Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്പീക്കർ ഉത്തരവിട്ടയുടൻ ദൃശ്യങ്ങൾ മാറ്റിയ ചാനലുകൾ വീണ്ടും അവ കാണിച്ചു; പത്രങ്ങളും പടങ്ങൾ പ്രസിദ്ധീകരിച്ചു; ശക്തന്റെ ശക്തിപ്രകടനത്തിന് തിരിച്ചടി

സ്പീക്കർ ഉത്തരവിട്ടയുടൻ ദൃശ്യങ്ങൾ മാറ്റിയ ചാനലുകൾ വീണ്ടും അവ കാണിച്ചു; പത്രങ്ങളും പടങ്ങൾ പ്രസിദ്ധീകരിച്ചു; ശക്തന്റെ ശക്തിപ്രകടനത്തിന് തിരിച്ചടി

തിരുവനന്തപുരം: അപ്രതീക്ഷിതമായിരുന്നു നിയമസഭയിൽ കെഎസ്ആർടിസി റിട്ടയേർഡ് കണ്ടക്ടർ സന്ദർശക ഗാലറിയിലുയർത്തിയ പ്രതിഷേധം. എല്ലാം ലൈവായി ചാനലുകൾ കാണിച്ചു. നിയമസഭയ്ക്ക് പ്രത്യേക അവകാശങ്ങളുണ്ട്. ചെയറിലിരിക്കുന്ന വ്യക്തിയാണ് എല്ലാം തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ഡെപ്യൂട്ടി സ്പീക്കർ ഇന്നലെ സഭയിൽ പറഞ്ഞത് എല്ലാവർക്കും ബാധകമാണ്. അതു പാലിക്കാത്തത് സഭയോടുള്ള അവകാശ ലംഘനവും.

നിയമസഭയിൽ പ്രതിഷേധിച്ച വ്യക്തിയുടെ പേരും വിശദാംശങ്ങളും ദൃശ്യങ്ങളുമെല്ലാം നൽകുന്നത് സ്പീക്കറുടെ പകരക്കാരനായ ഡെപ്യൂട്ടി സ്പീക്കർ വിലക്കിയതാണ്. എന്നാൽ അതിന് ഒരു ദിവസത്തെ ആയുസേ ഉണ്ടായുള്ളൂ. പല ചാനലുകളും തന്ത്രപരമായി സമരക്കാരന്റെ ദൃശ്യങ്ങൾ പിന്നേയും കാണിച്ചു. അവിടെ സ്പീക്കറുടെ റൂളിങ്ങിന് കോട്ടമുണ്ടാകാതെ നോക്കാൻ അവർക്കായി. പ്രതിഷേധക്കാരന്റെ ദൃശ്യം കാണിക്കുമ്പോഴും പേരു പറഞ്ഞുമില്ല. പക്ഷേ രാവിലെ ഇറങ്ങിയ ചില പത്രങ്ങളിൽ പ്രതിഷേധക്കാരന്റെ ചിത്രമുണ്ടായിരുന്നു. അതിലെല്ലാം ഉപരി നിയമസഭയിലെ ബഹളം ഒരു ചാനൽ കാണിക്കാനും തുടങ്ങി. എക്‌സക്ലൂസീവ് എന്ന രീതിയിലാണ് അത്.

മാതൃഭൂമി ചാനലാണ് നിയമസഭയുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിൽ വാർത്ത കൊടുത്തത്. നിയമസഭാംഗം കൂടിയായ ശ്രേയംസ് കുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മാതൃഭൂമി. എന്നിട്ടും സ്പീക്കറുടെ ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കറിന്റെ വാചകങ്ങൾ മാതൃഭൂമി മുഖവിലയ്ക്ക് എടുത്തില്ല. ചാനലിന്റെ നടപടി അവകാശ ലംഘനമാകുമെന്നാണ് സൂചന. നിയമസഭയിൽ ഉണ്ടായ പ്രതിഷേധങ്ങളുടെ ചരിത്രം വിശദീകരിക്കുന്ന വാർത്തയ്ക്കിടെയാണ് സഭയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ വീണ്ടും നൽകിയത്.

പ്രതിഷേധക്കാരന് ഒരു ദിവസത്തെ തടവ് നിയമസഭ വിധിച്ചിരുന്നു. ഇതിനിടെയാണ് ഇയാളുടെ പേരും നൽകരുതെന്ന് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കിയത്. ഇതോടെ മാത്യു ടി തോമസ് എംഎൽഎയുടെ ശുപാർശയിൽ സന്ദർശക ഗാലറിയിൽ എത്തിയ ആൾ എന്ന നിലയിലേക്ക് റിപ്പോർട്ടിങ്ങ് മാറി. ദൃശ്യങ്ങളും കാണിച്ചില്ല. വൈകുന്നേരം തടവ് കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങി. കെഎസ്ആർടിസി പെൻഷൻകാരുടെ സംഘടന ഇദ്ദേഹത്തിന് സ്വീകരണവും നൽകി. എല്ലാ പ്രമുഖ ചാനലിലും ഈ സ്വീകരണം ദൃശ്യങ്ങൾ സഹിതം വാർത്തയായി. അപ്പോഴും ഡെപ്യൂട്ടി സ്പീക്കർ ശക്തന്റെ റൂളിങ്ങ് കണക്കിലെടുത്ത് പേരു പറഞ്ഞില്ല. സ്പീക്കറുടെ റൂളിങ്ങിലെ ചട്ടലംഘനം ഒഴിവാക്കാനായിരുന്നു ഇത്.

എന്നിട്ടും മാതൃഭൂമി മാത്രം ഇതൊന്നും കാര്യമായെടുത്തില്ല. രാവിലെ 9 മണിക്കുള്ള ബുള്ളറ്റിനിൽ റിപ്പോർട്ടറുടെ ബൈലൈൻ അടക്കമുള്ള സ്‌റ്റോറിയിൽ നിയമസഭയ്ക്കുള്ളിലെ പ്രതിഷേധ ദൃശ്യങ്ങൾ തന്നെ കാണിച്ചു. സന്ദർശക ഗാലറിയിൽ നിന്ന് മഫ്തിയിലുള്ള വാച്ച് ആൻഡ് വാർഡന്മാർ ഇയാളെ പിടിച്ചുകൊണ്ടു പോകുന്നതാണ് മാതൃഭൂമി ചാനൽ കാണിച്ചത്.

ചാനലിന്റെ വെബ്‌സറ്റിൽ ഇന്നലത്തെ പ്രതിഷേധവാർത്ത കാണാനുള്ള ലിങ്ക് ഉണ്ട്. ഇതിന് താഴെയുള്ള ഇംഗീഷ് വിശദീകരണത്തിലും ആരാണ് പ്രതിഷേധിച്ചതെന്ന് വ്യക്തമാക്കുന്നു. അതായത് പ്രതിഷേധിച്ച വ്യക്തിയുടെ പേര് നൽകരുതെന്ന ഡെപ്യൂട്ടി സ്പീക്കറുടെ നിർദ്ദേശം ഇന്നലെ തന്നെ മാതൃഭൂമി തെറ്റിച്ചു. ഇനി റൂളിങ്ങ് വരുന്നതിന് മുമ്പാണ് ഇംഗ്ലീഷിലെ വിശദീകരണം നൽകിയതെങ്കിൽ തിരുത്താൻ വിട്ടുപോയതാകും. എങ്കിലും ഡെപ്യൂട്ടി സ്പീക്കറുടെ നിർദ്ദേശം തള്ളികളയുന്ന രീതിയിൽ വെബ്‌സൈറ്റിൽ വാർത്ത എത്തി എന്നാതാണ് യാഥാർത്ഥ്യം.

സ്പീക്കർ ജി കാർത്തികേയൻ കരളിലെ അസുഖത്തെ തുടർന്ന് ചികിൽസയിലാണ്. രോഗം ഭേദമാകാത്തതിനാൽ കാർത്തികേയൻ സഭയിൽ വരുന്നില്ല. പകരം ചുമതലയാണ് ഡെപ്യൂട്ടി സ്പീക്കർക്ക്. കിട്ടിയ അവസരത്തിൽ കരുത്ത് കാട്ടുകയാണ് ഡെപ്യൂട്ടി സ്പീക്കറുടെ ലക്ഷ്യം. എല്ലാം ഫലം കണ്ടെന്ന് കരുതുമ്പോഴാണ് ചില മാദ്ധ്യമങ്ങളുടെ ഈ ഇടപെടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP