Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തകർന്നടിഞ്ഞത് വെള്ളാപ്പള്ളിയുടെ സ്വപ്‌നങ്ങൾ; എട്ടിടങ്ങളിൽ ജയിക്കാൻ ഇറങ്ങിയ ബിഡിജെഎസിന് ഒരിടത്തും രണ്ടാംസ്ഥനത്ത് എത്താൻ പോലും കഴിഞ്ഞില്ല; സിപിഎമ്മിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ച് തിരിച്ചടിയേറ്റ സമുദായ നേതാവിനെ ബിജെപി തള്ളുമോ? കാത്തിരിക്കുന്നത് ഒട്ടേറെ ക്രിമിനൽ കേസുകൾ

തകർന്നടിഞ്ഞത് വെള്ളാപ്പള്ളിയുടെ സ്വപ്‌നങ്ങൾ; എട്ടിടങ്ങളിൽ ജയിക്കാൻ ഇറങ്ങിയ ബിഡിജെഎസിന് ഒരിടത്തും രണ്ടാംസ്ഥനത്ത് എത്താൻ പോലും കഴിഞ്ഞില്ല; സിപിഎമ്മിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ച് തിരിച്ചടിയേറ്റ സമുദായ നേതാവിനെ ബിജെപി തള്ളുമോ? കാത്തിരിക്കുന്നത് ഒട്ടേറെ ക്രിമിനൽ കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുട്ടനാട്, കോവളം, ഉടുമ്പൻ ചോല, പൂഞ്ഞാർ, റാന്നി, ഏറ്റുമാനൂർ, തിരുവല്ല, നാട്ടിക... എന്നിങ്ങനെ വെള്ളാപ്പള്ളി നടേശൻ വിജയം പ്രഖ്യാപിച്ച മണ്ഡലങ്ങൾ ഇങ്ങനെയാണ്. മലമ്പുഴയിൽ വി എസ് അച്യൂതാനന്ദന്റെ ഭൂരിപക്ഷം കുറയക്കുമെന്നും പറവൂരിൽ വിഡി സതീശനെ തോൽപ്പിക്കുമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചു. എന്നാൽ ഒന്നും നടന്നില്ലെന്നതാണ് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. ആകെ വോട്ടിൽ നാല് ശതമാനം വോട്ടുകളാണ് ബിഡിജെഎസിന് കിട്ടിയത്. ബിജെപി വിജയത്തിലും ഒന്നും ചെയ്യാനായില്ല. നേമത്തെ രാജഗോപാലിന്റെ വിജയം നായർ വോട്ടുകളുടെ കരുത്തിലാണ്. ബിജെപി മുന്നേറിയ ചാത്തന്നൂരിൽ ഒഴികെ ഒരിടത്തും ബിഡിജെഎസിന് കാര്യമായ ശക്തിയില്ല. അങ്ങനെ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ സ്വപ്‌നങ്ങൾക്ക് തിരിച്ചടിയാവുകയാണ്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പൊൻകുടം ഉയരുന്നതും പൊൻതാമര വിടരുന്നതും ജനങ്ങൾക്ക് കാണാനാകുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നത്. പൊൻകുടം ഉയർന്ന് വരാനുള്ള താമസം കൊണ്ടാകും ഇത്രയും നാൾ താമര വിരിയാതിരുന്നതെന്നായിരുന്നു വിശദീകരണം. താമര വിരിയില്ലെന്നും കടപ്പുറത്ത് ചെല്ലുമ്പോൾ കുടം ഉടഞ്ഞു പോകുമെന്നും പറഞ്ഞവർ തെരഞ്ഞെടുപ്പോടെ ബിഡിജെഎസ് ശക്തമായ പാർട്ടിയായി മാറിയെന്ന് മനസിലാക്കുമെന്നും പറഞ്ഞിരുന്നു. ഇതെല്ലാം വെറുവാക്കായി. കുടം പൊട്ടുകയും താമര വിരിയുകയും ചെയ്തു. നേമത്ത് ബിജെപി സ്വന്തം ശക്തിയിലാണ് രാജഗോപാലിനെ വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞത്. ആലപ്പുഴയിലും കൊല്ലത്തും തൃശൂരിലും സിപിഎമ്മിന്റെ കോട്ട അതുപോലെ നിന്നു. ഇടതുപക്ഷത്ത് നിന്ന് ഈഴവരെ അടർത്തി മാറ്റാനുള്ള വെള്ളാപ്പള്ളിയുടെ മോഹമാണ് ഹെലികോപ്ടറിൽ കറങ്ങി പ്രചരണം നടത്തിയിട്ടും നടക്കാതെ പോയത്.

എൻഡിഎയ്ക്ക് കിട്ടിയ വോട്ട് ശതമാനത്തിലെ വർദ്ധനമാത്രമാണ് ഏക ആശ്വാസം. അതിൽ ക്രെഡിറ്റ് പറയാൻ മാത്രമേ വെള്ളാപ്പള്ളിക്ക് കഴിയൂ. നരേന്ദ്ര മോദിയുടെ സർക്കാർ അധികാരത്തിൽ ഉള്ളതിനാൽ എന്തായാലും ബിജെപി വോട്ടുകൾ ഉയരുമെന്ന് ഉറപ്പായിരുന്നു. അതിന് തക്കവണ്ണം പ്രചരണവും ബിജെപി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമാണ് വോട്ട് വർദ്ധനവിൽ കാണുന്നതെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ബിഡിജെഎസിന്റെ സാന്നിധ്യം വലിയ വളർച്ച എൻഡിഎയ്ക്കുണ്ടായില്ലെന്ന് ബിജെപി സമ്മതിക്കുന്നു. ഹെലികോപ്ടർ നൽകി പ്രചരണത്തിന് വെള്ളാപ്പള്ളിയെ കൊണ്ടു നടക്കേണ്ടതില്ലായിരുന്നുവെന്നും വിലയിരുത്തുന്നു. എന്തായാലും തെരഞ്ഞെടുപ്പോടെ ബിജെപി കേന്ദ്ര നേതൃത്വവും വെള്ളാപ്പള്ളിയുടെ വീമ്പുപറച്ചിൽ തിരിച്ചറിയുകയാണ്. അതുകൊണ്ട് തന്നെ തുഷാർ വെള്ളാപ്പള്ളിക്ക് കേന്ദ്രത്തിൽ മാന്യമായ പദവിയെന്ന വെള്ളാപ്പള്ളിയുടെ മോഹവും തകരും.

മറുവശത്ത് മറ്റൊരു വിഷയവുമുണ്ട്. ഇടതുപക്ഷമാണ് അധികാരത്തിലെത്തുന്നത്. മൈക്രോ ഫിനാൻസുമായുള്ള നിരവധി പരാതികൾ സർക്കാരിന് മുന്നിലുണ്ട്. ഇതിലെല്ലാം അന്വേഷണം നടന്നാൽ വെള്ളാപ്പള്ളിക്ക് കോടതി കയറി ഇറങ്ങാനേ സമയം ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ രാഷ്ട്രീയവുമായുള്ള കളി വെള്ളാപ്പള്ളിക്കും തിരിച്ചടിയാണ്. പ്രതീക്ഷിച്ച നേട്ടമുണ്ടായതുമില്ല, ഇടതുമുന്നണിയുടെ കണ്ണിലെ കരടാവുകയും ചെയ്തു. അതുകൊണ്ട് തന്നെ അടുത്ത സർക്കാർ വെള്ളാപ്പള്ളിയുടെ കേസിൽ അതി ശക്തമായ നിലപാട് എടുക്കുമെന്നും ഉറപ്പാണ്. ഇതിനെല്ലാം പുറകെ എസ്എൻഡിപിയെ രാഷ്ട്രീയത്തിൽ ഒരുപക്ഷത്താക്കിയതിന്റെ പേരുദോഷവും ഉണ്ടാകും. കുട്ടനാട്, കോവളം, ഉടുമ്പൻ ചോല, പൂഞ്ഞാർ, റാന്നി, ഏറ്റുമാനൂർ, തിരുവല്ല, നാട്ടിക എന്നീ മണ്ഡലങ്ങളിൽ സാധ്യത പറയുമ്പോഴും കുട്ടനാട് വിശ്വസ്തനായ സുഭാഷ് വാസു ജയിക്കുമെന്നായിരുന്നു പ്രതീക്ഷ.

അതാണ് വെള്ളാപ്പള്ളിക്ക ഏറ്റവും വലിയ തിരിച്ചടി. സുഭാഷ് വാസുവിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിട്ടും മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ. വെള്ളാപ്പള്ളിയുടെ ഇടുപക്ഷ വിരുദ്ധ രാഷ്ട്രീവും പൊളിഞ്ഞു. കോവളത്ത് ജമീലാ പ്രകാശത്തെ തോൽപ്പിക്കാനായി എന്നത് മാത്രമാണ് ഏക വിജയം. അവിടെ ബിഡിജെഎസ് സ്ഥാനാർത്ഥി ടിഎൻ സുരേഷിന്റെ സാന്നിധ്യമാണ് ജമീലാ പ്രകാശത്തെ തോൽപ്പിച്ചത്. യഥാർത്ഥത്തിൽ ഇതിന് വേണ്ടിയാണ് ബിഡിജെഎസിനെ ആവതരിപ്പിച്ചത്. എങ്ങനേയും ഇടതുപക്ഷത്തെ തകർക്കുക. ബിജെപി മുന്നണിക്ക് സീറ്റുണ്ടാക്കാൻ സഹായിക്കുക ഇതായിരുന്നു ദൗത്യം. എന്നാൽ സിപിഐ(എം) വോട്ടുകളിൽ ഒരു ചലനവും ഉണ്ടാക്കാൻ വെള്ളാപ്പള്ളിയുടെ പാർട്ടിക്കായില്ല. ഇതിനെ പ്രതിരോധിക്കാൻ വി എസ് അച്യൂതാനന്ദന് സമർത്ഥമായി കഴിയുകയും ചെയ്തു. ഇതിന് പ്രതികാരമെന്നോണമാണ് വിഎസിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ വെള്ളാപ്പള്ളി ഇറങ്ങി പുറപ്പെട്ടത്.

വിഎസിന്റെ ഭൂരിപക്ഷം കൂടിയാൽ സൂര്യൻ പടിഞ്ഞാറ് ഉദിക്കുമെന്നായിരുന്നു പ്രഖ്യാപനം. അത് എല്ലാ അർത്ഥത്തിലും വെള്ളാപ്പള്ളിക്ക് തിരിച്ചടിയാണ്. കൊല്ലത്തും ആലപ്പുഴയിലും സിപിഐ(എം) കോട്ടകാക്കുകയും ചെയ്തു. ഇവിടെയെല്ലാം ബിഡിജെഎസ് സ്ഥാനാർത്ഥികൾ വോട്ട് നേടിയതെന്നത് സത്യമാണ്. പക്ഷേ വോട്ട് ചോർച്ചയുണ്ടാക്കിയത് യുഡിഎഫ് പക്ഷത്ത് നിന്നാണ്. സിപിഐ(എം) കേഡറിന്റെ ഒത്തൊരുമയ്ക്ക് മാത്രമേ വെള്ളാപ്പള്ളിയുടെ സാന്നിധ്യം ഉപകരിച്ചുള്ളൂ. ഇതിലൂടെ മികച്ച വിജയത്തിലേക്ക് കടക്കാൻ സിപിഎമ്മിന് കഴിയുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണ് ബിഡിജെഎസിന്റെ പിറവിയെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാൽ തിരിച്ചടിയുണ്ടായത് കോൺഗ്രസിന് മാത്രമാണെന്നതാണ് വസ്തുത. ഇടുക്കിയിലും കോട്ടയത്തും കോട്ടം യുഡിഎഫിനാണെന്നത് ഇതിന് തെളിവാണ്.

നായർ മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഏകീകരണമാണ് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. അതു നടന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഈഴവ വോട്ടുകൾ നിർണാകയമായ ഉടുമ്പൻചോല, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ എൽ.ഡി.എഫിന് ഭീഷണിയാകുമെന്ന പ്രവചനവും ഫലം കണ്ടില്ല. ഇവിടങ്ങളിൽ മാത്രമല്ല ഇടതു കോട്ടകളിൽ എല്ലാം നല്ല വിജയമാണ് എൽ.ഡി.എഫ് നേടിയത്. ബിഡിജെഎസിന്റെ പിറവിയിൽ പറഞ്ഞതൊന്നും വെള്ളാപ്പള്ളി പാലിച്ചില്ല. എസ്എൻഡിപി നേതാവെന്ന നിലയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങില്ലെന്നായിരുന്നു അത്. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം ഹെലികോപ്ടർ നൽകിയതോടെ എല്ലാം മറന്നു. എസ്എൻഡിപി വേദികൾ പോലും രാഷ്ട്രീയ പ്രസംഗ വേദിയാക്കി. പക്ഷേ ഒന്നും ഫലം കണ്ടില്ല. ഇനി എസ്എൻഡിപിയിൽ വിമർശനം ഉയരും. സിപിഐ(എം) അനുഭാവികൾ വെള്ളാപ്പള്ളിക്കെതിരെ നിലകൊള്ളും. ശ്രീനാരായണ ദർശനങ്ങളെ ബിജെപിക്ക് അടിയറവ് വച്ചുവെന്ന വിമർശനവും ഉയരും.

സിപിഎമ്മിന്റെ വിജയം അതുകൊണ്ട് തന്നെ എസ്എൻഡിപിക്ക് എന്തുകൊണ്ടും തിരിച്ചടിയാണ്. രാഷ്ട്രീയ ശക്തി തെളിയിക്കാനുള്ള നേതൃത്വ മികവ് വെള്ളാപ്പള്ളിക്കില്ലെന്നതിന്റെ തെളിവാണ് അവകാശവാദങ്ങളെല്ലാം പൊളിയുമ്പോൾ തെളിയുന്നത്. ബിജെപിയുടെ എൻഡിഎയെയിലെ മറ്റ് കക്ഷികളുടെ സ്ഥിതിയും അത്ര ശുഭകരമല്ല. സി.കെ ജാനുവിന്റെ പാർട്ടിക്കോ, പി.സി തോമസിന്റെ കേരള കോൺഗ്രസിനോ ഒരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. സികെ ജാനു സുൽത്താൻ ബത്തേരിയിൽ 27920 വോട്ട് മാത്രമാണ് നേടിയത്. വിജയത്തിന് അടുത്ത് എത്താൻ കഴിഞ്ഞതുമില്ല. ബത്തേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഏതാണ്ട് ഇത്രയും വോട്ട് നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP