Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആർഎസ്എസ് പ്രത്യയ ശാസ്ത്രമായ വിചാരധാരയിൽ മുസ്ലീമുകൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവരെ ആട്ടിപ്പായിച്ച് ഉന്മൂലനം ചെയ്യേണ്ടവരെന്ന് പറഞ്ഞതിന്റെ ആദ്യത്തെ പരസ്യമായ തുടക്കമാണ് പൗരത്വ രജിസ്റ്റർ; ഭരണഘടനയെ കൊന്ന് അതു വഴി ഇന്ത്യയെ കൊല്ലാനുള്ള നീക്കമാണ്; രാജഗോപാലിന് തൊണ്ണൂറാമത്തെ വയസിലും മനുഷ്യത്വ സ്പർശമുള്ള ഒരു വാക്കെങ്കിലും സംസാരിക്കാൻ പറ്റാതെ പോകുന്നുവെങ്കിൽ അങ്ങയുടെ രാഷ്ട്രീയം എത്ര മലീമസമാണ്: നിമയസഭയിലെ എം സ്വരാജിന്റെ പ്രസംഗം വൈറലാകുമ്പോൾ

ആർഎസ്എസ് പ്രത്യയ ശാസ്ത്രമായ വിചാരധാരയിൽ മുസ്ലീമുകൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവരെ ആട്ടിപ്പായിച്ച് ഉന്മൂലനം ചെയ്യേണ്ടവരെന്ന് പറഞ്ഞതിന്റെ ആദ്യത്തെ പരസ്യമായ തുടക്കമാണ് പൗരത്വ രജിസ്റ്റർ; ഭരണഘടനയെ കൊന്ന് അതു വഴി ഇന്ത്യയെ കൊല്ലാനുള്ള നീക്കമാണ്; രാജഗോപാലിന് തൊണ്ണൂറാമത്തെ വയസിലും മനുഷ്യത്വ സ്പർശമുള്ള ഒരു വാക്കെങ്കിലും സംസാരിക്കാൻ പറ്റാതെ പോകുന്നുവെങ്കിൽ അങ്ങയുടെ രാഷ്ട്രീയം എത്ര മലീമസമാണ്: നിമയസഭയിലെ എം സ്വരാജിന്റെ പ്രസംഗം വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ എംഎ‍ൽഎ എം. സ്വരാജ് നിയമസഭയിൽ നടത്തിയ പ്രസംഗം വൈറലാകുകയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ സംയുക്തമായി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തിന്മേൽ എം. സ്വരാജ് എംഎ‍ൽഎ നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നത്.

പ്രസംഗത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട സ്പീക്കർ, നമ്മുടെ രാജ്യം ഇന്ന് സമരസാന്ദ്രമായിരിക്കുകയാണ്. ഇന്ത്യയിലെ സർവ്വകലാശാലകളിലും ജനപഥങ്ങളിലും തെരുവുകളിലുമാകെ തീഷ്ണസമരത്തിന്റെ തീനാമ്പുകൾ ഉയരുകയാണ്. ഈ രാജ്യത്തെ രക്ഷിക്കണമെന്ന ആവശ്യമാണ് എല്ലാ സമരങ്ങളിലും ഉയർന്നുവന്നിട്ടുള്ളത്. നമ്മുടെ രാജ്യം കേവലമൊരു രാഷ്ട്രം എന്നതിലുപരി ഒരു ആശയമാണ്, ഒരു സംസ്‌കാരമാണ്. ലോകത്തിന്റെ മുമ്പാകെ ഒരു സന്ദേശമാണ്. ജനാധിപത്യമാണ് ഇന്ത്യ, മതനിരപേക്ഷതയാണ് ഇന്ത്യ, സഹിഷ്ണുതയാണ് ഇന്ത്യ, ഉൾകൊള്ളലാണ് ഇന്ത്യ. ആ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് നമ്മളെല്ലാവരും സംസാരിച്ചത്. നമ്മളെല്ലാം അന്ന് പറഞ്ഞു, ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൗലികമായ രാഷ്ട്രീയ പ്രശ്നം ഇന്ത്യ ആരു ഭരിക്കുമെന്നതല്ല, നാളെയും ഇന്ത്യ നിലനിൽക്കുമോ എന്നതാണ് എന്ന്. അത് ഉൾകൊള്ളാൻ നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തുമുള്ളവർക്ക് അന്ന് കഴിയാതെ പോയി. നിർഭാഗ്യവശാൽ ഇന്ത്യയുടെ സംസ്‌കാരത്തിനും മൗലികമായ ഭാവങ്ങൾക്കും വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവർ നമ്മുടെ രാജ്യത്ത് അധികാരത്തിൽവന്നു. അങ്ങനെ അധികാരത്തിൽ വന്ന സംഘപരിവാരം നമ്മുടെ രാജ്യത്തെ, മതനിരപേക്ഷ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുകയാണ്.

ആർ.എസ്.എസിനെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയം മൂടിവയ്ക്കപ്പെട്ടിട്ടുള്ള ഒന്നല്ല. ആർ.എസ്.എസിൽനിന്ന് ഇങ്ങനെ ഒരു നിയമമേ നമുക്ക് പ്രതീക്ഷിക്കാനാകൂ. ആർ എസ് എസിന്റെ രണ്ടാമത്തെ സർസംഘചാലക് ആയ മാധവ് സദാശിവ ഗോൾവാൾക്കർ ആർഎസ്എസിന്റെ പ്രത്യാശാസ്ത്രവും രാഷ്ട്രീയവും എഴുതി തയ്യാറാക്കിയപ്പോൾ അർഥശങ്കയ്ക്ക് ഇടയില്ലാതെ ഇന്ത്യയെ വിശദീകരിച്ചിട്ടുണ്ട്. വിചാരധാര ഇവിടെ വിശദീകരിക്കാൻ ഞാൻ സമയമെടുക്കുന്നില്ല. പക്ഷേ വിചാരധാരയുടെ 19, 20, 21 അധ്യായങ്ങൾ ഇന്ത്യയുടെ ശത്രുക്കളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ആഭ്യന്തര ഭീഷണികൾ എന്നാണ് തലക്കെട്ട്. ഈ മൂന്ന് ആഭ്യന്തര ഭീഷണികളാണ് ഇന്ത്യയ്ക്കുള്ളതെന്ന് ആർഎസ്എസ് ചൂണ്ടിക്കാണിക്കുന്നു. 19ാമത്തെ അധ്യായം മുസ്ലീങ്ങൾ, 20ാമത്തെ അധ്യായം ക്രൈസ്തവർ, 21ാമത്തെ അധ്യായം കമ്മ്യൂണിസ്റ്റുകാർ. ഈ മൂന്ന് കൂട്ടരും ഇന്ത്യയുടെ ശത്രുക്കളാണ്, രാജ്യത്തിന്റെ ഭീഷണിയാണ്. അതുകൊണ്ട് ഈ മൂന്ന് കൂട്ടരെയും തുടച്ചുനീക്കണം, ഉന്മൂലനം ചെയ്യണം, കൊന്നൊടുക്കണം, ആട്ടിപ്പായിക്കണം എന്ന ഹിംസാത്മകമായ ആശയത്തെയാണ് രാഷ്ട്രീയ സ്വയംസേവകസംഘം അന്നുമുതൽ മുന്നോട്ടുവെച്ചത്. അവർക്കിപ്പോൾ ഇന്ത്യയുടെ പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നു. അവർക്ക് മേധാവിത്വം കൈവന്നിരിക്കുന്നു. അവർ തങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ചുള്ള മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ സുപ്രധാനമായ ചുവടുവെപ്പാണ് പൗരത്വഭേദഗതി നിയമം.

ഈ നിയമത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. പൗരത്വത്തിന്റെ മാനദണ്ഡം മതമായാൽ മതനിരപേക്ഷത അവിടെ മരിക്കുമെന്നാണ് അർത്ഥം. ഇവിടെ എല്ലാവരും ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ ഭരണഘടനയെക്കൂടിയാണ് കൊല്ലുന്നത്. ഇന്ത്യയെ കൊല്ലുന്നു, ഇന്ത്യൻ ഭരണഘടനയെ കൊല്ലുന്നു. ഭരണഘടനയുടെ 14 ഉം 15 ഉം അനുച്ഛേദങ്ങളെ ഗളച്ഛേദം ചെയ്തുകൊണ്ടല്ലാതെ ഇങ്ങനെ ഒരു നിയമം കൊണ്ടുവരാൻ സാധിക്കുമോ? പാർലമെന്റിൽ ഭൂരിപക്ഷമുള്ളതുകൊണ്ട് നിങ്ങൾക്ക് തോന്നുന്ന നിയമമുണ്ടാക്കാൻ സാധിക്കില്ല. കേശവാനന്ദഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയെന്ന കേസിലെ സുപ്രധാനമായ വിധിന്യായം എന്താണ്? ഭേദഗതിയാവാം, പക്ഷേ ഭരണഘടനയുടെ മൗലിക സ്വഭാവത്തെ അട്ടിമറിക്കുന്ന ഒരു ഭേദഗതിയും പാടില്ല എന്നുതന്നെയാണ്. നിങ്ങൾ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെയാണ് ഇല്ലാതാക്കുന്നത്. പൗരത്വ നിയമത്തെ സംബന്ധിച്ച് ഇപ്പോൾ ഒടുവിൽ സംസാരിച്ച ബഹുമാന്യനായ നേമം അംഗം ചിലകാര്യങ്ങൾ പറഞ്ഞു. ഈ പച്ചക്കള്ളമാണ് ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കുന്നത്. പച്ചക്കള്ളത്തിന്റെ പ്രതലത്തിലല്ലാതെ സംഘപരിവാര രാഷ്ട്രീയത്തിന് നിവർന്നു നിൽക്കാനാകില്ല എന്നതാണ് വർത്തമാനകാല ഇന്ത്യ തിരിച്ചറിയുന്ന യാഥാർത്ഥ്യം. പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും കൂട്ടിവായിക്കുമ്പോഴാണ് ചിത്രം വ്യക്തമാകുക.

പതിറ്റാണ്ടുകളായി ഇന്ത്യൻ മണ്ണിൽ ജീവിച്ച ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കുടുംബം എങ്ങനെ ഇന്ത്യൻ പൗരന്മാരല്ലാതെയായി? കാർഗിലിൽ അതിർത്തി കാത്തതിന് പ്രസിഡന്റിന്റെ മെഡലുവാങ്ങിയ മുഹമ്മദ് സനാവുള്ള ഖാൻ എങ്ങനെ ഇന്ത്യൻ പൗരനല്ലാതെയായി? ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അസ്മൽ ഹഖ് എങ്ങനെ ഇന്ത്യൻ പൗരനല്ലാതെയായി? നിങ്ങൾ മറുപടി പറയേണ്ടേ ഇതിനെല്ലാം? ബോധപൂർവ്വം ഈ രാജ്യത്തെ ഗണ്യമായ ജനവിഭാഗത്തെ ആട്ടിയോടിക്കാൻ, തടങ്കൽപാളയത്തിലേക്ക് ആനയിക്കാൻ കൊണ്ടുവന്ന നിയമമാണിത്.

ബഹുമാനപ്പെട്ട നേമം അംഗത്തിന് തൊണ്ണൂറാമത്തെ വയസിലെങ്കിലും മനുഷ്യത്വത്തിന്റെ സ്പർശമുള്ള ഒരു വാക്കെങ്കിലും ഇവിടെ സംസാരിക്കാൻ പറ്റാതെപോകുന്നുവെങ്കിൽ അങ്ങയുടെ രാഷ്ട്രീയം എത്ര മലീമസവും ഹിംസാത്മകവുമാണെന്ന് ഞങ്ങൾ ഭയത്തോടെ തിരിച്ചറിയുകയാണ്. ഇവിടെ രേഖ ചോദിക്കുന്നു. പതിറ്റാണ്ടുകളായി, തലമുറകളായി ഇവിടെ ജീവിക്കുന്നവരോട് പൗരത്വം തെളിയിക്കാൻ രേഖ ചോദിക്കാൻ നിങ്ങൾക്ക് എന്തവകാശം? ഈ രാജ്യത്തിന്റെ സൃഷ്ടിയിൽ നിങ്ങൾക്ക് എന്ത് പങ്ക്? ഞങ്ങളുടെ പൂർവ്വികർ സൃഷ്ടിച്ചതാണ് ഇന്ത്യ. അവർ പടപൊരുതി സൃഷ്ടിച്ചതാണ് ഇന്ത്യ. അന്ന് നിങ്ങളുടെ പിതാക്കന്മാർ ബ്രിട്ടന്റെ ഒറ്റുകാരായി ഈ മണ്ണിൽ നിൽക്കുകയായിരുന്നു. ആ ഒറ്റുകാരായി നിന്നവർക്ക് നിർഭാഗ്യവശാൽ ഇന്ന് ഭരണാധികാരം കിട്ടി എന്നതുകൊണ്ട് ഈ രാജ്യത്തെ ജനങ്ങൾക്ക് മരണവാറന്റ് ഒരുക്കാൻ നിങ്ങൾക്ക് ഒരു അവകാശവുമില്ല.

ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്താണ്? മതപരമായ സമരമാണോ ഇവിടെ നടന്നത്? എല്ലാ മതവിഭാഗത്തിലും പെട്ടവർ ഇന്ത്യയെന്ന ഒരേ ആശയത്തിനുവേണ്ടി മതനിരപേക്ഷമായി അണിനിരന്ന സമരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. എല്ലാ മതവിഭാഗത്തിലുംപെട്ട വീരശൂരപരാക്രമികളായ എത്രയെത്ര രക്തസാക്ഷികൾ ഇവിടെയുണ്ട്. കേരളത്തിൽ എത്ര അനുഭവങ്ങളുണ്ട്. മുസ്ലിം ജനവിഭാഗത്തെയാകമാനം തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ലക്ഷ്യംവയ്ക്കുന്ന ഈ നിയമം തയ്യാറാക്കുമ്പോൾ നിങ്ങൾ മലബാറിലെ സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രം പരിശോധിച്ചിട്ടുണ്ടോ? എത്രയെത്ര അനുഭവങ്ങളാണ് അവിടെ ഉള്ളത്. 1852ൽ ബ്രിട്ടൻ നാടുകടത്തിയ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾക്ക് മമ്പുറം എന്നൊരു നാടിനെക്കുറിച്ച് അറിയുമോ? വാഴക്കാട് അടുത്തുകൊന്നാര എന്നൊരു ഗ്രാമമുണ്ട്. ആ കൊന്നാര മഖാം ഇന്നും ചരിത്ര സ്മാരകമായി നിലനിൽക്കുന്നു. ആ മുസ്ലിം ദേവാലയം ബ്രിട്ടൻ വെടിവെച്ച് തകർത്തതാണ്. അന്നത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു കേന്ദ്രം അതായിരുന്നു. ഇന്നും അതുവഴി കടന്നുപോകുമ്പോൾ കൊന്നാരം മഖാമിന്റെ വാതായനങ്ങളിൽ പതിഞ്ഞിട്ടുള്ള നീക്കംചെയ്യാത്ത വെടിയുണ്ടകൾ നിങ്ങൾക്കു കാണാം. അവിടെനിന്നും ബ്രിട്ടൻ അറസ്റ്റുചെയ്ത സയ്യിദ് മുഹമ്മദ് കോയ തങ്ങളെ കോയമ്പത്തൂരിൽ കൊണ്ടുപോയി തൂക്കിലേറ്റുകയാണ് ചെയ്തത്.

നിങ്ങൾക്ക് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നൊരു പേര് അറിയുമോ. ബ്രിട്ടന്റെ സൈനികാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രംസ്ഥാപിച്ച ആളായിരുന്നു. തന്റെ റിപ്പബ്ലിക്കിന് അദ്ദേഹം ഇട്ട പേര് മലയാള രാജ്യമെന്നായിരുന്നു. ബലംപ്രയോഗിച്ച് ബ്രിട്ടൻ അദ്ദേഹത്തെ കീഴ്പ്പെടുത്തി. മൃഗീയമായി മർദ്ദിച്ചു. മീശയിലെ ഓരോ രോമങ്ങളും പിഴുതെടുത്ത് ബയണറ്റുകൊണ്ട് കുത്തി. അവസാനം ഒരു ഓഫർ മുന്നോട്ടുവച്ചു- നിങ്ങൾ മാപ്പപേക്ഷ എഴുതിത്ത്ത്ത്ത്തന്നാൽ, നിങ്ങൾ സ്വാതന്ത്ര്യസമരം അവസാനിപ്പിച്ചാൽ നിങ്ങൾക്ക് മക്കയിൽ സുഖമായി ജീവിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിത്തരാം എന്നായിരുന്നു അത്. ആ ഓഫറിന്റെ മുന്നിലും മൃതപ്രായനെങ്കിലും പുഞ്ചിരിമായാത്ത മുഖവുമായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മറുപടി പറഞ്ഞുവത്രെ 'മക്ക എനിക്ക് ഇഷ്ടമാണ് പക്ഷേ നിങ്ങൾ അറിയണം ഞാൻ പിറന്നുവീണത് മക്കയിലല്ല. സമരപോരാട്ടങ്ങളുടെ വീരേതിഹാസമുറങ്ങുന്ന ഏറനാടിന്റെ മണ്ണിലാണ്. ഈ മണ്ണിൽ ഞാൻ മരിച്ചുവീഴും. ഈ മണ്ണിൽ ഞാൻ ലയിച്ചുചേരും'. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. വിധി കേട്ട ഉടൻ അദ്ദേഹം പറഞ്ഞു. പിറന്ന നാടിനുവേണ്ടി രക്തസാക്ഷിയാകാൻ എനിക്കൊരു അവസരം കൈവന്നിരിക്കുന്നു. ഇതിന് രണ്ട് റക്കാത്ത് നമസ്‌കരിച്ച് ദൈവത്തോടുള്ള നന്ദി പ്രകാശിപ്പിക്കാൻ എനിക്ക് സമയംതരണം. അദ്ദേഹത്തിന്റെ അന്തിമാഭിലാഷപ്രകാരം മുന്നിൽനിന്ന് വെടിവച്ചാണ് അദ്ദേഹത്തെ കൊന്നത്. അന്ന് പുറകിൽ നിന്ന് കണ്ണുകെട്ടി വെടിവച്ചാണ് ആളുകളെ കൊന്നുകൊണ്ടിരുന്നത്. അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോൽ അദ്ദേഹം പറഞ്ഞു, നിങ്ങളെന്റെ കണ്ണുകൾ മൂടികെട്ടരുത്, എന്നെ മുന്നിൽ നിന്ന് വെടിവയ്ക്കണം. അങ്ങനെ പറഞ്ഞ ധീരന്മാരുടെ നാടാണ് ഈ നാട്.

ആലി മുസലിയാരുടെ നാടാണ് ഈ നാട്. ഇന്ത്യയിലാകെ ഒരിടത്തുമാത്രമെ ബ്രിട്ടീഷ് പട്ടാളവുമായി സിവിലിയന്മാർ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളു. അത് ഇന്നത്തെ മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന പൂക്കോട്ടൂരിന്റെ മണ്ണിലാണ്. ഇന്നും അവിടെ യുദ്ധസ്മാരകമുണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ തോൽപ്പിച്ചവരാണ് ഏറനാട്ടിലെ മാപ്പിളമാർ. ആ പ്രൗഡഗംഭീരമായ ഭൂതകാലം നിലനിൽക്കുമ്പോഴാണ് നിങ്ങൾ ഒരു ജനതയെ ആകമാനം സംശയത്തിന്റെ നിഴലിൽ നിർത്തി തുടച്ചുനീക്കാനുള്ള സമീപനം സ്വീകരിക്കുന്നത്.

1935-ലെ ഹിറ്റ്ലറുടെ ന്യൂറെംബർഗ് നിയമത്തെപ്പറ്റി ഇവിടെ പറഞ്ഞു. യഹൂദന്മാർക്കെതിരെ ഹിറ്റ്ലർ ആ പൗരത്വനിയമം പാസാക്കി. തടങ്കൽ പാളയങ്ങളുണ്ടാക്കി. ദശലക്ഷക്കണക്കിന് യഹൂദന്മാരെ കൊന്ന ഹിറ്റ്‌ലർക്ക് ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടിവന്നു. അതാണ് ചരിത്രം. ലക്ഷക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്തിയത് കുപ്രസിദ്ധമായ ഓഷ്വിറ്റ്‌സിലെ തടങ്കൽപാളയത്തിൽ, കോൺസൻട്രേഷൻ ക്യാമ്പിലാണ്. ആ ക്യാമ്പ് പിന്നീട് മ്യൂസിയമാക്കിമാറ്റിയപ്പോൾ ആ മ്യൂസിയത്തിന്റെ ചുമരിൽ വലിയ അക്ഷരങ്ങളിൽ എഴുതിവച്ചുവത്രെ 'ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കുകതന്നെ ചെയ്യും'. ഈ കാലഘട്ടം നരേന്ദ്ര മോദിയോടും സർക്കാരിനോടും ഓർമ്മിപ്പിക്കുന്നതും അതാണ്. ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും, ഈ കാര്യത്തിൽ നിങ്ങൾക്ക് യാതൊരു സംശയവും വേണ്ട.

അഭയാർത്ഥികളെ സ്വീകരിക്കുന്നത് അവരുടെ മതംനോക്കിയാകരുത് മനുഷ്യത്വം നോക്കിയാകണം. മനുഷ്യത്വ പ്രചോദിതമായ സമീപനങ്ങളാണ് വിവേകശാലികളായ ഭരണാധികാരികളെല്ലാം സ്വീകരിക്കുന്നത്. ഈ നിയമം ലോകത്തിന്റെ മുമ്പിൽ ഇന്ത്യയെ നാണംകെടുത്തും. ഇന്ത്യയെ ഒറ്റപ്പെടുത്തും. സൗദിയിലെ രാജാവ് ഇപ്പോഴിതാ ലോകരാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുചേർക്കുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി തേടിപ്പോകുന്നത് മധ്യേഷ്യൻ രാജ്യങ്ങളിലും വിദേശ രാജ്യങ്ങളിലുമാണ്. നമ്മളെ എല്ലാത്തരത്തിലും ദ്വേഷകരമായി ബാധിക്കുന്ന ഒരു അന്തരീക്ഷം സാർവ്വദ്ദേശീയ രംഗത്തുണ്ടാകുന്നു എന്ന് നമ്മൾ കാണണം. മുപ്പതോളം മനുഷ്യർ ഇതിനോടകം ജീവൻ നൽകിയ, രക്തസാക്ഷിത്വം വരിച്ച ഐതിഹാസികമായ ഈ സമരം നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ളതാണ്. മുസ്ലീങ്ങളെ തുടച്ചുനീക്കാനാണ് ഈ നിയമമെന്ന് ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊരു മുസ്ലിം പ്രശ്നമല്ല. എന്തുകൊണ്ടല്ല? ഇതൊരു തുടക്കമാണ്. നാളെ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും വിയോജിപ്പുള്ളവർക്കുമെല്ലാം എതിരായ ഭരണകൂടനീക്കത്തിന്റെ തുടക്കമാണിത്. ഇത് മുസ്ലിം പ്രശ്നം മാത്രമല്ല. ഇത് ഇന്ത്യയുടെ പ്രശ്നമാണ്. മതനിരപേക്ഷതയുടെ പ്രശ്നമാണ്. ആ അർത്ഥത്തിൽ ഇതിനെ കാണാൻ നമ്മൾ തയ്യാറാകണം.

സംഘപരിവാരത്തിന്റേത് പോലെതന്നെ മറ്റൊരു കളറിൽ രാഷ്ട്രീം ഉയർത്തിപ്പിടിച്ച് പ്രചാരണം നടത്തുന്ന വിഭാഗങ്ങളുണ്ട്. അവരുടെ കയ്യിലല്ല ഈ സമരം പോകേണ്ടത്. ഇത് മതനിരപേക്ഷമായി സംഘടിപ്പിക്കേണ്ട സമരമാണ്. മതരാഷ്ട്ര വാദത്തെയാണ് എതിർക്കുന്നത്. ആർഎസ്എസ് മതരാഷ്ട്രവാദം ഉയർത്തിയാലും ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉയർത്തിയാലും രണ്ടിനെയും എതിർത്ത് മനുഷ്യന്റെ റിപ്പബ്ലിക്കാണ് ഉണ്ടാകേണ്ടത് എന്നു പറയാനുള്ള കരുത്ത് നമുക്കുണ്ടാകണം. ഹിന്ദുവായ മൗദൂദിയാണ് ഗോൾവാൾക്കർ എന്നോർക്കണം. മുസ്ലീമായ ഗോൾവാൾക്കറാണ് മൗദൂദി എന്നോർക്കണം. ഇത് രണ്ടും മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരാണ്. എല്ലാ മതിനിരപേക്ഷ മനുഷ്യരും ഒരുമിച്ച് കൈകോർത്ത് പിടിച്ച്, മനുഷ്യത്വത്തിന്റെ ആശയങ്ങളുയർത്തിപ്പിടിച്ച് ഈ പ്രതിലോമപരമായ നിയമത്തെ പ്രതിരോധിക്കേണ്ടതുണ്ട്. നാം സമരംചെയ്യുന്നത് ഈ രാജ്യത്തെ കൊല്ലുന്ന ശക്തികൾക്കെതിരാണ്. രാജ്യ വിരുദ്ധരായ കേന്ദ്ര ഗവൺമെന്റിന് എതിരെയാണ്. ആ സമരത്തിന്റെ പതാക ദേശീയ പതാകയാണ്. നമുക്ക് ഒരുമിച്ച് നിൽക്കാനാകണം. ഇന്ത്യയെ രക്ഷിക്കാനാകണം. ഈ നിയമത്തിനെതിരായി നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ സർവ്വാത്മനാ പിന്തുണച്ചുകൊണ്ട് ഞാനെന്റെ വാക്കുകൾ നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP