Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഎസിന് വിനയായത് മകന്റെ ഉപദേശം; നേതാക്കൾ പിന്നാലെ എത്തി ആശ്വസിപ്പിച്ചു പോകുമെന്ന ഉപദേശം പാളി: ഇല്ലം വിട്ടെങ്കിലും അമ്മാത്തോട്ട് എത്താതെ പോയ നിരാശയിൽ പ്രതിപക്ഷ നേതാവ്: അനുയായികളും ചോരുന്നു

വിഎസിന് വിനയായത് മകന്റെ ഉപദേശം; നേതാക്കൾ പിന്നാലെ എത്തി ആശ്വസിപ്പിച്ചു പോകുമെന്ന ഉപദേശം പാളി: ഇല്ലം വിട്ടെങ്കിലും അമ്മാത്തോട്ട് എത്താതെ പോയ നിരാശയിൽ പ്രതിപക്ഷ നേതാവ്: അനുയായികളും ചോരുന്നു

തിരുവനന്തപുരം: പാർട്ടിയെയും അണികളെയും ഞെട്ടിച്ച് ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ നിന്നിറങ്ങിപ്പോകാൻ വി എസ്് അച്യുതാനന്ദനെ ഉപദേശിച്ചത് മകൻ വി.എ. അരുൺകുമാറെന്നു സൂചന. സമ്മേളനത്തിനിടെ ഔദ്യോഗികപക്ഷം തനിക്കെതിരെ ആദ്യമായി പരസ്യനടപടികളുമായി മുന്നോട്ടുപോകുന്നതിനെതിരെ എന്തുചെയ്യണമെന്നറിയാതെയിരുന്ന വി.എസിനോട് സമ്മേളനം ഉപേക്ഷിച്ച് ഇറങ്ങിപ്പോരാനും അപ്പോൾ കേന്ദ്ര നേതാക്കൾ പിന്നാലെ വന്ന് അനുനയിപ്പിച്ചുകൊണ്ടു പൊയ്‌ക്കോളുമെന്നും ഉപദേശിച്ചത് മകനാണത്രേ. നേതാക്കൾ പിറകേ വരുമ്പോൾ വി.എസിനെതിരേ പാർട്ടി സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയത്തിൽ തിരുത്തലുകൾ വരുത്താൻ ആവശ്യപ്പെടാമെന്നും ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ വി എസ് ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുനേടിയെടുക്കാൻ കഴിയുമെന്നും അരുൺകുമാർ പറഞ്ഞുവത്രെ.

എന്നാൽ സമ്മേളനവേദിവിട്ട് ഇറങ്ങിപ്പോയതിലൂടെ പാർട്ടിയിൽ വി എസ്് അസാധാരണ കീഴ്‌വഴക്കത്തിനു തുടക്കമിട്ടതായാണ് സംസ്ഥാന കമ്മിറ്റിയിൽ അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ പോലും പറയുന്നത്. വി എസ് ഒരിക്കലും പാർട്ടിവിട്ടു പോകില്ലെന്നുറപ്പുള്ളതിനാലാണ് ഇവർ കൂടെ പോകാതിരുന്നത്. പോയിരുന്നെങ്കിൽ പാർട്ടിക്കുള്ളിൽ തങ്ങളുടെ നിലനിൽപ്പുതന്നെ പരുങ്ങലിലാകുമെന്ന് അവർ വി എസ്സിനെ അറിയിക്കുകയും ചെയ്തു. മാത്രമല്ല, ഇറങ്ങിപ്പോകുന്നതിനുപകരം സമ്മേളനത്തിൽ ആദ്യാവസാനം പങ്കെടുത്ത് വി എസ്് പോരാടണമെന്നും സംസ്ഥാന കമ്മിറ്റിയിൽ അദ്ദേഹത്തിന്റെ വിശ്വസ്തരായ രണ്ട് അനുയായികൾ ആവശ്യപ്പെട്ടു.

ഇതോടെ ഒറ്റപ്പെട്ട വി.എസിനു മകന്റെ നിർദ്ദേശം പിന്നീട് ഇരുതലമൂർച്ചയുള്ള വാളായി മാറുകയായിരുന്നു. പൊളിറ്റ്ബ്യൂറോയിലെ ഒരംഗവും അദ്ദേഹത്തെ അുയിപ്പിച്ചില്ലെന്നു മാത്രമല്ല, പാർട്ടി വിരുദ്ധതീരുമാനം എടുത്ത വി.എസിന് അന്ത്യശാസനം നൽകണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെടുകയും ചെയ്തു. പാർട്ടിക്കെതിരെ വി എസ് ആരംഭിക്കുന്ന ഇത്തരം പ്രവണതകൾ വച്ചുപുലർത്താൻ അനുവദിക്കരുതെന്നും വരുംതലമുറയും അത് അനുകരിക്കുമെന്നും ഒരു പൊളിറ്റ്ബ്യൂറോ അംഗം പറഞ്ഞുവത്രെ. കേന്ദ്രകമ്മിറ്റി അംഗങ്ങളും ഇതേ നിർദ്ദേശം വച്ചതോടെ വി.എസിനെ അദ്ദേഹത്തിന്റെ വഴിക്കു വിടാനും പാർട്ടി പതിവുരീതിയിൽ മുന്നോട്ടുപോകാനും തീരുമാനമെടുക്കുകയായിരുന്നു.

മറ്റ് നേതാക്കൾ കൈവിട്ടാലും പുതിയ സെക്ട്രറി കോടിയേരി ബാലകൃഷ്ണൻ എങ്കിലും അനുനയ ശ്രമവുമായി വരുമെന്ന് വി എസ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വി എസ്സും പാർട്ടിയുമായി നിലനില്ക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി പുതിയ സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ താൻ അദ്ദേഹത്തെ കാണാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി വ്യക്തമാക്കിയതോടെ ആ പ്രതീക്ഷയും അസ്ഥാനത്താകുകയായിരുന്നു. അനുനയമെന്ന ഏർപ്പാട് പാർട്ടിയിൽ ഇല്ലെന്ന് വ്യക്തമാക്കുക കൂടി ചെയ്തതോടെ ഇനി വി എസ് എന്തുചെയ്യുമെന്നാണ് രാഷ്ട്രീയ കേരളം കാതോർക്കുന്നത്.

വി.എസിന്റെ പ്രതിച്ഛായയ്ക്ക് പലതവണ മകൻ അരുൺകുമാർ മങ്ങലേൽപ്പിച്ചിട്ടുണ്ട്. വി എസ്് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അരുൺകുമാറിനെ ഐഎച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടറാക്കിയതിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. കൂടാതെ ചൂതാട്ടപെൺവാണിഭ കേന്ദ്രമായ ഹോങ്കോങ്ങിലെ മക്കാവ് ദ്വീപിലേക്കുള്ള അരുൺകുമാറിന്റെ യാത്രയും വിവാദമായിരുന്നു. ഇതുവരെ തന്റെ വിശ്വസ്തരുടെ ഉപദേശമായിരുന്നു വി എസ് സ്വീകരിച്ചിരുന്നത്. മകന്റെ ഉപദേശം സ്വീകരിച്ചതാകട്ടെ അദ്ദേഹത്തെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP