Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിപിഎമ്മിന്റെ നവോത്ഥാന പക്ഷത്തേക്ക് ചാഞ്ഞ വെള്ളാപ്പള്ളിയെ വെട്ടാൻ സെൻകുമാറിനെ മുന്നിൽനിർത്തി അമിത്ഷായുടെ നീക്കമോ? ബിജെപി കേന്ദ്ര നേതൃത്വം ഒരേസമയം ലക്ഷ്യമിടുന്നത് എസ്എൻഡിപിയെയും ബിഡിജെഎസിനെയും പിളർത്താൻ; തനിക്കെതിരായി ചരടുവലിക്കുന്നവരെ കുറിച്ചു വെള്ളാപ്പള്ളി തുറന്നടിച്ചത് അണിയറ നീക്കങ്ങൾ അറിഞ്ഞു കൊണ്ടുതന്നെ; 'ഞാനും അപ്പനും സുഭദ്രയും' മോഡലിൽ ഈഴവ രാഷ്ട്രീയം കളിക്കുന്ന വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത് മറുപക്ഷം; ഗോകുലം ഗോപാലനു സാധിക്കാത്തത് സുഭാഷ് വാസുവിന് സാധിക്കുമോ?

സിപിഎമ്മിന്റെ നവോത്ഥാന പക്ഷത്തേക്ക് ചാഞ്ഞ വെള്ളാപ്പള്ളിയെ വെട്ടാൻ സെൻകുമാറിനെ മുന്നിൽനിർത്തി അമിത്ഷായുടെ നീക്കമോ? ബിജെപി കേന്ദ്ര നേതൃത്വം ഒരേസമയം ലക്ഷ്യമിടുന്നത് എസ്എൻഡിപിയെയും ബിഡിജെഎസിനെയും പിളർത്താൻ; തനിക്കെതിരായി ചരടുവലിക്കുന്നവരെ കുറിച്ചു വെള്ളാപ്പള്ളി തുറന്നടിച്ചത് അണിയറ നീക്കങ്ങൾ അറിഞ്ഞു കൊണ്ടുതന്നെ; 'ഞാനും അപ്പനും സുഭദ്രയും' മോഡലിൽ ഈഴവ രാഷ്ട്രീയം കളിക്കുന്ന വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത് മറുപക്ഷം; ഗോകുലം ഗോപാലനു സാധിക്കാത്തത് സുഭാഷ് വാസുവിന് സാധിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: 'യോഗത്തെ റിസീവർ ഭരണത്തിൻ കീഴിലാക്കാനും കേസിൽ കുടുക്കി ഇല്ലാതാക്കാനും നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ വൻശക്തികളാണ്. ഇരുട്ടിന്റെ മറവിൽനിന്നാണ് ഇവരുടെ പ്രവർത്തനം. മുൻ കാലങ്ങളിലെല്ലാം ഇത്തരം ശക്തികളുടെ നീക്കങ്ങളെ നിഷ്പ്രഭമാക്കിയത് പോലെ ഇതും നേരിടും.' - കഴിഞ്ഞ ദിവസം ചേർത്തലയിൽ എസ്എൻഡിപി യോഗത്തിന്റെ 113-ാമത് വാർഷിക പൊതുയോഗത്തിൽ റിപ്പോർട്ട് അവതിരിപ്പിക്കുന്നതിനിടെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. തനിക്കെതിരെ നടക്കുന്ന വിമത നീക്കങ്ങളെ കുറിച്ച് അറിഞ്ഞു കൊണ്ടു തന്നെയാണ് വെള്ളാപ്പള്ളി ഇക്കാര്യം തുറന്നു പറഞ്ഞത്. ആരാണ് തനിക്കെതിരെ ചരടു വലിക്കുന്നത് എന്ന് പറഞ്ഞില്ലെങ്കിലും അദ്ദേഹം ഉന്നമിട്ടത് സുഭാഷ് വാസുവിനെയും ടിപി സെൻകുമാറിനെയും ആണെന്ന് എല്ലാവർക്കും ബോധ്യമായിരുന്നു.

അടുത്തകാലത്തായി ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിശ്വസ്തരായി മാറിയവരാണ് സുഭാഷ് വാസുവും ടി പി സെൻകുമാറും. അതുകൊണ്ട് തന്നെ ഇവരെ മുന്നിൽ നിർത്തി എസ്എൻഡിപി യോഗം പിളർത്താനുള്ള നീക്കങ്ങൾ നടക്കുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇന്ന് മാതൃഭൂമി ദിനപത്രവും വെള്ളാപ്പള്ളിക്കെതിരായ കരുനീക്കങ്ങൾക്ക് പിന്നിലുള്ളത് ആരെന്ന് സൂചിപ്പിക്കുന്ന വാർത്ത പുറത്തുവിട്ടു. മുൻ ഡി.ജി.പി. സെൻകുമാറും മാവേലിക്കര എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവും യൂണിയൻ ഭാരവാഹികളെ സംഘടിപ്പിച്ചു കൊണ്ടാണ് വിമത നീക്കം നടത്തുന്നത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകനും വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെയും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സെൻകുമാറിനെ മുന്നിൽനിർത്തിയുള്ള നീക്കത്തിന് ബിജെപി. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ടെന്നാണ് ുപുറത്തുവരുന്ന സൂചന. അതേസമയം ബിജെപി സംസ്ഥാന നേതാക്കൾ ഈ വാർത്ത നിഷേധിക്കുന്നു. കഴിഞ്ഞയാഴ്ച കായംകുളത്ത് വിവിധ യൂണിയൻ ഭാരവാഹികളുടെ യോഗം ചേർന്നിരുന്നു. സെൻകുമാറിനും സുഭാഷ് വാസുവിനും പുറമേ 16 യൂണിയനുകളിൽനിന്നുള്ള ഭാരവാഹികളും പങ്കെടുത്തു. ഇക്കാര്യം സെൻകുമാർ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ആവശ്യമായ സമയത്ത് ആവശ്യമായ കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 23 വർഷം വെള്ളാപ്പള്ളി എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറിയായിട്ടും സമുദായത്തിന് എന്തുചെയ്‌തെന്ന ചോദ്യമാണ് സെൻകുമാർ ഉയർത്തുന്നത്.

വെള്ളാപ്പള്ളി എസ്.എൻ.ഡി.പി. യോഗനേതൃത്വം ഒഴിയണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എസ്.എൻ.ട്രസ്റ്റിൽ വൻ സാമ്പത്തികക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നു. എസ്എൻഡിപി യോഗത്തിന്റെ സ്വത്തുക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം കൈകാര്യം ചെയ്യുന്നത് എസ്എൻ ട്രസ്റ്റാണ്. ഈ ട്രസ്റ്റിൽ നിർവാഹകസമിതിയംഗംകൂടിയായ സുഭാഷ് വാസു. ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമാണ് സുഭാഷ് വാസുവിനുള്ളതും. ഈ ട്രസ്റ്റിൽ കാര്യക്കാരായി ഉള്ളത് വെള്ളാപ്പള്ളിയും മകൻ തുഷാർ വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടശേനും അടക്കമുള്ളവരാണ്. അതുകൊണ്ട് തന്നെ 'ഞാനും അപ്പനും സുഭദ്രയും' മോഡൽ ഭരണമാണ് ട്രസ്റ്റിലെന്ന ആക്ഷേപവും ശക്തമായിരുന്നു. ഈ കുടുംബാധിപത്യത്തിനെതിരെയാണ് ഇപ്പോൾ വീണ്ടുമൊരു കരുനീക്കം ഉണ്ടാകുന്നത്.

ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുഭാഷ് വാസു. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അച്ഛനൊപ്പം ഉറച്ചുനിൽക്കുമ്പോൾ ഭിന്നിപ്പ് പാർട്ടിയിലേക്കും വ്യാപിക്കുമെന്ന ആശങ്കയുമുണ്ട്. വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും ഭാഗത്തുനിന്ന് ബിജെപി.ക്ക് അലോസരമുണ്ടാക്കുന്ന നിലപാട് പലതവണ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ അടക്കം വെള്ളാപ്പള്ളി പരസ്യമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്ന അവസ്ഥ വന്നു. പിണറായി വിജയൻ മുന്നോട്ടു വെക്കുന്ന നവോത്ഥാന വഴിയിലാണ് അടുത്തകാലത്തായി വെള്ളാപ്പള്ളിയുടെ യാത്ര. ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ബിഡിജെഎസിനെ ഇടതു മുന്നണിയിലേക്ക് കൊണ്ടുപോകാൻ വെള്ളാപ്പള്ളി ശ്രമിക്കുമെന്ന് ബിജെപി നേതാക്കൾ കരുതുന്നുണ്ട്. ഇതിനിടെയാണ്, സുഭാഷ് വാസുവും കൂട്ടരും വിമത നീക്കം നടത്തുന്നതും.

വിമതനീക്കത്തിനു പിന്നിൽ ബിജെപി.യുടെ പങ്ക് സംശയിക്കാൻ കാരണവുമിതാണ്. സെൻകുമാർ ഇപ്പോൾ സംഘപരിവാർ സഹയാത്രികനാണെന്നതാണ് മറ്റൊരു കാരണം. ശാഖായോഗങ്ങളിൽ പോലും പങ്കെടുക്കാതെ മന്ത്രി മോഹവുമായി എത്തിയവരാണ് യോഗത്തിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നതെന്നായിരുന്നു വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം വിമർശനം ഉന്നിയിച്ചത്. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതാണ് ഇവർ യോഗത്തിനെതിരേ തിരിയാൻ കാരണമെന്നും അദ്ദേഹം പറയുകയുണ്ടായി.

വെള്ളാപ്പള്ളിയുടെ ഒപ്പം നിന്നു സംഘടനയിൽ കരുത്തനായ ശേഷം സംഘടന പിടിക്കാൻ എതിരായി നിന്ന ഗോകുലം ഗോപാലന് ശേഷം ഇപ്പോഴാണ് എസ്എൻഡിപിക്കുള്ളിൽ നിന്നും വിമതസ്വരം ഉയർന്നു കേൾക്കുന്നത്. സമ്പത്തുകൊണ്ട് കരുത്തനായ ഗോകുലം ഗോപാലനും എസ്എൻഡിപിക്കുള്ളിലെ വെള്ളാപ്പള്ളിയുടെ സമഗ്രാധിപത്യത്തെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ഗോപാലന് സാധിക്കാത്തത് സുഭാഷ് വാസുവിന് സാധിക്കുമോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

എസ്എൻഡിപിയിൽ തുടരുന്ന സ്വേച്ഛാധിപത്യപരമായ നിലപാടുകൾ അവസാനിപ്പിക്കണമെന്നും കാലത്തിനു അനുയോജ്യമായ ഭരണഘടന എസ്എൻഡിപിക്ക് ആവശ്യമാണെന്ന കേസ് നിലവിൽ ഹൈക്കോടിയുടെ പരിഗണനയിലാണ്. ഒരു സമുദായ സംഘടന എന്ന നിലയിൽ പ്രവർത്തിക്കുന്ന എസ്എൻഡിപി കമ്പനി രീതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ അതോ നോൺ ട്രേഡിങ് രീതിയിലാണോ രജിസ്ട്രേഷൻ എന്നും വെള്ളാപ്പള്ളി വ്യക്തമാക്കേണ്ടിയും വന്നേക്കും എന്നതാണ് കേസിനെ സംബന്ധിച്ച് വെള്ളാപ്പള്ളി നേരിടുന്ന മറ്റൊരു തലവേദന.

എസ്എൻഡിപിക്ക് കാലത്തിനു യോജിക്കുന്ന ഭരണഘടന വേണമെന്ന് ആവശ്യം സജീവം

1999 കാലത്ത് നൽകുകയും ഇപ്പോൾ ഹൈക്കോടതിയിൽ തുടരുകയും ചെയ്യുന്ന ഒരു കേസാണ് വെള്ളാപ്പള്ളിക്ക് കുരുക്കായി മാറുന്നത്. യോഗത്തിന്റെ നേതാക്കളും സജീവ പ്രവർത്തകരും ആയിരുന്നവ അഞ്ചു യോഗം നേതാക്കൾ നൽകിയ കേസിലാണ് ഹൈക്കോടതി ഇപ്പോൾ വാദം കേൾക്കാൻ ഒരുങ്ങുന്നത്. എസ്എൻഡിപിക്ക് ഒരു ഭരണഘടന ഉണ്ടാക്കണം എന്നാണ് ഇവർ കൊച്ചി ജില്ലാ കോടതിയിൽ ആവശ്യമുന്നയിച്ചത്. മുൻപുണ്ടായിരുന്ന യോഗം സെക്രട്ടറിമാരിൽ മിക്കവരും ജനാധിപത്യ മര്യാദകളും നീതി ബോധവും ഉള്ള വ്യക്തികൾ ആയതുകൊണ്ട് അന്ന് കുഴപ്പമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ ഉള്ളവർ ഇത്തരം ജനാധിപത്യ മര്യാദകൾ പാലിക്കുന്നവരല്ല. അതിനാൽ പുതിയ ബൈലോ വേണം. കാലത്തിനു അനുയോജ്യമായ രീതിയിലാണ് ഈ ബൈലോ വേണ്ടത്. യോഗം ഭാരവാഹികളുടെയും കീഴ്ഘടകങ്ങളുടെയും അധികാരം സംരക്ഷിക്കുന്ന വിധത്തില് ഉള്ളതാവണം ഈ ഭരണഘടന. നിലവിലെ ഭരണഘടന ജനാധിപത്യ രീതികളെ തീരെ പരിപോഷിപ്പിക്കുന്നില്ല. ജനാധിപത്യ സംസ്‌കാരമില്ലാത്ത ആളുകൾ ഭരണത്തിൽ വന്നാൽ വളരെ ഏകാധിപത്യപരമായി കൊണ്ട് നടക്കാൻ കഴിയുന്ന വിധത്തിലുള്ള ഭരണഘടനയാണ് നിലവിലുള്ളത്. ശ്രീനാരായണ ഗുരുവായിരുന്നു ആദ്യം സ്ഥിരം അധ്യക്ഷൻ. കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. സെക്രട്ടറിമാരാണ് കാര്യങ്ങൾ നടത്തിയത്. അതിനാൽ സെക്രട്ടറി കേന്ദ്രീകൃതമായ വ്യവസ്ഥകളാണ് ഭരണഘടനയിൽ നിലനിൽക്കുന്നത്.

അതിനാൽ സെക്രട്ടറിക്കാണ് പരമപ്രധാനമായ അധികാരം. ഗുരുദേവൻ ഉള്ള കാലത്ത് തുടങ്ങിയ കാര്യങ്ങളാണ് നിലവിലും പിന്തുടരുന്നത്. രീതികളിൽ മാറ്റം വേണം. ഈ ആവശ്യം മുൻ നിർത്തിയാണ് അന്ന് ഇവർ ജില്ലാ കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. 2008-ൽ ഈ കേസിൽ കോടതി വാദി ഭാഗത്തിന് അനുകൂലമായി വിധിച്ചു. ഭരണഘടന അനിവാര്യം എന്നാണ് എറണാകുളം ജില്ലാ കോടതി വിധിച്ചത്. അത് പ്രാരംഭ വിധിയായിരുന്നു പ്രാരംഭ വിധിയെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ എസ്എൻഡിപി ഹർജി ഫയൽ ചെയ്തു. ഫൈനൽ വിധി പാസാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 മുതൽ ഹൈക്കോടതിയുടെ ഈ സ്റ്റേ തുടരുകയാണ്. ഈ സ്റ്റേ മാറ്റാനും അപ്പീലിൽ ഫൈനൽ ആയി വാദം കേൾക്കുകയും വേണമെന്ന ആവശ്യത്തിന്മേൽ വാദം കേൾക്കാൻ ഹൈക്കോടതി ഇപ്പോൾ തയ്യാറായിട്ടുണ്ട്.

ബൈലോ കാറ്റിൽ പറത്തിയുള്ള ഭരണമാണ് നിലവിൽ യോഗത്തിൽ നടക്കുന്നത് എന്ന വാദമാണ് ഹൈക്കോടതിയിൽ ഉയരുക. അതുകൊണ്ട് തന്നെ വാദി ഭാഗത്തിന്റെ വാദങ്ങൾ ഹൈക്കോടതി പരിശോധിക്കും. ഓണം വെക്കേഷന് മുൻപോ ശേഷമോ ഈ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ പോവുകയാണ്. കാലഘട്ടത്തിന് അനുയോജ്യമായ ഒരു ബൈലോ എസ്എൻഡിപി യോഗത്തിനു ആവശ്യമുണ്ടോ എന്നാണ് ഹൈക്കോടതി പരിശോധിക്കുക. ഈ വാദവേളയിൽ തന്നെ എസ്എൻഡിപിയുടെ കമ്പനി രജിസ്ട്രേഷൻ കാര്യങ്ങളും ഒപ്പം പൊന്തി വരും. എസ്എൻഡിപിയെ സംബന്ധിച്ച് നിലവിലെ കാര്യങ്ങൾ സമഗ്രമായി തന്നെ പരിശോധിക്കപ്പെടുന്ന വാദമാണ് ഹൈക്കോടതിയിൽ നിന്നും ഉയരാൻ ഇടയാകുക.

യോഗത്തിന്റെ തണലിൽ വളർന്നു പന്തലിച്ചത് വെള്ളാപ്പള്ളിയുടെ വംശവൃക്ഷം മാത്രം

സമുദായ സംഘടന എന്ന രീതിയിൽ വളർന്നു വികസിച്ച എസ്എൻഡിപി കുറെക്കാലമായി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്റെ പോക്കറ്റ് സംഘടന എന്ന നിലയിലാണ് മുന്നോട്ടു പോകുന്നത്. എസ്എൻഡിപിയേയും എസ്എൻട്രസ്റ്റിനേയും ചൂഴ്ന്നു നിൽക്കുന്ന അഴിമതിയാണ് പൊതു ദൃഷ്ടിയിൽ യോഗത്തിനെ മോശക്കാരാക്കുന്നത്. എസ്എൻ ട്രസ്റ്റിന്റെയും യോഗത്തിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയാണ് ഒരു പ്രധാന വിഷയം. അഴിമതി ചൂണ്ടിക്കാണിച്ചാണ് എസ്എൻഡിപി യോഗം സമരസമിതി സംസ്ഥാന കമ്മിറ്റി ചെയർമാൻ ആർ.അരുൺ മയ്യനാടിനെ പോലുള്ളവർ യോഗത്തിന്റെ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനെതിരെ കുരിശു യുദ്ധം നടത്തുന്നത്. അതിനായി അരുൺ മറുനാടനോട് ചൂണ്ടിക്കാണിക്കുന്ന വസ്തുതകൾ ഇപ്രകാരമാണ്.

ആർ.ശങ്കർ എന്ന സമുദായ നേതാവ് അൻപത് വർഷം മുൻപ് ഈഴവ സമുദായത്തിന്റെ എല്ലാത്തരത്തിലും ഉള്ള വളർച്ചക്കുവേണ്ടി വിദ്യാഭ്യാസ /ആതുരശുശ്രുഷ കാര്യങ്ങൾക്കായി തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കോളേജ് /ഹോസ്പിറ്റൽ സംവിധാനങ്ങൾ പടുത്തുയർത്തി. 50വർഷം കഴിഞ്ഞ് ഇന്നും നിലനിൽക്കുന്നത് ഇതേ സംരംഭങ്ങളാണ്. അതിനേക്കാൾ മെച്ചപ്പെട്ട ഒരു സംരംഭവും അതിനു ശേഷം യോഗത്തിനുണ്ടായിട്ടില്ല. കഴിഞ്ഞ 25 വർഷങ്ങളായി വെള്ളാപ്പള്ളി നടേശൻ ആണ് യോഗ നേതൃത്വത്തിന്റെ തലപ്പത്തുള്ളത്. പക്ഷെ എസ്എൻഡിപി യോഗത്തിന്റെ സ്വത്തുക്കൾ സ്വന്തം കുടുംബത്തിനു വേണ്ടി ഉപയോഗിക്കുക എന്നല്ലാതെ ഒരു വളർച്ചയും യോഗത്തിനു വന്നിട്ടില്ല. അഴിമതി സമഗ്ര തലത്തിൽ യോഗത്തിലും എസ്എൻ ട്രസ്റ്റിലും പിടിമുറുക്കുകയും ചെയ്തു-അരുൺ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP