Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇപ്പോൾ ചോദിച്ചാൽ എന്തും കിട്ടും; അവസരം മുതലാക്കാൻ സമുദായ സംഘടനകൾ; വോട്ടുള്ള വെള്ളാളർക്കു സംവരണം കിട്ടും; ധീവര സഭയ്ക്കും ആനുകൂല്യ വാഗ്ദാനം; അരുവിക്കര പിടിക്കാൻ ചോദിക്കുന്നവർക്കൊക്കെ വാരിക്കോരി

ഇപ്പോൾ ചോദിച്ചാൽ എന്തും കിട്ടും; അവസരം മുതലാക്കാൻ സമുദായ സംഘടനകൾ; വോട്ടുള്ള വെള്ളാളർക്കു സംവരണം കിട്ടും; ധീവര സഭയ്ക്കും ആനുകൂല്യ വാഗ്ദാനം; അരുവിക്കര പിടിക്കാൻ ചോദിക്കുന്നവർക്കൊക്കെ വാരിക്കോരി

ആലപ്പുഴ: അരുവിക്കരവഴി വെള്ളാളർമാരും ഒടുവിൽ കര പറ്റി. ഉപതെരഞ്ഞെടുപ്പ് അവസരമാക്കിയെടുത്തു കാര്യങ്ങൾ നീക്കിയതോടെ സംസ്ഥാനത്തെ മുഴുവൻ വെള്ളാളർ സമുദായക്കാരെയും സംവരണത്തിന്റെ കീഴിൽ കൊണ്ടുവരാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

ഇതോടെ അരുവിക്കരയിൽ വെള്ളാളർക്കായുള്ള 12,800 വോട്ടുകൾ യു ഡി എഫിന്റെ കൊട്ടയിലായെന്നുവേണം കരുതാൻ. ഇതുസംബന്ധിച്ച തീരുമാനം ഇന്നലെ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുയും ചെയ്തു. ഉടൻ സംസ്ഥാന പ്രസിഡന്റ് പുനലൂർ മധു എക്‌സ് എംഎൽ എ സർക്കാർ അനുകൂല നിലപാട് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുകയും ചെയ്ുതു.

നേരത്തെ ആവശ്യങ്ങൾ ഉന്നയിച്ച് അരുവിക്കരയിലെ തങ്ങളുടെ അംഗബലം മുഖ്യമന്ത്രിയെ അറിയിച്ച് ഉദ്ഘാടനത്തിനായി ക്ഷണിച്ചാണ് സമ്മർദ്ദം മുറുക്കിയത്. ഇതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിൽ സമ്മർദ്ദങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴക്കാലമായി. ചെറുപാർട്ടികളും സമുദായ സംഘടനകളുമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് ആസ്വദിക്കുന്നത്. വിരലിലെണ്ണാവുന്ന വോട്ടു കാണിച്ച് നേടിയെടുക്കാൻ കഴിയുന്ന മുഴുവൻ ആവശ്യങ്ങളും മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിരത്തി സമ്മതിപ്പിക്കുന്ന തന്ത്രമാണ് ഇപ്പോൾ തുടരുന്നത്.

ഏറെ വിചിത്രമെന്നു പറയട്ടെ മണ്ഡലത്തിൽ ഒരു വോട്ടുപോലും ഇല്ലാത്ത ധീവരസഭാ നേതാവ് വി ദിനകരൻ എക്‌സ് എം എൽ എ മൽസ്യത്തൊഴിലാളികളുടെ കാര്യം അവതരിപ്പിച്ച് മുഖ്യമന്ത്രിയെക്കൊണ്ടു സമ്മതിപ്പിച്ച് ഒപ്പു നേടിയ കടലാസുമായി കഴിഞ്ഞദിവസം മാദ്ധ്യമപ്രവർത്തകർക്കു മുന്നിലെത്തി. കടലാക്രമണ മേഖലയിൽ പുലിമുട്ട് സ്ഥാപിക്കുക, കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായം നൽകുക, തീരമേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് അരുവിക്കരയെ മുൻനിർത്തി മൽസ്യഫെഡ് ചെയർമാൻ കൂടിയായ മുൻ കോൺഗ്രസ് നേതാവ് സാധിച്ചെടുത്തത്.

സംഭരണ നെല്ലിന്റെ പണം ലഭിക്കാൻ കർഷകർ അരുവിക്കരയിലേക്ക് മാർച്ച് ചെയ്യുമെന്ന് അറിയിച്ചതോടെ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനും നടത്തിപ്പുകാരനുമായ പി സി വിഷ്ണുനാഥും കൊടിക്കുന്നിൽ സുരേഷ് എംപി യും കാര്യത്തിൽ ഇടപെട്ട് നെല്ലുവില അഞ്ചു ദിവസങ്ങൾക്കകം നൽകുമെന്ന് ചില കർഷക സംഘടനകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതോടെ അരുവിക്കരയിലേക്കുള്ള കർഷകരുടെ മാർച്ചിന് വിരാമമായി.

പി സി ജോർജിന്റെ പടയോട്ടം നിർത്തിച്ചാണ് സർക്കാർ നാടാർ വിഭാഗത്തിന് ഓഫറുകൾ സമ്മാനിച്ചത്. മുഴുവൻ നാടാർ വിഭാഗത്തെയും സംവരണ ക്വാട്ടയിൽ ഉൾപ്പെടുത്തുമെന്ന ഉറപ്പാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ഇതിനിടെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ മുതിർന്നവരെ ആദരിച്ചും ഓഫറുകൾ നടപ്പാക്കുന്നുണ്ട്.

ഓഫറുകൾ നൽകുന്നതിൽ ബിജെപിയും പിന്നിലല്ല. എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന് സംസ്ഥാനത്ത് വി എച്ച് പി നടപ്പാക്കുന്ന കോളേജുകളുടെ നടത്തിപ്പവകാശം നൽകാമെന്നാണ് ഓഫർ. ഇതോടെ വെള്ളാപ്പള്ളി അരുവിക്കരയിൽ ഈഴവരുടെ വോട്ട് ബിജെപി അനുകൂല നിലയിലാക്കി. സംസ്ഥാനത്ത് കാർഷിക ബജറ്റ് പ്രഖ്യാപിക്കാമെന്നും റബറിന്റെ താങ്ങുവില 200 രൂപ ആക്കാമെന്നും പറഞ്ഞാണ് പി സി തോമസിനെ പാട്ടിലാക്കിയിട്ടുള്ളത്. ഏതായാലും അരുവിക്കര ഇപ്പോൾ വാരിക്കോരി കൊടുക്കുന്ന പ്രീണനരാഷ്ടീയത്തിന്റെ നാടായ തമിഴ്‌നാടിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP