Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവർത്തകർ ആവശ്യപ്പെട്ടത് റായ്ബറേലിയിൽ മത്സരിക്കണമെന്ന്; അപ്പോൾ തിരിച്ച് ചോദിച്ചത് എന്തുകൊണ്ട് വാരാണസിയിൽ മത്സരിച്ചുകൂടാ എന്നും; രൂപത്തിലും ഭാവത്തിലും നടപ്പിലും മുത്തശ്ശിയുമായി സാദൃശ്യം; ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇന്ദിരയെ ഓർമ്മപ്പെടുത്തി മുന്നിൽ പട നയിച്ച് പ്രിയങ്ക; മോദിയുടെ മണ്ഡലം ഉൾപ്പെടുന്ന കാവിക്കോട്ടകളിലേക്ക് ചങ്കുറപ്പോടെ കാലെടുത്തുവെക്കാൻ നേതാവ്; മോദിയെ നേരിടാൻ പ്രിയങ്ക എത്തുമോ എന്ന ചോദ്യം എങ്ങും നിറയുമ്പോൾ...

പ്രവർത്തകർ ആവശ്യപ്പെട്ടത് റായ്ബറേലിയിൽ മത്സരിക്കണമെന്ന്; അപ്പോൾ തിരിച്ച് ചോദിച്ചത് എന്തുകൊണ്ട് വാരാണസിയിൽ മത്സരിച്ചുകൂടാ എന്നും; രൂപത്തിലും ഭാവത്തിലും നടപ്പിലും മുത്തശ്ശിയുമായി സാദൃശ്യം; ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇന്ദിരയെ ഓർമ്മപ്പെടുത്തി മുന്നിൽ പട നയിച്ച് പ്രിയങ്ക; മോദിയുടെ മണ്ഡലം ഉൾപ്പെടുന്ന കാവിക്കോട്ടകളിലേക്ക് ചങ്കുറപ്പോടെ കാലെടുത്തുവെക്കാൻ നേതാവ്; മോദിയെ നേരിടാൻ പ്രിയങ്ക എത്തുമോ എന്ന ചോദ്യം എങ്ങും നിറയുമ്പോൾ...

മറുനാടൻ മലയാളി ബ്യൂറോ

റായ്ബറേലി: അമ്പത്താറ് ഇഞ്ചിന്റെ നെഞ്ചളവായിരുന്നു മോദിയെ അധികാരത്തിലെച്ചത്. കാവൽകാരൻ താനാണെന്ന് പ്രഖ്യാപിച്ച് വീണ്ടും ജനവിധി തേടാൻ മോദി എത്തുമ്പോൾ പ്രതിപക്ഷത്ത് ഇപ്പോൾ കരുത്തയായ നേതാവുണ്ട്. നടപ്പിലും നോക്കിലും പ്രവർത്തിയിലും ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്കാ ഗാന്ധി. ശത്രുവിനെ പുലിമടയിൽ പോയി നേരിടാനാണ് പ്രിയങ്കയ്ക്ക് താൽപ്പര്യം. കോൺഗ്രസിനായി ഏന്ത് വെല്ലുവിളി ഏറ്റെടുക്കാനും പ്രിയങ്ക തയ്യാർ. അതിൽ ഏറ്റവും വലുതാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസിയിൽ മത്സരിക്കാനുള്ള സന്നദ്ധത വെളിപ്പെടുത്തി പ്രിയങ്ക ഗാന്ധി.

അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടയിലാണ് പ്രിയങ്ക വാരാണസിയിൽ മത്സരിക്കാനുള്ള സന്നദ്ധത വെളിപ്പെടുത്തിയത്. പ്രചാരണത്തിനിടെ റായ്ബറേലിയിൽ മത്സരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയോട് അഭ്യർത്ഥിച്ചിരുന്നു. അപ്പോൾ എന്തുകൊണ്ട് വാരാണസിയിൽ മത്സരിച്ചുകൂട എന്നാണ് പ്രിയങ്ക മറുപടിയായി നൽകിയത്. ഇതോടെ വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന ചർച്ച സജീവമാവുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെജ്രിവാളും ഇതേ പ്രഖ്യാപനവുമായി വാരണാസിയിൽ എത്തിയിരുന്നു. എന്നാൽ മോദി തംരഗത്തിൽ കെജ്രിവാൾ തളർന്ന് വീണു.

എന്നാൽ ഇപ്പോൾ കാറ്റ് മറുവശത്തേക്കാണ്. യുപിയിൽ ബിജെപിയുടെ നില പരുങ്ങലിലും. അതുകൊണ്ട് തന്നെ പ്രിയങ്ക വാരണാസിയിൽ എത്തിയാൽ വിയർക്കുക മോദിയാകും. ഇത് മനസ്സിലാക്കിയാണ് പ്രിയങ്കയുടെ നീക്കം. ദിവസങ്ങൾക്ക് മുമ്പ് പാർട്ടി ആവശ്യപ്പെടുന്ന ഏത് സീറ്റിലും മത്സരിക്കാൻ താൻ തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാരാണസി മണ്ഡലത്തിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രതികരണം വന്നിരിക്കുന്നത്. ഇതോടെ കോൺഗ്രസുകാർ ആവേശത്തിലാണ്.

നിലവിൽ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല ഉള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക. പാർട്ടി ഇവിടേക്ക് നിയോഗിച്ചതോടെ സോണിയയുടെ മണ്ഡലത്തിൽ പ്രിയങ്ക മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. പ്രിയങ്ക മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. കിഴക്കൻ യുപിയുടെ ചുമതല ലഭിച്ചതിന് പിന്നാലെ പ്രിയങ്ക നടത്തിയ റാലികളും ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്രയും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വരാണസിയിൽ മത്സരിച്ചാലോ എന്ന ചോദ്യം പ്രിയങ്ക തന്നെ ഉയർത്തുന്നത്.

പ്രിയങ്ക ഗാന്ധി പാർട്ടി നേതൃനിരയിലേക്ക് എത്തണമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ നീണ്ട കാലത്തെ ആഗ്രഹമാണ്. ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂവെന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തുയർന്ന അതേ വികാരം പ്രിയങ്കയും കോൺഗ്രസിൽ നിറയ്ക്കുമെന്നാണ് അണികളുടെ പ്രതീക്ഷ. മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുടെ രൂപ സാദൃശ്യമാണ് പ്രിയങ്കയെ കോൺഗ്രസുകാരുടെ പ്രിയങ്കരിയാക്കുന്നത്. നടത്തത്തിലും ചലനത്തിലും എല്ലാം നമുക്ക് ഇന്ദിരയെ പ്രിയങ്കയിലൂടെ കാണാം. അതുകൊണ്ട് തന്നെ പ്രിയങ്കയിലൂടെ ഇന്ദിരാ ഗാന്ധിയുടെ ഓർമ്മപ്പെടുത്തലുണ്ടാക്കിയെടുത്ത് ഉത്തരേന്ത്യയെ കോൺഗ്രസ് പക്ഷത്ത് നിർത്താനാണ് നീക്കം. ഇതിനൊപ്പം തെക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ മേഖലയിലുമെല്ലാം പ്രിയങ്കയ്ക്ക് ചലനമുണ്ടാക്കാനാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. സോണിയാ ഗാന്ധിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഏറെയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രിയങ്കയെ സജീവമാക്കി സോണിയയുടെ കുറവ് പരിഹരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് വ്യക്തം.

മോദിയെ നേരിടാൻ യുപിയിൽ ബൂത്ത് തലം തൊട്ടുള്ള പ്രവർത്തനത്തെ ഏകോപിപ്പിക്കുക പ്രിയങ്കയാവും. 2014ൽ മോദിയെ ചിലയിടങ്ങളിൽ സമ്മർദ്ദത്തിലാക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു. കടുത്ത ഭരണവിരുദ്ധ തരംഗം ഉള്ളപ്പോൾ പ്രിയങ്ക രാഷ്ട്രീയ മൈലേജ് ലഭിക്കുമെന്ന് രാഹുലിന് അറിയാം. 2014ൽ ഭർത്താവ് റോബർട്ട് വധേരയുടെ കേസുകൾ പിന്നാലെ ഉള്ളതിനാലാണ് അവർ തൽക്കാലം വിട്ടുനിന്നത്. എന്നാൽ 2019ൽ പ്രചാരണത്തിന്റെ പ്രധാന ശക്തികേന്ദ്രം പ്രിയങ്കയാവുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇന്ദിരയുടെ അതേ പ്രസംഗ ശൈലിയാണ് പ്രിയങ്കയ്ക്കുള്ളത്. പ്രിയങ്കയുടെ പ്രസംഗം നടക്കുന്ന വേദികളിൽ വൻ ജനാവലിയും ഉണ്ടാവാറുണ്ട്. മുത്തശ്ശിയുടെ നിശ്ചയദാർഢ്യവും അമ്മയുടെ പ്രസരിപ്പും ഉൾക്കൊള്ളുന്ന പ്രിയങ്കയ്ക്കു അണികളെ കൈയിലെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദം സംബന്ധിച്ചുയർന്ന തർക്കം പരിഹരിക്കുന്നതിൽ പ്രിയങ്ക നിർണായക പങ്കു വഹിച്ചിരുന്നു. മുഖ്യമന്ത്രി പദം ലഭിക്കാത്തതിൽ പ്രതിഷേധമുയർത്തിയ സച്ചിൻ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും അനുനയിപ്പിച്ചത് പ്രിയങ്കയാണ്. സച്ചിനും സിന്ധ്യയും ആയി കുട്ടിക്കാലം മുതലുള്ള സൗഹൃദം പ്രശ്നപരിഹാരം എളുപ്പമാക്കി. 80 സീറ്റുള്ള യുപിയിൽ പകുതിയിൽ അധികം സീറ്റ് നേടിയാൽ മാത്രമേ ജയിക്കാനാകൂ. അത് അതിവേഗം സാധ്യമല്ലെന്ന് രാഹുൽ ഗാന്ധിക്ക് അറിയാം. ഇത്തവണ മോദി വിരുദ്ധ തരംഗം മുതലെടുത്ത് മറ്റ് പാർട്ടികളുടെ സഹായത്തോടെ അധികാരം പിടിക്കുക. അതിന് ശേഷം യുപിയിൽ ചുവടുറപ്പിക്കുക. ഇതിന് വേണ്ടിയാണ് സഹോദരി പ്രിയങ്കയെ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കിയത്. ഈ നീക്കം വിജയിക്കുകയാണ്.

യുപിയിൽ പാർട്ടി സംവിധാനം ശക്തമാക്കും. യുപി പിടിക്കാനുള്ള ദീർഘകാല തന്ത്രം വിജയിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് വർഷത്തിന് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ആധിപത്യം തെളിയിക്കാനാണ് പ്രിയങ്കയുടെ ശ്രമം. യുപിയുടെ മുഖ്യമന്ത്രിയാവുക. ബി എസ് പിയേയും എസ് പിയേയും തകർത്ത് ബിജെപിക്ക് ബദലായി മാറുകയാണ് ലക്ഷ്യം. യുപിയിലെ പിടി അയഞ്ഞതോടെയാണ് കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി കുറഞ്ഞത്. ഉത്തരേന്ത്യയിലെ ബാക്കിയെല്ലാ സ്ഥലത്തും കോൺഗ്രസിന് കരുത്തുണ്ട്. ഇതിനൊപ്പം യുപി കൂടിയായാൽ ഇന്ദിരാഗാന്ധിയുടെ കാലത്തെ പ്രതാപത്തിലേക്ക് മടങ്ങി പോകാൻ കോൺഗ്രസിന് കഴിയും. അതുകൊണ്ട് തന്നെ ഇന്ന് പ്രിയങ്ക ഗാന്ധി നടന്നു നീങ്ങുന്നത് 3 വർഷത്തിനു ശേഷമുള്ള ഉത്തർപ്രദേശിലേക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP