മസാല ബോണ്ട് വ്യവസ്ഥകൾ ദുരൂഹമെന്ന് ആവർത്തിച്ച് പ്രതിപക്ഷം; ഉണ്ടാവുക അധിക സാമ്പത്തിക ബാധ്യതയെന്നും വിമർശനം; ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ച് സർക്കാർ; സഭ നിർത്തിവെച്ച് മസാല ബോണ്ടിൽ ചർച്ച
May 28, 2019 | 11:13 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനത്തിൽ ചർച്ചയായി മസാല ബോണ്ടുകൾ. പദ്ധതിക്കെതിരെ വിമർശനമുയർത്തിയാണ് പ്രതിപക്ഷം രംഗത്തുള്ളത്.കിഫ്ബി പദ്ധതികൾക്ക് ധന സമാഹരണത്തിനായി കേരള സർക്കാർ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന വിമർശനം പ്രതിപക്ഷം ആവർത്തിച്ചു. ഇക്കാര്യത്തിൽ നിയമസഭയിൽ പ്രത്യേക ചർച്ചക്ക് തയ്യാറാണെന്നാണ് സർക്കാർ നിലപാട്.മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്.
കെഎസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചർച്ച ആകാമെന്ന് സർക്കാർ നിലപാടെടുത്തു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും ശേഷം വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം. കിഫ്ബി പദ്ധതികൾക്ക് പണം സമാഹരിക്കുന്നതിന് മസാല ബോണ്ട് ഇറക്കാനുള്ള സർക്കാർ തീരുമാനം തെരഞ്ഞെടുപ്പ് കാലത്ത് അടക്കം വലിയ വിവാദമായിരുന്നു. കക്ഷി നേതാക്കളെല്ലാം ചർച്ചയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയും സ്റ്റോക് എക്‌സചേഞ്ചിൽ മണി മുഴക്കിയതുമെല്ലാം വലിയ വിമർശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്തിരുന്നു.
