Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ ബേബി 'ബേബിയായി'; പാർട്ടിക്ക് വഴങ്ങി ഇന്ന് നിയമസഭയിലെത്തി; നിർദ്ദേശം നൽകിയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

ഒടുവിൽ ബേബി 'ബേബിയായി'; പാർട്ടിക്ക് വഴങ്ങി ഇന്ന് നിയമസഭയിലെത്തി; നിർദ്ദേശം നൽകിയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: അനിശ്ചിത്വങ്ങൾ അവസാനിപ്പിച്ച് സിപിഐ(എം) എംഎൽഎ എം എ ബേബി നിയമസഭയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസമായി ബേബി നിയമസഭയിലെത്തിയിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയും അതേത്തുടർന്ന് പാർട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെയും തുടർന്നാണ് ബേബി നിയമ സഭയിൽ നിന്നും വിട്ടു നിന്നത്. എന്നാൽ ബേബിയോട് നിർബന്ധമായും ഇന്ന് പങ്കെടുക്കണെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. സാധാരണ സഭ ആരംഭിക്കുമ്പോൾതന്നെ എത്താറുള്ള അദ്ദേഹം അൽപം വൈകി ചോദ്യോത്തരവേള തുടങ്ങിയതിന് ശേഷമാണ് എത്തിയത്.

എന്നാൽ ബേബിയോട് ഇന്ന് സഭയിൽ എത്തണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ബേബിയുടെ സ്വയം തീരുമാന പ്രകാരമാണ് അദ്ദേഹം സഭയിൽ എത്തിയത് എന്നും കോടിയേരി വ്യക്തമാക്കി. എന്നാൽ വീണ്ടും എം എ ബേബിയുടെ രാജിക്കാര്യം ചർച്ചയാവുകയാണ്. ഇതിൽ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്ന് സിതാറാം യെച്ചൂരി വ്യക്തമാക്കി. 21 ന് ചേരുന്ന സംസ്ഥാന കമ്മറ്റിയോഗത്തിൽ യെച്ചൂരി ഉൾപ്പെടെയളുള്ള കേന്ദ്ര നേതാക്കൾ പങ്കെടുക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തു മത്സരിച്ച ബേബി, അദ്ദേഹം നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്ന കുണ്ടറ മണ്ഡലത്തിലും പിന്നിലായിരുന്നു. പ്രേമചന്ദ്രനോട് മുപ്പതിനായിരത്തിലധികം വോട്ടിന് തോറ്റ ബേബി കുണ്ടറയിൽ പതിനായിരത്തിലധികം വോട്ടിനായിരുന്നു പിന്നിൽ. ഫലം വന്ന ദിവസം മുതൽ അദ്ദേഹം രാജി വെക്കും എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു. അതിനെ ശരിവെക്കുന്ന രീതിയിലായിരുന്നു ബേബിയുടെ പ്രതികരണവും. ധാർമികമായി എംഎൽഎ ആയി തുടരുന്നതിൽ അർത്ഥമില്ലെന്നായിരുന്നു ബേബി അന്ന് പറഞ്ഞത്. എന്നാൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ബേബി രാജി വെക്കേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു. ബേബി രാജി വയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

ബേബി രാജി വച്ചാൽ കുണ്ടറയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സിപിഎമ്മിന് അനുകൂലമാകാൻ സാധ്യതയില്ലെന്നാണ് കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ അനാവശ്യമായി കടുത്ത ഒരു മത്സരം തലയിൽ വലിച്ചു കയറ്റണോ എന്നതാണ് ചോദ്യം. എന്തെങ്കിലും കാരണവശാൽ കുണ്ടറയിൽ പരാജയമുണ്ടായാൽ പാർട്ടിക്ക് മാരകമായ തിരിച്ചടിയായിരിക്കും ഉണ്ടാവുക. ഈ കാരണങ്ങൾ കൊണ്ടുതന്നെയാണ് ബേബിയെ രാജിവെക്കാൻ അനുവദിക്കാത്തതും. നിയമ സഭയിൽ ഇതുവരെ എത്താതിരുന്ന ബേബി തന്റെ കാറിൽ നിന്നും എംഎൽഎ എന്ന ബോർഡും എടുത്തു മാറ്റിയിരുന്നു.

പത്തനംത്തിട്ടയിൽ ആർ.എസ്.പിക്ക് സീറ്റ് നൽകിയിരുന്നെങ്കിൽ തനിക്ക് കൊല്ലത്ത് പരാജയമുണ്ടാവില്ലെന്നാണ് ബേബിയുടെ അഭിപ്രായം. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന് പറ്റിയ പാളിച്ചയാണ് തന്റെ പരാജയത്തിൽ കലാശിച്ചതെന്നും ബേബി കരുതുന്നു. രാജി ധാർമ്മികതയുടെ പേരിലെന്ന് പറയുമ്പോഴും അതിനേക്കാളുപരി പരാജയത്തോട് പാർട്ടിയുടെ ലാഘവ സമീപനത്തിലുള്ള നീരസവും പ്രതിഷേധവുമാണ് ബേബിക്കുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP