Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു ചുക്കും നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല സാർ; ഇനി കൊല്ലില്ലെന്ന് പറഞ്ഞാൽ കൊടി സുനിയെ ഡിജിപിയാക്കുമോ? എന്തെല്ലാം വീഴ്ചകളാണ് സർ കേസിൽ ഉണ്ടായിരിക്കുന്നത്; പ്രതിയെ പുറത്തിറക്കിയത് അരിവാൾ പാർട്ടിക്കാരാണെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞത്; വാളയാർ കേസിലെ പിണറായിയുടെ പഴയ പോസ്റ്റ് നിയമസഭയിൽ വായിച്ച് ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി ഷാഫി പറമ്പിൽ എംഎൽഎ

ഒരു ചുക്കും നിങ്ങളെ കൊണ്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല സാർ; ഇനി കൊല്ലില്ലെന്ന് പറഞ്ഞാൽ കൊടി സുനിയെ ഡിജിപിയാക്കുമോ? എന്തെല്ലാം വീഴ്ചകളാണ് സർ കേസിൽ ഉണ്ടായിരിക്കുന്നത്; പ്രതിയെ പുറത്തിറക്കിയത് അരിവാൾ പാർട്ടിക്കാരാണെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞത്; വാളയാർ കേസിലെ പിണറായിയുടെ പഴയ പോസ്റ്റ് നിയമസഭയിൽ വായിച്ച് ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി ഷാഫി പറമ്പിൽ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാളയാറിൽ ദളിത് പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി ദുരൂഹമായി മരിച്ച സംഭവത്തിൽ പ്രതികളെ കോടതി വെറുതേ വിട്ട വിഷയമായിരുന്നു ഇന്ന് നിയമസഭയെ ബഹളത്തിൽ മുക്കിയത്. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലാണ് വിഷയം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേസിൽ പൊലീസിന്റെ വീഴ്ചയും പ്രോസിക്യൂഷൻ പരാജയവും ചർച്ച ചെയ്യണം എന്നാണ് വിഷയത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ അതിശക്തമായാണ് വിഷയം അവതരിപ്പിച്ചത്. മുഖ്യമന്ത്രിയെയും ഭരണപക്ഷത്തെയും പ്രതിക്കൂട്ടിൽ നിർത്തി ഷാഫി സഭയിൽ കത്തിക്കയറി.

ഇനി കൊല്ലില്ലെന്ന് പറഞ്ഞാൽ കൊടി സുനിയെ സംസ്ഥാനത്തിന്റെ ഡിജിപിയാക്കുമോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. കേസ് പൂർണ്ണമായി അട്ടിമറിച്ചെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ശക്തമായ നടപടി മുമ്പ് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതാണ്. കേസിൽ ഒരു ചുക്കും ചെയ്യാൻ സർക്കാരിനായില്ല. പ്രതികളെ രക്ഷിക്കാൻ സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ടെന്നും ഷാഫി പറമ്പിൽ ആരോപിക്കുന്നു. കുട്ടികളുടെ മരണം ആത്മഹത്യയാക്കാൻ പൊലീസ് തിടുക്കം കാണിച്ചെന്നും എംഎൽഎ പറയുന്നു. വാളയാർ കേസിൽ പ്രോക്യൂഷനും പൊലീസിനും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്ന് നിയമ, പട്ടികജാതി, പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നതാണ്. ശക്തമായ നടപടി മുഖ്യമന്ത്രിയും ഉറപ്പുപറഞ്ഞിരുന്നു. എന്നിട്ടും ഒരു ചുക്കും ചെയ്യാനായില്ല. രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിൽ പൊലീസിനും ഉത്തരവാദിത്വമുണ്ട്. ആദ്യത്തെ കുഞ്ഞിന്റെ മരണശേഷം ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

വാളയാർ കേസിൽ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ഷാഫി പറമ്പിൽ എംഎ‍ൽഎ കേസിൽ ഒരു ചുക്കും ചെയ്യാൻ സർക്കാരിനായിട്ടില്ലെന്നും 2017 ൽ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയതാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഷാഫിയുടെ വാക്കുകൾ ഇങ്ങനെയാണ്:

''കേസ് അട്ടിമറിച്ചുവെന്ന് പറഞ്ഞത് അടിസ്ഥാന രഹിതമാമെന്നാണ് അങ്ങ് ഇവിടെ പറഞ്ഞത്. നൂറ് ശതമാനം അടിസ്ഥാനമുള്ളതും കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ബോധ്യപ്പെട്ടതുമായ കാര്യമാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടതാണ് എന്നത്. 2017 മാർച്ച് എട്ടിന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൊച്ചുകുട്ടികൾ അടക്കം ലൈംഗികാക്രമണങ്ങൾക്ക് ഇരയാകുന്ന സംഭവം സർക്കാർ അത്യധികം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇന്നും അദ്ദേഹം അത് തന്നെയാണ് പറഞ്ഞത്. പൊലീസ് അതിശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർ, ഒൻപതും പതിമൂന്നും വയസുള്ള രണ്ട് പെൺകുട്ടികളെ മരണത്തിലേക്ക് തള്ളിവിട്ട അല്ലെങ്കിൽ ക്രൂരമായി കൊന്നുതള്ളിയ ആളുകൾക്ക് പാട്ടുപാടി പുറത്തിറങ്ങി നടക്കാൻ പറ്റുന്നതാണോ ശക്തമായ നടപടി?

വടക്കേ ഇന്ത്യയിൽ മാത്രം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഞെട്ടൽ രേഖപ്പെടുത്തുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം, നമ്മുടെ പാലക്കാട്, നമ്മുടെ വാളയാറിൽ പട്ടികവിഭാഗത്തിൽപ്പെട്ട രണ്ട് പെൺകുട്ടികൾ, നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടികൾ ക്രൂരമായി കൊലചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. എന്നിട്ട് ആ പ്രതികൾക്ക് ശിക്ഷ മേടിച്ചുകൊടുക്കാൻ കഴിയാത്തവർ അസംബ്ലിയിൽ എഴുന്നേറ്റു നിന്ന് ഇനിയും ശക്തമായി നടപടിയെടുക്കുന്നവരാണെന്ന് മേനിനടിക്കുന്നത് കേരളം അംഗീകരിക്കുമെന്ന് ഞാൻ കരുതുന്നില്ല.

വാളയാർ സഹോദരികളുടെ മരണത്തിന് ഉത്തരവാദികൾ ആരായും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പോസ്റ്റിൽ എടുത്തുപറഞ്ഞിട്ടുണ്ട്. കുറ്റക്കാരെ നിയമത്തിന് മുൻപിൽ കൊണ്ടുവന്ന് കർശന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നും പറഞ്ഞു... ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല സർ.. ഇവരെ വെറുതെ വിട്ടിരിക്കുകയാണ് കോടതി. എന്തെല്ലാം വീഴ്ചകളാണ് സർ ഇക്കാര്യത്തിൽ ഉണ്ടാകുന്നത്. പ്രമാദമായ കേസുകൾ തെളിയുന്ന കാലം. 16 വർഷം മുൻപ് നടന്ന കേസുകൾ പോലും .. ഭക്ഷണത്തിൽ സൈനേഡ് കലർത്തി കൊടുത്ത കേസ് ഇപ്പോൾ തെളിയിച്ച പൊലീസ് നടപടി മേനിയായി പറയുന്ന സമയം. വേണമെന്ന് വച്ചാൽ പൊലീസിന് പിടിക്കാൻ അറിയാം. ഇവിടെ പൊലീസ് വേണമെന്ന് വെച്ചില്ല. അത് തന്നെയാണ് അതിന്റെ കാരണം. മറ്റൊന്നുമല്ല.

പ്രതിയെ പുറത്തിറക്കിയത് അരിവാൾപാർട്ടിക്കാരാണെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞത് ഇന്നത്തെ പത്രത്തിൽ ഉണ്ട്. പ്രതികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ ഇടതുപക്ഷത്തെ നേതാക്കന്മാർ സ്റ്റേഷനിലേക്ക് വിളിച്ചെന്നും സിപിഐ.എമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും നേരിട്ടെത്തി ഇയാളെ പുറത്തെത്തിക്കുകയായിരുന്നെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നുണ്ട്. സർ പൊലീസ് എന്തുകൊണ്ട് വേണ്ട എന്ന് വെച്ചു എന്നത് എന്തുകൊണ്ടാണെന്ന് ഈ സംഭവം പറയുന്നുണ്ട്.

9 ഉം 13 ഉം വയസായ കുട്ടികളെ കൊന്നവരെ അല്ലെങ്കിൽ അവരെ മരണത്തിലേക്ക് തള്ളിവിട്ടവരെ രക്ഷിക്കാൻ, സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടുവരാൻ സിപിഐ.എം പ്രാദേശിക നേതാക്കൾ തയ്യാറായത് ആ നാട് മുഴുവൻ പറയുമ്പോൾ അതേ കേസിലെ പ്രതികളുടെ പേരുകൾ രണ്ടാമത്തെ കേസിലും ഇവിടെ കേരളത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി വായിക്കുകയാണ്. 52 ദിവസത്തിന് ശേഷം 13 വയസുള്ള മൂത്തകുട്ടിയുടെ സഹോദരി 9 വയസുള്ള പെൺകുട്ടി ഇവരാൽ തന്നെ പീഡിപ്പിക്കപ്പെട്ട് ആ കുട്ടിയും മരണത്തിലേക്ക് എടുത്തെറിയപ്പെടുന്നു. അന്നൊരു നടപടിയെടുത്തിരുന്നെങ്കിൽ രണ്ടാമത്തെ ആ ജീവൻ എങ്കിലും രക്ഷിക്കാമായിരുന്നു. അന്ന് പൊലീസ് നന്നായി ആക്ട് ചെയ്തിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു-ഷാഫി പറമ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP