Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസും എസ്‌പി- ബിഎസ്‌പി സഖ്യവും പരസ്പരം ഏറ്റുമുട്ടുന്നത് ഗുണമാകുമെന്ന ബിജെപിയുടെ പ്രതീക്ഷ തെറ്റുന്നു; കോൺഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിയുടെ മുന്നോക്ക വോട്ടുകൾ അട്ടിമറിക്കുക മാത്രം; യാദവ- മുസ്ലിം -ദലിത് വോട്ടുകളുടെ ബലത്തിൽ ബിജെപിയുടെ സ്വപ്നങ്ങൾ തകർക്കാനുള്ള കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കിന് എട്ടുസീറ്റുകൾവരെ പ്രതിഫലം ലഭിച്ചേക്കാം; എസ്‌പി-ബിഎസ്‌പി സഖ്യം 50 ഓളം സീറ്റുകളിലേക്ക് കയറുമ്പോൾ ബിജെപി 25ൽ താഴെയായി ചുരുങ്ങും; യുപിയിൽ സംഭവിക്കുന്നത് എന്തെന്ന് വിലയിരുത്തുമ്പോൾ

കോൺഗ്രസും എസ്‌പി- ബിഎസ്‌പി സഖ്യവും പരസ്പരം ഏറ്റുമുട്ടുന്നത് ഗുണമാകുമെന്ന ബിജെപിയുടെ പ്രതീക്ഷ തെറ്റുന്നു; കോൺഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിയുടെ മുന്നോക്ക വോട്ടുകൾ അട്ടിമറിക്കുക മാത്രം; യാദവ- മുസ്ലിം -ദലിത് വോട്ടുകളുടെ ബലത്തിൽ ബിജെപിയുടെ സ്വപ്നങ്ങൾ തകർക്കാനുള്ള കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കിന് എട്ടുസീറ്റുകൾവരെ പ്രതിഫലം ലഭിച്ചേക്കാം; എസ്‌പി-ബിഎസ്‌പി സഖ്യം 50 ഓളം സീറ്റുകളിലേക്ക് കയറുമ്പോൾ ബിജെപി 25ൽ താഴെയായി ചുരുങ്ങും; യുപിയിൽ സംഭവിക്കുന്നത് എന്തെന്ന് വിലയിരുത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ:  ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമികയായ ഉത്തർപ്രദേശിൽ, കോൺഗ്രസും, എസ്‌പി- ബിഎസ്‌പി സഖ്യവും പരസ്പരം ഏറ്റുമുട്ടുന്നത് ഗുണമാകുമെന്ന ബിജെപിയുടെ പ്രതീക്ഷ തെറ്റുന്നതിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിജെപിയുടെ പരമ്പരാഗത വോട്ടുകളായ മുന്നോക്കവോട്ടുകളിൽ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ സ്ഥാനാർത്ഥിത്വമാണ് ഇവിടെ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ബ്രാഹ്മണ- രജപുത്ര സമുദായങ്ങളിലുള്ള മുന്നോക്ക വോട്ടുകൾ കോൺഗ്രസിനും ബിജെപിക്കും ഇടയിലായി ഭിന്നിക്കപ്പെടുമ്പോൾ, യാദവ- മുസ്ലിം ദലിത് വോട്ടുകൾ എസ്‌പി- ബിഎസ്‌പി സഖ്യത്തിനായി ഏകോപിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന സി വോട്ടർ അടക്കമുള്ള തെരഞ്ഞെടുപ്പ് വിശകല ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

2014ൽ യുപിയിൽ തകർപ്പൻ വിജയമാണ് എൻഡിഎ നേടിയത്. ആകെയുള്ള 80ൽ 73 സീറ്റുമായി ഡൽഹിയിൽ അധികാരക്കസേര സ്വന്തമാക്കിയ എൻഡിഎക്ക് ഇത്തവണ അതിന്റെ പകുതിയിൽ മാത്രമേ പ്രതീക്ഷയുള്ളൂ. അന്ന് ഇതിൽ 71 സീറ്റ് ബിജെപി തനിച്ചാണ് നേടിയത്. മായാവതി നയിക്കുന്ന ബിഎസ്‌പി, അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി ,അജിത് സിങ്ങിന്റെ ആർഎൽഡി എന്നിവർ ഒന്നിച്ച് നിന്ന് പ്രതിപക്ഷ സഖ്യമായി കരുത്തോടെ രംഗത്തിറങ്ങിയതാണ്, കാവിപ്പടയ്ക്ക് ഇത്തവണ പ്രധാന വെല്ലുവിളി ഉയർത്തുന്നത്. കോൺഗ്രസ് ഈ സഖ്യത്തിൽ ഇല്ലെങ്കിലും ബിജെപിയെ തോൽപ്പിക്കാനുള്ള തന്ത്രപൂർവമായ പ്രവർത്തനമാണ് നടത്തുന്നത്. 26 ഇടത്ത് കോൺഗ്രസിന്റെ പിന്തുണ എസ്‌പി- ബിഎസ്‌പി സഖ്യത്തിനാണ്. എസ്‌പി- ബിഎസ്‌പി സഖ്യം 50 സീറ്റിന് അടുപ്പിച്ച് ഉയരുമ്പോൾ, ബിജെപി 20നും 25നും ഇടയിൽ ഒതുങ്ങുമെന്നും, കോൺഗ്രസ് രണ്ടു മുതൽ എട്ടു സീറ്റുകൾ നേടുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ നടത്തുന്ന അവസാനഘട്ട വിലയിരുത്തൽ.

മുന്നോക്ക പിന്നോക്ക വ്യത്യാസമില്ലാതെ ഹിന്ദു സമുദായം ഒന്നടങ്കം 2014ൽ മോദിക്കുപിന്നിൽ അണിനിരന്ന കാഴ്ചയല്ല യുപിയിൽ ഇക്കുറി. യുപിയിൽ ആകെയുള്ള വോട്ടർമാർ ഏകദേശം 14 കോടിയാണ്. ഹിന്ദു ഏകീകരണത്തിലൂടെ കഴിഞ്ഞ തവണ ബിജെപി നേടിയത് 42.6% വോട്ടുകൾ. എസ്‌പി (22.3%), ബിഎസ്‌പി (19.77%), കോൺഗ്രസ് (7.53%), ആർഎൽഡി (0.86%) എന്നിങ്ങനെയായിരുന്നു മറ്റു കക്ഷികളുടെ വോട്ട് നില. എസ്‌പി, ബിഎസ്‌പി, ആർഎൽഡി കക്ഷികളുടെ സംയുക്ത വോട്ട് നില (42.93%) ബിജെപിയെക്കാൾ കൂടുതലാണ്. കടലാസിലെ ഈ കണക്ക് പ്രതിപക്ഷ സഖ്യത്തിന് പ്രതീക്ഷ നൽകുന്നു. പക്ഷേ മുലായം സിങ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവ് സ്വന്തം പാർട്ടി രൂപീകരിച്ചു മത്സരത്തിനിറങ്ങിയത് എസ്‌പിക്കു ദോഷം ചെയ്യുന്നുണ്ട്. ചുരുങ്ങിയത് 7 മണ്ഡലങ്ങളിൽ ശിവ്പാൽ, എസ്‌പിയുടെ യാദവ് വോട്ട് ബാങ്ക് പിളർത്തുന്നുണ്ട്.

എല്ലാവരും ഉറ്റുനോക്കുന്നത് എംവൈഡി ഫോർമുലയിൽ

ഡൽഹിയിലേക്കുള്ള റോഡ് ലഖ്നൗവിലൂടെയാണെന്നത് വെറുമൊരു വാചകം മാത്രല്ല ഇന്ത്യ കണ്ടറിഞ്ഞ യാഥാർഥ്യം കൂടിയാണ്. ഇന്ത്യയിൽ ഏറ്റവുമധികം ലോക്സഭാ മണ്ഡലങ്ങളുള്ള (80) സംസ്ഥാനമെന്ന നിലയിൽ രാജ്യം ആരു ഭരിക്കണമെന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന പ്രദേശമാണ് ഉത്തർപ്രദേശ്. ഇന്ത്യ ഭരിച്ച 14 പ്രധാനമന്ത്രിമാരിൽ 9 പേർ വിജയിച്ചു കയറിയത് യുപിയുടെ മണ്ണിൽ നിന്ന്. അതുകൊണ്ടുതന്നെ യുപി പിടിക്കൽ ഇത്തവണയും നിർണ്ണായകമാണ്. വികസനത്തെക്കാളും മറ്റും ഇവിടെ പിടിച്ചുകയറുക ജാതി രാഷ്ട്രീയം തന്നെയാണ്. അതുകൊണ്ടു തന്നെ എംവൈഡി ( myd) എന്നറിയപ്പെടുന്ന ഒരു ഫാക്ടറാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധർ ഏറ്റവും കൂടുതൽ ചർച്ചക്കെടുക്കുന്നത്.

എംവൈഡി എന്നാൽ മറ്റൊന്നുമല്ല മുസ്ലിം- യാദവ- ദലിത് വോട്ടുകൾ. പ്രമുഖ സർവേ എജൻസിയായ സി വോട്ടറിന്റെ വിലയിരുത്തൽ പ്രകാരം എംവൈഡി ജനസംഖ്യ അമ്പത് ശതമാനത്തിൽ കുടതലുള്ള 47 മണ്ഡലങ്ങളാണ് യുപിയിൽ നിർണ്ണായകമാവുക. ഈ വോട്ടുകൾ എസ്‌പി- ബിഎസ്‌പി സഖ്യത്തിനായാണ് കേന്ദ്രീകരിക്കപ്പെടുകയെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിൽ ബിജെപി കടുത്ത തിരിച്ചടി ഭയക്കുന്നുണ്ട്. എസ്‌പിയുടെ ശക്തിയായ യാദവരും ബിഎസ്‌പിക്കുള്ള ദലിത് പിന്തുണയും ആർഎൽഡിയുടെ ജാട്ട് സ്വാധീനവും പ്രതിപക്ഷ സഖ്യത്തിന് ഗുണകരമാവും. മുസ്ലീങ്ങൾ പഴയതുപോലെ സമാജ്വാദി പാർട്ടിയോട് വലിയ അടുപ്പം കാണിക്കുന്നില്ലെങ്കിലും, ബിജെപിയെ തോൽപ്പിക്കുക എന്ന നിലപാടാണ് അവർ പൊതുവെ എടുക്കാറുള്ളത്. അതുകൊണ്ടുതന്നെ ആ വോട്ടുകളും എസ്‌പി- ബിഎസ്‌പി സഖ്യത്തിനു തന്നെയാണ് ലഭിക്കുക.

സി വോട്ടറിന്റെ കണക്ക് പ്രകാരം യുപിയിലെ എല്ലാ മണ്ഡലങ്ങളിലും നാൽപ്പത് ശതമാനത്തോളം എംവൈഡി ജനസംഖ്യയുണ്ട്. എംവൈഡി ജനസംഖ്യ ഇതിൽനിന്ന് എത്ര കൂടുന്നുവോ അത്രയും ബിജെപിയുടെ സാധ്യതകൾ മങ്ങുകയാണെന്ന് പഠനം വ്യക്താമാക്കുന്നു. ഇതിൽ എംവൈ ഡി സംഖ്യ 60 ശതമാനം കഴിയുന്ന പത്ത് മണ്ഡലങ്ങൾ ശരിക്കും ബിജെപിക്ക് ബാലികേറാമലയാവും. മുലായംസിങ് യാദവിന്റെ മണ്ഡലമായിരുന്നു അസംമാർഗ്, ഘോഷി, ഫിറോസാബാദ്, ജാൻപൂർ, അംബദ്ക്കർ നഗർ, ദൊമാരിയഗഞ്ചി, ബദോഹി, ബിജ്നോർ, മോഹൻലാൽഗഞ്ചി, സീതാപുർ എന്നീ മണ്ഡലങ്ങിൽ എൻഡിഎക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നാണ് സി വോട്ടർ പറയുന്നത്. 2014ൽ മുലായംസിങ്ങ് യാദവ് ജയിച്ച അസംമാർഗിൽ 68.3 ആണ് എംവെഡി സംഖ്യ. ഇവിടെ മൂന്നരലക്ഷം വോട്ടായിരുന്നു മുലായത്തിന്റെ ഭൂരിപക്ഷം.

കോൺഗ്രസിന്റേത് പൊളിറ്റിക്കൽ സർജിക്കൽ സട്രൈക്ക്

യുപി പിടിക്കാനുള്ള ഓട്ടത്തിൽ മൂന്നാം സ്ഥാനത്തെങ്കിലും, നിരവധി മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ നിശ്ചയിക്കാനുള്ള കെൽപ് കോൺഗ്രസിനുണ്ട്. തങ്ങൾക്കു വിജയ പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ടുകൾ പരമാവധി പിളർത്തി പ്രതിപക്ഷസഖ്യത്തിനു കാര്യങ്ങൾ എളുപ്പമാക്കുകയാണു കോൺഗ്രസ് നയം. അവിടെ ബിജെപി വോട്ട് ബാങ്ക് പിളർത്താൻ മുന്നാക്കവിഭാഗ സ്ഥാനാർത്ഥികളെ കോൺഗ്രസ് അണിനിരത്തുന്നുണ്ട്. ഉദാഹരണമായി എംവൈഡി വോട്ടുകൾ നിർണ്ണയകമായ മണ്ഡലങ്ങളിൽ പലയിടത്തും കോൺഗ്രസ് നിർത്തിയിരിക്കുന്ന ബ്രാഹ്മണ സ്ഥാനാർത്ഥികളെയാണ്. അതായത് ബിജെപിക്ക് കിട്ടുന്ന മുന്നോക്ക വോട്ടുകൾ കൃത്യമായി ഭിന്നിച്ച് പ്രതിപക്ഷ സഖ്യത്തിന്റെ വിജയം ഉറപ്പുവരുത്തുക എന്ന തന്ത്രം തന്നെ.

യുപിയിൽ 64 സീറ്റുകളിൽ മൽസരിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ചിത്രത്തിലുള്ളത് വെറും 22 സീറ്റുകളിലാണ്. ബാക്കി 26 ഇടത്ത് പിന്തുണ എസ്‌പി- ബിഎസ്‌പി സഖ്യത്തിനാണ്. ഒരുകാരണവശാലും ബിജെപിയെ വിജയിപ്പിക്കില്ല എന്ന തന്ത്രമാണ് ഇവിടെ കോൺഗ്രസ് പയറ്റുന്നത്. ഖാസിപ്പൂരിൽ ബിജെപി നേതാവ് കാലുമാറി കോൺഗ്രസിൽ എത്തിയെങ്കിലും അത്തരം ഒരു മൽസരം എസ്‌പി- ബിഎസ്‌പി സഖ്യത്തിന്റെ സാധ്യതകൾക്ക തടസ്സമാകുമെന്ന് കണ്ട് രാഹുൽ ഗാന്ധി ഇടപെട്ട് സ്ഥാനാർത്ഥിലെ പിൻവലിക്കുകയായിരുന്നു.

എന്നാൽ ഒത്തു പിടിച്ചാൽ വിജയിക്കാമെന്നു പ്രതീക്ഷയുള്ള ചില മണ്ഡലങ്ങളിൽ കോൺഗ്രസ് തന്ത്രം മാറ്റി പയറ്റുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ വോട്ടുകൾ ഇവിടെ കോൺഗ്രസ് ലക്ഷ്യമിടുന്നു. മുസ്ലിം വോട്ടുകളാണ് കോൺഗ്രസ് പ്രതീക്ഷ. ചിലയടിത്ത് ബിജെപി ജയിക്കാതിരിക്കാൻ പ്രതിപക്ഷ സഖ്യം കോൺഗ്രസിനെയും സഹായിക്കുന്നുണ്ട്. അങ്ങനെയാണ് കോൺഗ്രസ് പ്രതീക്ഷ എട്ടു സീറ്റുകളിൽ എത്തുന്നത്. എട്ടുമുതൽ 14 സീറ്റുവരെ എന്ന ഒരു സാധ്യതയാണ് കോൺഗ്രസ് നേതാക്കളും പറയുന്നത്. നിലവിൽ അമേഠി, റായ്ബറേലി എന്നീ രണ്ട് കുത്തക മണ്ഡലങ്ങൾ മാത്രമാണ് ഇവിടെ കോൺഗ്രസിന് ഉള്ളത്. അതുകൊണ്ടതന്നെ എത്ര കിട്ടിയാലും ബോണസ് എന്നതാണ് കോൺഗ്രസിന്റെ നിലപാട്.

ബിജെപിയെ ആക്രമിക്കുന്ന പോലെ കോൺഗ്രസിനെ രൂക്ഷമായി ആക്രമിക്കാതെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രചാരണം. അമേഠിയിലും റായ്ബറേലിയും പ്രതിപക്ഷ സഖ്യം സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. മോദിക്കെതിരെ വാരാണസിയിൽ പ്രിയങ്ക ഗാന്ധി മൽസരിക്കുകയാണെങ്കിൽ അത് വലിയയൊരു സാധ്യത കോൺഗ്രസിന് ഹിന്ദി മേഖലയിൽ ഒട്ടാകെ ഉണ്ടാക്കുമായിരുന്നെന്നും എന്നാൽ കോൺഗ്രസ് ആ സാധ്യത കളഞ്ഞുകുളിച്ചെന്നും ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നുണ്ട്.ന്യായ് പദ്ധതിയുമായി (നിർധനരുടെ അക്കൗണ്ടിൽ പ്രതിവർഷം 72,000 രൂപ) കർഷ പ്രശനങ്ങളുമാണ് കോൺഗ്രസും രാഹുൽഗാന്ധിയും പ്രചാരണായുധമായി ഉയർത്തുന്നത്. ഒപ്പം പതിവുപോലെ ജിഎസ്ടിയും നോട്ട് നിരോധനവും.

ബിജെപിയുടെ ബലം തീവ്ര ഹിന്ദുത്വം തന്നെ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ വിജയവും രണ്ടുവർഷം മുമ്പ് യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്ന വൻ വിജയവും കൂടിയായതോടെ യുപി ഇനി തങ്ങളുടെ കോട്ടയാണെന്ന നിഗമനത്തിലായിരുന്നു ബിജെപി. എന്നാൽ കഴിഞ്ഞ വർഷം നടന്ന ലോകസഭാ ഉപ തെരഞ്ഞെടുപ്പുകളിൽ യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂർ അടക്കമുള്ളവിടങ്ങളിൽ തോറ്റതോടെയാണ് കാറ്റ് തിരിച്ചു വീശുന്നകാര്യം ബിജെപി തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് രാമക്ഷേത്രമടക്കമുള്ള തീവ്ര ഹിന്ദുത്വ വിഷയങ്ങൾ എടുത്തിട്ടാണ് ബിജെപിയുടെ പ്രചാരണം.

വാരണാസിയും ഗൊരഖ്പൂരും അടക്കമുള്ള കിഴക്കൻ യുപിയിൽ, തീവ്ര ഹിന്ദുത്വത്തിന്റെ കൂടി ബലത്തിൽ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണത്തെപോലെ തരംഗമില്ലെന്ന് ബിജെപി നേതാക്കളും തിരിച്ചറിയുന്നുണ്ട്. ജാതവ് ഇതര ദലിത്, യാദവ് ഇതര ഒബിസി വോട്ടുകൾ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടിയിപ്പോൾ. മുന്നോക്ക വിഭാഗത്തിനൊപ്പം, ഓരോ മണ്ഡലത്തിലും സാന്നിധ്യമുള്ള ഇതര ജാതി വോട്ടുകൾ (ഗുജ്ജർ, പാസി, ധോബി, കശ്യപ്) കൂടി ചേരുമ്പോൾ വിജയത്തിനുള്ള വോട്ടുറപ്പിക്കാമെന്നു ബിജെപി കണക്കുകൂട്ടുന്നു.

മോദി എന്ന കരുത്തുറ്റ നേതാവ്, ദേശീയവാദം എന്നിവ മുഖ്യ പ്രചാരണ വിഷയമാക്കുന്ന ബിജെപി, തങ്ങളുടെ ഭരണകാലയളവിൽ നടപ്പാക്കിയ നോട്ട് നിരോധനം, ജിഎസ്ടി എന്നിവയെക്കുറിച്ചു മൗനം പാലിക്കുന്നു. ദേശീയവാദവും മോദിപ്രഭാവവും നഗരവോട്ടർമാരെ സ്വാധീനിക്കുന്നുണ്ടെന്ന് സീ വോട്ടർ വ്യക്തമാക്കുമ്പോൾ ഗ്രാമീണമേഖലകളിൽ പക്ഷേ, അതു കാര്യമായി ഏശുന്നില്ല. അവിടെ കർഷകദുരിതവും തൊഴിലില്ലായ്മയുമാണു മുഖ്യ വിഷയങ്ങൾ. മോദിയെന്ന പ്രധാനമന്ത്രി സ്ഥാനാർത്ഥിക്കു തുല്യമായ പെരുമയിൽ മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിനാവുന്നില്ല. പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി തന്നെയെങ്കിലും കോൺഗ്രസ് അതിന് അമിത പ്രചാരണം നൽകുന്നില്ല. അടുത്ത പ്രധാനമന്ത്രി യുപിയിൽ നിന്നായിരിക്കുമെന്ന അഖിലേഷിന്റെ ഒറ്റവാചകത്തിൽ ഒതുങ്ങുന്നു പ്രതിപക്ഷ സഖ്യത്തിന്റെ വാഗ്ദാനം. ഈ നേതൃഗുണം ബിജെപിക്ക് ഗുണമാകുമെന്നാണ് പൊതുവേ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP