Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടിയേരിയുടെ മകനെതിരായ സാമ്പത്തിക ആരോപണം ഗുരുതരമെന്നും സർക്കാർ അന്വേഷിക്കണമെന്നും സഭയിൽ ചെന്നിത്തല; സർക്കാരിന് മുന്നിൽ അത്തരമൊരു പ്രശ്‌നമില്ലെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും മറുപടി നൽകി മുഖ്യമന്ത്രി; പാർട്ടിക്കു ചേരാത്ത പ്രവൃത്തി ഉണ്ടായെങ്കിൽ അക്കാര്യം പാർട്ടി അന്വേഷിച്ചോളുമെന്നും പിണറായി സഭയിൽ; തൃപ്തരാകാതെ സഭവിട്ടിറങ്ങി പ്രതിപക്ഷം; കുറ്റവാളികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നെന്നും ആക്ഷേപം

കോടിയേരിയുടെ മകനെതിരായ സാമ്പത്തിക ആരോപണം ഗുരുതരമെന്നും സർക്കാർ അന്വേഷിക്കണമെന്നും സഭയിൽ ചെന്നിത്തല; സർക്കാരിന് മുന്നിൽ അത്തരമൊരു പ്രശ്‌നമില്ലെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും മറുപടി നൽകി മുഖ്യമന്ത്രി; പാർട്ടിക്കു ചേരാത്ത പ്രവൃത്തി ഉണ്ടായെങ്കിൽ അക്കാര്യം പാർട്ടി അന്വേഷിച്ചോളുമെന്നും പിണറായി സഭയിൽ; തൃപ്തരാകാതെ സഭവിട്ടിറങ്ങി പ്രതിപക്ഷം; കുറ്റവാളികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന സാമ്പത്തികാരോപണം സഭയിൽ ചർച്ചയാക്കി പ്രതിപക്ഷം. വിഷയം സബ്മിഷനായി ഉന്നയിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തല. എന്നാൽ സർക്കാരിന് മുന്നിൽ ഇത്തരമൊരു പ്രശ്‌നമില്ലെന്നും ആരും ഇത്തരമൊരു പരാതി സർക്കാരിന് നൽകിയിട്ടില്ലെന്നും ആണ് മുഖ്യമന്ത്രി ഈ വിവാദത്തോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാവാതെ ഇതേത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.

പാർട്ടിക്കു ചേരാത്ത പ്രവൃത്തി പാർട്ടിയിലെ ആരിൽ നിന്നെങ്കിലും ഉണ്ടായാൽ അതിൽ നടപടിയെടുക്കേണ്ടത് പാർട്ടിയാണ്. ആ രീതിയിലാണ് ഇക്കാര്യത്തെ കാണുന്നത്. അതിനാൽ തന്നെ ഈ വിഷയത്തിൽ ഒരു കേസെടുക്കേണ്ട സാഹചര്യമില്ലെന്നുമാണ് മുഖ്യമന്ത്രി സഭയിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയത്തിന് മറുപടി നൽകിയത്. ഇതേത്തുടർന്ന് പ്രതിപക്ഷ ആവശ്യം തള്ളിക്കളയുകും ചെയ്തു. സഭയിലെ ആരോപണം രാഷ്ട്രീയ പ്രേരിതം ആവരുതെന്ന് സ്പീക്കറും വ്യക്തമാക്കി.

ഗുരുതര വിഷയമെന്ന് വ്യക്തമാക്കി ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണം സഭയിൽ സബ്മിഷനായി ഉന്നയിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടെ കഴിഞ്ഞദിവസം പുറത്തുവന്ന ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന സാമ്പത്തിക വഞ്ചനാ ആരോപണം സഭ ചർച്ചചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ മകനെതിരെ ഗുരുതരമായ ആരോപണം വന്നിരിക്കുന്നു.

വിദേശത്ത് സാമ്പത്തിക തട്ടിപ്പുണ്ടെന്ന പരാതി ഉയർന്നിരിക്കുന്നു. ഇതിനെതിരെ എന്തു നടപടിയാണ് ഉണ്ടാവുകയെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. മറ്റൊരു സംഭവത്തിൽ പാർട്ടിയുടെ എംഎൽഎയുടെ മകന്റെ തട്ടിപ്പും കേസുമെല്ലാം വന്നിരിക്കുന്നു. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറയുന്നതുതന്നെ കഷ്ടമാണെന്ന് ചെന്നിത്തല പറഞ്ഞു. ഇതേത്തുടർന്ന് പ്രതിപക്ഷം എഴുന്നേറ്റുനിന്ന് പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തിൽ കേരളത്തിൽ കേസെടുത്ത് അന്വേഷിക്കണം സർക്കാർ എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

എന്നാൽ വിഷയത്തിൽ പാർട്ടിയുടെ തത്വങ്ങൾ ലംഘിക്കപ്പെട്ടെങ്കിൽ അതിൽ പാർട്ടി നടപടിയെടുക്കട്ടെ എന്നരീതിയിലായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം കോടിയേരി നടത്തിയ പ്രതികരണത്തിന് സമാനമായ രീതിയിലായിരുന്നു പിണറായിയും വിഷയത്തിൽ സഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകിയിട്ടുള്ളത്. ഏതായാലും വിഷയം ഉന്നയിച്ച് ശക്തമായി സിപിഎമ്മിനേയും സർക്കാരിനേയും പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷവും ബിജെപിയും തീരുമാനിച്ചിട്ടുള്ളത്.

സഭ ബഹിഷ്‌കരിച്ച ശേഷം പ്രതിപക്ഷ നേതാവ് ചെന്നിത്തല പത്രസമ്മേളനവും നടത്തി ഇക്കാര്യം ആവർത്തിച്ചു. ഇത്തരമൊരു വിവാദം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിക്കെതിരെ ഇത്തരമൊരു ആക്ഷേപം ഉയരുമ്പോൾ അതിൽ അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വളരെ ഗൗരവമുള്ള കാര്യമാണ് ഉണ്ടായതെന്നും അന്വേഷണം നടത്താനുള്ള ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ഉണ്ടെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP