Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുധീരനും ഗ്രൂപ്പുകളും രണ്ട് വഴിക്ക്; പുനഃസംഘടനയെ ചൊല്ലി ഭിന്നത രൂക്ഷം; കെപിസിസി പ്രസിഡന്റിന്റെ നീക്കങ്ങൾക്കെതിരെ പരസ്യ പ്രതികരണവുമായി ഐ ഗ്രൂപ്പ്; തിരിച്ചടിച്ച് ടിഎൻ പ്രതാപനും

സുധീരനും ഗ്രൂപ്പുകളും രണ്ട് വഴിക്ക്; പുനഃസംഘടനയെ ചൊല്ലി ഭിന്നത രൂക്ഷം; കെപിസിസി പ്രസിഡന്റിന്റെ നീക്കങ്ങൾക്കെതിരെ പരസ്യ പ്രതികരണവുമായി ഐ ഗ്രൂപ്പ്; തിരിച്ചടിച്ച് ടിഎൻ പ്രതാപനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഘടനാ പുനഃസംഘടനയെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമേ പുനഃസംഘടന അനുവദിക്കൂ എന്നാണ് എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത നിലപാട്. എന്നാൽ എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിന്തുണയോടെ ഉടൻ ഡിസിസി പുനഃസംഘടന നടത്താനാണ് കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ നീക്കം. കോൺഗ്രസിലെ മുന്നാം പക്ഷം സുധീരന് പിന്തുണയുമായുണ്ട്. ഇതോടെ തർക്കം മൂർച്ഛിക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു കാരണവശാലും പുനഃസംഘടന നടത്താനാകില്ലെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് എ, ഐ ഗ്രൂപ്പുകൾ വ്യക്തമാക്കുന്നു. ഡൽഹിയിൽ ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡി.സി.സി പുനഃസംഘടനയുമായി മുന്നോട്ടു പോകുമെന്ന സന്ദേശമാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നൽകിയിരുന്നത്. എന്നാൽ അതേ വാശിയോടെ തിരിച്ചടിക്കുകയാണ് ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല പക്ഷങ്ങൾ. എന്തുവന്നാലും വിട്ടു കൊടുക്കില്ലെന്നാണ് അവരുടെ നിലപാട്. പരസ്യ പ്രസ്താവനകളുമായി സുധീരനെ നേരിടാൻ ഗ്രൂപ്പകൾ സജീവമായെത്തും. അതിനിടെ സുധീരന്റെ നീക്കങ്ങളെ പിന്തുണച്ച് ടിഎൻ പ്രതാപൻ എംഎൽഎയും രംഗത്തുവന്നു.

യുഡിഎഫിന് അനുകൂല അന്തരീക്ഷം ഇല്ലാതാക്കുന്നുവെന്ന കുറ്റമാണ് ഗ്രൂപ്പുകൾ ചുമത്തുന്നത്. സുധീരന് വ്യക്തിപരമായ വാശിയും ഈഗോയുമെന്ന ആരോപണവും നേതാക്കൾ ഉന്നയിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുള്ള പാർട്ടി പുനഃസംഘടന പ്രായോഗികമല്ല. സ്ഥാനാർത്ഥി നിർണയത്തിലേയ്ക്ക് കടക്കേണ്ട സമയമാണിത്. നിലവിലുള്ളവർ ഭാരവാഹിത്വത്തിന്റെ ബലത്തിൽ സ്ഥാനാർത്ഥികളാകാൻ കാത്തിരിക്കുന്നു. അപ്പോഴത്തെ പുനഃസംഘടന ദോഷമേ ചെയ്യൂവെന്നാണ് എ-ഐവിഭാഗങ്ങളുടെ നിലപാട്. എന്നാൽ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ പിന്തുണ സുധീരനുണ്ടെന്ന് വരുത്തി പുനഃസംഘടന യാഥാർത്ഥ്യമാക്കാനാണ് നീക്കം. ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും ഉപാദ്ധ്യക്ഷൻ രാഹുൽഗാന്ധിയുമായുള്ള ചർച്ചകൾക്ക് ശേഷമാണ് പുനഃസംഘടനാ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സുധീരൻ പ്രഖ്യാപിച്ചത്. സുധീരന് ഹൈക്കമാൻഡിന്റെ പിന്തുണ ലഭിച്ചെന്ന് തന്നെയാണ് ഇതിൽ നിന്ന് പുറത്തുവന്ന സൂചന. അതേസമയം എ, ഐ ഗ്രൂപ്പുകളെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായോ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായോ ഹൈക്കമാൻഡ് ചർച്ച നടത്തിയിട്ടുമില്ല. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പാർട്ടി പുനഃസംഘടന നിറുത്തിവയ്ക്കണമെന്ന നിലപാട് ഇരുവരും നേരത്തേ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.

ഗ്രൂപ്പുകളുടെ സഹകരണമില്ലാതെ ഡി.സി.സി പുനഃസംഘടന പൂർത്തിയാക്കാനാവില്ലെന്നത് ഉറപ്പാണ്. പുനഃസംഘടനാ സമിതികൾ പിരിച്ചുവിട്ട് കെപിസിസി പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് പുനഃസംഘടന നടത്തുകയാണ് സുധീരന്റെ ലക്ഷ്യമെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ ആരോപണം. വയനാട് ഡിസിസി ഭാരവാഹികളിൽ എ-ഐ ഗ്രൂപ്പുകൾ ധാരണയിലെത്തി പട്ടിക തയ്യാറാക്കി. എന്നാൽ ഈ പട്ടികയിൽ വ്യാപക മാറ്റം സുധീരൻ വരുത്തി. ഇതോടെയാണ് സുധീരനെതിരെ ഗ്രൂപ്പുകൾ ഒരുമിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസി പുനഃസംഘടന വരുമ്പോൾ സുധീരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനാണ് ഇവരുടെ നീക്കം. ഇത് മനസ്സിലാക്കിയാണ് പുനഃസംഘടന വേഗത്തിലാക്കി രാഹുൽ ഗാന്ധിയുടെ പിന്തുണയോടെ പ്രസിഡന്റായി തുടരാൻ സുധീരനും ശ്രമിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളിൽ വരുമെന്ന് ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പദയാത്രകളുടെയും തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി രൂപീകരണത്തിന്റെയും തിരക്കിലാണ് ഇപ്പോൾ ഡി.സി.സികൾ. നൂറു മണ്ഡലം കമ്മിറ്റികൾ വരെ രൂപീകരിക്കണം. സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണയം എന്നിവയിലേക്ക് ഡി.സി.സികൾ കടക്കുകയാണ്. ഈ സമയത്ത് പുനഃസംഘടനയ്ക്ക് തുനിയുന്നത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയെല്ലാം വെള്ളത്തിലാക്കുമെന്നാണ് അവർ പറയുന്നത്. എന്നാൽ ഇതിനൊന്നും പുനഃസംഘടനയുമായി ബന്ധമില്ലെന്നാണ് സുധീരന്റെ പക്ഷം.

എന്നാൽ കെപിസിസി എക്‌സിക്യൂട്ടീവാണ് സംഘടനാ പുനഃസംഘടനയിൽ തീരുമാനം എടുത്തത്. അതുകൊണ്ട് തന്നെ അത് ആരും തടസ്സപ്പെടുത്തരുതെന്നാണ് സുധീരനെ അനുകൂലിക്കുന്ന പ്രതാപനെ പോലുള്ള നേതാക്കൾ പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP