദ്രങ്ങളിൽ ജനപ്രതിനിധികളായവരുടെ പിന്തുണയോടെ ന്യൂനപക്ഷ നടത്തുന്ന ഇടപെടലുകൾക്ക് സമാനമായത് ചെയ്യാൻ രാഷ്ട്രീയ പ്രസ്ഥാനം അനിവാര്യമെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

ബിജെപിയുമായി സഹകരിക്കില്ലെന്ന് വെള്ളാപ്പള്ളി പലപ്പോഴും സൂചനകൾ മാത്രം നൽകുന്നു. അധികാരത്തിലേക്കാണ് ലക്ഷ്യമിടുന്നത്. മുന്നണികൾ തമ്മിൽ നിയമസഭയിലെ അംഗബലത്തിലെ കുറവിലാണ് കണ്ണ്. ശക്തമായ മൂന്നാം കക്ഷി കേരളത്തിലുണ്ടായാൽ തൂക്ക് നിയമസഭകൾ കേരളത്തിലും യാഥാർത്ഥ്യമാകും. ഈ സാഹചര്യത്തിൽ എന്തും നേടിയെക്കാൻ ചെറു കക്ഷികൾക്ക് കഴിയും. ഇതിനുള്ള തന്ത്രങ്ങളാണ് അണിയറയിൽ വെള്ളാപ്പള്ളി ഒരുക്കുന്നത്. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നത് സംഘ പരിവാർ മാത്രമാണ്. രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ബിജെപിയുമായി വെള്ളാപ്പള്ളി സഹകരിക്കുമെന്ന പരിപൂർണ്ണ വിശ്വാസം ആർഎസഎസിനുമില്ല. എന്നാൽ ഭൂരിപക്ഷ വർഗ്ഗീയതയുയർത്തി ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നിയമസഭയിൽ എത്തിയാൽ അത് പരിവാർ രാഷ്ട്രീയത്തിന് ഭാവിയിൽ താങ്ങും തണലുമാകും. ഈ തിരിച്ചറിവുമായാണ് ബിജെപിയും സംഘപരിവാറും വെള്ളാപ്പള്ളിയുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നത്.

ഈ സാഹചര്യത്തിലാണ് കരുതലോടെ സിപിഎമ്മും കരുക്കൾ നീക്കുന്നത്. എസ്എൻഡിപിയുടെ ശക്തി കേന്ദ്രങ്ങളിൽ എന്നും ജയിച്ചു കയറുന്നത് സിപിഐ(എം) സ്ഥാനാർത്ഥികളാണ്. ആർഎസ്എസുമായി പ്രത്യക്ഷത്തിൽ വെള്ളാപ്പള്ളി സഖ്യത്തിന് പോയാൽ അതിലെ വർഗ്ഗീയത ഉയർത്തി നേട്ടമുണ്ടാക്കാമെന്നാണ് സിപിഐ(എം) വിലയിരുത്തൽ. എന്നാൽ വെള്ളാപ്പള്ളി പ്രത്യക്ഷത്തിൽ ബിജെപിക്കൊപ്പം ചേർന്നില്ലെങ്കിൽ കാര്യങ്ങൾ ഗുണകരമാക്കുകയും വേണം. അതുകൊണ്ടാണ് ബിജെപിയോട് കൂടിയില്ലെങ്കിൽ സഹകരണമാകാമെന്ന നിലപാട് സിപിഐ(എം) എടുക്കുന്നത്. കോൺഗ്രസാകട്ടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തിൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വിലയിരുത്തുന്നവരാണ്. അവർക്ക് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകൾ വെള്ളാപ്പള്ളി വിഭജിപ്പിക്കുന്നത് സന്തോഷകരമായ കാര്യവും. എന്നാൽ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്‌പ്പിൽ പിഴച്ചാൽ പ്രതിസന്ധിയിലാവുക വെള്ളാപ്പള്ളിയും എസ്എൻഡിപിയും തന്നെയാകും.

അതുകൊണ്ട് കൂടിയാണ് കെപിഎംഎസ്, വി എസ്ഡിപി തുടങ്ങിയ സംഘടനകളെ കൂടെകൂട്ടാൻ നോക്കുന്നതും. എൻഎസ്എസുമായി ചേർന്ന് വിശാല ഹിന്ദു ഐക്യത്തിന്റെ സാധ്യകൾ മുമ്പ് തേടിയിരുന്നു. അത്തരം സമുദായ കൂട്ടായ്മ വിജയിക്കില്ലെന്ന തിരിച്ചറിവിലാണ് രാഷ്ട്രീയത്തിലൂടെ സമുദായ ഉന്നമനമെന്ന ചിന്തയിലേക്ക് വെള്ളാപ്പള്ളി എത്തുന്നത്. വിഎച്ച്പിയുടെ പ്രവീൺ തൊഗാഡിയയുമായുള്ള സൗഹൃദവും മോദിയുടെ അധികാരമേൽക്കലുമെല്ലാം ഇതിന് പ്രേരകമാവുകയും ചെയ്തു. പുതിയ പാർട്ടിയിലേക്ക് എസ്എൻഡിപിയിൽ നിന്ന് നേതാവായെത്തുക തുഷാർ വെള്ളാപ്പള്ളി തന്നെയാകും. എന്നാൽ മൊത്തം പ്രവർത്തകരുടേയും നേതാവായി തുഷാറിനെ അവതരിപ്പിക്കും. ഇതിന്റെ വ്യക്തമായ സൂചനകളും ഇന്നത്തെ യോഗത്തിൽ കണ്ടു. യോഗത്തിൽ ജനാതിപധ്യമെന്ന് വ്യക്തമാക്കാനാണ് രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനം രഹസ്യ ബാലറ്റിലൂടെ എടുത്തത്. നാല് പേർ മാത്രമാണ് എതിർത്തത്. ബഹുഭൂരിപക്ഷവും രാ്ഷ്ട്രീയ പാർട്ടിയെ അനുകൂലിച്ചതിനാൽ മറിച്ച് വോട്ട് ചെയ്തവർ പോലും അത് പുറത്ത് പറയില്ല.

ഇതേ രീതിയിൽ തന്നെയാകും തുഷാറിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തീരുമാനവും. യോഗം കൗൺസിലിന്റേയും എക്‌സിക്യൂട്ടീവിന്റേയുമെല്ലാം പൂർണ്ണ പിന്തുണയുണ്ടെന്ന് വ്യക്തമാക്കിയാകും തീരുമാനം എടുക്കുക. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ അതുണ്ടാവുകയുള്ളൂ. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് പാർട്ടിയുടെ കാര്യത്തിൽ അവസാന രൂപമാകും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഔദ്യോഗിക സംവിധാനമായി പാർട്ടി മാറുകയുള്ളൂ. സമാന ചിന്താഗതിക്കാരുമായി ചേർന്നു ത്രിതല തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷ സമുദായങ്ങളെ ഒരുമിപ്പിച്ചാകും രാഷ്ട്രീയ പാർട്ടിയെന്ന തലത്തിലേക്കു പോകുക. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി യോഗം കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള സംരക്ഷണ യാത്രയുമായി ജനങ്ങൾക്കിടയിലേക്ക് എസ് എൻഡിപി ഇറങ്ങുക വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാകും. വലിയ പൊതുയോഗങ്ങൾ യൂണിയൻ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

നിലവിലെ സാഹചര്യത്തിൽ ബിജെപിയുമായി മാത്രമേ സഹകരണത്തിനുള്ള സാധ്യത വെള്ളാപ്പള്ളി കാണുന്നുള്ളൂ. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് വ്യക്തമായ വാഗ്ദാനങ്ങളും സ്ഥാനമാനങ്ങളും ഉണ്ടാകണം. ബിജെപിയുമായി വെള്ളാപ്പള്ളി സഹകരിച്ച് മുന്നണിയുണ്ടായാൽ അതിലെ പ്രധാന പാർട്ടിയെന്ന പദവി പോലും വാങ്ങിയെടുക്കാനാണ് നീക്കം. അത്തരത്തിലൊരു നിയമസഭാ തെരഞ്ഞെടുപ്പ് സഖ്യമാണ് ബിജെപിയുമായി വെള്ളാപ്പള്ളി ആഗ്രഹിക്കുന്നത്. അതിലൂടെ എസ്എൻഡിപിയുടെ പാർട്ടി ബിജെപിയുമായി സഹകരിച്ചുവെന്ന പേരുദോഷം ഒഴിവാക്കാൻ കഴിയും. മറിച്ച് എസ്എൻഡിപിക്ക് ബിജെപി പിന്തുണ നൽകിയെന്ന് വ്യാഖ്യാനിക്കാനും കഴിയും. അതിനുള്ള അണിയറ നീക്കങ്ങൾ തന്നെയാണ് എസ്എൻഡിപിയിൽ നടക്കുന്നത്.

ഈ സാഹചര്യമെല്ലാം ബിജെപിയും മനസ്സിലാക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഏത് തരത്തിലുള്ള രാഷ്ട്രീയ സഖ്യത്തിനും ബിജെപി തയ്യാറാകും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കങ്ങൾ വിജയത്തിലെത്തിയില്ലെങ്കിൽ മുന്നണിയിലെ ഒന്നാം സ്ഥാനം വെള്ളാപ്പള്ളിക്ക് വിട്ടുനൽകുകയുമില്ല. ഒറ്റയ്ക്ക് കരുത്ത് കാട്ടിയാൽ ഏത് മുന്നണിയുടെ ഭാഗമായും മാറാനാകുമെന്ന് വെള്ളാപ്പള്ളിക്ക് അറിയാം. എന്നാൽ അത്തരമൊരു ആഗ്രഹമല്ല വെള്ളാപ്പള്ളിക്കുമുള്ളത്. തുഷാറിന്റെ നേതൃത്വത്തിൽ കേരളമാകെ പടരുന്ന രാഷ്ട്രീയ പ്രസ്ഥാനം. അതിലേക്ക് മറ്റുള്ളവരെ എത്തിക്കുക. അതുകൊണ്ട് തന്നെ സിപിഎമ്മിനോ കോൺഗ്രസിനോ അടിമപ്പെടുന്ന തരത്തിലെ മുന്നണി ബന്ധങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി ഉണ്ടാക്കില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP