Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംഎൽഎമാർക്കും മന്ത്രിമാർക്കും മാത്രമാണ് കോളടിച്ചതെന്ന് പറയാൻ വരട്ടെ! മുൻ എംഎൽഎമാരുടെ പെൻഷനും കൂട്ടുന്നു; പരമാവധി പെൻഷൻ 35,000 -ത്തിൽ നിന്ന് 50,000-ത്തിലേക്ക് കൂട്ടുന്ന ബിൽ ചൊവ്വാഴ്ച നിയമസഭയിൽ വരവായ്

എംഎൽഎമാർക്കും മന്ത്രിമാർക്കും മാത്രമാണ് കോളടിച്ചതെന്ന് പറയാൻ വരട്ടെ! മുൻ എംഎൽഎമാരുടെ പെൻഷനും കൂട്ടുന്നു; പരമാവധി പെൻഷൻ 35,000 -ത്തിൽ നിന്ന് 50,000-ത്തിലേക്ക് കൂട്ടുന്ന ബിൽ ചൊവ്വാഴ്ച നിയമസഭയിൽ വരവായ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശമ്പളം കുറവാണെന്ന് കേരളത്തിലെ എംഎൽഎമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ജയിംസ് കമ്മീഷനെ നിയമിച്ചത്. കമ്മീഷൻ റിപ്പോർട്ട് പ്രകാരം എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടുകയാണ്. ഇതിന് പുറമേ മുൻ എംഎ‍ൽഎ.മാരുടെ പെൻഷൻ കൂട്ടാനുള്ള ബില്ലും ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.

അഞ്ചുവർഷം പൂർത്തിയാക്കിയ എംഎ‍ൽഎ.യ്ക്ക് നിലവിലെ പതിനായിരം രൂപയ്ക്കുപകരം ഇരുപതിനായിരം രൂപയാണ് കേരള നിയമസഭാംഗങ്ങളുടെ പെൻഷൻ (ഭേദഗതി) ബില്ലിൽ നിർദ്ദേശിച്ചിട്ടുള്ളത്. പിന്നീട് തികയ്ക്കുന്ന ഓരോ വർഷത്തിനും ആയിരം രൂപ അധികവും ലഭിക്കും. നിലവിൽ ഇത് 750 രൂപയാണ്. പരമാവധി പെൻഷൻ 35,000 രൂപയിൽനിന്ന് 50,000 രൂപയായിരിക്കും.

ഇതുവരെ രണ്ടുവർഷം എംഎ‍ൽഎ. ആയിരുന്നാൽ ഏഴായിരം രൂപയും രണ്ടുവർഷത്തിനുതാഴെ ഏതുകാലാവധിക്കും ആറായിരം രൂപയുമായിരുന്നു പെൻഷൻ. ഇനി ഒരുദിവസംമുതൽ രണ്ടുവർഷംവരെ എംഎ‍ൽഎ.യായിരുന്നവർക്ക് എണ്ണായിരം രൂപയാണ് നിർദ്ദേശിച്ചിട്ടുള്ളത്. മൂന്നുവർഷം തികച്ചവർക്ക് എണ്ണായിരത്തിനുപകരം 12,000 രൂപയും നാലുവർഷം തികഞ്ഞാൽ ഒമ്പതിനായിരത്തിനുപകരം 16,000 രൂപയും നിർദ്ദേശിച്ചിട്ടുണ്ട്.

80 വയസ്സ് കഴിഞ്ഞവർക്ക് മാസം 3500 രൂപ അധികം കിട്ടും. നിലവിൽ 90 കഴിഞ്ഞവർക്കാണ് ഇത്രയും തുക അധികം നൽകിയിരുന്നത്. 75 കഴിഞ്ഞവർക്ക് 2500 രൂപ അധികം നൽകിയിരുന്നത് മൂവായിരമായി കൂട്ടി. പെൻഷൻ കണക്കാക്കുമ്പോൾ അരവർഷമോ അതിന് മുകളിലോയുള്ള കാലയളവ് ഒരുവർഷമായി കണക്കാക്കുന്ന പഴയ വ്യവസ്ഥ ബില്ലിൽ അതേപടി നിലനിർത്തിയിട്ടുണ്ട്.

വർഷംതോറും സൗജന്യയാത്രയ്ക്ക് ഇനി 75,000 രൂപയുടെ കൂപ്പൺ ലഭിക്കും. ഇതുവരെ 25000 രൂപയുടെ കൂപ്പൺ ആണ് നൽകിയിരുന്നത്. മന്ത്രിമാരുടെ വേതനം 54,000 രൂപയിൽനിന്ന് 90,000 രൂപയാക്കാനും എംഎ‍ൽഎ.മാരുടേത് 39,000 രൂപയിൽനിന്ന് 70,000 വരെയാക്കാനുമുള്ള നിയമഭേദഗതിയും ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്. 2012-ലാണ് ഇതിനുമുമ്പ് വേതനവും ആനുകൂല്യവും വർധിപ്പിച്ചത്.
വാം

നിയമസഭാസമിതികളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ എംഎ‍ൽഎ.മാർക്ക് ഇനി കേരളത്തിനകത്തും വിമാനയാത്രക്കൂലി അനുവദിക്കും. നേരത്തേ സംസ്ഥാനത്തിന് പുറത്തുള്ള ഔദ്യോഗിക യാത്രകൾക്ക് മാത്രമാണ് വിമാനയാത്രച്ചെലവ് വഹിച്ചിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിയമസഭാസമിതികളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ വർഷം പരമാവധി 50,000 രൂപയുടെ വിമാനയാത്ര അനുവദിക്കാനുള്ള പുതിയ വ്യവസ്ഥ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, എംഎ‍ൽഎ.മാർ എന്നിവരുടെ അടിസ്ഥാനവേതനം ആയിരത്തിൽനിന്ന് രണ്ടായിരം രൂപയാക്കും. എംഎ‍ൽഎ.മാരുടെ നിയോജകമണ്ഡലം അലവൻസ് 12,000 രൂപയിൽനിന്ന് 25,000 രൂപയാക്കും. എന്നാൽ, മന്ത്രിമാർക്കും സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർക്കും പ്രതിപക്ഷനേതാവിനും ചീഫ് വിപ്പിനും 12,000-ൽ നിന്ന് 40,000 രൂപയാക്കും.

നിയമസഭാംഗങ്ങളുടെ ടെലിഫോൺ അലവൻസ് മാസം ഏഴായിരത്തിൽനിന്ന് 11,000 രൂപയാക്കും. അടിസ്ഥാന വേതനവും യാത്രപ്പടി ഉൾെപ്പടെയുള്ള അലവൻസുകളും ചേർത്താണ് മന്ത്രിമാരുടെയും എംഎ‍ൽഎ.മാരുടെയും വേതനം നിശ്ചയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP