Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുധാകരൻ തളരുമോ വളരുമോ ? കണ്ണൂരിലെ പഴയ അപ്രമാധിത്വം ഇനി നടക്കില്ല; രാഗേഷിലൂടെ ഐ ഗ്രൂപ്പിനെ തകർക്കാൻ നീക്കം സജീവം; കരുതലോടെ കരുക്കൾ നീക്കി എ വിഭാഗം

സുധാകരൻ തളരുമോ വളരുമോ ? കണ്ണൂരിലെ പഴയ അപ്രമാധിത്വം ഇനി നടക്കില്ല; രാഗേഷിലൂടെ ഐ ഗ്രൂപ്പിനെ തകർക്കാൻ നീക്കം സജീവം; കരുതലോടെ കരുക്കൾ നീക്കി എ വിഭാഗം

രഞ്ജിത് ബാബു

കണ്ണൂർ: കോൺഗ്രസ്സ് നേതാവ് കെ. സുധാകരന് എന്നും തന്റെ അപ്രമാധിത്വം പാർട്ടിയിൽ വേണം. അതിനു സ്വന്തം പാർട്ടിയിലെ ആരുമായും അദ്ദേഹം ഉടക്കും. സ്വന്തം ഗ്രൂപ്പിലുള്ളവരെ പ്പോലും വെട്ടിനിരത്തും. എന്നാൽ സുധാകരന്റെ ശൗര്യം പണ്ടെപോലെ ഫലിക്കുന്നില്ല. ഗ്രൂപ്പിൽ നിന്നും ആളുകൾ കൊഴിഞ്ഞുപോകുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ കോർപ്പറേഷനിൽ വിമതനായി മത്സരിച്ചു ജയിച്ച പി.കെ.രാഗേഷ്.

രാഗേഷിനു മുമ്പുതന്നെ സുധാകരൻ ഗ്രൂപ്പു വിട്ടവർ ഏറെയാണ്. മറ്റൊരു യുവ നേതാവും സുധാകരനുമായി ഇപ്പോൾ അകന്നിരിക്കയാണ്. സുധാകരനുമായി ആത്മബന്ധമുള്ള പലരും തദ്ദേശ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ പോയി. സുധാകരൻ ഗ്രൂപ്പു താത്പര്യം മാത്രം നോക്കി സ്ഥാനാർത്ഥികളെ നിർത്തിയതാണ് പരാജയത്തിന് കാരണമായെതെന്നാണ് എതിർഭാഗക്കാരുടെ ആക്ഷേപം. കണ്ണൂരിൽ സുധാകരന് തടയിടാൻ എ. വിഭാഗവും പഴയ ഐ. വിഭാഗത്തിലെ ഒരു ഗ്രൂപ്പും സജീവമായിട്ടുണ്ട്. കെപിസിസി. ജനറൽ സെക്രട്ടറി പി.രാമകൃഷ്ണനാണ് ഇരു വിഭാഗത്തേയും നയിക്കുന്നത്. മുതിർന്ന നേതാവ് കെ.പി. നൂറുദ്ദീനും മറ്റും സഹായത്തിനുണ്ട്. കെ.സുധാകരന്റെ അപ്രമാധിത്വത്തെ അംഗീകരിക്കാൻ തയ്യാറാകാത്തവരാണിവർ.

സുധാകരന് പാർട്ടിയല്ല സ്വന്തം മേധാവിത്വം മാത്രമാണ് വലുതെന്ന് അവർ ആരോപിക്കുന്നു. സുധാകരനും ഡി.സി.സി. നേതൃത്വവും ഏകപക്ഷീയമായി തീരുമാനിച്ച സ്ഥാനാർത്ഥികൾ ഏറിയ പങ്കും പരാജയപ്പെട്ടത് സുധാകരന് കനത്ത തിരിച്ചടിയാണ്. സ്വന്തം താത്പര്യപ്രകാരം നിർത്തിയ സ്ഥാനാർത്ഥികളുടെ പരാജയം കടുത്ത ക്ഷീണമാണുണ്ടാക്കിയിട്ടുള്ളത്. നിലവിലുള്ള പ്രശ്‌നങ്ങളിൽ നിന്നും കരകയറാൻ പുതിയ തന്ത്രങ്ങളാണ് സുധാകരൻ പയറ്റുന്നത്. കോർപ്പറേഷനിലെ കോൺഗ്രസ്സിന്റെ പരാജയത്തിന് കാരണം പാർട്ടിക്കകത്തെ ചിലരുടെ നെറ്റ് വർക്കാണെന്നാണ് സുധാകരൻ ആരോപിക്കുന്നത്. എന്നാൽ ഇത് വിലപ്പോകില്ലെന്ന നിലപാടിലാണ് മറു വിഭാഗം. സംസ്ഥാനത്തെ വിദ്യാഭ്യാസ കച്ചവടക്കാരന്റെ ഭാര്യക്ക് കോർപ്പറേഷനിൽ കോൺഗ്രസ്സ് ടിക്കറ്റ് നൽകിയതും മണൽ മാഫിയാ ബന്ധമുള്ളവർക്ക് സ്ഥാനാർത്ഥിത്വം നൽകിയതും എങ്ങിനെയെന്ന് എതിരാളികൾ ചോദിക്കുന്നു.

സ്വന്തം താത്പര്യപ്രകാരം ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നുള്ളവരെ കോർപ്പറേഷൻ പരിധിയിൽ വിന്വസിപ്പിച്ച് വോട്ട് ചേർത്ത് സ്ഥാനാർത്ഥികളായി മത്സരിപ്പിച്ചതും പരാജയത്തിന് കാരണമായതായി അവർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഇറക്കുമതി സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും തോറ്റത് സുധാകരനേറ്റ കനത്ത പ്രഹരമാണ്. പ്രതിസന്ധി ഘട്ടത്തിൽ നേതൃത്വം കൂടെനിന്നില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കുമെന്നും ഭരണ പാർട്ടി നേതൃത്വങ്ങൾക്കു നേരെ സുധാകരൻ ഭീഷണി ഉയർത്തിയിരിക്കയാണ്. സുധാകരൻ സജീവമായാൽ കണ്ണൂർ കോൺഗ്രസ്സ് പഴയ പ്രതാപത്തിൽ വരും എന്ന വിശ്വാസത്തിലാണ് എതിർ ഗ്രൂപ്പുകാർ. എന്നാൽ ഭരണ പാർട്ടി നേതൃത്വങ്ങൾക്ക് സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പക്ഷെ എതിരാളികൾക്ക് ഇപ്പോൾ നൂറ് നാവാണ്. സുധാകരനും അദ്ദേഹത്തിന്റെ ഗ്രൂപ്പും നയിക്കുന്ന ഡി.സി.സി.യും വന്നപ്പോൾ സ,ുധാകരൻ കണ്ണൂർ ലോകസഭാ സീറ്റിൽ പരാജയപ്പെട്ടു.

സുധാകരൻ വിഭാഗത്തിന്റെ കടുത്ത എതിരാളിയായ പി.രാമകൃഷ്ണൻ ഡി.സി.സി. പ്രസിഡണ്ടായപ്പോൾ 42,000 വോട്ടിനാണ് സുധാകരൻ ജയിച്ചത്. ഇപ്പോഴിതാ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെ ജില്ലയിലെ എല്ലാ ബ്ലോക്കുകളും കോൺഗ്രസ്സിന് നഷ്ടമായി. സുധാകരൻ ഗ്രൂപ്പിന്റെ പക്ഷപാതമാണ് ഇവിടങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായത്. അവിടെ തിരിച്ചടി ഉണ്ടായതിനും കാരണക്കാരൻ സുധാകരൻ തന്നെ. എതിരാളികൾ ആക്ഷേപിക്കുന്നു. പാർട്ടിയിൽ അച്ചടക്കത്തിന്റെ വാളോങ്ങുന്ന സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കണ്ണൂരിലെ യഥാർത്ഥ ചിത്രം ഇനിയും അറിവായിട്ടില്ലെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. കെപിസിസി. ഉപസമിതി അദ്ധ്യക്ഷൻ എം.എം.ഹസ്സൻ ജില്ലയിൽ എത്തിയപ്പോൾ പരാതികളുടെ പ്രവാഹമായിരുന്നു.

സുധാകരനെ അനുകൂലിക്കുന്ന ഡി.സി.സി.ക്കെതിരെയായിരുന്നു പരാതികളേറേയും. ഇവിടെ പാർട്ടി ഇല്ലാതായിട്ട് കാലമേറെയായെന്നും പ്രാദേശിക അംഗീകാരമുള്ള പ്രവർത്തകർ ഇപ്പോൾ പാർട്ടിക്ക് പുറത്താണെന്നും ഹസ്സന് പരാതി നൽകിയിട്ടുണ്ട്. കണ്ണൂരിലെ കോൺഗ്രസ്സ് തറവാടുകൾ കോൺഗ്രസ്സിനെ മറന്നിരിക്കയാണെന്നും ഇതിനുത്തരവാദി ഇന്നത്തെ ഡി.സി.സി. നേതൃത്വമാണെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പരാതിയുടെ ഗൗരവം അറിഞ്ഞതോടെ നേതൃത്വം കൂടെനിന്നില്ലെങ്കിൽ താൻ കടുത്ത തീരുമാനമെടുക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരിക്കയാണ്.

കെപിസിസി. പ്രസിഡണ്ട് വി എം. സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തന്റെ രക്ഷക്കെത്തുമെന്നാണ് സുധാകരൻ കരുതുന്നത്. പുതിയ പ്രതിസന്ധിയിൽ നിന്നും നീന്തിക്കയറാൻ സുധാകരനാകുമോ ? . രാഷ്ട്രീയ കേരളം കാതോർക്കയാണ്. സുധാകരൻ തളരുമോ വളരുമോ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP